Header Ads

വൃക്കയ്ക്ക് 7 ലക്ഷം നല്‍കിയെന്ന് ഷാഫി; എങ്കില്‍ ഞാനെന്തിന് നരകിക്കണമെന്ന് ലേഖ നമ്പൂതിരി





യാതൊരു പ്രതിഫലവും പറ്റാതെ ഒരു മുസ്ലീം യുവാവിന് ഹിന്ദുവായ ലേഖ നമ്പൂതിരി സ്വന്തം വൃക്ക ദാനം ചെയ്തു എന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് വൃക്ക സ്വീകരിച്ച മുസ്ലീം യുവാവ് ഷാഫി. ആദ്യഘട്ടത്തില്‍ നാലു ലക്ഷം രൂപയും പിന്നീട് പലപ്പോഴായി 3 ലക്ഷം രൂപയും ലേഖ നമ്പൂതിരിക്കു നല്‍കിയതായി ഷാഫി പറയുന്നു. എന്നാല്‍, പ്രതിഫലം നോക്കാതെ, ഒരു ജീവന്‍ രക്ഷിച്ചതിന് ഈ മനുഷ്യന്‍ ഇങ്ങനെതന്നെ പറയണമെന്നും ഇതു പറയാന്‍ ഇദ്ദേഹത്തെ പ്രാപ്തനാക്കിയത് തന്റെ ഭാര്യയുടെ വൃക്കയാണെന്നും ലേഖ നമ്പൂതിരിയുടെ ഭര്‍ത്താവ് സാജന്‍ വ്യക്തമാക്കി. ഏഴു ലക്ഷം രൂപ തങ്ങള്‍ വാങ്ങിയിട്ടുണ്ടെങ്കില്‍ തങ്ങളെന്തിന് ഈ നരക ജീവിതം നയിക്കണമെന്നും അദ്ദേഹം മറു ചോദ്യമുന്നയിച്ചു.


'ഒരു സെന്റു ഭൂമി പോലും ഞങ്ങള്‍ക്കില്ല. ഇപ്പോഴും കഴിയുന്നത് വാടക വീട്ടിലാണ്. വൃക്ക നല്‍കിയത് പണത്തിനു വേണ്ടിയായിരുന്നുവെങ്കില്‍, ആ പണം കൊണ്ടു ഞങ്ങളൊരു തുണ്ട് ഭൂമി വാങ്ങുമായിരുന്നു. വൃക്ക നല്‍കി രണ്ടു വര്‍ഷം കഴിഞ്ഞാണ് ഇക്കാര്യം പുറം ലോകം അറിയുന്നത്. ഹിന്ദുവിന്റെ വൃക്ക സ്വീകരിച്ചത് നാണക്കേടായി എന്നും ഇതിലും ഭേതം മരിക്കുകയായിരുന്നു എന്നുമാണ് ആ യുവാവ് ഞങ്ങളോടു പറഞ്ഞത്. ഇക്കാര്യം പറഞ്ഞ് എന്റെ ഭാര്യ ലേഖയെയും വാര്‍ത്ത പ്രസിദ്ധീകരിച്ച മധു എന്ന മാധ്യമപ്രവര്‍ത്തകനെയും ഷാഫി കേള്‍ക്കാന്‍ കൊള്ളാത്ത ചീത്ത വിളിച്ചു,' സാജന്‍ പറഞ്ഞു.


