Header Ads

മോഡിജീ.... തിമിംഗലങ്ങളും സ്രാവുകളും എവിടെ.....?



വിശ്വസിനീയമെന്നു തോന്നിപ്പിക്കുന്ന ഒരു പരമാബദ്ധം. അതാണ് ഇന്ത്യന്‍ കറന്‍സി നോട്ടുകളുടെ റദ്ദാക്കല്‍ വഴി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ ആര്‍ക്കും തോന്നിപ്പോകും, നരേന്ദ്രമോഡിയാണു ശരി എന്ന്. പക്ഷേ, കുറച്ചുകൂടി ആഴത്തില്‍ ചിന്തിക്കുമ്പോള്‍, മോഡി വ്യാകുലപ്പെട്ടത് സ്വന്തം കോര്‍പ്പറേറ്റ് സുഹൃത്തുക്കളെ ഓര്‍ത്തു മാത്രമാണ് എന്ന നിലപാടില്‍ നിങ്ങള്‍ എത്തിച്ചേരും. കാരണം അതാണു സത്യം.

രാജ്യത്തെ പട്ടിണിപ്പാവങ്ങളെ ബാധിക്കുന്ന അതീവ ഗൗരവമേറിയ ഒരു പ്രഖ്യാപനം യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ നടപ്പില്‍ വരുത്തി എന്നതു തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. എന്തുകൊണ്ട് ഒരു രാജ്യത്തെ പ്രധാനമന്ത്രി ഇത്തരത്തില്‍ പ്രവര്‍ത്തിച്ചു...? എന്തുകൊണ്ട് ഈ നാട്ടിലെ പാവപ്പെട്ടവരെക്കുറിച്ചു ചിന്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല..? എന്തുകൊണ്ട് ഈ നിസ്സാരമനുഷ്യരുടെ ജീവിതം പന്താടുന്ന തരത്തില്‍ ഒരു നടപടി അദ്ദേഹം കൈക്കൊണ്ടു...?


നരേന്ദ്രമോഡിക്കതു സാധ്യമായിരുന്നു. റദ്ദാക്കുന്ന പണത്തിനു തത്തുല്യമായ മൂല്യമുള്ള പണം അച്ചടിച്ച ശേഷം ഇത്തരമൊരു തീരുമാനം നടപ്പാക്കാമായിരുന്നു. എല്ലാം ഭദ്രമെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം ഇത്തരമൊരു തീരുമാനം പ്രഖ്യാപിക്കാമായിരുന്നു. പ്ലാനിംഗ് ഇല്ലാതെ പോയി എന്ന് ഏവര്‍ക്കും അറിയാം. ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി എന്തുകൊണ്ട് ഇത്തരത്തില്‍ പെരുമാറി...? തീര്‍ച്ചയായും അതൊരു അബദ്ധമല്ല, മറിച്ച് പല വമ്പന്മാരെയും സഹായിക്കാനുള്ള മാര്‍ഗ്ഗം. അതേസമയം സ്വന്തം നിലനില്‍പ്പ് ഭദ്രമാക്കുകയും വേണം. മോഡിയുടെ പ്ലാനിംഗ് വിജയിച്ചു, ഇവിടെ തോറ്റു മണ്ണടിഞ്ഞത് ഇന്ത്യയിലെ കോടിക്കണക്കായ അരപ്പട്ടിണിക്കാരും മുഴുപ്പട്ടിണിക്കാരുമാണ്. അല്ലെങ്കിലും അവരുടെ കണ്ണുനീര്‍ ആര്‍ക്കു വേണം...?



