Header Ads

കൊന്നവനെ കൊല്ലാന്‍ നടക്കുന്ന കേരളീയ സമൂഹമേ.... നാണമില്ലേ നിങ്ങള്‍ക്ക്....?


ഇടുക്കി ചേലച്ചുവിനടുത്ത് ചുരുളിയില്‍, പത്തിലും എട്ടിലും പഠിക്കുന്ന രണ്ടു പെണ്‍കുഞ്ഞുങ്ങളെ സ്വന്തം പിതാവ് ഒരു വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചു. അത്ര കഴിവില്ലാത്ത ആ കുട്ടികളുടെ അമ്മയെ അയാള്‍ അതിക്രൂരമായി ഉപദ്രവിക്കുമായിരുന്നു. ഒരിക്കല്‍, വെട്ടുകത്തി ഉപയോഗിച്ച് അയാള്‍ ആ സ്ത്രീയുടെ തല വെട്ടി മുറിച്ചു. പിന്നീട്, പോലീസ് സ്‌റ്റേഷനില്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി, ആ സ്ത്രീയെ അയാളോടൊപ്പം ജീവിക്കാന്‍ വിടുകയായിരുന്നു. അങ്ങനെ, വീണ്ടും ഒരുമിച്ചു ജീവിക്കുന്നതിനിടയിലാണ് അതിഹീനമായ ആ സംഭവം നടന്നത്. അയാളുടെ മൂന്നു പെണ്‍മക്കളില്‍ മൂത്ത രണ്ടു കുട്ടികളുടെ നേര്‍ക്കായിരുന്നു ഇയാളുടെ പരാക്രമം. പിതാവിന്റെ പീഡനത്തെ മൂത്തപെണ്‍കുട്ടി അതിശക്തമായി എതിര്‍ത്തു. അതോടെ ഇയാള്‍ തന്റെ രണ്ടാമത്തെ കുട്ടിയെ കാമപൂര്‍ത്തീകരണത്തിനായി ഉപയോഗിക്കുകയായിരുന്നു. പേടികൊണ്ട് കുട്ടികള്‍ വിവരം പുറത്തു പറഞ്ഞില്ല. ഒടുവില്‍, സ്‌കൂളില്‍ കൗണ്‍സിലിംഗിനിടയില്‍, സംഭവം വെളിച്ചത്തായി. അയാളെ പോലീസ് അറസ്റ്റു ചെയ്തു. ഇപ്പോള്‍ വിചാരണ കാത്ത് ജയിലില്‍ കിടക്കുന്നു.

പറക്കമുറ്റാത്ത 3 കുഞ്ഞുങ്ങളും അവരുടെ അമ്മയും അങ്ങനെ ജീവിതവഴിയില്‍ പകച്ചു നില്‍ക്കുമ്പോള്‍, ചുരുളി പള്ളിയിലെ ചില സിസ്റ്റേഴ്‌സ് അവള്‍ക്കൊരു ജീവിത മാര്‍ഗ്ഗം കാണിച്ചു കൊടുത്തു. ഹോം നഴ്‌സിംഗ്. ഒരു മാസം ഏതെങ്കിലും ഒരു വീട്ടില്‍ രോഗിയെയും അവരുടെ കുടുംബാംഗങ്ങളെയും പരിചരിക്കുക. അടുത്ത മാസം വേറൊരു വീട്ടില്‍. പീഡനത്തിനിരയായ രണ്ടു കുഞ്ഞുങ്ങളെ ഭര്‍ത്താവിന്റെ അനുജന്റെ വീട്ടിലും (തെളിവെടുപ്പു നടക്കുന്നതിലാല്‍, പീഡനം നടന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും മാറിത്താമസിക്കാന്‍ ഇരകള്‍ക്ക് അനുവാദമില്ല) ഏറ്റവും ഇളയ കുഞ്ഞിനെ തൊടുപുഴയിലെ ഒരു മഠത്തിലും കൊണ്ടാക്കിയ ശേഷം ആ അമ്മ ആ ജോലിക്കു പോയിത്തുടങ്ങി. ആ കുടുംബം കഷ്ടപ്പാടുകളില്‍ നിന്നും കൊടിയ പട്ടിണിയില്‍ നിന്നും സാവധാനം കരകയറാനും ആരംഭിച്ചു.

