തങ്ങളെ തിരസ്‌കരിച്ച ലോകത്തെ, തിരിച്ചും തിരസ്‌കരിച്ചവരുണ്ട്: ഇത് ബാബുവിന്റെ കഥ…..

Written by: അനഘ സത്യപാലന്‍



(Anagha, sister of Adv Manuvilsan, is a 4th year LAW student at
Bharatmatha Law College, Aluva. Here she describes the pathetic death of
an Adivasi boy, Babu. He was just 16 years old, the police and the
court didnt consider his age while cruicifying him. Madhu, the Adivasi
youth who is murdered by lynch law, is still a burning subject. But, the
merciless, powerful authorities denied the justice to this innocent boy
who ate food from the house of his friend. Babu is not even a subject
for public talk.)
നീതിബോധം മൂത്ത് സാംസ്‌കാരിക കേരളം തല്ലിക്കൊന്ന ആദിവാസി മധുവിന് ഒരു
മുന്‍ഗാമിയുണ്ട്, പേര് ബാബു. വര്‍ഷങ്ങള്‍ക്കു മുന്‍പ് കല്‍പ്പറ്റ സെഷന്‍സ്
കോടതി, ചോറ് കട്ടു തിന്നു എന്ന അക്ഷന്തവ്യമായ അപരാധത്തിന്റെ പേരില്‍,
വീട്ടില്‍ കയറി കൊള്ള നടത്തിയെന്ന കുറ്റമാരോപിച്ച്, ശിക്ഷിച്ച മൈനറായ
ആദിവാസി ബാലന്‍, ബാബു.
മധുവിന് മരണത്തിന് ശേഷം ഒരു ചര്‍ച്ചയാകുവാനെങ്കിലും പറ്റിയെങ്കില്‍,
ബാബുവെന്ന ആ ആദിവാസി ബാലന്‍, പോലീസ് മനസ്സറിഞ്ഞ് നല്‍കിയ ശോഭരാജ് എന്ന
വട്ടപ്പേരുമായി, ഇഹലോകം വെടിഞ്ഞു. തനിക്ക് അര്‍ഹമായ മനുഷ്യക്കോടതി
വിധിക്കായി കാത്തു നില്‍ക്കാതെ……!
വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ നിന്നുമുള്ള ഒരു ആദിവാസിയായിരുന്നു
ബാബു. അവനെതിരെയുള്ള കുറ്റാരോപണം വീട്ടില്‍ കയറി കൊള്ള
നടത്തിയെന്നതായിരുന്നു. കൊള്ള മുതല്‍ വേറൊന്നുമല്ല; ഭക്ഷണം. 
സഹപാഠിയായ സുഹൃത്തിന്റെ വീട്ടില്‍ പോയ ബാബുവെന്ന ആദിവാസി പയ്യന്‍,
തീന്‍മേശയിലിരുന്ന ആഹാരമെടുത്ത് കഴിച്ചു. ഇത് കണ്ട് വന്ന സുഹൃത്തിന്റെ
പിതാവും പുരോഹിതനുമായ പരാതിക്കാരന്‍, പോലീസില്‍ പരാതി നല്‍കി. വീട് കുത്തി
തുറന്നുള്ള മോഷണം; അതായിരുന്നു ആരോപണം. അതും ഒരു പുരോഹിതന്റെ വീട്ടില്‍
നിന്നും….!!!