കള്ളപ്പണത്തിനെതിരെയുള്ള അതിശക്തമായ നീക്കം എന്ന് ഏവരും വാഴ്ത്തുന്നു. പക്ഷേ, എന്താണ് കള്ളപ്പണം...? യഥാര്‍ത്ഥത്തില്‍ കള്ളപ്പണവും ഇന്ത്യന്‍ കറന്‍സി തന്നെ. സര്‍ക്കാര്‍ നിഷ്‌ക്കര്‍ഷിക്കുന്ന നികുതി നല്‍കാതെ വെട്ടിച്ചെടുത്ത് പൂഴ്ത്തി വയ്ക്കുന്ന പണമാണ് കള്ളപ്പണം. നേരായ വിധത്തില്‍ നികുതി നല്‍കുന്ന വ്യക്തിയുടെ കൈയില്‍ എത്തിച്ചേരുന്ന പണം വൈറ്റ് മണിയാണ്. നികുതി വെട്ടിക്കുന്നവന്റെ കൈയിലുള്ളത് കള്ളപ്പണവും. അപ്പോള്‍ ആരാണ് ഇവിടെ കുറ്റവാളി...? ഇന്ത്യന്‍ കറന്‍സിയല്ല, പകരം ടാക്‌സ് നല്‍കാതെ പണം വെട്ടിക്കുന്നവനാണ് കുറ്റവാളി. ഇനി ഇത്തരത്തില്‍ അടിച്ചുമാറ്റുന്ന പണം ഒരു കള്ളപ്പണക്കാരന്‍ എന്തുചെയ്യും...? അവനത് അപ്പോള്‍ തന്നെ സ്വര്‍ണ്ണത്തിലോ, ഭൂമിയിലോ ഷെയര്‍ മാര്‍ക്കറ്റിലോ അതു നിക്ഷേപിച്ചിരിക്കും. വിദേശരാജ്യങ്ങളിലെ ബാങ്കുകളിലും ഇന്ത്യയില്‍ നിന്നുള്ള വന്‍ കള്ളപ്പണ ശേഖരമുണ്ട്. പിന്നെ നോട്ടുകെട്ടുകളായി സൂക്ഷിക്കുന്നവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണ്. അവരുടെ ദൈനംദിനാവശ്യങ്ങള്‍ക്കായി ഈ പണം അവര്‍ ഉപയോഗിക്കുന്നു. ബാങ്കുകളില്‍ അവ കുന്നുകൂട്ടുന്നു. തെരഞ്ഞെടുപ്പു ഫണ്ടായും മറ്റും ഈ പണം ഉപയോഗിക്കുന്നു. സ്വന്തം പാര്‍ട്ടിയിലെ പണം ഇതിനോടകം മോഡിയും മറ്റും വെളുപ്പിച്ചിരിക്കുന്നതായി തെളിവുണ്ട്. പിന്നെയുള്ളത് മറ്റുരാഷ്ട്രീയ പാര്‍ട്ടികളുടെ പണമാണ്. മറ്റു രാഷ്ട്രീയ പാര്‍ട്ടികളുടെ അടിവേരു പോലും മാന്തിക്കളയാന്‍ നടക്കുന്ന ബിജെപി നേതൃത്വം മറ്റുപാര്‍ട്ടിക്കാരുടെ കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കില്ല. 

മോഡിജീ.... എവിടെ തിമിംഗലങ്ങളും സ്രാവുകളും.....?



വന്‍ സ്രാവുകളെയും തിമിംഗലങ്ങളെയും പിടിക്കാനാണ് ഇത്തരമൊരു കടുത്ത തീരുമാനമെന്നാണ് മോഡിയും പാര്‍ട്ടിയും പറയുന്നത്. പക്ഷേ, എടിഎം കൗണ്ടറിനു മുന്നിലും ബാങ്കിനു മുന്നിലും ക്യൂ നില്‍ക്കുന്നവരുടെ നിരയിലൊന്നും ഒരു കള്ളപ്പണക്കാരന്‍ പോലുമില്ല. അവന്റെ പണമെല്ലാം അവന്‍ സുരക്ഷിതമാക്കി മാറ്റിയിരിക്കുന്നു. കക്കാനറിയാമെങ്കില്‍ അവനറിയാം കട്ടമുതല്‍ എങ്ങനെ സംരക്ഷിക്കണമെന്ന്. ക്യൂ നിന്നു തളര്‍ന്നു വീണു മരിക്കുന്നവര്‍ പട്ടിണിപ്പാവങ്ങളാണ്. ആശുപത്രിയില്‍ കൊടുക്കാന്‍ പണമില്ലാതെ മരണത്തിലേക്കു നടന്നു നീങ്ങിയവരും നീങ്ങുന്നവരുമെല്ലാം സാധാരണ മനുഷ്യരാണ്. ഇന്ത്യയിലെ 70 ശതമാനം വരുന്ന ജനങ്ങള്‍ക്ക് ബാങ്കുകളില്‍ എത്തിപ്പെടാന്‍ ഏറെദൂരം യാത്ര ചെയ്യേണ്ടവരാണ്. സ്വന്തം പണിയും കൂലിയുമെല്ലാം കളഞ്ഞ് അവര്‍ ദിവസങ്ങളോളം ക്യൂ നില്‍ക്കുന്നു...

