നേതാക്കള്‍ കുറച്ചുകൂടി ആത്മാര്‍ത്ഥത കാണിച്ചാല്‍, മകനെ വെട്ടിക്കൊന്ന് ചുട്ടുതിന്ന അമ്മയ്ക്കും അപ്പുറം വളര്‍ച്ച നേടാം
മക്കളെ സത്യവും നീതിയും ധര്‍മ്മവും പഠിപ്പിക്കണമെന്നും അവര്‍ അതെല്ലാം
പാലിച്ചു ജീവിക്കണമെന്നതും ഓരോ അച്ഛനമ്മമാരുടെയും ജീവിതലക്ഷ്യമാണ്. അവര്‍
സ്വന്തം കടമകളില്‍ നിന്നും അണുവിട വ്യതിചലിക്കാത്തവരാകണമെന്നും ഈശ്വര
വിശ്വാസികളാകണമെന്നും സര്‍വ്വോപരി തങ്ങളുടെ വാര്‍ദ്ധക്യ കാലത്ത് തങ്ങള്‍ക്ക്
താങ്ങും തണലുമാകണമെന്നും അവര്‍ ആഗ്രഹിക്കുന്നു. പക്ഷേ, പലപ്പോഴും ഈ
ആഗ്രഹങ്ങള്‍ വെറും ആഗ്രഹങ്ങള്‍ മാത്രമായി ശേഷിക്കുന്നു.
നിങ്ങള്‍ക്കു താങ്ങാവുന്നതിലും അപ്പുറം ഭാരം ചുമന്നുകൊണ്ടാണ് നിങ്ങള്‍
മക്കളുടെ വിദ്യാഭ്യാസമുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നത്.
മുന്തിയ വിദ്യാഭ്യാസം, ഭക്ഷണം, വസ്ത്രം, പിന്നെ മറ്റെല്ലാ ആവശ്യങ്ങളും.
പക്ഷേ, എന്നിട്ടും അവര്‍ വഴിതെറ്റുന്നു. കള്ള്, കഞ്ചാവ്, മയക്കുമരുന്ന്,
വ്യഭിചാരം, കള്ളത്തരം, പിടിച്ചുപറി, തുടങ്ങിയ ഒട്ടനവധി
കുറ്റകൃത്യങ്ങളിലേക്ക് അവര്‍ ആകര്‍ഷിക്കപ്പെടുന്നു. കുറ്റകൃത്യങ്ങളില്‍
പിടിക്കപ്പെടുന്നവരുടെ വാര്‍ത്തകള്‍ പരിശോധിച്ചാല്‍ നിങ്ങള്‍ക്ക് ഒരു
കാര്യം മനസിലാകും. അവരില്‍ ഏറെയും 15 മുതല്‍ 25 വയസുവരെ പ്രായമുള്ളവരാണ്.
12 നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികളെയും നമുക്ക് അവിടെ കാണാന്‍
സാധിക്കും. ഡല്‍ഹി നിര്‍ഭയയോട് അതിക്രൂരവും പൈശാചികവുമായ രീതിയില്‍
പെരുമാറിയ കുറ്റവാളിയുടെ പ്രായം വെറും 17 വയസായിരുന്നു. ഈ നരാധമരെ
ന്യായീകരിക്കാനും ലക്ഷങ്ങള്‍ വിലയുള്ള വക്കീലന്മാരുണ്ടായി എന്നതാണ് അതിലെ
ഏറ്റവും ഭീകരമായ യാഥ്യാത്ഥ്യം.
