Header Ads

കുടുംബം അപകടത്തില്‍ പെട്ടതറിഞ്ഞ് ഉള്ളുലഞ്ഞ് എത്തിയ ആ പ്രവാസിയെ മദ്യപാനിയാക്കി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍പിതാവിന് സുഖമില്ലെന്നറിഞ്ഞ് നാട്ടിലെത്തിയതായിരുന്നു ആ യുവാവ്. നാട്ടിലെത്തി ഒരാഴ്ച കഴിഞ്ഞപ്പോള്‍, വിദേശത്തുള്ള സുഹൃത്ത് വിളിച്ചു, ഭാര്യയും മക്കളും അപകടത്തില്‍ പെട്ട് സീരിയസായി ആശുപത്രിയില്‍ കിടക്കുകയാണ് എന്നറിയിക്കാന്‍. ഒരുപോള കണ്ണടയ്ക്കാതെ, വിങ്ങുന്ന മനസുമായി അയാളാ രാത്രി കഴിച്ചുകൂട്ടി. പിറ്റേന്ന്, തിരിച്ചുപോകാനായി, കരഞ്ഞുകലങ്ങിയ കണ്ണുകളും വിറയ്ക്കുന്ന കാലടികളും ക്ഷീണിച്ച ശരീരവുമായി എയര്‍പോര്‍ട്ടിലെത്തിയ യുവാവിനെ വിമാനത്താവള ഉദ്യോഗസ്ഥര്‍ കണക്കറ്റു കളിയാക്കി. അപമാനിച്ചു. കാരണമറിഞ്ഞ ആ യുവാവ് എല്ലാം മറന്ന് പൊട്ടിത്തെറിച്ചുപോയി. കണ്ണുകള്‍ ചുവന്നു കലങ്ങിയിരിക്കുന്നതും ക്ഷീണിതശരീരവും കണക്കില്‍ കൂടുതല്‍ മദ്യം അകത്തു ചെന്നതിന്റെ ലക്ഷണമാണത്രെ.....!! എയര്‍പോര്‍ട്ടും ഇവിടെ വന്നിറങ്ങുന്ന വിമാനങ്ങളും നിന്റെയൊന്നും അപ്പന്‍ സമ്പാദിച്ചതല്ല എന്നു പറഞ്ഞ് പൊട്ടിത്തെറിച്ച ആ യുവാവിനെ പോലീസ് അറസ്റ്റുചെയ്യാതിരുന്നത് യാത്രക്കാരുടെ സമയോജിതമായ ഇടപെടല്‍ കൊണ്ടു മാത്രം. മനു മോന്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചിട്ട വരികള്‍......


'നിന്റെയൊക്കെ അപ്പന്‍ സമ്പാദിച്ച വകയാണോടാ ഈ എയര്‍പോര്‍ട്ടും ഇവിടെ വന്നിറങ്ങുന്ന ഫ്‌ളൈറ്റുകളും.... ' സാമിന്റെ ഉച്ചത്തിലുള്ള അലര്‍ച്ച കേട്ട് ഞാനടക്കം മറ്റുള്ള യാത്രക്കാരെല്ലാം കാര്യമെന്താണെന്നറിയാതെ സാമിനെ പകച്ചു നോക്കി. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കു നേരെയാണ് സാമിത് പറഞ്ഞതെന്ന് മനസ്സിലായപ്പോഴേക്കും പോലീസ് ഉദ്യോഗസ്ഥര്‍ അവനടുത്ത് എത്തിയിരുന്നു. പിടിച്ചു തള്ളി അവരവിടെ നിന്നും സാമിനെ കൊണ്ടു പോകാന്‍ ശ്രമിച്ചപ്പോഴാണ് ഞങ്ങള്‍ യാത്രക്കാര്‍ ഇടപെട്ടത്. കാര്യമെന്താണെന്നറിയാതെ സാമിനെ കൊണ്ടു പോകാന്‍ പറ്റില്ലെന്ന് ഞങ്ങള്‍ പറഞ്ഞപ്പോള്‍, ആദ്യം അവര്‍ എതിര്‍ത്തെങ്കിലും ഞങ്ങള്‍ യാത്രക്കാര്‍ ഒറ്റക്കെട്ടാണെന്നും പ്രശ്‌നം രൂക്ഷമാകുമെന്നും അവര്‍ക്ക് മനസ്സിലായപ്പോഴാണ് സാമിനെ ഞങ്ങളോട് സംസാരിക്കാന്‍ അവര്‍ അനുവദിച്ചത്.