ലേഖ നമ്പൂതിരിയുടെ വൃക്ക സ്വീകരിച്ച ഷാഫിക്കു പറയാനുള്ളത്.... '2012 നവംബര്‍ 15 ന് ആയിരുന്നു ഷാഫിയുടെ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ. ലേഖ നമ്പൂതിരി എന്ന സുമനസ്‌ക തന്റെ വൃക്ക പകുത്തുനല്‍കാന്‍ സന്നദ്ധയായി കൂടെയുണ്ടായിരുന്നു. കോയമ്പത്തൂര്‍, ബാംഗളൂര്‍, മംഗലാപുരം എന്നിവിടങ്ങളിലെ വിദഗ്ധ പരിശോധനയും മറ്റും കഴിഞ്ഞാണ് ലേഖ നമ്പൂതിരിയുടെ വൃക്ക ഷാഫിക്ക് പകുത്തുനല്‍കാം എന്ന് വിധഗ്ദര്‍ അഭിപ്രായപ്പെടുന്നതും വൃക്കമാറ്റിവെക്കുന്നതും. ലേഖ നമ്പൂതിരിയുടെയും കുടുംബത്തിന്റെയൂം സന്മനസ്സിനൊപ്പം നാട്ടുകാരുടെയും വീട്ടുകാരുടെയും ഇടപെടലുകളും വൈദ്യശാസ്ത്രവുമെല്ലാം വിജയം കണ്ടു, ഷാഫി ജീവിതത്തിലേക്ക് തിരിച്ചുവന്നു. രണ്ട് വര്‍ഷത്തോളം വാര്‍ത്താപ്രാധാന്യമൊന്നുമില്ലായിരുന്ന ഈ വിഷയം പൊടുന്നനെ 2014 ല്‍ 'ലേഖ നമ്പൂതിരി മുസ്ലിം യുവാവിനു പ്രതിഫലമൊന്നും വാങ്ങാതെ വൃക്ക ദാനം ചെയ്തു'എന്ന തലക്കെട്ടോടെ മാധ്യമ ശ്രദ്ധ നേടി.

ആ തലക്കെട്ടിലെ സ്വത്വ വെളിപ്പെടുത്തലിനോടൊപ്പം 'യാതൊരു പ്രതിഫലവുമില്ലാതെ' എന്നു കൂടി വന്നതോടെ നവമാധ്യമങ്ങളും വ്യവസ്ഥാപിത മീഡിയകളും ലേഖ നമ്പൂതിരിയുടെ സുമനസ്സിനെ വാഴ്ത്തി. ശസ്ത്രക്രിയക്ക് മുമ്പെ തന്നെ ലേഖാ നമ്പൂതിരിയുമായി നാലു ലക്ഷം രൂപ പറഞ്ഞുറപ്പിച്ചാണ് ശസ്ത്രക്രിയയ്ക്ക് തയ്യാറായത്. ശസ്ത്ര ക്രിയയ്ക്ക് ശേഷവും പലതവണകളില്‍ ഇരുപതിനായിരവും മുപ്പതിനായിരവുമൊക്കെയായി മറ്റൊരു മൂന്ന് ലക്ഷത്തോളം രൂപ ഇവര്‍ കൈപറ്റുകയും ചെയ്തിട്ടുണ്ട്. നിയമപരമായ തടസ്സങ്ങളുടെ പേരില്‍ ലീഗല്‍ ഡോക്യുമെന്റുകളിലും പ്രതിഫലമില്ലാതെ വൃക്ക ദാനം ചെയ്യുന്നു എന്ന് തന്നെ എഴുതി ഒപ്പിടാന്‍ നിര്‍ബന്ധിച്ചു. തന്റെ ജീവന്‍ രക്ഷിച്ച സ്ത്രീ എന്ന നിലയില്‍ പില്‍ക്കാലത്തും ഇവരുമായി ഫോണില്‍ ബന്ധപ്പെടാറുമുണ്ടായിരുന്നു. അങ്ങനെ ഒരുതവണ വിളിച്ചപ്പോഴാണ് പത്രപ്രവര്‍ത്തകന്‍ വിളിക്കുമെന്നും അദ്ദേഹം ചോദിച്ചാല്‍ വൃക്ക വെറുതെ ദാനം ചെയ്തതാണെന്നും പറയാനായി ഷാഫിയോട് പറയുന്നത്. ഇതൊരു പത്രവാര്‍ത്തയാക്കരുതെന്ന് ഷാഫി പറഞ്ഞെങ്കിലും അതൊരു പത്രവാര്‍ത്തയായി. പണം വാങ്ങിയാണെങ്കിലും തന്റെ അവയവം പകുത്തു നല്‍കാന്‍ തയ്യാറായ യുവതി സമൂഹത്തിനു ഒരു പ്രജോദനമാകട്ടെ എന്ന് കരുതി ആ വാര്‍ത്തയോട് പ്രതികരിക്കുകയോ മറ്റു നടപടികള്‍ സ്വീകരിക്കുകയോ ഒന്നും ചെയ്തില്ല.