ഏതു കുറ്റകൃത്യങ്ങള്‍ക്കും ന്യായീകരണങ്ങള്‍ നിരത്തി, കുറ്റവാളികളെ
രക്ഷപ്പെടുത്താന്‍ വിദ്യാസമ്പന്നരായ നിരവധി വ്യക്തികള്‍ മുന്നോട്ടു വരുന്നു
എന്നത് ഏറ്റവും അപകടകരമായ ഒരു വസ്തുതയാണ്. കുറ്റവാളികള്‍ക്ക് ശരിയായ,
തക്കതായ ശിക്ഷ തക്കസമയത്ത് നല്‍കിയില്ല എങ്കില്‍, നമ്മുടെ നാട്
കുറ്റവാളികളുടെ സ്വന്തം നാടാകും. കുറ്റകൃത്യങ്ങളെയും അതു ചെയ്യുന്നവരെയും
മഹത്വവത്കരിക്കുന്നവരുടെയും നാട്....!
കുറ്റകൃത്യങ്ങള്‍ കുറവുള്ള നാടുകളെ കുറിച്ച് ഒരു പഠനം നടത്തിയാല്‍,
കുറ്റവാളികളെ പിടികൂടുന്നതിലും അവര്‍ക്ക് തക്ക ശിക്ഷ നല്‍കുന്നതിലും അവര്‍
കാണിക്കുന്ന കൃത്യത മനസിലാക്കാനാവും. ദത്തെടുത്ത കുഞ്ഞിനെ ക്രൂരമായ
രീതിയില്‍ കൊലപ്പെടുത്തിയ വെസ്ലി മാത്യൂസിനും ഭാര്യയ്ക്കും അമേരിക്കന്‍
സര്‍ക്കാര്‍ വിധിച്ച ശിക്ഷ അതിനൊരു ഉദാഹരണം മാത്രം. സ്വന്തം കുഞ്ഞിലുള്ള
അവകാശം പോലും അമേരിക്കന്‍ സര്‍ക്കാര്‍ ഈ ദമ്പതികളില്‍ നിന്നും
എടുത്തുമാറ്റി. എന്നുമാത്രമല്ല, വളരെ കുറഞ്ഞ സമയം മാത്രമാണ് ഈ കേസ്
അന്വേഷിക്കാനും കുറ്റകൃത്യം തെളിയിക്കാനും ശിക്ഷ വിധിക്കാനും അമേരിക്ക
ചെലവഴിച്ചത്.
ഇനി നമുക്ക് വിഷയത്തിലേക്കു വരാം.
ജീവന്‍ രക്ഷാ മരുന്നുകളില്‍ നടക്കുന്ന പിടിച്ചുപറിയും കൊള്ളയും നിരന്തരം
തുറന്നു കാണിച്ചിട്ടും ഉറക്കം നടിച്ചു കിടക്കുന്ന കേന്ദ്ര സംസ്ഥാന
സര്‍ക്കാരുകളാണ് നമുക്കുള്ളത്. ഒരു പാര്‍ട്ടിയും കക്ഷിരാഷ്ട്രീയക്കാരും
ഇതില്‍ നിന്നും വിഭിന്നമല്ല. ഇന്ത്യയുടെ നയം വ്യക്തമാക്കുന്നതിന്റെ ഭാഗമായി
2015-15 കാലഘട്ടത്തില്‍ 276000 കോടി രൂപയുടെ മരുന്നുകള്‍
ഉല്‍പ്പാദിപ്പിക്കുകയും അത് കയറ്റുമതി ചെയ്യുകയും ചെയ്തു. 276000 കോടി
രൂപയുടെ ജീവന്‍ രക്ഷാ മരുന്നുകള്‍ നമ്മള്‍
ഉല്‍പ്പാദിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് ഇന്ത്യയല്ല
ഉല്‍പാദിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ പത്തോ ഇരുപതോ വ്യക്തികള്‍ പത്തോ