'തോളില്‍ തട്ടി സാരമില്ല, വിഷമിക്കണ്ട' കാര്യമെന്താണെന്നു പറ. ഞങ്ങളുണ്ട് കൂടെ എന്ന് പറഞ്ഞപ്പോള്‍ സാമിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. 'ഞാന്‍, എന്റെ അപ്പച്ചന് സുഖമില്ലാതെ ഹോസ്പിറ്റലില്‍ അഡ്മിറ്റാണെന്നറിഞ്ഞ് ഒരാഴ്ച മുന്‍പ് നാട്ടില്‍ വന്നതാ. അപ്പച്ചന് അസുഖം ഭേദമായി പക്ഷേ ദുബായില്‍ നിന്നും എനിക്ക് ഇന്നലെ വന്ന എന്റെ സുഹൃത്തിന്റെ കാള്‍, എന്റെ ഭാര്യയും രണ്ട് മക്കളും അവിടെ വെച്ചുണ്ടായ കാറപകടത്തില്‍ പരിക്ക് പറ്റി ഹോസ്പിറ്റലില്‍ ആണെന്നാണ്. അല്പം സീരിയസാണെന്നാണ് എന്നോടവന്‍ പറഞ്ഞതു. നിങ്ങള്‍ക്കറിയാമോ ഇന്നലെ രാത്രി ഞാന്‍ ഉറങ്ങിയിട്ടില്ല. പാസ്‌പോര്‍ട്ടുമായി ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ മുന്‍പില്‍ ചെന്നപ്പോള്‍ അപമാനിക്കുകയും കളിയാക്കുകയും ചെയ്യുന്ന രീതിയിലുള്ള പെരുമാറ്റം ആയിരുന്നു. കാര്യമെന്താണെന്ന് എനിക്കപ്പോള്‍ മനസ്സിലായിരുന്നില്ല.

അങ്ങോട്ട് മാറി നില്ക്ക്, കുറച്ചു സമയം കഴിഞ്ഞ് വിളിക്കാം എന്ന് എന്നോട് അവര്‍ പറഞ്ഞു. എന്റെ ക്ഷീണം കാരണം ഞാനിവിടുള്ള കസേരയില്‍ വന്നിരുന്നു. അപ്പോഴാണ് അവര്‍ പരസ്പരം എന്നെ അപമാനിക്കുന്ന രീതിയില്‍ ഓരോന്ന് പറയുന്നത് ഞാന്‍ കേട്ടത്. ഞാന്‍ മദ്യം കഴിച്ചു ഓവറായിട്ടാണത്രേ, എന്റെ കണ്ണുകള്‍ ചുവന്നിരിക്കുന്നതും, എന്റെ ശരീരത്തിന് ഇത്രയും ക്ഷീണം തോന്നിക്കുകയും ചെയ്യുന്നതെന്നും ഞാനാ ഫ്‌ളൈറ്റില്‍ യാത്ര ചെയ്താല്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്യുമത്രേ. എന്റെ കരഞ്ഞു കലങ്ങിയ കണ്ണുകള്‍ മദ്യപാനം നിമിത്തമാണെന്ന് പറഞ്ഞാല്‍ ഞാന്‍ സ്ത്രീകളെ അപമാനിക്കാന്‍ ശ്രമിക്കുമെന്ന് പറഞ്ഞാല്‍.