എന്നാല്‍, ഈ കുടുംബത്തെ ഏതു വിധത്തിനും ഭൂമുഖത്തു നിന്നും തുടച്ചു നീക്കാന്‍ ആഗ്രഹിച്ച് വേറൊരു കൂട്ടര്‍ നടക്കുന്നു. അവരുടെ പേരത്രെ, അയല്‍ക്കാര്‍...! മക്കളെ പീഡിപ്പിച്ച ആ നെറികെട്ടവന്‍ അയല്‍ക്കാരോട് മോശമായി പെരുമാറി പോലും. ആ തെറ്റു ചെയ്തവനോട് അക്കാര്യം ചോദിക്കുന്നതിനു പകരം, അവന്‍ ജയിലില്‍ ആയശേഷം ആ പാവപ്പെട്ട സ്ത്രീയോട് പ്രതികാരത്തിന് ഇറങ്ങിയിരിക്കുന്നു ആ നല്ല അയല്‍ക്കാര്‍...! 'നശിച്ചു കെട്ടു പോയി എന്നു കരുതിയപ്പോള്‍ വീണ്ടും ഉയര്‍ത്തിക്കൊണ്ടു വരുന്നു' പോലും...! 'കന്യാസ്ത്രീകള്‍ക്ക് വേറെ യാതൊരു പണിയുമില്ല' പോലും...! വേനല്‍ കടുത്ത്, കുടിവെള്ളം മുട്ടിയപ്പോള്‍, അയല്‍ വീട്ടില്‍ കുറച്ചു വെള്ളത്തിനായി ചെന്നു ആ സ്ത്രീ. പക്ഷേ, അയല്‍ക്കാര്‍ അത് അനുവദിച്ചില്ല. കാരണം ഒന്നേയുള്ളു, ആ സ്ത്രീയുടെ ഭര്‍ത്താവ് അയല്‍ക്കാരെ ചീത്ത വിളിച്ചിട്ടുണ്ട്. അതിനാല്‍, അയാളുടെ ഭാര്യയ്ക്കും മക്കള്‍ക്കും ഒരു തുള്ളി വെള്ളം പോലും കൊടുക്കില്ല എന്ന്...!

 ************************************************************

നാലു വയസുകാരി അക്‌സ ഒരു നോവായി ഇപ്പോഴും മലയാളികളുടെ മനസിലുണ്ട്. അമ്മയുടെ കാമുകന്മാരാല്‍ ബലാത്സംഗം ചെയ്യപ്പെട്ട് കുഴിച്ചു മൂടപ്പെട്ട ഒരു നാലു വയസുകാരി. വൈകിട്ട്, സ്‌കൂള്‍ വിട്ടു വന്ന ആ കുരുന്ന് ഭക്ഷണം കഴിച്ചു തീരുന്നതും നോക്കി, കാമാര്‍ത്തിയോടെ ആ പിശാചുക്കളിരുന്നു. എന്നിട്ട്, ആ കുരുന്നിനെ അവരിരുവരും കൂടി പച്ചക്കു തിന്നു...!! ആ കുഞ്ഞും ഉറക്കെ കരഞ്ഞിരിക്കാം. രക്ഷയ്ക്കു വേണ്ടി നിലവിളിച്ചിരിക്കാം. ആരും കേട്ടില്ല, അല്ലെങ്കില്‍ ആ കരച്ചില്‍ കേള്‍ക്കാനോ ആ കുരുന്നിനെ രക്ഷിക്കാനോ ഒരാള്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല...!
************************************************