കുറച്ചു കാലങ്ങള്‍ക്ക് ശേഷം ഹരിപ്പാട് നിന്ന് മധു എന്നയാള്‍ ഒരധ്യാപകന്‍ എന്ന വ്യാജേന ഷാഫിയെ വിളിക്കുന്നത്. കുട്ടികള്‍ക്ക് പഠനവിഷയമാക്കാനയി ഷാഫിയുടെ രോഗവും അനുബന്ധ ബുദ്ധിമുട്ടുകളും ചോദിച്ചറിഞ്ഞ് വിവവരങ്ങള്‍ ശേഖരിച്ചു. മാധ്യമം ഞായറാഴ്ച പതിപ്പില്‍ അതച്ചടിച്ചുവരുമ്പോഴാണ് ഇതൊരു ട്രാപ്പായിരുന്നു എന്ന് മനസ്സിലാക്കുന്നത്. മാധ്യമം ഒന്നൂടെ കടന്ന് ലേഖ നമ്പൂതിരി തന്റെ വളവിറ്റു ഷാഫിയുടെ ചികിത്സക്കായി ചിലവഴിച്ചു എന്നും എഴുതിപ്പിടിപ്പിച്ചു. അറുപത് ലക്ഷം രൂപയുടെ ഭീമമായെ ഒരു ചികിത്സാ ബഡ്ജറ്റായിരുന്നു ഷാഫിയുടേത്. കുടുംബങ്ങളില്‍നിന്ന് തന്നെയുള്ള സഹായങ്ങളും വസ്തുക്കള്‍ വിറ്റുമാണ് അത്രയും സംഖ്യ സ്വരൂപിക്കുന്നത്. മാധ്യമത്തില്‍ വീണ്ടും വാര്‍ത്തവന്നപ്പോള്‍ തന്നെ അധ്യാപകനെന്ന വ്യാജേന വിളിച്ചയാളെ ഷാഫി വിളിച്ചു. വളരെ മോശമായ ഭാഷയിലായിരുന്നു അയാള്‍ പ്രതികരിച്ചതെന്നാണ് ഷാഫി പറയുന്നത്.

ലേഖ അസുഖ ബാധിതയായി, ജന്മഭൂമി പത്രത്തിലാണ് ആദ്യം ആ വാര്‍ത്ത വന്നത് (താന്‍ വൃക്ക പകുത്തു നല്‍കിയ യുവാവിന്റെ കുടുംബം പോലും തന്നെ തള്ളിപ്പറഞ്ഞു എന്ന് കൂടി എഴുതിപ്പിടിപ്പിച്ച വാര്‍ത്ത), മാതൃഭൂമി ആ വാര്‍ത്ത ഏറ്റുപിടിച്ചു. ഷാഫി ഇതിനിടയിലും ലേഖയുടെ വിവരങ്ങളന്വേഷിച്ചു ഫോണ്‍ കോളുകള്‍ തുടര്‍ന്നു. ലേഖ കിടപ്പിലാണെന്നറിഞ്ഞപ്പോള്‍ ഷാഫിയുടെ 1996 സ്‌കൂള്‍ ബാച്ചിലെ വാട്‌സപ്പ് ഗ്രൂപ്പ് ഒരു സംഖ്യ സമാഹരിച്ച് തരാമെന്ന് ഷാഫിയോട് പറയുകയും അത് പ്രകാരം വീണ്ടും വിളിക്കുകേം ചെയ്തു, അപ്പോഴേക്കും അവരുടെ ചികിത്സാ ചിലവ് സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.'


