Header Ads

പാവങ്ങളുടെ അടുത്തുള്ള ബാങ്കിന്റെ അഭ്യാസമെന്തേ നീരവ് മോദിയുടെ അടുത്ത് നടന്നില്ല....???നാണവും മാനവും ആത്മാര്‍ത്ഥതയും മനുഷ്യത്വവും നഷ്ടപ്പെട്ട എല്ലാ ഇന്ത്യന്‍ പൗരന്മാരും പ്രത്യേകിച്ചും മലയാളികളും എന്തെങ്കിലും ഒന്നു ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും വേണ്ടി ജനപക്ഷം ഗതികെട്ട് നിങ്ങളോടു വീണ്ടും അപേക്ഷിക്കുന്നു, അഭ്യര്‍ത്ഥിക്കുന്നു. ബാങ്കുകളെ പറ്റിച്ച്, 11400 കോടി രൂപ കട്ടെടുത്ത് നീരവ് മോദിയും കുടുംബവും കടന്നത് എല്ലാ മാധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ പുറത്തു വിട്ടുകഴിഞ്ഞു. പക്ഷേ, ഈ വാര്‍ത്ത കണ്ടിട്ട് ആരും ഇവിടെ ഞെട്ടുകയും പൊട്ടിത്തെറിക്കുകയും രോക്ഷം കൊള്ളുകയും വേണ്ട. 

നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരുടെയും വമ്പന്‍ ഉദ്യോഗസ്ഥരുടേയും സഹായത്തോടുകൂടിയും അവരുടെ ആശീര്‍വാദത്തോടും കൂടിയുമാണ് ഈ നീരവ് മോദി എന്ന ആനക്കള്ളന്‍ ഈ വമ്പന്‍ കൊള്ള നടത്തിയിരിക്കുന്നത്. ഉത്തരവാദിത്വപ്പെട്ടവര്‍ തെറ്റുചെയ്താല്‍, അത് ചോദ്യം ചെയ്യാനുള്ള നട്ടെല്ല് എന്തേ നമുക്ക് കൈമോശം വന്നു....? വളര്‍ന്നുവരുന്ന തലമുറയെങ്കിലും ദൈവത്തെയോര്‍ത്ത് രാഷ്ട്രീയ നേതാക്കന്മാരോടും കളക്ടര്‍ ഡി ജി പി, ഡി ഐ ജി, ഡി വൈ എസ്പി, എസ് പി, കമ്മീഷണര്‍ ഇവരോടൊക്കെ നല്ല ചുട്ട ചോദ്യങ്ങള്‍ ചോദിക്കണം. ഇവരെയൊക്കെ ബഹുമാനിച്ചും ഓച്ഛാനിച്ച് എല്ലും വളച്ചും നില്‍ക്കുന്നതു കൊണ്ടാണ് കുഴപ്പങ്ങള്‍. ഒരു ബാങ്കില്‍ നിന്നും അടിച്ചു മാറ്റിയ തുക നോക്കൂ...! 11400 കോടി രൂപ!! ഇതെങ്ങനെ സാധിക്കുന്നു...?? 


ഒരു കര്‍ഷകനോ, ഒരു പശു വളര്‍ത്തുകാരനോ ഒരു ബാങ്കില്‍ ലോണ്‍ എടുക്കാന്‍ ചെന്നാല്‍ അവര്‍ 14 മുതല്‍ 16 ശതമാനമല്ലേ പലിശ വാങ്ങുന്നത്...? ഒരു വിദ്യാഭ്യാസ വായ്പ, മാതാപിതാക്കള്‍ക്കു മക്കളെ പഠിപ്പിക്കാന്‍ വിദ്യാഭ്യാസ വായ്പ നല്‍കുന്നത് 14 മുതല്‍ 16 ശതമാനം വരെ പലിശ ഈടാക്കിയല്ലേ സൗത്ത് ഇന്ത്യന്‍ ബാങ്ക് മുതല്‍ പാവപ്പെട്ട ഇന്ത്യക്കാരെ പറ്റിക്കുന്ന എല്ലാ ബാങ്കുകളും വാങ്ങിക്കുന്നത്...? 

ജീവിക്കാന്‍ വേണ്ടി ഒരു ടാക്‌സി കാറോ ഒരു ബിസിനസ് തുടങ്ങുകയോ ചെയ്യുന്നവരില്‍ നിന്നും ഇവര്‍ എത്രരൂപയാണ് പലിശയും പിഴപ്പലിശയുമായി വാങ്ങുന്നത്...? എന്നാല്‍ ആഡംബര കാറുകള്‍ക്കും ആഡംബര വീടുകള്‍ക്കും പലിശ വളരെ കുറവ്...! പെണ്ണുപിടിയന്‍ വിജയ് മല്യയെപ്പോലുള്ളവര്‍ക്ക് ഫ്‌ളൈറ്റും ഡാന്‍സ് ക്ലബില്‍ പോകാനും വെറും നാലു ശതമാനമല്ലേ ഇവര്‍ വാങ്ങുന്നത്....???

ഇപ്പോഴും കേരളത്തില്‍ ആഡംബര കാറുകളായ ബെന്‍സ്, ബി എം ഡബ്ലിയു മുതലായ കാറുകള്‍ വാങ്ങാന്‍ നാലു ശതമാനം വരെയുള്ളു പലിശ. വലിയ വലിയ വ്യവസായികള്‍ക്ക് ആയിരക്കണക്കിനു കോടി രൂപ കൊടുക്കുന്നത് നാലു ശതമാനവും മൂന്നു ശതമാനവും പലിശയ്ക്കാണ്. എന്നാല്‍ നമ്മളൊക്കെ അണ്ണാക്കിലേക്കു കഴിക്കുന്ന ഭക്ഷണമുണ്ടാക്കുന്ന കര്‍ഷകന്‍ ഒരു ലോണെടുത്താല്‍ അവന്റെ വീടു ജപ്തി ചെയ്ത് അവന്റെ ജീവിതം കുട്ടിച്ചോറാക്കില്ലേ...??

ബാങ്കിംഗ് മേഖലയിലെ പുതിയ പിള്ളേര്‍ എം ബി എയും മറ്റും പഠിച്ചിട്ട് കസേരയില്‍ ഞെളിഞ്ഞിരിക്കുന്നവര്‍ ഒരു കാര്യം മനസിലാക്കണം. ഇവിടുത്തെ സ്വാതന്ത്ര്യം നിങ്ങള്‍ക്കു തന്നിരിക്കുന്നത് ഞങ്ങളെ പറ്റിക്കാനല്ല. പരസ്പരം പറ്റിച്ചും തട്ടിച്ചും ജീവിക്കാന്‍ വേണ്ടിയല്ല. നിങ്ങള്‍ അവിടെയൊരു പേന, അഞ്ചുരൂപയുടെ ഒരു പേന വലിയ കയറില്‍ കെട്ടിത്തൂക്കി ഇട്ടിട്ടുണ്ട്. അഞ്ചുരൂപയുടെ പേന പോലും സൂക്ഷിക്കാനോ ശ്രദ്ധിക്കാനോ നിങ്ങള്‍ക്കു പറ്റാത്തതുകൊണ്ടല്ലേ അതു കെട്ടിയിട്ടിരിക്കുന്നത്...? എന്നിട്ടു പുറകില്‍ നിന്നു ലോക്കറും ബാങ്ക് മുഴുവനും കൊള്ളയടിച്ചാലും നിങ്ങള്‍ അറിയുന്നുണ്ടോ അതോ അറിഞ്ഞുകൊണ്ട് ഒത്താശ ചെയ്യുന്നതോ...?? 

ഇവിടെ എല്ലാവര്‍ക്കും എല്ലാം അറിയാം. നമ്മുടെ രാഷ്ട്രീയനേതാക്കന്മാര്‍ക്കു മാത്രമാണ് ഇവിടെ സ്വാതന്ത്ര്യം കിട്ടിയിരിക്കുന്നത്. അല്ലാതെ ജനങ്ങള്‍ക്കു സ്വാതന്ത്യം കിട്ടിയിട്ടില്ല. ഈ പാവം വോട്ടര്‍മാര്‍ക്ക് ഇവിടെ സ്വാതന്ത്ര്യം കിട്ടിയിട്ടില്ല. ഇതിനൊരു മാറ്റമുണ്ടാവണം. ബാങ്കിംഗ് മേഖലയിലെ കൊള്ള അവസാനിപ്പിക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒരുമിച്ചത് എന്തിനാണ്....? വലിയ കോടികള്‍ ലോണ്‍ കൊടുക്കാന്‍ അവര്‍ക്കു പരിധിയില്ല. തട്ടിപ്പു ചെയ്യാന്‍ അവര്‍ക്കു സ്വന്തമായി തീരുമാനമെടുക്കാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എത്രയും പെട്ടെന്ന് റിലയന്‍സ് അംബാനിയുടെ കൈയില്‍ എത്തുമെന്ന കാര്യം മറക്കണ്ട. പഠിച്ചു പഠിച്ച് നമ്മള്‍ കീഴോട്ട് പടവലങ്ങ പോലെ പോയ്‌ക്കൊണ്ടിരിക്കുന്നു. 


കെ വൈ സി (KYC-Know Your Customer) ക്കു പകരം ബാങ്കുകള്‍ ഇനി ശ്രദ്ധ ചെലുത്തേണ്ടത് കെ വൈ ഇ (KYE-Know Your Employees) ക്ക് ആവണം. കസ്റ്റമേഴ്‌സ് സൂക്ഷിക്കാന്‍ ഏല്‍പ്പിക്കുന്ന പണം തട്ടിയെടുക്കുന്നതും തട്ടിയെടുക്കാന്‍ അവസരം നല്‍കുന്നതും അവരാണ്. 

പുതിയ വിദ്യാര്‍ത്ഥികളെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജനാധിപത്യവും നമ്മുടെ സമ്പദ്ഘടനയും ആത്മാര്‍ത്ഥതയും മനുഷ്യത്വവും എല്ലാം നിലനിര്‍ത്താന്‍ വേണ്ടി നിങ്ങള്‍ വായ തുറന്ന് ഒന്നുരണ്ടു വാക്കു സംസാരിക്കണം. അല്ലെങ്കില്‍ നമ്മുടെ കുഞ്ഞുമക്കള്‍ വെള്ളമിറങ്ങാതെ ചത്തുപോകും. ജനപക്ഷം പറഞ്ഞു മടുത്തു. എന്നാലും ശപിക്കുകയാണ്. വലിയ കള്ളത്തരം ചെയ്യുന്നവനൊക്കെ ഇടിവെട്ടേറ്റു ചാവട്ടെ. നിങ്ങള്‍ക്കു നല്ലതു വരാന്‍ ഞാന്‍ ഇനി പറയുന്നില്ല. മതിയായി. തികച്ചും മതിയായി. 

കുടിവെള്ളം തൊട്ട് എല്ലാത്തിലും ജീവിതത്തില്‍ ഉള്‍പ്പടെ മായം ചേര്‍ക്കുന്ന, മനുഷ്യത്വം നഷ്ടപ്പെട്ട എല്ലാവര്‍ക്കും ചിന്തിക്കുവാന്‍ വേണ്ടി ഇതു ഞാന്‍ സമര്‍പ്പിക്കുന്നു. വളരെ വേദനയോടുകൂടി, വളരെ വിഷമത്തോടു കൂടി ....പ്ലീസ്... എന്താണിവിടെ നടക്കുന്നത് എന്ന് ഒന്നു ചിന്തിക്കൂ....നാളെ നിങ്ങളുടെ മക്കള്‍ റോഡില്‍ പെരുവഴിയില്‍ നിന്നു കരഞ്ഞാല്‍ കണ്ണീരിനൊരു വിലയോ ഒന്നു സമാശ്വസിപ്പിക്കാനോ അവിടെ ആരെങ്കിലും വരികയോ ചെയ്യുമെന്ന് എനിക്കു തോന്നുന്നില്ല. 

ദൈവത്തെയോര്‍ത്ത് കണ്ണില്‍ നിന്നും വീഴുന്ന കണ്ണീരിനെ മനസിലാക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടാവാന്‍ വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ദൈവം തമ്പുരാനോട് നന്മ വരുത്തട്ടേയെന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് നിറുത്തുന്നു, 

പ്രതീക്ഷയോടുകൂടി വീണ്ടും

ബെന്നി ജോസഫ് ജനപക്ഷം... 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.