ഇരുപതോ കമ്പനി ഉടമകളുടെ പോക്കറ്റിലാണ് ഇതിന്റെ
ലാഭമെത്തിച്ചേര്‍ന്നിരിക്കുന്നത്. നമ്മുടെ നാട്ടില്‍ ഫുഡ് കോര്‍പ്പറേഷന്‍
ഓഫ് ഇന്ത്യ (എഫ് സി ഐ) ഭക്ഷണപദാര്‍ത്ഥങ്ങളും അവയുടെ വിലയും
നിയന്ത്രിക്കുന്നതു പോലെ ജീവന്‍ രക്ഷാ മരുന്നുകളിലും അവയുടെ വിലയിലും
സര്‍ക്കാര്‍ എത്രയും പെട്ടെന്ന് ഇടപെടണം. ഇലക്ട്രിസിറ്റി ബോര്‍ഡു പോലെ,
വാട്ടര്‍ അതോറിറ്റിപോലെ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ടില്ല എങ്കില്‍
ഭീകരന്മാരായ ഡോക്ടര്‍മാരും മരുന്നുകമ്പനികളും ആശുപത്രികളും ചേര്‍ന്ന്
നമ്മളെ കൊള്ളയടിച്ചു കൊല്ലും. ക്യാന്‍സര്‍ ഇന്ന് ഒരു പകര്‍ച്ചവ്യാധിയായി
മാറിക്കഴിഞ്ഞു. എല്ലാവീട്ടിലും ക്യാന്‍സര്‍ രോഗികള്‍ ഉള്ള ഒരു
അവസ്ഥയിലേക്കാണ് നമ്മള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. ഭക്ഷണത്തില്‍ മായം
ചേര്‍ത്തും നമ്മുടെ ജീവിത ശൈലികൊണ്ടും വരുന്നത് വേറൊരു വിഷയം.
എന്റെ വിഷയം മരുന്നിലെ കമ്മീഷനാണ്. പത്തു രൂപയുടെ മരുന്നിന് ആയിരം രൂപ വരെ
വാങ്ങുന്നു. വലിയ വലിയ ആഡംബര വില്ലകളും ഫഌറ്റുകളും കാറുകളും വിദേശ
യാത്രകളും ഡോക്ടര്‍മാര്‍ കമ്മീഷനായി വാങ്ങുന്നു. നമ്മുടെ മക്കള്‍
സത്യസന്ധരായി ജീവിച്ചാല്‍ ഇനി ഈ നാട്ടില്‍ ജീവിക്കാന്‍ കഴിയുമോ...? സത്യവും
ധര്‍മ്മവും ഇനി നമ്മുടെ മക്കള്‍ക്ക് കാത്തുസൂക്ഷിക്കാന്‍ സാധിക്കുമോ...? ഈ
ചോദ്യമാണ് ജനപക്ഷം കണ്‍വീനര്‍ എന്ന നിലയില്‍ എനിക്കു നിങ്ങളോടു
ചോദിക്കാനുള്ളത്. നമ്മുടെ മക്കള്‍ക്ക് സത്യവും ധര്‍മ്മവും നീതിയുമായി ഇനി
ജീവിക്കാന്‍ പറ്റുമോ...? ആര്‍ത്ഥമായി ഞാന്‍ പറയുന്നു, അത് ഒരിക്കലും
സാധ്യമല്ലെന്ന്. ഒരു 'കൃഷി'യും ചെയ്യാതെ രാഷ്ട്രീയക്കാര്‍ കോടികള്‍
ഉണ്ടാക്കുന്നു. നമ്മുടെ മതമേലധ്യക്ഷന്മാര്‍ കോടികള്‍ ഉണ്ടാക്കുന്നു.
ലിസ്സി, അമൃത തുടങ്ങിയ ആശുപത്രികളെല്ലാം കള്ളക്കണക്കുകള്‍ ഉണ്ടാക്കുന്നു.