വെറും 30 ശതമാനം ജനങ്ങള്‍ക്കാണ് നല്ല രീതിയിലുള്ള ബാങ്കിംഗ് സൗകര്യമുള്ളത്. സാധാരണക്കാരായ, ബാങ്കിംഗ് സൗകര്യമില്ലാത്ത, അക്ഷരാഭ്യാസമില്ലാത്ത കോടിക്കണക്കിനു ജനങ്ങളുണ്ട് ഇന്ത്യയില്‍. ഇത്തരമൊരു തീരുമാനമെടുക്കുമ്പോള്‍ മോഡിയെന്തേ അവരെക്കുറിച്ചു ചിന്തിച്ചില്ല..?

രാഷ്ട്രീയ സ്വാധീനമുള്ള, പണച്ചാക്കുകളായ വ്യക്തികളുടെ കൈകളില്‍ പുതിയ 2000 രൂപയുടെ ഫോട്ടോഗ്രാഫ് എത്തിച്ചേര്‍ന്നു. അതീവരഹസ്യമായി, മന്ത്രിസഭയിലെ വെറും മൂന്നേമൂന്നുപേര്‍ക്കു മാത്രമറിയാവുന്ന ഈ രഹസ്യം വമ്പന്മാരില്‍ എത്തിയതെങ്ങനെ...?


2016 ഒക്ടോബര്‍ 27 ന് , ദേശീയ ഹിന്ദി ദിനപ്പത്രം ദൈനിക് ജാഗ്രണില്‍ ഇതുസംബന്ധിച്ച വാര്‍ത്ത വന്നിരുന്നു. 500 രൂപയുടെയും 1000 രൂപയുടെയും നോട്ടുകള്‍ പിന്‍വലിച്ചേക്കുമെന്നും പുതിയ രണ്ടായിരം രൂപ പകരം ഇറക്കുമെന്നും. കറന്‍സി പിന്‍വലിക്കുന്നത് അതീവരഹസ്യമായാണ് നടപ്പാക്കിയതെന്ന അരുണ്‍ ജെയ്റ്റ്‌ലിയുടെ വാദഗതികളാണ് ഇതോടെ പൊളിയുന്നത്.

ബി ജെ പിയുടെ സഞ്ജീവ് കംബോജ് ഉള്‍പ്പടെ നിരവധി വ്യക്തികള്‍ക്ക് ഈ വാര്‍ത്ത അറിയാമായിരുന്നു. എന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ പറയുന്നു, ഇത് അതീവ രഹസ്യമായിരുന്നു, മറ്റൊരാളും ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന്...!


 

കള്ളപ്പണം തടയാനാകുമോ....?



ആദായ നികുതി വകുപ്പിന്റെ കണക്കനുസരിച്ച്, കള്ളപ്പണത്തിന്റെ 6 ശതമാനം മാത്രമാണ് പണമായിത്തന്നെ സൂക്ഷിക്കുന്നത്. ബാക്കിയുള്ള സ്വര്‍ണ്ണം, സ്റ്റോക്ക് മാര്‍ക്കറ്റ്, ഷെയര്‍, റിയല്‍ എസ്‌റ്റേറ്റ്, തുടങ്ങിയവയില്‍ നിക്ഷേപിച്ചിരിക്കുകയാണ്. ഇന്ത്യയിലെ 95 ശതമാനം ജനങ്ങളെയും ബാധിക്കുന്ന കറന്‍സി പിന്‍വലിക്കല്‍ തീരുമാനം കൈക്കൊണ്ടത്, 6 ശതമാനം വരുന്ന കള്ളപ്പണം കണ്ടുകെട്ടാനായിരുന്നോ...? എങ്കില്‍, അത് എന്തൊരു വലിയ തമാശാണ്....!!