ദൈവത്തിന് നിരക്കാത്ത ആ കൊടിയ പാപ കര്‍മ്മം ആ പുരോഹിത ശ്രേഷ്ഠന്‍
ക്ഷമിച്ചില്ലെന്ന് മാത്രവുമല്ല സംഭവം കേസാക്കി. പതിനാറ് വയസ്സുകാരന്‍
ആദിവാസിക്കുട്ടി ചെയ്ത നിസ്സാര കുറ്റം എന്നതിനു പകരം സെക്ഷന്‍ 394,
സെക്ഷന്‍ 450 തുടങ്ങിയ വകുപ്പുകള്‍ പ്രകാരം ഗൗരവകരമായ കുറ്റങ്ങള്‍
ബാബുവിന്റെ മേല്‍ ചാര്‍ത്തിക്കൊടുത്തു. യാതൊരു അന്വേഷണവുമില്ലാതെ, പതിനാറ്
വയസ്സ് ഇരുപത്തിരണ്ട് വയസാക്കി മാറ്റി, ശോഭരാജ് എന്ന് വട്ടപേരും ചാര്‍ത്തി
പ്രഥമാന്വേഷണ റിപ്പോര്‍ട്ടും തയ്യാറാക്കി അന്നു തന്നെ
‘ഭീകരകൊള്ളസംഘാംഗ’ത്തെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബാബുവിന്റെ യഥാര്‍ത്ഥ പ്രായം പോലും പരിഗണിക്കാതെ പോലീസ് FIR രജിസ്ട്രര്‍
ചെയ്തു. അന്തിമ റിപ്പോര്‍ട്ട്് വന്ന്, കേസ് വിളിച്ചപ്പോള്‍ പ്രതി
മേജറായിരുന്നു. ജീവിതവൃത്തിക്ക് കുടഗില്‍ ഇഞ്ചിപ്പണിക്ക്്
പോയിരിക്കുകയായിരുന്ന ബാബുവിന്, ഒരു നല്ല വക്കീലിനെ ഏര്‍പ്പാടക്കാനുള്ള
ജ്ഞാനമോ അതിനാവശ്യമായ നിരത ദ്രവ്യമോ എവിടെയുണ്ടാകാന്‍? 
ദീര്‍ഘകാലമായി തീര്‍പ്പാകാത്ത കേസുകള്‍ എഴുതിത്തള്ളാന്‍ ഗവണ്മെന്റ്
തീരുമാനിച്ച കൂട്ടത്തില്‍ ബാബുവിന്റെ കേസും ഉണ്ടായിരുന്നു. (Crime No:
239/93). എന്നാല്‍ മുഖ്യസാക്ഷികളായ സഹപാഠി ബിനുവിന്റെയും ബിനുവിന്റെ
”വൈദികനായ’ അച്ഛന്റെയും സഹകരണമില്ലാത്തതു കൊണ്ട് ഇത് നടപ്പിലാക്കാന്‍
പറ്റിയില്ല.
ലീഗല്‍ സര്‍വിസ് വക്കീല്‍ പരമാവധി ശ്രമിച്ചു. പക്ഷേ അവസാനം വിചാരണ കോടതി
പ്രതിക്ക് തടവ് ശിക്ഷ വിധിച്ചു. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല; ബാബു
ജയിലിലേക്ക് പോയി.
വയനാട് ജില്ലയിലെ അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനുമായ
അഡ്വ. വി.പി യൂസഫ് ഇടപെട്ട് ബാബുവിനെ ശിക്ഷിച്ച നടപടികള്‍ക്കെതിരെ
ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്യുന്നതിന് ഏര്‍പ്പാടുകള്‍ ചെയ്യുന്നു.
അപ്പീല്‍ കേസില്‍, അഡ്വ. സി.വി. മനുവില്‍സന്‍, അഡ്വ. ഇ.സി. ബിനീഷ്
എന്നിവരാണ് ബാബുവിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. 
കുറ്റകൃത്യം ചെയ്തു എന്ന ആരോപണം നേരിടുന്ന ബാബു എന്ന ആദിവാസി ചെക്കന്,
കുറ്റാരോപണ സമയത്ത് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന സുപ്രധാനമായ ഘടകം
പരിഗണിക്കാതെയാണ്, കല്‍പ്പറ്റയിലെ സെഷന്‍സ് കോടതി ശിക്ഷിച്ചത് എന്ന
ഗുരുതരമായ നിയമ ലംഘനം അപ്പീല്‍ കേസ് വാദത്തിന് വന്നപ്പോള്‍ ഹൈക്കോടതി
മുമ്പാകെ ചൂണ്ടിക്കാട്ടി. ക്രിമിനല്‍ കേസുകളുടെ വിധിന്യായത്തോടൊപ്പം
നിര്‍ബന്ധവുമായുണ്ടായിരിക്കേണ്ട വയസ്, ജനനത്തീയതി, ഇത്യാദി സംഭവങ്ങളൊന്നും
പ്രസ്തുത സെഷന്‍സ് കോടതി വിധിയോടൊപ്പം ഉണ്ടായിരുന്നില്ല എന്നതിനെ
അതിവിചിത്രം എന്നാണ് ഹൈക്കോടതി വിശേഷിപ്പിച്ചത്.
കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി, പ്രസ്തുത കേസില്‍, തീര്‍ത്തും
മാനുഷികമായി ഇടപെട്ട ജസ്റ്റിസ് കെ തങ്കപ്പന്‍, നിയമ വിരുദ്ധത കാട്ടിയ അഡി. സെഷന്‍സ് ജഡ്ജിനെ അതിരൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. 
മൈനറായ ബാബു എന്ന ആദിവാസി ചെക്കനെ, പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ഘടകം
പോലും നോക്കാതെയാണ്, ശോഭരാജ് എന്ന ഒരു വട്ടപ്പേരിട്ട് കല്‍പ്പറ്റയിലെ
സെഷന്‍സ് കോടതി ശിക്ഷിച്ചത് എന്നത് അതി ഗുരുതരമായ നിയമ ലംഘനമാണ്. എന്നാല്‍
ഇക്കാര്യം ഒരിക്കല്‍ പോലും ആ കോടതിയുടെ ശ്രദ്ധയില്‍ പെട്ടില്ല എന്നത്
അതിലും ഗുരുതരവും കുറ്റകരവുമായ അനാസ്ഥയാണ്, എന്നത് ഉറക്കെത്തന്നെ
പറയേണ്ടുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. പ്രത്യേകിച്ച് സ്വതന്ത്ര ഇന്ത്യയുടെ
കുറ്റകൃത്യങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വെറുക്കപ്പെട്ട ഡല്‍ഹി
നിര്‍ഭയ കേസിലെ പൈശാചികനായ ആ കുട്ടി കുറ്റവാളിയെ പോലും, പ്രായം എന്ന
ഔദാര്യം പരിഗണിച്ച് മറ്റ് കുറ്റവാളികള്‍ക്കൊപ്പം വിചാരണ നടത്താത്ത നമ്മുടെ ഈ
നാട്ടില്‍ !!
വിധി നടത്തിപ്പ് സസ്‌പെന്‍ഡ് ചെയ്ത ഹൈക്കോടതി, അപ്പീല്‍ ഫയലില്‍
സ്വീകരിച്ച്, പ്രതിക്ക് ജാമ്യം അനുവദിച്ചു. പക്ഷേ പിന്നീടയിരുന്നു
യഥാര്‍ത്ഥ ദുരന്തം അരങ്ങേറിയത്. ജാമ്യം നില്‍ക്കാന്‍ രണ്ട് ആളുകളില്ലാതെ
കുറെ നാള്‍ കൂടി ആ പാവം ജയിലില്‍ കിടന്നു. ഒടുവില്‍, ജനപക്ഷം ബെന്നി
ചേട്ടന്‍ ഇടപെട്ടാണ് ജാമ്യക്കാരെ സംഘടിപ്പിച്ച് ബാബുവിനെ ജയിലില്‍ നിന്നും,
ജാമ്യത്തില്‍ പുറത്തിറക്കിയത്. 
എന്നെ തിരസ്‌കരിച്ച ഈ ലോകത്തെ ഞാനും തിരസ്‌കരിക്കുന്നു എന്ന് പറഞ്ഞ് ജീവന്‍
വെടിഞ്ഞ നീഷേയുടെ വാക്കുകളെ അനുസ്മരിപ്പിക്കും വിധം, മനസ്സറിയാത്ത
കുറ്റത്തിന്, തന്നെ കൊടും കുറ്റവാളിയാക്കി മാറ്റിയ ഈ പാപ ഗ്രഹത്തെ ബാബുവും
തിരസ്‌കരിച്ചു. കടുത്ത മഞ്ഞപിത്ത ബാധയെ തുടര്‍ന്ന്, ജയില്‍ മോചിതനായി 32
ദിവസം കഴിഞ്ഞപ്പോള്‍ ബാബു’ മരിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള
അപ്പീല്‍ ഹര്‍ജി, ഹൈക്കോടതിയുടെ പെന്‍ഡിംഗ് ഫയല്‍ റാക്കറ്റില്‍
ബാക്കിയാക്കി കൊണ്ട്, ബാബു പോയി. തങ്ങളെ തിരസ്‌കരിക്കുന്ന ലോകത്തെ
തിരിച്ചും തിരസ്‌കരിക്കുന്ന ചിലരെങ്കിലുമൊക്കെയുണ്ട് ഈ ഭൂമിയില്‍ എന്ന
യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന വിധം ബാബു പോയി; കറുത്ത
തൊലിയും ആദിവാസി വംശനാമവുമെല്ലാം ഈ ഭൂമിക്ക് തന്നെ തിരികെ കൊടുത്തു
കൊണ്ട്…….!!!
Tags: Anagha Sathyapalan, Adv Manuvilsan, Bharatmata Law College, Kerala Police, plight of Adivasis in Kerala, Lynch law in kerala, Madhu beaten to death, Adivasi Madhu

2 thoughts on “തങ്ങളെ തിരസ്‌കരിച്ച ലോകത്തെ, തിരിച്ചും തിരസ്‌കരിച്ചവരുണ്ട്: ഇത് ബാബുവിന്റെ കഥ…..

  1. എന്നെ തിരസ്‌കരിച്ച ഈ ലോകത്തെ ഞാനും തിരസ്‌കരിക്കുന്നു എന്ന് പറഞ്ഞ് ജീവന്‍ വെടിഞ്ഞ നീഷേയുടെ വാക്കുകളെ അനുസ്മരിപ്പിക്കും വിധം, മനസ്സറിയാത്ത കുറ്റത്തിന്, തന്നെ കൊടും കുറ്റവാളിയാക്കി മാറ്റിയ ഈ പാപ ഗ്രഹത്തെ ബാബുവും തിരസ്‌കരിച്ചു. കടുത്ത മഞ്ഞപിത്ത ബാധയെ തുടര്‍ന്ന്, ജയില്‍ മോചിതനായി 32 ദിവസം കഴിഞ്ഞപ്പോള്‍ ബാബു' മരിച്ചു. തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള അപ്പീല്‍ ഹര്‍ജി, ഹൈക്കോടതിയുടെ പെന്‍ഡിംഗ് ഫയല്‍ റാക്കറ്റില്‍ ബാക്കിയാക്കി കൊണ്ട്, ബാബു പോയി. തങ്ങളെ തിരസ്‌കരിക്കുന്ന ലോകത്തെ തിരിച്ചും തിരസ്‌കരിക്കുന്ന ചിലരെങ്കിലുമൊക്കെയുണ്ട് ഈ ഭൂമിയില്‍ എന്ന യാഥാര്‍ത്ഥ്യം ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിക്കുന്ന വിധം ബാബു പോയി; കറുത്ത തൊലിയും ആദിവാസി വംശനാമവുമെല്ലാം ഈ ഭൂമിക്ക് തന്നെ തിരികെ കൊടുത്തു കൊണ്ട്…….!!!

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു