പിറന്നു വീഴുന്ന കുഞ്ഞുങ്ങളോടും വേണോ ഈ വിവേചനം....?????
ഒരു കുഞ്ഞു ജനിച്ചു കഴിഞ്ഞാല്‍, പണ്ഡിതന്റെയോ പാമരന്റെയോ ദരിദ്രന്റെയോ ധനവാന്റെയോ ആരുടേതുമാകട്ടെ, വാക്‌സിനേഷന്‍ നല്‍കുക എന്നത് ആ കുഞ്ഞിന് അത്യന്താപേക്ഷിതമാണ്. അതൊരു ചികിത്സയല്ല, ഒരു രോഗവുമല്ല. വാക്‌സിനേഷന്‍ എന്നാല്‍ ചികിത്സ എന്നല്ല അര്‍ത്ഥം. ഡബ്ലിയു എച്ച് ഒ (W H O - World Health Organization) യും നമ്മുടെ ഇന്ത്യ ഗവണ്‍മെന്റും സൗജന്യമായിട്ടാണ് നമ്മുടെ കുട്ടികള്‍ക്ക് ഈ വാക്‌സിനേഷന്‍ കൊടുക്കുന്നത്. എന്നാല്‍ പ്രസവം ഏതെങ്കിലും സ്വകാര്യ ആശുപത്രിയില്‍ ആണെങ്കില്‍, പ്രസവം നടന്നതിന്റെ പിറ്റേതിന്റെ പിറ്റേ ദിവസം തന്നെ അവര്‍ ഈ കുട്ടികള്‍ക്ക് ഈ കുത്തിവയ്പ്പ് നല്‍കും. അതിന് പത്തു പതിനായിരം രൂപ വാങ്ങുകയും ചെയ്യും.
നവജാത ശിശുക്കള്‍ക്ക് മൂന്ന് കുത്തിവയ്പ്പാണ് ജനിച്ച് ഒരു മാസത്തിനകം നല്‍കേണ്ടത്. ഒരു തവണ സ്വകാര്യ ആശുപത്രിയില്‍ നിന്നും കുത്തി വയ്പ്പ് എടുത്താല്‍, ഈ കമ്പനിയുടെ മരുന്നു തന്നെ തുടരന്നുള്ള കുത്തിവയ്പ്പുകളിലും നല്‍കണമെന്നും അല്ലാത്ത പക്ഷം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഡോക്ടറോ ആശുപത്രിയോ ഉത്തരവാദികള്‍ അല്ലെന്നും ഡോക്ടര്‍മാര്‍ പറയും. രോഗികളിലും അവരുടെ ഉറ്റവരുടെയും മനസികളില്‍ ഭയം ജനിപ്പിച്ച് പിടിച്ചുപറി നടത്തുന്ന ഒരു കൂട്ടര്‍ ഡോക്ടര്‍മാരും ആശുപത്രികളും മാത്രമാണ്. വലിയ വമ്പു പറയുന്ന ഞാനും എന്റെ ചെറുമകനു വേണ്ടി ഇപ്പോള്‍ 30,000 രൂപ അടച്ചു കഴിഞ്ഞു.....!
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ജനറല്‍ ആശുപത്രികളിലും ഈ കുത്തിവയ്പ്പ് സൗജന്യമാണ്. പക്ഷേ, നമ്മുടെ കൈക്കൂലി വീരന്മാരായ, കമ്മീഷന്‍ വീരന്മാരായ, അത്യാഗ്രഹികളായ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ പറയുന്നത് പല കമ്പനികളുടെ വാക്‌സിനേഷന്‍ ഉണ്ടെന്നാണ്. അതില്‍ ചാത്തനും മാടനും തട്ടിപ്പും എല്ലാം ഉള്‍പ്പെടുമെന്നും അവര്‍ പറയുന്നു.
അതു സത്യമാണ് എങ്കില്‍, ഇവിടുത്തെ ഡ്രഗ് കണ്‍ട്രോളര്‍ എന്താണു ചെയ്യുന്നത്...? നമ്മുടെ ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് എന്തു ചെയ്യുന്നു...? നമ്മുടെ മിനിസ്ട്രി എന്തു ചെയ്യുന്നു...? നമ്മുടെ മന്ത്രിമാര്‍ എന്തു ചെയ്യുന്നു...? ഈ മരുന്നിന്റെ മേഖലയില്‍ ഒരു ഡി വൈ എഫ് ഐ (DYFI) യും കെ എസ് യു (KSU) വും എസ് എഫ് ഐ (SFI) യും ഒന്നും അനങ്ങാത്തത് എന്തു കൊണ്ട്...? ഐ എന്‍ റ്റി യു സി (INTUC) യും രാഷ്ട്രീയ പാര്‍ട്ടികളുമെല്ലാം ഈ മരുന്നിന്റെ കാര്യത്തില്‍ എന്താണ് ഇത്ര മൗനം പാലിക്കുന്നത്..?
നമ്മുടെ എം എല്‍ എ മാര്‍ക്കും എം പി മാര്‍ക്കും മന്ത്രിമാര്‍ക്കുമെല്ലാം മരുന്ന് സൗജന്യമല്ലേ...? ആശുപത്രിയിലെ ചികിത്സ കൂടാതെ സുഖ ചികിത്സയും അവര്‍ക്ക് സൗജന്യം! പക്ഷേ സാധാരണക്കാരന്‍ എന്തു ചെയ്യും...? തീര്‍ത്തും വൃത്തിഹീനമായ ചുറ്റുപാടുകള്‍, നിന്നു തിരിയാന്‍ പോലും പറ്റാത്തത്ര തിരക്ക്. വൃത്തിഹീനമായ സാഹചര്യത്തില്‍ നല്‍കുന്ന ചികിത്സകള്‍. വൃത്തിയില്ലാത്ത ജീവനക്കാര്‍. മിക്ക നഴ്‌സുമാരും മൂക്കില്‍ കൈ ഇട്ടിട്ടാണ് ഈ കുത്തിവയ്പ്പ് എടുക്കുന്നത്. അല്ലെങ്കില്‍ അവരുടെ വിയര്‍പ്പോ മറ്റേതെങ്കിലും തരത്തിലുള്ള അഴുക്കുകളോ ഈ ചികിത്സക്കിടയില്‍ വന്നു പെട്ടാല്‍, ഇവര്‍ക്കെതിരെ പരാതിപ്പെടാന്‍ നിങ്ങള്‍ക്കു കഴിയുമോ...?
ഒരു നഴ്‌സിനോ അറ്റന്റര്‍ക്കോ ഡോക്ടര്‍ക്ക് എതിരെയോ നമ്മള്‍ സംസാരിച്ചാല്‍, സൗകര്യങ്ങള്‍ പോരാത്തതിനോ, സര്‍ക്കാര്‍ ആശുപത്രിയില്‍ വൃത്തി പോരാത്തതിനോ അല്ലെങ്കില്‍ അവിടെയൊന്നു ക്ലീന്‍ ചെയ്യാത്തതിനോ നമ്മള്‍ ഒന്നു പരാതി പറഞ്ഞാല്‍ അവിടെ യൂണിയന്‍ ഇടപെടും. യൂണിയന്‍ എന്നാല്‍ രാഷ്ട്രീയ യൂണിയന്‍ ഇടപെടും.
രാഷ്ട്രീയ യൂണിയനില്‍ ഗുണ്ടകള്‍ ആണ് കൂടുതലും. പരാതി പറയുന്നവനെ തല്ലി അവന്റെ പല്ലെടുക്കും. അല്ലെങ്കില്‍ 51 വെട്ടുവെട്ടും. ഇതിനൊക്കെ ഒരു മാറ്റമുണ്ടാവണം. പുതിയ തലമുറയിലെ പിള്ളേര്‍ ഈ രാഷ്ട്രീയ കളി മാറ്റി വയ്ക്കണം. കുറഞ്ഞ പക്ഷം പൊതുവായ കാര്യങ്ങളില്‍ എങ്കിലും.
നമ്മുടെ പ്രധാനമന്ത്രിയാവട്ടെ, നാട്ടില്‍ ഒരു സത്യവും പറയില്ല. എന്നു മാത്രമല്ല, ഒന്നും പറയില്ല. വിദേശത്തു നടന്നു നുണ പറയുകയാണ്. വിദേശത്തു ചെല്ലുമ്പോള്‍ തങ്കലിപികളാലാണ് അദ്ദേഹം വാഗ്ദാനങ്ങളും മറ്റുകാര്യങ്ങളും പറയുന്നത്. ഇദ്ദേഹം ഇന്ത്യയില്‍ ഉണ്ടാകാറുമില്ല. ഇന്ത്യയില്‍ രണ്ടുരൂപയ്ക്ക് അരി കിട്ടുന്നത് അദ്ദേഹത്തിന് അറിയില്ല. പെട്രോളിന് വില കൂടിയത് അറിയില്ല. ദാരിദ്ര്യം അറിയില്ല. പണമില്ലാതെ ആളുകള്‍ ബുദ്ധിമുട്ടുന്നത് അറിയില്ല. ഇവിടുത്തെ കൊള്ളകള്‍ അറിയില്ല, ഇന്‍കംടാക്‌സ് വെട്ടിക്കുന്നത് അറിയില്ല. സ്വര്‍ണ്ണ ഇറക്കുമതിയും സകല കള്ളത്തരവും അറിയില്ല. മരുന്നിന്റെ അഴിമതിയും ആരോഗ്യമേഖലയിലെ കൊള്ളയും അറിയില്ല. സമസ്ത മേഖലയിലെ അഴിമതിയെക്കുറിച്ചും നമ്മുടെ പ്രധാനമന്ത്രിക്ക് അറിയില്ല.
പക്ഷേ, ബാക്കിയുള്ള രാജ്യങ്ങളായ രാജ്യങ്ങളിലെല്ലാം ഇന്ത്യയിലെ പട്ടിണിപ്പാവങ്ങളുടെ പിച്ചച്ചട്ടിയിലെ കാശുമെടുത്ത് വിദേശത്തെല്ലാം പോയി വീമ്പു പറയുക. ഇടയ്‌ക്കൊക്കെ നമ്മുടെ പ്രധാനമന്ത്രി നമ്മുടെ ജനങ്ങള്‍ക്കിടയിലും ഈ ജാതി പ്രസംഗങ്ങള്‍ പ്രസംഗിക്കട്ടെ. നാട്ടിലെ രാജാവല്ലെ, ഒന്നു നാട്ടിലും പറയു.
എന്തിനാണ് ഈ അഭ്യാസങ്ങള്‍...? ഏതായാലും മരുന്നിന്റെ കാര്യത്തില്‍ എല്ലാവരും ഇടപെടേണ്ട സമയം അതിക്രമിച്ചു. D Y F I യും K S U വും S F I യുമെല്ലാം ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ഇതില്‍ രാഷ്ട്രീയമില്ല, മതമില്ല. രോഗികളെല്ലാം ഒരു പോലെ. പിന്നെ സ്വകാര്യ ആശുപത്രികളില്‍ എന്തുകൊണ്ടാണ് ആളുകള്‍ പോകുന്നത് എന്നു പറഞ്ഞാല്‍ അവിടെ പിടിച്ചു പറി ആണെങ്കില്‍ പോലും നമുക്ക് ചികിത്സ കിട്ടുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രിയില്‍ പോകാന്‍ എന്തുകൊണ്ട് ജനങ്ങള്‍ മടിക്കുന്നു...? തള്ളുന്ന വണ്ടിക്ക് കാറ്റുണ്ടാവില്ല. സ്‌കാനിംഗ് മെഷീന്‍ വര്‍ക്കു ചെയ്യില്ല. എക്‌സ്‌റേ വര്‍ക്കു ചെയ്യില്ല. കുറ്റം ചെയ്താല്‍ ഇന്നേവരെ ഒരാളെപ്പോലും ഡിസ്മിസ് ചെയ്തിട്ടില്ല ഇതിന്റെയൊന്നും പേരില്‍. സസ്‌പെന്‍ഷന്‍ മാത്രം. പക്ഷേ ഈ സസ്‌പെന്‍ഷന്‍ ഒരു ഗുണമല്ലേ. പകുതി ശമ്പളവും കിട്ടും അവനു തോന്ന്യാസവും ചെയ്യാം.
ട്രേയ്ഡ് യൂണിയനുകള്‍ (Trade Unions) വെറും അനാവശ്യമാണ്. ഈ വേണ്ടാത്ത, രാഷ്ട്രീയ അതിപ്രസരമുള്ള യൂണിയനുകള്‍ നിറുത്തിയാല്‍ തന്നെ നമ്മുടെ KSRTC യും K S E B യും വാട്ടര്‍ അതോറിറ്റിയും എല്ലാം നന്നാവും. ഈ ചെറ്റകളെ നിലയ്ക്കു നിര്‍ത്താന്‍ നമ്മുടെ സാധാരണ വോട്ടര്‍മാര്‍ക്ക്, രാഷ്ട്രീയമെല്ലാം മാറ്റിവച്ചുകൊണ്ട് കഴിയണം. കക്ഷി രാഷ്ട്രീയം മാറ്റിവച്ചു കൊണ്ട് ഒരു നന്മയുടെ രാഷ്ട്രീയം ഇവിടെ ഉണ്ടാവണം. നന്മയുടെ, പ്രതീക്ഷയുടെ ഒരു നാടിനു വേണ്ടിയുള്ള ഒരു രാഷ്ട്രീയം ഇവിടെ ഉണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിച്ചു കൊണ്ട് നിറുത്തുന്നു,
നന്ദി, നമസ്‌കാരം
നിങ്ങളുടെ സ്വന്തം
ബെന്നി ജോസഫ് ജനപക്ഷം
അഭിപ്രായങ്ങളൊന്നുമില്ല