ലൈംഗികാധിക്രമത്തെക്കുറിച്ച് പരാതി പറഞ്ഞാല്‍, സ്ത്രീകളടക്കമുള്ള സമൂഹം, പരാതി പറഞ്ഞവര്‍ക്കു നേരെ കുരച്ചു കൊണ്ടു ചാടും, നീ വലിയ സാവിത്രി ചമയേണ്ടെടി ചൂലേ എന്ന് അട്ടഹസിക്കും. അതോടെ പരാതിക്കാരുടെ നാവടയും. ഇത്തരം അടക്കിനിര്‍ത്തലുകള്‍ സഹിച്ചും പരാതിയുമായി മുന്നോട്ടു പോകുന്നവരെ തന്റേടിയെന്നു മുദ്രകുത്തി അടിച്ചിരുത്താന്‍ നോക്കും. മറഡോണയെ കെട്ടിപ്പിടിച്ചു ചുംബിച്ച രഞ്ജിനി ഹരിദാസ് സദാചാരത്തെക്കുറിച്ചു സംസാരിക്കേണ്ടെന്ന് നാട്ടുകാരങ്ങു തീരുമാനിച്ചു. മാനം വിറ്റു ജീവിക്കുന്ന സ്ത്രീയാണെങ്കില്‍ പോലും അവരുടെ അനുവാദമില്ലാതെ അവരുടെ ശരീരത്തില്‍ തൊടാന്‍ ആര്‍ക്കും അധികാരമില്ല എന്ന സത്യം കേരളീയര്‍ക്ക് ഓര്‍ക്കാന്‍ പോലും ഇഷ്ടമില്ല. അവര്‍ക്കു കൊടുത്തില്ല, പിന്നെ എനിക്കു തന്നാലെന്താ എന്ന ന്യായം.

*************************************************************

ഇപ്പോള്‍ കേരളം സംസാരിക്കുന്നത്, പെരുമ്പാവൂരില്‍, ജിഷ എന്ന നിയമവിദ്യാര്‍ത്ഥിയുടെ അരുംകൊലയെക്കുറിച്ചാണ്. പാവപ്പെട്ട ഒരമ്മയുടെ ഇത്രനാളുമുള്ള കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ഫലം ഒരു മനുഷ്യപ്പിശാച് തല്ലിക്കെടുത്തിയിരിക്കുന്നു. പക്ഷേ, അതിനേക്കാള്‍ എത്രയോ ഭീകരമാണ് ആ പിശാചിന് ഒത്താശ ചെയ്ത, പ്രതികരണ ശേഷി പണയം വച്ച അയല്‍ക്കാര്‍! അത്രയും ക്രൂരമായി ഒരു പെണ്‍കുട്ടി കൊലചെയ്യപ്പെട്ടിട്ടും അത് മൂടിവയ്ക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച പോലീസും രാഷ്ട്രീയ പ്രവര്‍ത്തകരും..!

ഏപ്രില്‍ 28ന് വൈകിട്ടാണ് പെരുമ്പാവൂര്‍ കുറുപ്പുംപടി കനാല്‍ബണ്ട് പുറമ്പോക്കിലെ ഒറ്റമുറിവീട്ടില്‍, കുറ്റിക്കാട്ടുവീട്ടില്‍ രാജേശ്വരിയുടെ രണ്ടാമത്തെ മകള്‍ മുപ്പത് വയസുള്ള ജിഷമോള്‍ അതിദാരുണമായി കൊലചെയ്യപ്പെട്ടത്. ഇത്രയും ദിവസം പിന്നിട്ടിട്ടും പൊലീസ് അന്വേഷണം ഇത്തിരിപോലും മുന്നോട്ടുപോയിട്ടില്ല. ജിഷയുടെ മൃതദേഹം പരിശോധിച്ച ഫോറന്‍സിക് സര്‍ജന്‍, തന്റെ ഔദ്യോഗിക ജീവിതത്തില്‍ ഇത്രയും മൃഗീയമായ രീതിയില്‍ പീഡിപ്പിക്കപ്പെട്ട ശരീരം ഇതിന് മുന്‍പ് കണ്ടിട്ടില്ലെന്നാണ് പറഞ്ഞത്. തലയ്ക്കും കഴുത്തിലും കമ്പിവടികൊണ്ടുള്ള അടിയും ശരീരത്തിന്റെ പലഭാഗങ്ങളിലും കത്തിപോലെ മൂര്‍ച്ചയേറിയ ആയുധംകൊണ്ടുള്ള മുപ്പതിലധികം മുറിവുകളും ആ പെണ്‍കുട്ടിയുടെ ശരീരത്തിലുണ്ട്. ഇതൊന്നും പോലീസിനെ അലട്ടിയില്ല. തലയ്ക്കടിയേറ്റ് പെണ്‍കുട്ടി മരിച്ചു എന്ന ലേബലില്‍ പൊലീസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ച കേസാണത്.