ഇനി ഈ 6 ശതമാനം വരുന്ന കള്ളപ്പണം കണ്ടുകെട്ടാന്‍ അത്ര എളുപ്പമാണോ....? കള്ളപ്പണം ഒളിപ്പിച്ചിരിക്കുന്ന വമ്പന്മാരെല്ലാം ഈ നീക്കം മുന്‍കൂട്ടി അറിഞ്ഞു കഴിഞ്ഞിരുന്നു. അതുകൊണ്ടുതന്നെ, അവരുടെ പണം സുരക്ഷിതമാക്കാനുള്ള നടപടികളും അവര്‍ സ്വീകരിച്ചു കഴിഞ്ഞിരുന്നു. കുറച്ചു വിവരമുള്ള കള്ളപ്പണക്കാര്‍ക്കറിയാം, തങ്ങളുടെ പണം എങ്ങനെ വൈറ്റ് ആക്കി മാറ്റാമെന്ന്. നിലവിലുള്ള നിയമങ്ങള്‍ അനുസരിച്ചു തന്നെ അവരതു ചെയ്യുന്നു. അതിനു പറ്റിയ ഏജന്റുമാര്‍ വഴി അവരതു ചെയ്യുന്നു. ഏജന്റുമാര്‍ക്ക് ഒരു നിശ്ചിത ശതമാനം കമ്മീഷന്‍ നല്‍കുക വഴി അവരാ പണമെല്ലാം വെളുപ്പിക്കും. കള്ളപ്പണം സൂക്ഷിച്ചിരിക്കുന്ന മുതലാളിമാര്‍ക്ക് സ്വന്തം തൊഴിലാളികളുടെ അക്കൗണ്ടുകള്‍ വഴി, കള്ളപ്പണം വെളുപ്പിക്കാവുന്നതെയുള്ളു.


ബാങ്കിലെ, മഹാകള്ളന്മാരായ ചില ഉദ്യോഗസ്ഥര്‍ പാവപ്പെട്ട, സാധാരണക്കാരായ ജനങ്ങളുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിക്കാന്‍ മുതലാളിമാര്‍ക്ക് അവസരമുണ്ടാക്കിക്കൊടുക്കുന്നു. പ്രിന്റു ചെയ്ത് ആഴ്ചയൊന്നു തികയും മുമ്പേ, ലക്ഷങ്ങള്‍ മൂല്യമുള്ള 2000 രൂപ നോട്ടുകള്‍ ചിലരുടെ കൈകളില്‍ എത്തിയത് എങ്ങനെയെന്നു ചിന്തിച്ചാല്‍ തന്നെ ഇക്കാര്യം വ്യക്തമാകും. ഇതിനെല്ലാം അര്‍ത്ഥം ഒന്നേയുള്ളു, താല്ക്കാലികമായി ഉള്‍വലിയുന്ന കള്ളപ്പണം വീണ്ടും മാര്‍ക്കറ്റില്‍ എത്തിച്ചേരുമെന്ന്.


ശരി, ഈ നിരോധനം കൊണ്ട് കള്ളനോട്ട് തടയാന്‍ കഴിയുമോ...?


കഴിയും എന്നുതന്നെയാണോ നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്നത്...? കള്ളനോട്ട് അച്ചടിക്കാന്‍ വേണ്ടത് നിസ്സാര പണം മാത്രമാണ്. പാകിസ്ഥാനില്‍ പ്രിന്റ് ചെയ്യുന്ന ഇന്ത്യന്‍ കറന്‍സി, ഇന്ത്യയുടെ സാമ്പത്തികാടിത്തറ തകര്‍ക്കുന്നു എന്നാണ് ബിജെപിയും സംഘികളും തൊള്ളകീറി പറയുന്നത്. അങ്ങനെയെങ്കില്‍, പുതിയ 2000 രൂപയുടെ കള്ളനോട്ട് എങ്ങനെ ഇത്രവേഗം മാര്‍ക്കറ്റിലെത്തി...? പഴയ 500 രൂപയിലും 1000 രൂപയിലുമുള്ള സുരക്ഷ രീതികളെല്ലാം തന്നെയാണ് പുതിയ രണ്ടായിരം രൂപയിലുമുള്ളത്. ക്ഷമിക്കണം, ജി പി എസ് ചിപ്പില്ല. പ്രധാനപ്പെട്ട ഒരു സുരക്ഷയുമില്ലാതെ പുറത്തിറങ്ങുന്ന ഈ പുത്തന്‍ നോട്ടുകള്‍ എങ്ങനെ കള്ളനോട്ടു തടയുമെന്നാണ് നിങ്ങള്‍ പറയുന്നത്...? കുറച്ചുകൂടി മെച്ചപ്പെട്ട സുരക്ഷാ സംവിധാനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ നിങ്ങളുടെ വാദം ശരിവയ്ക്കാമായിരുന്നു, പക്ഷേ അങ്ങനെ ഒന്നും തന്നെ പുതിയ കറന്‍സിയില്‍ ഇല്ല.

