Header Ads

ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടും സമരം പിന്‍വലിക്കാതെ ശ്രീനാരായണ സ്‌കൂള്‍ അധ്യാപകര്‍: ഇരിക്കും കൊമ്പുമുറിക്കുന്ന ഇവരോ അധ്യാപകര്‍...??





ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടിയാണ് ഓരോ സമരങ്ങളും. എന്നാല്‍, ചര്‍ച്ചകള്‍ക്കും പുനര്‍ചര്‍ച്ചകള്‍ക്കും ശേഷം സമരക്കാരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച ശേഷവും വീണ്ടും സമരം ചെയ്യുന്നത് എന്തിന്...? സ്വന്തം ആവശ്യങ്ങള്‍ എന്തെന്ന് മാനേജ്‌മെന്റിനെ ധരിപ്പിക്കാന്‍ കഴിവില്ലാത്തവരോ അധ്യാപകര്‍...? എങ്കില്‍ അധ്യാപകരായിരിക്കാന്‍ അവര്‍ യോഗ്യരോ...? തൃപ്പൂണിത്തുറ ശ്രീനാരായണ വിദ്യാപീഠം ജീവനക്കാര്‍ ഫെബ്രുവരി 21 മുതല്‍ അനിശ്ചിത കാല സമരം ആരംഭിച്ചിരിക്കുന്നു. ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ സി ബി എസ് സി നിയമപ്രകാരം പരിഷ്‌കരിക്കുക, അധ്യാപകരില്‍ നിന്നും പിരിച്ചെടുത്ത ഒരു കോടി പത്തുലക്ഷം രൂപ തിരിച്ചു നല്‍കുക, ശ്രീനാരായണ വിദ്യാപീഠത്തിന്റെ 27 വര്‍ഷത്തെ കണക്കുകള്‍ സര്‍ക്കാര്‍ ഏജന്‍സികളെകൊണ്ട് അന്വേഷിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ് സ്‌കൂള്‍ ജീവനക്കാര്‍, അധ്യാപകര്‍ ഉള്‍പ്പടെ, സമരം ചെയ്യുന്നത്. 



എറണാകുളം ലേബര്‍ ഓഫീസറുടെ സാന്നിധ്യത്തില്‍ പലതവണ നടത്തിയ ചര്‍ച്ചകളില്‍, പ്രശ്‌നങ്ങള്‍ക്കു ശാശ്വത പരിഹാരം കണ്ടിരുന്നു. സമരക്കാര്‍ മുന്നോട്ടുവച്ച ആവശ്യങ്ങള്‍ എല്ലാം അംഗീകരിച്ച ശേഷം അധ്യാപകരും അനധ്യാപകരും ഉള്‍പ്പെടുന്ന ഈ ജീവനക്കാര്‍ വീണ്ടും സമരവുമായി മുന്നോട്ടു പോകുന്നത് എന്തിന്...? ശ്രീനാരായണ വിദ്യാപീഠം അധ്യാപക സമിതിയിലോ ഈ സ്‌കൂളിലെ രക്ഷാകര്‍തൃസമിതിയിലോ അനധ്യാപക സംഘടനയിലോ അംഗമല്ലാത്ത ഒരു വ്യക്തിയെ, ബാങ്ക് ജീനക്കാരനായ ദിലീപിനെ,  സമരത്തിനു നേതൃത്വം നല്‍കാന്‍ കൊണ്ടുവന്നതിനു പിന്നിലെ ചേതോവികാരമെന്ത്...?



ഫെബ്രുവരി-മാര്‍ച്ച് കാലം പരീക്ഷകളുടെ കാലമാണ് എന്ന് ഏവര്‍ക്കും അറിയാം. ശമ്പളവര്‍ദ്ധനവ് ഏപ്രില്‍ മാസത്തില്‍ നടപ്പിലാക്കിയാല്‍ പോലും തങ്ങള്‍ക്കു സമ്മതമാണ് എന്ന് അധ്യാപക സംഘടന നേതാവ് ദിവിന്‍ ദാസ് ഉറപ്പു നല്‍കിയ ശേഷം മാര്‍ച്ചില്‍ ശമ്പള വര്‍ദ്ധനവ് നടപ്പാക്കാം എന്ന ബോര്‍ഡിന്റെ തീരുമാനത്തെ അധ്യാപക സംഘടനകള്‍ എതിര്‍ക്കുന്നത് എന്തിന്...? സമാധാനപരമായി, ഒരു ചര്‍ച്ച കൂടി നടത്തി, പ്രശ്‌നം രമ്യമായി പരിഹരിക്കാം എന്നുള്ള ജനപക്ഷത്തിന്റെ നിലപാടിനെ അധ്യാപക സംഘടന തുരങ്കം വച്ചത് എന്തിന്...? 

2017 ജൂണ്‍-ജൂലൈ മാസങ്ങളിലാണ് തങ്ങളുടെ സേവന വേതന വ്യവസ്ഥകള്‍ കാലാനുസൃതമായി പരിഷ്‌കരിക്കണമെന്ന ആവശ്യവുമായി അധ്യാപക സംഘടനകള്‍ ശ്രീനാരായണ വിദ്യാപീഠം മാനേജ്‌മെന്റുമായി ചര്‍ച്ചകള്‍ നടത്തിയത്. ആ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ജില്ലാ ലേബര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ ജീവനക്കാരും മാനേജ്‌മെന്റും 8 തവണ ചര്‍ച്ചകള്‍ നടത്തി. ഈ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍, യൂണിയന്‍ നേതാവ് ദിവിന്‍ ദാസ് അംഗീകരിച്ച ആവശ്യങ്ങള്‍ ഇവയാണ്. തങ്ങള്‍ ഉന്നയിച്ച മുഴുവന്‍ ആവശ്യങ്ങളും മാനേജ്‌മെന്റ് അംഗീകരിച്ചതായി ദിവിന്‍ വ്യക്തമാക്കുന്നുണ്ട്. 

1. മുഴുവന്‍ സ്റ്റാഫിനും ഏപ്രില്‍ മാസം മുതല്‍ മാന്യമായ ശമ്പള വര്‍ദ്ധനവ് (250 രൂപ 350 രൂപ നിരക്കിലല്ല, ന്യായമായ വര്‍ദ്ധനവ് തന്നെ ലഭിക്കും)
2. സീനിയര്‍ ഡ്രൈവേഴ്‌സിനും ആന്റിക്കും ഈ മാസം തന്നെ 1500 രൂപ ഇടക്കാല വര്‍ദ്ധനവ്. (ടീച്ചേഴ്‌സ് ഏപ്രില്‍ വരെ കാത്തിരിക്കാന്‍ തയ്യാര്‍ ആണെന്ന് നമ്മള്‍ തന്നെ പറഞ്ഞു)
3. എല്ലാ സ്റ്റാഫിനും അപ്പോയിന്റ്‌മെന്റ് ഓര്‍ഡര്‍, സ്റ്റാന്‍ഡേര്‍ഡ് സാലറി സ്ലിപ്പ് etc.
4. ടീച്ചിംഗ് അല്ലാതെ ഫീസ് പിരിവ് പോലെയുള്ള ജോലികള്‍ ചെയ്യാന്‍ അധ്യാപകരെ നിര്‍ബന്ധിക്കില്ല
5. കൂടാതെ സമയാസമയങ്ങളിലുണ്ടാകുന്ന ജീവനക്കാരുടെ മറ്റ് പരാതികള്‍, പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് മാനേജ്‌മെന്റ് ഉടന്‍ തന്നെ പരിഹാരങ്ങള്‍ കണ്ടെത്തി നല്‍കും

ഈ ആവശ്യങ്ങളെല്ലാം അംഗീകരിച്ച ശേഷം മാനേജ്‌മെന്റ് തങ്ങളുടെ നിലപാടില്‍ നിന്നും പിന്തിരിഞ്ഞു എന്നും ശമ്പള വര്‍ദ്ധന ഉടന്‍ നടപ്പാക്കണമെന്നും മാര്‍ച്ച് മാസം വരെ കാത്തിരിക്കാന്‍ തങ്ങള്‍ തയ്യാറല്ല എന്നും യൂണിയന്‍ നേതാക്കള്‍ ജനപക്ഷം കണ്‍വീനര്‍ ബെന്നി ജോസഫുമായി നടത്തിയ ചര്‍ച്ചയില്‍ വ്യക്തമാക്കി.

