അരുത്...! നന്മയുടെ ഈ ചെറുതിരിനാളം അണയാന്‍ അനുവദിക്കരുത്....!!
കേരളത്തിന്റെ നന്മയുടെ പ്രതീകമാണ് ലേഖ നമ്പൂതിരി.
മതങ്ങള്‍ക്കുപരിയായി, മനുഷ്യനെ സ്‌നേഹിച്ച നന്മയുടെ പച്ചത്തുരുത്ത്. പക്ഷേ, ആ
നന്മമരത്തിന്റെ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ അവരെ അസുഖം ബാധിച്ചിരിക്കുന്നു.
മതങ്ങള്‍ക്കും ഉപരിയായി മനുഷ്യനെക്കണ്ട്, സ്വന്തം വൃക്ക അപരിചിതനായ ഒരു മുസ്ലീം
ചെറുപ്പക്കാരന് ദാനമായി നല്‍കിയതിലൂടെയാണ് ലേഖനമ്പൂതിരിയെ കേരളം അറിഞ്ഞത്. പക്ഷേ,
ഇപ്പോള്‍, ഒരപകടത്തെത്തുടര്‍ന്ന്, നട്ടെല്ലിനു സംഭവിച്ചതിനാല്‍ ഇന്നവര്‍ തീര്‍ത്തും
നിരാലംബ ആയിരിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടു മൂലം ചികിത്സ പകുതിക്കു വച്ചു
മതിയാക്കിയിരിക്കുകയാണ്. അസുഖം മൂലം ജോലി ചെയ്യാന്‍ വയ്യാത്ത അവസ്ഥയിലാണെങ്കിലും,
ലേഖയുടെ ഭര്‍ത്താവ് സാജന്‍ കുടുംബം പോറ്റാനായി ജോലി ചെയ്യന്നു.
മമ്മൂട്ടി 'മൈക്കായി' എത്തുന്ന ലൗഡ് സ്പീക്കര്‍ എന്ന സിനിമയാണ്
ലേഖയെ സ്വധീനിച്ചതും ഒരു ചെറുപ്പക്കാരന്റെ ജീവന്‍ രക്ഷിച്ചതും. സമ്പന്നനായ ഒരാളുടെ
പ്രതിഫലം നിരസിച്ച് തന്റെ വൃക്കനല്‍കിയ സിനിമയിലെ നായകന്‍ ലേഖയുടെ മനസ്സിന്റെ
വെള്ളിത്തിരയിലും നിറഞ്ഞു. ജീവിതം ഇത്തരം നന്മകളുടേതാകണമെന്ന് അന്നേ ലേഖ മനസ്സില്‍
കുറിച്ചു.
അടുത്ത ദിവസങ്ങളില്‍ പത്രത്താളുകള്‍ മറിക്കവെ ഒരു കൊച്ചു പരസ്യം.
'29 കാരനായ യുവാവിന് എ പോസിറ്റീവ് വൃക്ക ആവശ്യമുണ്ട്'. താഴെ കണ്ട ഫോണ്‍നമ്പരില്‍
വിളിച്ചു. പട്ടാമ്പി വിളയൂരിലെ മുസ്തഫയാണ് ഫോണെടുത്തത്. വൃക്ക നല്‍കാന്‍
താത്പര്യമുണ്ടെന്നറിയിച്ചു. പക്ഷേ, അവര്‍ക്കു സംശയം. സ്ത്രീയല്ലേ... പിന്നീട്
പിന്മാറിയാലോ എന്ന്. ഇല്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ മുസ്തഫ പറഞ്ഞു. 'എന്റെ സഹോദരന്‍
ഷാഫി നബാസിനാണ് വൃക്ക വേണ്ടത്.' ചികിത്സ നടത്തി ദരിദ്രമായ കുടുംബമാണെന്നും
വൃക്കതരാമെന്നു പറഞ്ഞ് പല ഏജന്റുമാരും കബളിപ്പിച്ചെന്നുമെല്ലാം മുസ്തഫ
വ്യക്തമാക്കി. പിറ്റേന്നുതന്നെ മാവേലിക്കരയില്‍ നിന്ന് പെരിന്തല്‍മണ്ണയിലെ
ആശുപത്രിയില്‍ ബന്ധുവിനൊപ്പം ചെന്ന് ഷാഫിയെ ലേഖ നേരില്‍ക്കണ്ടു. ഡയാലിലിസ് കഴിഞ്ഞ്
മടങ്ങവേ കാറില്‍ ചാരിയിരിക്കുന്ന ചെറുപ്പക്കാരനെ കണ്ടപ്പോള്‍ സങ്കടം തോന്നി.
മരണത്തെ കാത്തിരിക്കുന്നവന്റെ മുഖം.
ലേഖയോട് കുറേനേരം സംസാരിച്ച ഷാഫി തന്റെ
കഥ പറഞ്ഞു. 'പത്തുമക്കളാണ് ഞങ്ങള്‍. കുട്ടിയായിരുന്നപ്പോഴേ ബാപ്പ മരിച്ചു.
പുറമ്പോക്കില്‍ താമസിച്ചിരുന്ന പാവപ്പെട്ട പെണ്‍കുട്ടിയെയാണ് ഞാന്‍ വിവാഹം
കഴിച്ചത്. ഒരു കുട്ടിയുണ്ട്. ഇതിലും ഭേദം മരിക്കുന്നതാണ്' ഷാഫിയുടെ വാക്കുകള്‍
കേട്ടപ്പോള്‍ കണ്ണുനിറഞ്ഞ് ലേഖ പറഞ്ഞു. എനിക്കു ജീവനുണ്ടെങ്കില്‍ എന്റെയൊരു
വൃക്കകൊണ്ട് ഷാഫി ജീവിക്കും. പണംകൊണ്ട് സഹായിക്കാന്‍
എനിക്കാവില്ല.
നയാപൈസപോലും വാങ്ങാതെ ഷാഫിക്ക് വൃക്കനല്‍കാന്‍ തീരുമാനിച്ചു.
മറ്റുപല രോഗങ്ങളും അലട്ടിയിരുന്നതിനാല്‍ വൃക്കദാനം നീണ്ടുപോയി. ഒടുവില്‍ 2012
നവംബര്‍ 15ന് ഷാഫിക്ക് എന്റെ വൃക്ക മാറ്റിവച്ചു. പതിനഞ്ചുലക്ഷം രൂപവരെ
പ്രതിഫലംവാങ്ങി വൃക്ക കച്ചവടം നടന്നിരുന്ന കാലത്ത് ഒരു പൈസപോലും പ്രതിഫലം
വാങ്ങാതെയുള്ള വൃക്കനല്‍കിയ ലേഖയെ അങ്ങനെ ലോകം അറിഞ്ഞു. വാടകവീട്ടില്‍ അരിഷ്ടിച്ച്
കഴിഞ്ഞുകൂടിയ കാലമായിട്ടുപോലും പണംവാങ്ങാതെ വേണം അവയവദാനമെന്ന് നിശ്ചയദാര്‍ഢ്യം ലേഖ
നിറവേറ്റി. നിങ്ങള്‍ക്ക് കാശൊന്നുമില്ലല്ലോ, വൃക്ക കൊടുത്തപ്പോള്‍
കാശുവാങ്ങാമായിരുന്നില്ലേ എന്നു ചോദിച്ചവര്‍ക്കുമുന്നില്‍ വലംകൈ കൊടുക്കുന്നത്
ഇടംകൈ അറിയരുതെന്ന ബൈബിള്‍വാക്യം ലേഖ മറയായിപ്പിടിച്ചു.
മലയാളികള്‍ അന്ന്
ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു ഈ നന്മ മനസ്സിനെ. അതിനാല്‍ത്തന്നെ, നന്മയുടെ ഈ
ചെറുനാളംകെട്ടുപോകാന്‍ നാം അനുവദിച്ചുകൂടാ.
ലേഖയുടെ ആദ്യകാല ജീവിതവും
ഒരുപാട് വെല്ലുവിളികള്‍ നിറഞ്ഞതായിരുന്നു. ആദ്യ വിവാഹത്തില്‍ രണ്ടു കുട്ടികള്‍. ആ
ബന്ധം ഒഴിഞ്ഞതിനു ശേഷം ആണ് സാജന്‍ എന്ന ക്രിസ്ത്യാനിയായ യുവാവു ജീവിതത്തില്‍
താങ്ങാവുന്നതും. ബ്യൂട്ടീഷ്യന്‍ ജോലി ചെയ്തു, വാടകവീട്ടില്‍ ഒരുവിധം മുന്നോട്ടു
നീങ്ങിയ കുടുംബ ജീവിതത്തിനിടയില്‍ ആണ് പ്രതിഫലം ഇല്ലാതെ വൃക്ക നല്‍കി മറ്റൊരാളുടെ
ജീവന്‍ രക്ഷിക്കുന്നതും. പക്ഷെ ഇടയ്ക്കു ഉണ്ടായ ഒരു അപകടം മൂലം നട്ടെല്ലിന് ഏറ്റ
ക്ഷതം കാര്യങ്ങളെ അപ്പാടെ കീഴ്‌മേല്‍ മറിച്ചിരിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല