Header Ads

ആണ്‍കുട്ടികള്‍ക്കൊപ്പം ബൈക്ക് യാത്ര പാടില്ലെന്ന് പെണ്‍കുട്ടികളോട് പത്തനംതിട്ടയിലെ ലോ കോളജ്


ആണ്‍കുട്ടികള്‍ക്കൊപ്പം ബൈക്കില്‍ യാത്ര ചെയ്യരുതെന്ന് പത്തനംതിട്ടയിലെ കോളജ്. ജില്ലയിലെ മൗണ്ട് സയണ്‍ ലോ കോളജാണ് ഈ സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍, സര്‍ക്കുലര്‍ വിവാദമായതിനെത്തുടര്‍ന്ന് കോളജ് അധികൃതര്‍ ഇതു പിന്‍വലിച്ചു. 

ഇന്ത്യയിലെ പല കോളജുകളും ഇപ്പോള്‍ നിയന്ത്രിക്കുന്നത് ഈ സദാചാര പോലീസുകാരാണ്. പെണ്‍കുട്ടികള്‍ ഏതു വേഷം ധരിക്കണമെന്നും ഏതുരീതിയില്‍ പെരുമാറണമെന്നും തീരുമാനിക്കുന്നത് ഈ സദാചാര പോലീസുകാരാണ്. ഇപ്പോള്‍, കേരളത്തിലെ ഒരു കോളജ് ചെയ്തത് അല്‍പം കൂടി കടന്ന കൈയായിപ്പോയി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളായ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ബൈക്കിലോ സ്‌കൂട്ടറിലോ യാത്ര ചെയ്യരുത് എന്നാണ് കോളജ് അധികൃതര്‍ സര്‍ക്കുലര്‍ ഇറക്കിയത്. 

The controversial circular (Photo: The News Minute)

എന്നാല്‍, പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് തങ്ങള്‍ ഇത്തരമൊരു സര്‍ക്കുലര്‍ ഇറക്കിയതെന്നായിരുന്നു മൗണ്ട് സയണ്‍ ലോ കോളജ് പ്രിന്‍സിപ്പലിന്റെ മറുപടി. 

'പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നല്‍കിയത് പത്തനംതിട്ട പോലീസാണ്. ആ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്തത്. എപ്പോഴും കോളജ് ബസുകളില്‍ വരുന്ന കുട്ടികളില്‍ ചിലര്‍ ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനങ്ങളില്‍ വരുന്നതായി ശ്രദ്ധയില്‍ പെട്ടതിനെത്തുടര്‍ന്നാണ് ഈ നടപടി,' കടമ്മനിട്ട മൗണ്ട് സയണ്‍ ലോ കോളജ് പ്രിന്‍സിപ്പാള്‍ പോള്‍ ഗോമസ് അറിയിച്ചു. 


എന്നാല്‍, ഈ സര്‍ക്കുലറിനൊപ്പം ഒരു ക്ലോസ് കൂടി പ്രിന്‍സിപ്പാള്‍ എഴുതിച്ചേര്‍ത്തു. ആണ്‍കുട്ടികള്‍ക്കൊപ്പം ബൈക്കില്‍ വരാന്‍ താല്‍പര്യമുള്ള പെണ്‍കുട്ടികള്‍ക്ക് അതാവാം. പക്ഷേ, അവര്‍ രക്ഷിതാക്കളുടെ അനുവാദം എഴുതി വാങ്ങിയിരിക്കണം. മാത്രമല്ല, അവര്‍ മാതാപിതാക്കളുടെ ഫോണ്‍നമ്പര്‍ കോളജ് അധികൃതര്‍ക്ക് നല്‍കണം. ഈ പെണ്‍കുട്ടികളുടെ മാതാപിതാക്കളുമായി നേരിട്ട് ഇക്കാര്യത്തെക്കുറിച്ചു തിരക്കാനാണ് ഇതെല്ലാം എഴുതി വാങ്ങുന്നത്. ജനുവരി 11നാണ് സര്‍ക്കുലര്‍ ഇറക്കിയത്. 

ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നവരുടെ സുരക്ഷയ്ക്കായി, പോലീസ് നിര്‍ദ്ദേശപ്രകാരമാണ് ഈ സര്‍ക്കുലര്‍ ഇറക്കിയതെന്ന് പ്രിന്‍സിപ്പാള്‍ പോള്‍ ഗോമസ് പറഞ്ഞു. ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിന് വിദ്യാര്‍ത്ഥിനികളെ വിലക്കിയിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ അറിയിച്ചു.


എന്നാല്‍ ഇത്തരത്തില്‍ യാതൊരു നിര്‍ദ്ദേശവും തങ്ങള്‍ കോളജുകള്‍ക്ക് നല്‍കിയിട്ടില്ല എന്ന് പോലീസ് വ്യക്തമാക്കി. വിദ്യാര്‍ത്ഥികളുടെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് കോളജ് അധികൃതര്‍ ഈ സര്‍ക്കുലര്‍ പിന്‍വലിച്ചു. 


പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളോടൊപ്പം ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒരു എന്‍ജിനീയറിംഗ് കോളജിലെ അധ്യാപകര്‍ പറഞ്ഞതിനെത്തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു നിയമം കോളജില്‍ നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് പോള്‍ ഗോമസ് പറഞ്ഞു. എന്നാല്‍, ഈ സര്‍ക്കുലര്‍ ഇറക്കിയത് പോലീസിന്റെ നിര്‍ദ്ദേശപ്രകാരമാണ് എന്നു പറഞ്ഞത് എന്തിനാണ് എന്നതിനെക്കുറിച്ചു മറുപടി പറയാന്‍ പോള്‍ ഗോമസ് വിസമ്മതിച്ചു. 

സ്ത്രീകളെയും പുരുഷന്മാരെയും പരസ്പരം മിണ്ടാന്‍ പോലും അനുവദിക്കാതെ, വളര്‍ത്തിയെടുക്കുന്ന ഈ സദാചാര പോലീസാണ് സമൂഹത്തിലെ ഒട്ടനവധി കുഴപ്പങ്ങള്‍ക്കും ക്രൂര പീഡനങ്ങള്‍ക്കു വരെ കാരണക്കാര്‍.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.