Divin Das

ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടി നല്‍കാമെന്നും ശമ്പള പരിഷ്‌കരണം 5 വര്‍ഷത്തില്‍ അല്ല, മറിച്ച് രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ നടപ്പിലാക്കാമെന്നും ബെന്നി ജോസഫുമായി നടത്തിയ ചര്‍ച്ചയില്‍ ശ്രീനാരായണ വിദ്യാപീഠം പ്രസിഡന്റ് കൈഷക് ബാബു ഉറപ്പു നല്‍കി. ഇക്കാര്യങ്ങള്‍ യൂണിയന്‍ നേതാക്കളെ അറിയിക്കുന്നതിനു വേണ്ടി, അധ്യാപക സംഘടനകളും മാനേജ്‌മെന്റും ഒരുമിച്ച് ഒരു ചര്‍ച്ചയ്ക്ക് ജനപക്ഷം ശ്രമിച്ചുവെങ്കിലും അധ്യാപക സംഘടനകള്‍ അത് തള്ളിക്കളയുകയായിരുന്നു. 

എല്ലാ അധ്യാപകരും രാവിലെ 8.20 ന്‌ സ്‌കൂളില്‍ എത്തുമ്പോള്‍, അതിലൊരു അധ്യാപികയ്ക്ക് വൈകി വരാന്‍ അനുവാദം കൊടുക്കണം എന്നായിരുന്നു രേഖാമൂലം ഈ ടീച്ചര്‍ മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടത്. ഇവരുടെ വീട്ടില്‍ രോഗിയായ കുടുംബാംഗങ്ങളോ മറ്റ് ഒഴിച്ചു കൂടാന്‍ കഴിയാത്ത ആവശ്യങ്ങളോ ഉണ്ടായിട്ടല്ല വൈകിവരാന്‍ ഇവര്‍ അനുവാദം ചോദിച്ചത്. മറിച്ച്, ഇവരുടെ ട്യൂഷന്‍ ക്ലാസുകള്‍ തടസ്സമില്ലാതെ നടത്താന്‍ വേണ്ടിയാണ്. സി ബി എസ് സി അധ്യാപകര്‍ സ്വകാര്യ ടൂഷന്‍ നടത്താന്‍ പാടില്ല എന്ന നിയമം ലംഘിച്ചു കൊണ്ടാണ് ഇവര്‍ സ്വകാര്യമായി ട്യൂഷന്‍ എടുക്കുന്നത്.

 27 വര്‍ഷമായി ജോലി ചെയ്യുന്ന തനിക്ക് വെറും ഏഴായിരം രൂപയില്‍ താഴെ മാത്രമാണ് ശമ്പളമെന്ന് പ്ലാക്കാര്‍ഡെഴുതിയ ആയയും സമരക്കാര്‍ക്ക് ഇടയില്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇവര്‍ 2018 ജനുവരിയില്‍ വാങ്ങിയ ശമ്പളം 11822 രൂപയാണ് എന്ന് സ്‌കൂള്‍ ഓഫീസില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഇവരുടെ ഗ്രോസ് സാലറി 9550 രൂപയാണ്. പി എഫ് (PF), മാനേജ്‌മെന്റ് കോണ്‍ട്രിബ്യൂഷന്‍ (management controbution) എന്നീ ഇനത്തില്‍ 1099 രൂപയും ഇ എസ് ഐ (ESI) ഇനത്തില്‍ 453 രൂപയും കൈപ്പറ്റി. അങ്ങനെ ആകെ ശമ്പളം 11822 രൂപയാണ്. ഇതു മറച്ചുവച്ചാണ് ഇവര്‍ തന്റെ ശമ്പളം 7000 രൂപയാണ് എന്ന വാദവുമായി പ്ലാക്കാര്‍ഡുമായി സമരക്കാര്‍ക്കിടയില്‍ കയറിപ്പറ്റിയിരിക്കുന്നത്. 


നിത്യോപയോഗ സാധനങ്ങളുടെ വില നിമിഷം പ്രതി റോക്കറ്റുപോലെ കുതിച്ചുയരുന്ന സാഹചര്യത്തില്‍ 5 വര്‍ഷത്തില്‍ ഒരിക്കല്‍ അധ്യാപകരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന മാനേജ്‌മെന്റിന്റെ വ്യവസ്ഥ അംഗീകരിക്കാന്‍ കഴിയില്ല എന്ന് ബെന്നി ജോസഫ് വ്യക്തമാക്കിയിരുന്നു. ഈ ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ രണ്ടുവര്‍ഷത്തിലൊരിക്കല്‍ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാമെന്ന് മാനേജ്‌മെന്റിനു വേണ്ടി പ്രസിഡന്‍ഡ് കൈഷക് ബാബു വ്യക്തമാക്കിയിരുന്നു. 

അധ്യാപകസംഘടനകളുമായും മാനേജ്‌മെന്റ് പ്രതിനിധികളുമായും പ്രത്യേകം പ്രത്യേകം നടത്തിയ ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ തീരുമാനങ്ങള്‍ ഇരു വിഭാഗം പ്രതിനിധികളുടേയും സാന്നിധ്യത്തില്‍ അറിയിക്കാനുള്ള ജനപക്ഷത്തിന്റെ ശ്രമങ്ങളാണ് അധ്യാപക സംഘടനയുടെ കടുംപിടുത്തത്തിനു മുന്നില്‍ പാളിപ്പോയത്. ബാങ്ക് ഉദ്യോഗസ്ഥനായ യൂണിയന്‍ നേതാവ് ദിലീപിനെ അന്തിമ ചര്‍ച്ചയില്‍ നിന്നും ഒഴിവാക്കണം എന്ന ജനപക്ഷത്തിന്റെ ആവശ്യമാണ് അധ്യാപക സംഘടനയെ ചൊടിപ്പിച്ചത്. 

ചെത്തുതൊഴിലാളികളോ കല്‍പ്പണിക്കാരോ ഉള്‍പ്പെട്ട യൂണിയനുകളില്‍ അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ വിദ്യാഭ്യാസമുള്ള ഒരാളുടെ സഹായം തേടുന്നതില്‍ തെറ്റില്ല. എന്നാല്‍, അറിവും കഴിവും വിദ്യാഭ്യാസവും അനുഭവസമ്പത്തുമുള്ള അധ്യാപകര്‍ക്ക് അവരുടെ ഇടയില്‍ നിന്ന് അവര്‍ക്കു വേണ്ടി സംസാരിക്കാന്‍ കഴിവുറ്റ ഒരു നേതാവിനെ തെരഞ്ഞെടുക്കാന്‍ കഴിയില്ലേ...? അങ്ങനെ കഴിയില്ല എങ്കില്‍ അധ്യാപകരായിരിക്കാന്‍ അവര്‍ക്ക് എന്താണ് യോഗ്യത...???

പരീക്ഷക്കാലത്ത് സമരം നടത്തിയ അധ്യാപകരുടെ ലക്ഷ്യം ഒന്നുമാത്രം. മാനേജ്‌മെന്റിനെ പരമാവധി പ്രതിരോധത്തില്‍ ആക്കുക എന്നത്. സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കുക എന്നതിനോടൊപ്പം തന്നെ പ്രധാനമാണ് സ്വന്തം കടമകള്‍ നിര്‍വ്വഹിക്കുക എന്നത്. അധ്യാപനം എന്നത് ഒരു സാധാരണ ജോലിയല്ല. വളരെ വലിയൊരു ഉത്തരവാദിത്വമാണ് ഓരോ അധ്യാപകനുമുള്ളത്. ഭാവി തലമുറയുടെ സ്വഭാവരൂപീകരണത്തില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്നത് അധ്യാപകരാണ്. സ്വന്തം ആവശ്യങ്ങള്‍ മാനേജ്‌മെന്റിനെ പറഞ്ഞു മനസിലാക്കിക്കാന്‍ പോലും കഴിവില്ലാത്തവരോ ഈ അധ്യാപകര്‍...? അങ്ങനെയെങ്കില്‍, ഈ അധ്യാപകര്‍ എങ്ങനെയാണ് ഇവിടെ പഠിക്കുന്ന കുട്ടികളെ കാര്യപ്രാപ്തിയുള്ളവരായി വളര്‍ത്തിക്കൊണ്ടു വരുന്നത്...? അധ്യാപകര്‍ക്ക് എന്തിനാണ് ബാങ്ക് ഉദ്യോഗസ്ഥനായ ഒരു നേതാവ്...? 

അധ്യാപകരുടെ സംഘടനയ്ക്ക് രജിസ്‌ട്രേഷന്‍ ഉണ്ടെന്ന് അവര്‍ വ്യക്തമാക്കുന്നു. പക്ഷേ, ഒരു സംഘടന എന്തിനാണ് മൂന്ന് വ്യത്യസ്ഥ സ്ഥലങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്നത്? ഈ സ്‌കൂളിനെ തകര്‍ത്തിട്ട് ജീവനക്കാര്‍ക്ക് എന്തു നേട്ടം...? 

1300 കുട്ടികള്‍ ഈ സ്‌കൂളില്‍ പഠിക്കുന്നുണ്ട്. സമരങ്ങള്‍ മൂലം പലകുട്ടികളും ഈ സ്‌കൂളില്‍ നിന്നും ടി സി വാങ്ങി പോയി. കുട്ടികള്‍ നല്‍കുന്ന ഫീസ് മാത്രമാണ് തങ്ങളുടെ വരുമാന മാര്‍ഗ്ഗമെന്നും കണക്കുകള്‍ ബന്ധപ്പെട്ടവര്‍ക്കു മുന്നില്‍ വെളിപ്പെടുത്താമെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് സമ്മതിക്കുന്നു. 

അധ്യാപകര്‍ നല്ലവരെങ്കില്‍, പഠിപ്പിലും പാഠ്യേതര വിഷയങ്ങളിലും മുന്നില്‍ നില്‍ക്കുന്നുവെങ്കില്‍, ആ സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ ഒഴുകിയെത്തും എന്നതിന്റെ തെളിവുമായി നിരവധി സര്‍ക്കാര്‍ സ്‌കൂളുകള്‍ നമുക്കു ചുറ്റുമുണ്ട്. സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് കാണിച്ചുകൊടുക്കേണ്ട മാതൃക ഇതുതന്നെയോ എന്ന് അധ്യാപകര്‍ ചിന്തിക്കണം. ചില കാര്യങ്ങളില്‍ തങ്ങള്‍ക്കു വീഴ്ച പറ്റി എന്നും അത് സ്‌കൂളിന്റെ മോശം സാമ്പത്തിക സ്ഥിതിമൂലം ഉണ്ടായതാണ് എന്നും പറ്റിയ വീഴ്ചകള്‍ തിരുത്തി മുന്നോട്ടു പോകാന്‍ തയ്യാറാണെന്നും മാനേജ്‌മെന്റ് പറയുമ്പോള്‍, അവര്‍ക്കൊപ്പം നില്‍ക്കാന്‍ അധ്യാപകരും മറ്റു ജീവനക്കാരും മടിക്കുന്നത് എന്തിന്....? 

യൂണിയന്‍ പ്രശ്‌നങ്ങള്‍ മൂലം അടച്ചുപൂട്ടിയ നിരവധി ഫാക്ടറികള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുണ്ട്. ആ ശ്രേണിയിലേക്ക് തൃപ്പൂണിത്തുറയിലെ ശ്രീനാരായണ വിദ്യാപീഠത്തെയും തള്ളിയിടാനാണോ ജീവനക്കാര്‍ ശ്രമിക്കുന്നത്...? ഇരിക്കുന്ന കൊമ്പുമുറിച്ചാലുള്ള ഭവിഷ്യത്തുകളെക്കുറിച്ച് അറിയാത്തവരെ അധ്യാപകരനെന്നു വിളിക്കാനാവുമോ...? 