വലിയ വലിയ സിനിമാ നടന്മാര്‍ കോടികളാണ് പ്രതിഫലം വാങ്ങുന്നതെന്ന് ഏതു കൊച്ചു
കുഞ്ഞിനു പോലും അറിയാം. പക്ഷേ, ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ക്കു മാത്രം
ഇതൊന്നും അറിയില്ല. മഹാനടന്മാര്‍ ഇപ്പോഴും പത്തു ലക്ഷവും 20
ലക്ഷവുമൊക്കെയാണ് ഇന്‍കം ടാക്‌സില്‍ കാണിക്കുന്നത്. എല്ലാതരത്തിലും
വെട്ടിപ്പും തട്ടിപ്പും നടത്തുകയും ഇത്രയധികം സ്വര്‍ണ്ണം ഇറക്കുമതി
ചെയ്യുകയും ചെയ്തിട്ട് പത്രമാധ്യമങ്ങള്‍ ചില വാര്‍ത്തകള്‍ മാത്രം ഇങ്ങനെ
എഴുതി ആളുകളെ സുഖിപ്പിച്ചുകൊണ്ടിരിക്കുന്നു. ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ കെ
എസ് ആര്‍ ടി സി പോലെ നശിക്കാതെ, ഇവയെല്ലാം കോളജുകള്‍ ഉള്‍പ്പടെ, ശരിയായ
രീതിയില്‍ സര്‍ക്കാര്‍ നിയന്ത്രിക്കണം. നടത്തിപ്പ് സ്വകാര്യവ്യക്തികള്‍ക്കാ
ആണെങ്കില്‍ പോലും അതിന്റെ പോളിസി അല്ലെങ്കില്‍ നയം അത് തീരുമാനിക്കേണ്ടതും
നടപ്പിലാക്കേണ്ടതും സര്‍ക്കാരായിരിക്കണം.
നമ്മള്‍ തെരഞ്ഞെടുക്കുന്ന ജനപ്രതിനിധികള്‍ ഈ കള്ളന്മാരുടെയെല്ലാം ഓശാരം
പറ്റി, കിറി നക്കി നില്‍ക്കേണ്ടി വരുന്നതു കൊണ്ടാണ് പുതു തലമുറയ്ക്ക്
ഒന്നും ചെയ്യാന്‍ കഴിയാതെ പോകുന്നത്. പത്രം വായിക്കാതെ ന്യൂസ് വായിക്കാതെ.
ന്യൂസ് കാണാതെ, ജനാധിപത്യത്തില്‍ ഇടപെടാതെ, രാജ്യസ്‌നേഹമില്ലാതെ, നമ്മുടെ
പുതുതലമുറ വളരുന്നുണ്ടെങ്കില്‍, തീര്‍ച്ചയായും അതിന്റെ ഉത്തരവാദി
നാമോരുരുത്തരുമാണ്. നമ്മുടെ നേതാക്കന്മാരാണ്, അവരുടെ മാതാപിതാക്കളാണ്.
കുഞ്ഞുങ്ങള്‍ കഞ്ചാവിലും മയക്കുമരുന്നിലും പോകുന്നുണ്ടെങ്കില്‍ ഒന്നു
ചിന്തിച്ചു നോക്കൂ. അവരെ നമുക്ക് എങ്ങനെ കുറ്റം പറയാന്‍ കഴിയും...? സത്യം
എന്ന ഒരു കണിക പോലും നമ്മുടെ നാട്ടില്‍ ഇനി അവശേഷിക്കുന്നില്ല. ദൈവതുല്യരായ
ഡോക്ടര്‍ പറ്റിക്കുന്നു. ഗുരു എന്നുപറയുന്ന അധ്യാപകന്‍ പറ്റിക്കുന്നു.
മഹാനടന്മാര്‍, നമ്മള്‍ ഹൃദയത്തില്‍ കഥാപാത്രങ്ങളായി ഏറ്റിക്കൊണ്ടു
നടക്കുന്ന അലവലാതികള്‍ ചെയ്യുന്ന തെറ്റുകള്‍, അങ്ങനെ മൊത്തം
അലവലാതിയായി ക്കൊണ്ടിരിക്കുന്ന മൂല്യച്യുതി വന്നുകൊണ്ടിരിക്കുന്ന എവിടെയും
സത്യവും നീതിയും ധര്‍മ്മവും ഇല്ലാത്ത കാലത്ത്, നമ്മുടെ മക്കളെ എങ്ങനെ
നമ്മള്‍ വളര്‍ത്തി കൊണ്ടുവരും...? നന്നായിക്കുന്നവന്‍, നന്നായി
നുണപറയുന്നവന്‍ നല്ല കൈയ്യൂക്കുള്ളവന്‍ അവരൊക്കെയല്ലേ ഇവിടെ
ജീവിക്കുന്നത്...?
