പുരുഷനെന്ന വാക്കിന് സന്ദീപ് ദാസ് എന്നാണ് അര്‍ത്ഥം.....
സ്ത്രീയെ അറിയുന്നവന്‍.... അവളുടെ വേദനകളില്‍ കൂടെ നില്‍ക്കുന്നവന്‍.... പരസ്പരം താങ്ങായി, തണലായി ജീവിത വിജയം നേടുന്നവര്‍.... അവളെ ചവിട്ടിയരക്കാത്തവന്‍.... യഥാര്‍ത്ഥ പുരുഷന്‍ ഇതൊക്കെയാണ്.... വരൂ, നമുക്കൊരു ഉത്തമ പുരുഷനെ പരിചയപ്പെടാം....
സ്ത്രീകള്‍ക്കു നേരെയുള്ള വിവേചനം ആദ്യം തുടങ്ങുന്നത് ഭക്ഷണപാത്രത്തില്‍ നിന്നാണ്. കൊഴുപ്പ് എല്ലിനിടയില്‍ കയറിയതിന്റെ അസ്‌കിതയാണ് സ്ത്രീകള്‍ക്ക് എന്നാണ് ബഹുഭൂരിപക്ഷം വരുന്ന പുരുഷന്മാരുടെയും സ്ത്രീകളുടെയും പക്ഷം. എന്നാല്‍, പുരുഷന്മാരുടെ ഇടയില്‍ നിന്നും ഇതാ ഒരു സ്ത്രീപക്ഷ കുറിപ്പ്....
Sandeep Das ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ട ആ വരികളിലൂടെ.....
അതെ, ഞാനും ഒരു ഫെമിനിസ്റ്റാണ്. ഭക്ഷണസമയത്ത് മകള്‍ക്കു മാത്രം വറുത്ത മീന്‍ നിഷേധിച്ച അമ്മയാണ് തന്നെ ഫെമിനിസ്റ്റാക്കിയത് എന്ന് നടി റിമ കല്ലിങ്കല്‍ പറയുമ്പോള്‍ എനിക്ക് ചിരിക്കാനോ ട്രോളുണ്ടാക്കാനോ കഴിയുന്നില്ല, കഴിയരുത് !
പാട്രിയാര്‍ക്കിയുടെ സര്‍വ്വ പ്രിവിലേജുകളും ആസ്വദിച്ചുവളര്‍ന്ന പുരുഷന്‍മാര്‍ക്കും അതിനോട് വിധേയത്വം പുലര്‍ത്തുന്ന കുലസ്ത്രീകള്‍ക്കും നിസ്സാരമായും തമാശയായും തോന്നുന്ന ഇത്തരം ചെറിയ വലിയ സന്ദര്‍ഭങ്ങളില്‍ നിന്നു തന്നെയാണ് ഓരോ ഫെമിനിസ്റ്റും പിറവികൊള്ളുന്നത്.
'ഫെമിനിസം' എന്നത് ഒരു അശ്ശീലവാക്കു പോലെയാണ് ഇപ്പോള്‍ ഉപയോഗിക്കപ്പെടുന്നത്. വളര്‍ത്തുനായക്ക് കൊടുക്കുന്ന ഭക്ഷണത്തില്‍ കൊഴുപ്പിന്റെ അംശം കൂടിപ്പോയതിന് ഭര്‍ത്താക്കന്‍മാരെ ശാസിച്ച് അത്താഴപ്പട്ടിണിക്കിടുന്ന 'കൊച്ചമ്മമാര്‍' പൊക്കിപ്പിടിക്കുന്ന പുരുഷ വിദ്വേഷമാണ് ഫെമിനിസം എന്നാണ് സമൂഹത്തിലെ തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്‌സുമാരുടെ ധാരണ.
ലിംഗസമത്വത്തിന് വേണ്ടി വാദിക്കുന്ന ആശയമാണ് ഫെമിനിസം. ഇതൊരിക്കലും സ്ത്രീകള്‍ മാത്രം ഏറ്റെടുക്കേണ്ട ഒന്നല്ല. കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രാപ്തിയുള്ള, ചെറുപ്പത്തിലെ തെറ്റിദ്ധാരണകള്‍ മുതിരുമ്പോള്‍ തിരുത്താന്‍ തയ്യാറുള്ള പുരുഷന്‍മാരും ഫെമിനിസ്റ്റുകളായിരിക്കും. ഇതൊന്നും ആര്‍ക്കും അറിയാത്തതല്ല. ഉറക്കം നടിക്കുകയാണ് പലരും.
പഴയ കാലമെല്ലാം പോയെന്നും ഇന്ന് സത്രീകളുടെ അവസ്ഥ വളരെ മികച്ചതാണെന്നും വിശ്വസിക്കുന്ന സാധുക്കള്‍ അറിയുക. ജനിച്ചു വീഴും മുമ്പേ തുടങ്ങുന്നതാണ് ഒരു പെണ്ണിനോടുള്ള വിവേചനം.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ കാര്യം മാറ്റിനിര്‍ത്താം. വിവരമുള്ളവര്‍ എന്ന് കരുതപ്പെടുന്ന മലയാളികള്‍ പോലും ഉള്ളുകൊണ്ട് ആഗ്രഹിക്കുന്നത് ആദ്യ സന്താനം ആണാവാനാണ്. അപ്പോള്‍ റിസ്‌കില്ല. ആദ്യത്തേത് പെണ്ണാണെങ്കില്‍ പിന്നീട് ഗര്‍ഭം ധരിക്കുമ്പോള്‍ ചെറിയ പേടിയുണ്ടാവും. ഇതും പെണ്ണാണെങ്കിലോ ! രണ്ടു പെണ്‍കുട്ടികളെ കെട്ടിച്ചുവിടാനൊക്കെ എന്താ ചെലവ് ! ഹൊ !
കുട്ടിക്കാലത്ത് അനിയത്തിയുമായി വഴക്കിട്ടത് ഓര്‍മ്മവരുന്നു. തെറ്റ് എന്റെ ഭാഗത്തായിരുന്നുവെങ്കിലും അത് സമ്മതിക്കാന്‍ ഈഗോ അനുവദിച്ചില്ല. അന്ന് വീട്ടില്‍ വന്ന ബന്ധു ''ആണുങ്ങളോട് തര്‍ക്കിക്കരുത് '' എന്ന് പറഞ്ഞാണ് അനിയത്തിയുടെ വായടച്ചത്. (ഇങ്ങനെയുള്ള ഊള ഡയലോഗുകള്‍ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും). അങ്ങനെ അവള്‍ തോറ്റു ; ഞാന്‍ ജയിച്ചു !
പക്ഷേ ഇന്ന് ആ ജയം എന്നെ ലജ്ജിപ്പിക്കുന്നുണ്ട്. ഞാന്‍ മാത്രമല്ല ; എല്ലാ പുരുഷന്‍മാരും ഇത്തരം അനര്‍ഹമായ വിജയങ്ങള്‍ കൈ നീട്ടി വാങ്ങിയിട്ടുണ്ട്. ചിലര്‍ ഒരു പ്രായം കഴിഞ്ഞാല്‍ ഇതുപോലുള്ള പ്രിവിലേജുകള്‍ നിഷേധിക്കാനുള്ള ആര്‍ജ്ജവം കാണിക്കും.അല്ലാത്തവര്‍ ഫെമിനിച്ചികള്‍ തുലയട്ടെ എന്നെല്ലാം പറഞ്ഞ് തങ്ങളുടെ അസഹിഷ്ണുത പുറന്തള്ളും.
തോണ്ടലുകള്‍ പേടിച്ച് നീട്ടിവളര്‍ത്തിയ നഖത്തോടൊപ്പം സേഫ്റ്റി പിന്‍ കൂടി കരുതി ബസ്സില്‍ യാത്ര ചെയ്യുന്നവര്‍...
പതിനെട്ട് വയസ്സു തികഞ്ഞപ്പോഴേക്കും, സ്വപ്നങ്ങള്‍ വിടരാന്‍ തുടങ്ങുമ്പോഴേക്കും വീട്ടുകാരുടെ ഇഷ്ടപ്രകാരം മറ്റൊരുവന്റെ മുന്നില്‍ കഴുത്തു കുനിക്കേണ്ടി വരുന്നവര്‍...
പബ്ലിക് ടോയ്‌ലറ്റ് ഉപയോഗിച്ചതിനു ശേഷം പെട്ടന്ന് ഒളിക്യാമറയെക്കുറിച്ച് ആശങ്കപ്പെടുന്നവര്‍...
ആര്‍ത്തവത്തിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നവര്‍...
മാറിനു നേരെ നീളുന്ന കരങ്ങളെ പേടിച്ച് പൂരങ്ങളും പെരുന്നാളുകളും ഒഴിവാക്കുന്നവര്‍...
പ്രധാന സന്ദര്‍ഭങ്ങളിലെല്ലാം വീടിന്റെ പിന്‍ഭാഗത്ത് ഇരിക്കാന്‍ വിധിക്കപ്പെട്ടവര്‍...
കുടുംബത്തിനു വേണ്ടി അല്‍പ്പം അധിക നേരം ജോലിചെയ്താല്‍, രാത്രി സഞ്ചരിച്ചാല്‍ 'പോക്കുകേസ്' എന്ന് അറിയപ്പെടുന്നവര്‍...
ഇങ്ങനെ ഒരുപാട് ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടതാണ് ഒരു പെണ്ണിന്റെ ജീവിതം. ഇതൊക്കെ പറയുമ്പോഴേക്കും ചിലര്‍ക്ക് ചിരിവരും. അവരെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ കാര്യങ്ങളാണിതെല്ലാം. സര്‍വ്വം സഹിക്കാന്‍ സ്ത്രീ ബാദ്ധ്യസ്ഥയാണ് എന്ന തോന്നല്‍ നമ്മുടെയുള്ളില്‍ അത്രയേറെ ഉറച്ചുകഴിഞ്ഞു.
മാനം, ചാരിത്ര്യം തുടങ്ങിയ വ്യാജ സങ്കല്‍പ്പങ്ങളുടെ മഹത്വം എഫ്.ബിയില്‍ വര്‍ണ്ണിച്ചാല്‍ പറഞ്ഞയാളെ വലിച്ചുകീറി ഭിത്തിയില്‍ ഒട്ടിക്കും.പക്ഷേ ഫേസ്ബുക്കിനു പുറത്തെ ലോകത്ത് ഇന്നും മാനവും ചാരിത്ര്യവും പ്രസക്തമാണ്. മുലപ്പാല്‍ കുടിക്കുന്ന കുഞ്ഞും മരണം കാത്തിരിക്കുന്ന അമ്മൂമ്മയും പീഡിപ്പിക്കപ്പെട്ടിട്ടും റേപ്പിന് കാരണം സ്ത്രീകളുടെ വസ്ത്രധാരണമാണെന്ന് വാദിക്കുന്നവരുടെ നാടാണ്. റേപ്പ് ചെയ്യപ്പെട്ടതിന് തൊട്ടുപിന്നാലെ ഒരു മുഴം കയറിലോ കുറച്ച് മണ്ണെണ്ണയിലോ ജീവിതം അവസാനിപ്പിക്കുന്ന സിനിമയിലെ നായികമാര്‍ ഇന്നും വലിയൊരു ജനവിഭാഗത്തിന് വീരനായികകളാണ്...
സ്ത്രീകള്‍ ഇന്നും തങ്ങളുടെ കാല്‍ച്ചുവട്ടിലാണെന്ന് വിശ്വസിക്കുന്ന പുരുഷകേസരികളെ ഫെമിനിസ്റ്റുകള്‍ എതിര്‍ക്കും. അതിനര്‍ത്ഥം പുരുഷവര്‍ഗ്ഗത്തെ മൊത്തം വെറുക്കുന്നു എന്നല്ല. ചില പുരുഷന്‍മാര്‍ ശരിയല്ല എന്നൊരു ഫെമിനിസ്റ്റ് പറഞ്ഞാല്‍ അവര്‍ മൊത്തം പുരുഷന്‍മാരെയും അപമാനിച്ചു എന്നാണ് ചിലര്‍ കേള്‍ക്കുന്നത് ! ഒന്നുകില്‍ വിവരദോഷം.അല്ലെങ്കില്‍ താന്‍ അനുഭവിക്കുന്ന പ്രവിലേജുകള്‍ നഷ്ടപ്പെടുത്താനുള്ള മടി.
സ്ത്രീകളും ഈ വ്യവസ്ഥിതിയ്ക്ക് വളംവെച്ചുകൊടുക്കുന്നില്ലേ എന്ന് ചോദിക്കാം. തീര്‍ച്ചയായും ഉണ്ട്. പക്ഷേ തങ്ങള്‍ ചൂഷണം ചെയ്യപ്പെടുകയാണെന്ന് സ്ത്രീകള്‍ക്ക് പോലും മനസ്സിലാകാത്ത രീതിയില്‍ പാട്രിയാര്‍ക്കി വേരുകള്‍ താഴ്ത്തിയിരിക്കുന്നു എന്നാണ് അതിനര്‍ത്ഥം. ചികിത്സ വേണ്ട ഗുരുതര രോഗം തന്നെയാണെന്ന് സാരം.
അതുകൊണ്ട് പൊരിച്ച മീന്‍, വറുത്ത കോഴി മുതലായ വാക്കുകളില്‍ കടിച്ചുതൂങ്ങാതെ അവ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ തിരിച്ചറിയേണ്ടതുണ്ട്...
അഭിപ്രായങ്ങളൊന്നുമില്ല