ജനങ്ങളുടെ ഈ ദുരിതത്തിനും സഹനത്തിനും കഷ്ടപ്പാടിനും ഫലമുണ്ടാകുമോ....?



എല്ലാവരുടെയും ചോദ്യമിതാണ്.... ഈ കഷ്ടപ്പാടുകള്‍ക്കും ദുരിതങ്ങള്‍ക്കും സഹനങ്ങള്‍ക്കുമൊടുവില്‍, ഇതുകൊണ്ടു ഫലമുണ്ടാകുമോ....? കള്ളപ്പണം തടയാന്‍ ഈ വേല പറ്റില്ല എന്നു നേരത്തെ തന്നെ പറഞ്ഞുകഴിഞ്ഞു, അതുപോലെ തന്നെയാണ് കള്ളനോട്ടിന്റെ കാര്യവും.


ജനങ്ങളില്‍ ഭീതി നിറച്ച്, അരക്ഷിതാവസ്ഥയിലേക്ക് അവരെ തള്ളിയിട്ട്, അവരുടെ പക്കലുള്ള പണം തട്ടിപ്പറിച്ച്, അവരുടെ ജോലിയും കൂലിയും ഇല്ലാതാക്കി, മരണത്തിലേക്കും മറ്റു ദുരന്തത്തിലേക്കും അവരെ തള്ളിയിട്ടിട്ട് എന്താണു നേടിയത്..... ബാങ്കിനു മുന്നില്‍, എ ടി എമ്മിനു മുന്നില്‍ രാപകലില്ലാതെ ക്യൂ നില്‍ക്കുന്ന ജനസാഗരത്തെ നിങ്ങള്‍ ഒന്നുകൂടി കണ്ണുതുറന്നു നോക്കൂ.... അവിടെ വരിനില്‍ക്കുന്നവരില്‍ 95 ശതമാനം പേരും സാധാരണ മനുഷ്യരാണ്. കള്ളപ്പണം കൈവശം വച്ച, ധനാഡ്യരായ ആരെയും ആ ക്യൂവില്‍ നിങ്ങള്‍ക്കു കണ്ടെത്താന്‍ കഴിയില്ല.


ജോലിയും കൂലിയും കളഞ്ഞുള്ള ഈ നില്‍പ്പ് രാജ്യത്തിനു ഗുണം ചെയ്യുമോ....? മരുഭൂമിപോലെ കാലിയായി കിടക്കുന്ന കടകമ്പോളങ്ങള്‍. ഇവയില്‍ മിക്കവയും അടഞ്ഞുകിടക്കുന്നു. തുറന്നിട്ടവയില്‍ ആരും കയറുന്നുമില്ല. അവശ്യ സാധനങ്ങളല്ലാതെ ഒന്നും സാധാരണ ജനം വാങ്ങുന്നുമില്ല. ചെറിയ ചെറിയ കച്ചവടവും കൃഷിയുമായി നടന്നവരുടെയെല്ലാം അസ്ഥിവാരമിളകിക്കഴിഞ്ഞു. മോഡിയുടെ തീരുമാനത്തെ ആദ്യം പുകഴ്ത്തിവരും ചുവടുമാറിക്കഴിഞ്ഞു. വേള്‍ഡ് ബാങ്കിലെ പ്രധാന സാമ്പത്തിക ശാത്രജ്ഞന്‍ കൗശിക് ബാസുവിന്റെ അഭിപ്രായത്തില്‍, പ്രധാനമന്ത്രി മോഡിയുടെ ഈ തീരുമാനം ഗുണത്തെക്കാള്‍ അതിഭയാനകമായ ദോഷമാണ് ഉണ്ടാക്കാന്‍ പോകുന്നത്. ആര്‍ ബി ഐ മുന്‍ ഗവര്‍ണര്‍ രംഗരാജനും ബി ജെ പി എം പി സുബ്രഹ്മണ്യം സ്വാമിയും കറന്‍സി പിന്‍വലിച്ചതിനെ എതിര്‍ത്തു രംഗത്തു വന്നുകഴിഞ്ഞു. കള്ളപ്പണം നിയന്ത്രിക്കാന്‍ ഈ മാര്‍ഗ്ഗം ഒട്ടും ഫലപ്രദമല്ലെന്ന് അവര്‍ തീര്‍ത്തും വ്യക്തമാക്കിക്കഴിഞ്ഞു.


ഇന്ത്യയിലെ 90 ശതമാനം കള്ളപ്പണവും ഉള്ളത് 2 ശതമാനം ആളുകളുടെ കൈകളിലാണ്. നിയമങ്ങള്‍ കര്‍ശമായി നടപ്പാക്കി, ഈ രണ്ടുശതമാനത്തിന്റെ കൈകളില്‍ നിന്നും 90 ശതമാനം കള്ളപ്പണവും തിരിച്ചെടുക്കേണ്ടതിനു പകരം, രാജ്യത്തെ 90 ശതമാനം ജനങ്ങളെയും നരകയാതനയിലേക്കു തള്ളിയിട്ട ശേഷം അവരുടെ ദുരിതം കണ്ടു ചിരിച്ചു സംതൃപ്തിയടയുന്ന ഒരു പ്രധാനമന്ത്രി!


കള്ളപ്പണത്തിനെതിരെ കുരിശുയുദ്ധമെന്ന ഈ പ്രചാരണം ഒരു തന്ത്രമാണ്. ജനങ്ങള്‍ക്കിപ്പോള്‍ ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കാനും തങ്ങളുടെ ജീവന്‍ നിലനിര്‍ത്തുന്നത് എങ്ങനെയെന്നുമല്ലാതെ മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാന്‍ സമയമില്ല. ഈ ദുരിതത്തിനിടയില്‍ മുങ്ങിപ്പോയ കാര്യങ്ങള്‍ എന്തെല്ലാമെന്നു നോക്കൂ.... ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹമ്മദിന്റെ തിരോധാനം, പ്രതിപക്ഷ നേതാക്കളെ അനധികൃതമായി തടഞ്ഞുവച്ചത്, ഒആര്‍ഒപി ചര്‍ച്ച, എന്‍ ഡി ടിവി ബാന്‍, ഭോപ്പാലിലെ വിവാദ വെടിവയ്പ്പ്, അങ്ങനെയങ്ങനെ എത്രയോ എത്രയോ.... ഇക്കാര്യങ്ങളെല്ലാം സാധാരണക്കാരുടെയും മാധ്യമങ്ങളുടെയും മനസില്‍ നിന്നും പൊയ്‌പ്പോയി. 



സാമ്പത്തിക അടിയന്തിരാവസ്ഥയുടെ ഗുണവശങ്ങളുടെ കണക്കെടുക്കാറായിട്ടില്ല. ചെറിയ കാലയളവിലെ പ്രതിഫലനങ്ങള്‍ വച്ച് ഇതിന്റെ ഗുണങ്ങള്‍ കണക്കാക്കാനും കഴിയില്ല. എങ്കിലും ഒന്നുമാത്രം പറയാം, ഇന്ത്യയുടെ പുരോഗതിയിലെ നാഴികക്കല്ലാണ് ഈ സാമ്പത്തിക അടിയന്തിരാവസ്ഥ എന്നാരെങ്കിലും പറഞ്ഞാല്‍, അവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനാണ് എനിക്കിഷ്ടം. നവംബര്‍ 9 നും ഡിസംബര്‍ 30 നും ഇടയില്‍, തിരിച്ചു പിടിച്ച കള്ളപ്പണത്തിന്റെയും ക്യൂ നിന്നതിലൂടെ രാജ്യത്തിനു നഷ്ടമായ വരുമാനത്തിന്റെയും യഥാര്‍ത്ഥ കണക്കുകള്‍ കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു മുന്നില്‍ നിരത്തണം. എന്നിട്ടേ, ഈ നോട്ടു പിന്‍വലിക്കലിന്റെ ഗുണഗണങ്ങളെപ്പറ്റി പ്രസംഗിക്കാവൂ...

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.