രാഷ്ട്രീയ നേതൃത്വത്തിന് ഒത്തിരി കാര്യങ്ങള്‍ ഇവിടെ ചെയ്യാന്‍ കഴിയും.
നക്കിത്തിന്നും പറ്റിച്ചു തിന്നും ജീവിക്കുന്ന നേതാക്കള്‍ കുറച്ചു കൂടി
ആത്മാര്‍ത്ഥത കാണിക്കണം. പത്രത്തില്‍ എഴുതുമ്പോള്‍ കുറച്ചു ശക്തമായി
എഴുതണം. സത്യം കുറച്ചു കൂടി തുറന്നെഴുതുവാന്‍ ഇവിടുത്തെ പത്രമാധ്യമങ്ങള്‍
അതിന്റെ ധര്‍മ്മം കാണിക്കണം. കാശുള്ളവനും കട്ടും മുടിച്ചും
കാശുണ്ടാക്കുന്നവനും കള്ളത്തരത്തിനു കുടപിടിക്കുന്നവനും സ്വര്‍ണ്ണ
ഇറക്കുമതിക്കാരനും ഭൂമി കൈയ്യേറ്റക്കാരനും ദയവായി പത്രങ്ങള്‍ ഓശാന പാടരുത്.
കോടതിയാവട്ടെ വളച്ചു തിരിച്ചുള്ള നിയമങ്ങള്‍ വച്ച്, തെറ്റായ
വ്യാഖ്യാനങ്ങള്‍ കൊണ്ട് പല തെറ്റും ശരിയാക്കിക്കൊണ്ടിരിക്കുന്നു.
അതുകൊണ്ടാണ് അനധികൃതമായ കയ്യേറ്റങ്ങളും അനധികൃതമായ കെട്ടിടങ്ങളും കോടതി
മുഖേന നമുക്കു പൊളിക്കാന്‍ പറ്റാത്തത്. എവിടെയും കാര്യങ്ങള്‍
വ്യാഖ്യാനിച്ച്, ശക്തമായി സംസാരിച്ചു കൊണ്ട് അവനവന്റെ തെറ്റു മറച്ചു
വച്ചുകൊണ്ട്, അവനവന്‍ ചെയ്യുന്ന കള്ളത്തരങ്ങള്‍ നല്ലതാണെന്നു നടിച്ചു
കൊണ്ട് ഈ നാടിനെ കട്ടുമുടിക്കുന്ന തലമുറ ഞാനടക്കം മാറിയില്ലെങ്കില്‍
കണ്ണീരിനു പകരം കണ്ണില്‍ നിന്നും ചോര വരും.
ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണിട്ട്, ഒരു സ്ത്രീയും കുഞ്ഞും
കൂടി രക്ഷപ്പെടുത്തിയത് വലിയ വാര്‍ത്തയാണ്. വാര്‍ത്ത നല്ലതു തന്നെ. എന്റെ
നല്ല നമസ്‌കാരം. പക്ഷേ, നമ്മള്‍ ചെയ്യേണ്ട ഒരു കര്‍മ്മം പോലും ഇന്നു
വാര്‍ത്തയാവുന്നു. ഞാനും നിങ്ങളും റോഡില്‍ക്കൂടി പോകുമ്പോള്‍, ഒരു
കെട്ടിടത്തിന്റെ മുകളില്‍ നിന്നും ഒരു മനുഷ്യന്‍ വീണിട്ടുണ്ടെങ്കില്‍ അവനെ
ആശുപത്രിയില്‍ കൊണ്ടുപോവുകയും ഒരാള്‍ വിശന്നിരുന്നാല്‍ അവന് ഭക്ഷണം
കൊടുക്കുകയും ചെയ്യേണ്ടത് നമ്മുടെ ധര്‍മ്മമാണ് കര്‍മ്മമാണ്. അടുത്ത
രണ്ടുമൂന്നു വര്‍ഷത്തിനകം മനോരമയുടേയും മാതൃഭൂമിയുടെയും ഫ്രണ്ട് പേജില്‍
നാലു കോളം വാര്‍ത്തവരും. അച്ഛനും അമ്മയ്ക്കും മകന്‍ ഭക്ഷണം കൊടുക്കുന്നു.