അഞ്ച് ഏക്കര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന കോംപൗണ്ട് ഉള്ള സ്‌കൂളാണ് തൃപ്പൂണിത്തുറ ശ്രീനാരായ വിദ്യാപീഠം. പരീക്ഷകളില്‍ നൂറു ശതമാനം വിജയം കൊയ്യുന്ന സ്‌കൂള്‍. ക്രിക്കറ്റിലും വോളിബോളിലും ദേശീയ തലത്തില്‍ എപ്പോഴും ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന സ്‌കൂള്‍. കഴിഞ്ഞ വര്‍ഷം നടന്ന ദേശീയ ഏയറോബിക്‌സില്‍ രണ്ടാമതാവാനുള്ള പ്രധാനകാരണം ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഉപയോഗിക്കേണ്ട യൂണിഫോമിനെക്കുറിച്ച് അറിവില്ലാത്തതു കൊണ്ടു മാത്രം. എന്നിട്ടും, ആദ്യമായി പങ്കെടുക്കുകയായിരുന്നിട്ടുകൂടി ഈ സ്‌കൂളിലെ കുട്ടികള്‍ രണ്ടാം സ്ഥാനത്തെത്തി. അധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും രക്ഷാകര്‍ത്താക്കളുടേയും വിയര്‍പ്പും അധ്വാനവും തന്നെയാണ് ഈ സ്‌കൂളിനെ ഏറ്റവും മികച്ചതാക്കുന്നത്. അതിനാല്‍, തങ്ങളുടെ ആവശ്യങ്ങളില്‍ ന്യായമെന്ത് അന്യായമെന്ത് എന്ന് അധ്യാപകരും മനസിലാക്കണം. 

ജനപക്ഷവും തമസോമയും സ്‌കൂള്‍ മാനേജ്‌മെന്റിനോ സമരക്കാര്‍ക്ക് ഒപ്പമോ അല്ല. ശരിയുടെ പക്ഷത്ത്, സത്യത്തിന്റെ ഭാഗത്ത്. അധ്യാപകരുടെ സമരം മൂലം ക്ലാസുകള്‍ നഷ്ടപ്പെടുന്ന വിദ്യാത്ഥികളുടെ നിസ്സഹായതയാണ് ജനപക്ഷത്തിനു പ്രധാനം. അധ്യാപകര്‍ക്ക് യൂണിയന്‍ കളി തുടരാം. മാനേജ്‌മെന്റിന് തങ്ങളുടെ കടുംപിടുത്തവും. പക്ഷേ, ക്ലാസ് നഷ്ടമാകുന്ന കുട്ടികള്‍ ആരോടു പരാതി പറയും...? അടുത്ത ക്ലാസിലേക്കു കയറണോ വേണ്ടയോ എന്നുതീരുമാനിക്കുന്ന പരീക്ഷയാണ് മാര്‍ച്ചില്‍ നടക്കുന്നത്. പത്താംക്ലാസിലേയും ഹയര്‍ സെക്കന്ററിയിലേയും വിദ്യാര്‍ത്ഥികളുടെ ഭാവി തീരുമാനിക്കുന്ന പരീക്ഷ. യൂണിയന്‍ കളിച്ച് കേരളത്തില്‍ ആര്‍ക്കാണ് പ്രയോജനം ഉണ്ടായിട്ടുള്ളത് എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. 

കെ എസ് ആര്‍ ടി സിയും സര്‍ക്കാര്‍ ആശുപത്രികളും എന്നുവേണ്ട എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും നശിച്ചുകെട്ടു പോകുന്നത് തൊഴിലാളികളുടെ ധാര്‍ഷ്ട്യം മൂലമാണ്. അവകാശങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. പക്ഷേ കര്‍ത്തവ്യത്തെക്കുറിച്ചും ചുമതലകളെക്കുറിച്ചും ആര്‍ക്കും അറിയില്ല. അറിഞ്ഞാലും ചെയ്യാന്‍ മനസുമില്ല. 

_______________________________________________________

Sree Narayana Vidhya Peetam, Thripunithura,

Some teachers and non teaching staff are in strike in this school for raising various demands including increasing salary on time to time. But, most of their demands are baseless according to the investigation of Janapaksham and thamasoma. The efforts of Janapaksham Benny Joseph for solving the issue went fruitless due to the baseless demands of the union leaders. 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.