നിങ്ങള്‍ പറയൂ, ഞാനിങ്ങനയല്ലാതെ എങ്ങനെ പ്രതികരിക്കണം. സഹിക്കുന്നതിനും ഒരു പരിധി ഇല്ലേ. എന്റെ കുടുംബത്തിന്റെ അവസ്ഥ ഓര്‍ത്ത് ഞാന്‍ ഒന്നാമതേ മാനസിക നില തെറ്റിയിരിക്കുവാ. ഇതും കൂടി ആയപ്പോള്‍ എന്റെ നിയന്ത്രണം എനിക്ക് നഷ്ടപ്പെട്ടു. അതാ ഞാന്‍ ഇങ്ങനെയൊക്കെ പറഞ്ഞു പോയത്. നീയൊക്കെ അഴിയെണ്ണണമെടാ. ജയിലില്‍ കിടക്കുമ്പഴേ അറിയൂ ഞങ്ങളോട് കളിക്കാന്‍ ശ്രമിച്ചാല്‍ എങ്ങനെയിരിക്കുമെന്ന്. കൂട്ടത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ ഇതും പറഞ്ഞ് സാമിനു നേരെ കൈ ഉയര്‍ത്താന്‍ ശ്രമിച്ചപ്പോഴാണ് ഞങ്ങള്‍ യാത്രക്കാരില്‍ ഒരാളായ അനന്തന്‍ കേറി ഇടപെട്ടത്..

പിന്നീടങ്ങോട്ട് അനന്തന്‍ പറഞ്ഞ ഓരോ വാക്കുകളും പ്രവാസികളുടെ മേല്‍ എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന ധാര്‍ഷ്ട്യത്തിന്റെ നീറുന്ന യാഥാര്‍ത്ഥ്യങ്ങളായിരുന്നു.

'നീ ഒക്കെ മാസാമാസം എണ്ണി വാങ്ങുന്ന ശമ്പളം ഞങ്ങള്‍ പ്രവാസികളുടെ വിയര്‍പ്പിന്റെ വിലയാ. ഓരോ പ്രവാസികളും ഈ എയര്‍പോര്‍ട്ടിനുള്ളില്‍ എത്തി ചേരുന്നത് പലപല പ്രശ്‌നങ്ങളുമായാണ്. ഉറ്റവരെ പിരിയുന്ന വേദനയും മരണവാര്‍ത്ത അറിഞ്ഞെത്തുന്നവരും, പലവിധ മാരക അസുഖങ്ങളും. അങ്ങനെയങ്ങനെ നിരവധി പ്രശ്‌നങ്ങളാണ് ഓരോ പ്രവാസികളുടെയും മനസ്സിനകത്ത്. നിങ്ങള്‍ ഉദ്യോഗസ്ഥര്‍ ഞങ്ങള്‍ യാത്രക്കാരെ ചായയും കാപ്പിയും തന്നൊന്നും സല്ക്കരിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നില്ല. പക്ഷെ, നിങ്ങളുടെ മുഖത്തുള്ള ഒരു ചെറു പുഞ്ചിരി, അത്രയെങ്കിലും ചെയ്തൂടെ ഞങ്ങള്‍ പ്രവാസികളുടെയടുത്ത്. പകരം നിങ്ങള്‍ ഞങ്ങളെ പുച്ഛത്തോടെയല്ലാതെ നോക്കിയിട്ടുണ്ടോ.

ഓരോ പ്രവാസിയേയും ഒരു തീവ്രവാദിയുടെ ഭാവത്തോടെയല്ലാതെ നിങ്ങള്‍ പരിഗണിക്കാതിരിക്കുന്നുണ്ടോ, മരുഭൂമിയില്‍ കഷ്ടപ്പെട്ട് ഞങ്ങളുണ്ടാക്കിയ പണം കൊടുത്ത് ഞങ്ങള്‍ വാങ്ങുന്ന തുച്ഛമായ സാധനങ്ങള്‍ക്കു പോലും അതിന്റെ വിലയേക്കാള്‍ ഇരട്ടി നിങ്ങള്‍ നികുതിയായി ആവശ്യപ്പെട്ടപ്പോഴും ഞങ്ങള്‍ പ്രവാസികള്‍ പ്രതികരിക്കാതിരിക്കുന്നത് ഞങ്ങള്‍ക്ക് അതിനുള്ള കഴിവില്ലാഞ്ഞിട്ടല്ല, മറിച്ച് ഞങ്ങളിലൂടെ സ്വന്തം നാട് വികസിക്കുന്നെങ്കില്‍ അങ്ങനെയാകട്ടേ എന്ന് വിചാരിച്ചു മാത്രമാണ്.

അന്യ രാജ്യങ്ങളിലെ എയര്‍പോര്‍ട്ടില്‍ യാത്രക്കാരോട് അവിടുത്തെ ഉദ്യോഗസ്ഥര്‍ പെരുമാറുന്നത് നിങ്ങളൊന്ന് കണ്ടു പഠിക്കണം. അര്‍ക്ക് ഓരോ യാത്രക്കാരും അവരെ സംബന്ധിച്ചിടത്തോളം അതിഥികളാണ്, പക്ഷേ ഇവിടെ നിങ്ങള്‍ക്ക് ഞങ്ങളെ പുച്ഛമാണ്. പ്രായമായ സ്ത്രീകളോടും കുട്ടികളോട് പോലും നിങ്ങളില്‍ പല ഉദ്യോഗസ്ഥരും മാന്യതയില്ലാതെ തന്നെ വേദനിപ്പിക്കുന്ന വാക്കുകളാണ് പറയുന്നത്. കഷ്ടപ്പെട്ട് ഞങ്ങള്‍ പ്രിയപ്പെട്ടവര്‍ക്കായി വാങ്ങി വന്ന സാധനങ്ങള്‍ വെറും ചവര്‍ എറിയുന്ന ലാഘവത്തോടെ നിങ്ങള്‍ വലിച്ചെറിയുന്നത് കാണുമ്പോള്‍ ഞങ്ങള്‍ അനുഭവിക്കുന്ന വേദന നിങ്ങള്‍ക്കും മനസ്സിലാകണമെങ്കില്‍ ഒരിക്കലെങ്കിലും പ്രവാസിയാകണം. സാമിനെ ഞങ്ങള്‍ക്കൊപ്പം യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെങ്കില്‍ ഞങ്ങള്‍ പ്രവാസികള്‍ ആരെന്ന് നിങ്ങള്‍ അറിയും. ഒരു പ്രശ്‌നം വന്നാല്‍ ഞങ്ങളെല്ലാം ഒരു മനസ്സായി തന്നെ നില്‍ക്കും'.

'അനന്തന്‍ പറഞ്ഞു നിര്‍ത്തിയതും കൂട്ടത്തില്‍ അല്പം മാന്യതയുള്ള ഒന്ന് രണ്ട് നല്ല ഉദ്യോഗസ്ഥര്‍ സാമിനോട് മറ്റുള്ളവര്‍ പറഞ്ഞ പരിഹാസ വാക്കുകള്‍ക്ക് ക്ഷമ ചോദിക്കുകയും അയാളുടെ ദുര്‍വിധിയില്‍ ആശ്വസിപ്പിക്കുകയും യാത്രയുടെ പരിശോധനകളെല്ലാം വേഗത്തില്‍ തന്നെ ശരിയാക്കുകയും ചെയ്തു'.

തക്ക സമയത്ത് നിങ്ങള്‍ യാത്രക്കാര്‍ ഇടപെട്ടില്ലായിരുന്നെങ്കില്‍ എനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നേനെ, ഒരുപാട് നന്ദിയുണ്ട് നിങ്ങളോടെനിക്ക്. സാം കൈകൂപ്പി കണ്ണു നീരോടെ ഇത് പറഞ്ഞപ്പോള്‍ അറിയാതെ ഞങ്ങളുടെ മിഴിയും നിറഞ്ഞു. മറ്റുള്ളവരുടെ നൊമ്പരങ്ങള്‍ പ്രവാസിയോളം മനസ്സിലാക്കാന്‍ കഴിയുന്നവര്‍ വിരളമാണ്. വന്ദിച്ചില്ലേലും നിന്ദിക്കരുത്. ഓരോ പ്രവാസികളേയും. നീറുന്ന മനസ്സുകളുടെ ഒരു സംഗമ വേദിയാണ് പ്രവാസിയെ സംബന്ധിച്ചിടത്തോളം ഓരോ എയര്‍പോര്‍ട്ടുകളും. വിയര്‍പ്പ് അന്നമാക്കുന്നവര്‍. അതാണ് ഓരോ പ്രവാസികളും.

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.