കുഞ്ഞിന് അമ്മ മുലയൂട്ടുന്നു. ഇതൊരു വാര്‍ത്തയാണോ...? സ്വന്തം
മാതാപിതാക്കള്‍ക്ക് മക്കള്‍ ഭക്ഷണം കൊടുക്കുന്നത് വാര്‍ത്തയാകുന്ന ഈ
കാലഘട്ടത്തില്‍ കൂടുതലായി ഒന്നും പറയാനില്ല. നിങ്ങള്‍ ചിന്തിക്കുക,
ഉണര്‍ന്നു പ്രവര്‍ത്തിക്കുക.
ദൈവത്തെയോര്‍ത്ത് തെരുവു യുദ്ധം വരുന്നതിനു മുമ്പ്, പരസ്പരം തല്ലി
ചാകുന്നതിനു മുമ്പ്, പരസ്പരം കട്ടുമുടിക്കുന്നതിനു മുമ്പ്,
ഇത്തിരിയെങ്കിലും സത്യവും നീതിയും മൂല്യവും നിലനിര്‍ത്താന്‍ വേണ്ടി, രാത്രി
മുഴുവന്‍ നിങ്ങള്‍ മോഷ്ടിച്ചോ. രാത്രി മുഴുവന്‍ നിങ്ങള്‍ കട്ടുമുടിച്ചോ.
പകലെങ്കിലും, സൂര്യന്റെ വെളിച്ചത്തിലെങ്കിലും ഇവിടെ കളവു നടക്കരുത്. അതിനു
വേണ്ടി എന്നെ ശ്രവിക്കുന്ന നരേന്ദ്രമോഡിയും പിണറായിയും ഉമ്മന്‍
ചാണ്ടിയുമുള്‍പ്പടെയുള്ള നേതാക്കള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍,
നിങ്ങളുടെ മക്കള്‍ തന്നെ തെരുവില്‍ തല്ലിച്ചാകും. ഇതൊരു സൂചനയാണ്. ഇതൊരു
അപേക്ഷയാണ്, ദയവായി പ്രതികരിക്കുക. കോളജുകളിലും സ്‌കൂളുകളിലും നല്ല നല്ല
കാര്യങ്ങളെക്കുറിച്ചും പ്രസ്ഥാനങ്ങളെ ക്കുറിച്ചും സത്യസന്ധമായ ചര്‍ച്ചകള്‍
ഉണ്ടാവണം. ആ ചര്‍ച്ചയില്‍ നിന്നും പലതും ഊരിത്തിരിയണം.
ആഗ്രഹങ്ങള്‍ തിരമാലകള്‍ പോലെയാണ്. എന്നാല്‍ കാസര്‍ഗോഡുമുതല്‍ കന്യാകുമാരി
വരെ നേടിയാലും വിവേകാനന്ദപ്പാറയിലിരുന്ന് നെഞ്ചത്തടിച്ചു കരയുന്ന
ശതകോടീശ്വരന്റെ ദു:ഖം ശ്രീലങ്ക കൂടി നേടാന്‍ കഴിയാത്തതിന്റെ വേദനയാണ്.
ഇതിനിടയില്‍, രണ്ടുരൂപയ്ക്ക് അരിവാങ്ങാന്‍ കഴിയാത്തവന്റെ കണ്ണീര്‍ ആരു
കാണാന്‍....!!!
എല്ലാവര്‍ക്കും നന്മ വരട്ടെ, നന്ദി നമസ്‌കാരം.
അഭിപ്രായങ്ങളൊന്നുമില്ല