ഇതാണ് ഷാഫിയുടെ വിശദീകരണം. എന്നാല്‍, പ്രതിഫലമേതുമില്ലാതെ സ്വന്തം വൃക്ക മുറിച്ചു നല്‍കിയിട്ടും വൃക്ക ദാദാവിനെ നിഷ്‌കരുണം തള്ളിപ്പറഞ്ഞ ആ യുവാവിനെതിരെ സമൂഹത്തില്‍ നിന്നും അതിരൂക്ഷമായ എതിര്‍പ്പാണ് വന്നിരുന്നത്. ഇതുതന്നെയാവാം ഇത്തരമൊരു വിശദീകരണവുമായി മുന്നോട്ടു വരാന്‍ ഈ യുവാവിനെ പ്രേരിപ്പിച്ചതും.

ഒരു വൃക്ക ഏജന്റിനാല്‍ ചതിക്കപ്പെട്ട്, പ്രതീക്ഷയറ്റ്, പണമേതുമില്ലാതെ, മരണം മാത്രം മുന്നില്‍ കണ്ട ഒരവസരത്തിലാണ് ലേഖ നമ്പൂതിരി ഷാഫിയെ കാണുന്നത്. ഇത്തരമൊരവസ്ഥയില്‍ നിന്നും നാലുലക്ഷം രൂപ ഇദ്ദേഹം ഉണ്ടാക്കിയത് എങ്ങനെയെന്ന് അറിവില്ല. അത്തരത്തില്‍, നാലുലക്ഷം പെട്ടെന്നു തന്നെ ഉണ്ടാക്കാന്‍ കഴിയുമായിരുന്നുവെങ്കില്‍, ഒരിക്കലും ഷാഫിക്ക് നിരാശനായി, മരണത്തെ മുന്നില്‍ കണ്ട് ജീവിക്കേണ്ട കാര്യവുമില്ല. വൃക്ക സ്വീകരിക്കുന്ന കരാറില്‍ ഒപ്പിട്ടതുമുതല്‍ അതു ദാനം ചെയ്തു കഴിഞ്ഞും അതിനു ശേഷവും പലപ്പോഴായി പണം നല്‍കിയെന്നും അത് എട്ടു ലക്ഷത്തിനു മുകളിലാണെന്നും ഷാഫി പറയുന്നു. ഇത്രയും പണം നിര്‍ദ്ധനനായ ഈ മനുഷ്യന്‍ ഉണ്ടാക്കിയത് എങ്ങനെ...? ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കേ, ലേഖ നമ്പൂതിരിയുടെ വാദമുഖങ്ങള്‍ക്കാണ് കൂടുതല്‍ വിശ്വാസ്യത. ലേഖ നമ്പൂതിരിയെ മാലോകര്‍ വാഴ്ത്തുന്നതും ആ വാഴ്ത്തലില്‍ താന്‍ ചെറുതായിപ്പോയി എന്ന് ഈ യുവാവിനു തോന്നുകയും ചെയ്തുവോ... ലേഖയുടെ ഇതുവരെയുള്ള ജീവിതം പരിശോധിച്ചാല്‍, ഇതുവരെയും അവര്‍ ചെയ്തത് പുണ്യപ്രവൃത്തികളായിരുന്നു. പണത്തിനു വേണ്ടിയായിരുന്നുവെങ്കില്‍, സ്വന്തം വൃക്കയ്ക്ക് 7 ലക്ഷത്തിലേറെ പ്രതിഫലം അവര്‍ക്കു കിട്ടുമായിരുന്നല്ലോ. എന്തിനവര്‍ നിര്‍ദ്ധനനായ ഒരു യുവാവിന് വൃക്ക നല്‍കണം? സമ്പന്നരായ, വൃക്ക ആവശ്യമുള്ള ഒട്ടനേകം പേര്‍ കേരളത്തില്‍ ഉണ്ടെന്നിരിക്കെ, പണത്തിനു വഴിയില്ലാത്ത ഷാഫിക്ക് എന്തിനു വൃക്ക നല്‍കണം...?

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.