ഒരു വീട്ടില്‍ കരച്ചിലും ബഹളവും കേട്ടാല്‍, തൊട്ടടുത്ത വീട്ടുകാര്‍പോലും തിരിഞ്ഞു നോക്കാതിരിക്കുന്നതാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതിന് പ്രധാന കാരണം. പെരുമ്പാവൂരില്‍ പോലീസ് കാണിച്ചത് തോന്ന്യാസം തന്നെ. പക്ഷേ, അതിനേക്കാള്‍ വലിയ കുറ്റമാണ് സമൂഹം ഇക്കാര്യത്തില്‍ കാണിച്ചത്. വീഴാന്‍ പോകുന്ന ഒരാള്‍ക്ക് ഒരു തള്ളുകൂടി കൊടുക്കുന്നതാണ് വീഴാതെ താങ്ങുന്നതിനെക്കാള്‍ നല്ലതെന്ന് കേരളീയ സമൂഹം ഇന്ന് അടിയുറച്ചു വിശ്വസിക്കുന്നു. വീഴാന്‍ പോകുന്നവനെ താങ്ങിയാല്‍ ചിലപ്പോള്‍ താങ്ങുന്നവനും വീണാലോ...???

ബാംഗ്ലൂരിലെ പെണ്‍കുട്ടിയെ പിടിച്ചുകൊണ്ട് പോകുന്നസമയത്തും, അവിടെയുണ്ടായിരുന്ന ഒരാള്‍പോലും ആ പെണ്‍കുട്ടിയെ സഹായിക്കുവാന്‍ എത്തിയില്ല. ഉത്തരേന്ത്യയില്‍, ഓഫീസില്‍ ജോലി ചെയ്തിരുന്ന ഒരു പെണ്‍കുട്ടിയെ പട്ടാപ്പകല്‍ ഒഫീസില്‍ നിന്നും എടുത്തുകൊണ്ടുപോയവനെയും ആരും തടഞ്ഞില്ല. അത്തരം സംഭവങ്ങള്‍ കേരളത്തിനു വെളിയിലാണെന്നും കേരളീയര്‍ പ്രതികരണ ശേഷി ഉള്ളവരാണെന്നും വെറുതെ സമാധാനിക്കേണ്ട.

കേരളീയര്‍ക്കു താല്‍പര്യം താലിബാന്‍ മോഡല്‍ ഭരണ പരിഷ്‌കാരങ്ങള്‍ സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കാനാണ്. സൗദിയിലെ തലവെട്ടു നിയമം ഇന്ത്യയില്‍ നടപ്പിലാക്കാനാണ്. അതിക്രമത്തിന് ഇരയായവര്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം പ്രതിഷേധം അണപൊട്ടിയൊഴുകും. ചുറ്റും നടക്കുന്ന നീതികേടുകള്‍ക്കെതിരെ പ്രതികരിക്കാന്‍ ഒരുവന്‍ പോലുമുണ്ടാകില്ല. അതിനുകൂടി പകരം അതിക്രമത്തില്‍ നിന്നും രക്ഷപ്പെട്ടുവരുന്ന ഇരയെ ചട്ടം പഠിപ്പിക്കാനായിരിക്കും എല്ലാവര്‍ക്കും താല്‍പര്യം. തലവെട്ടണം, കൊല്ലണം, അവനെ ജനങ്ങള്‍ക്കു വിട്ടുകൊടുക്കണം. എങ്ങും ആക്രോശങ്ങളാണ്. രാഷ്ട്രീയക്കാരും സിനിമാ നടീനടന്മാരും എല്ലാവരും പറയുന്നു, നടപ്പാക്കേണ്ടത് ജനങ്ങളുടെ കാട്ടു നീതിയാണെന്ന്...!

സദാചാരത്തിന്റെ മൂടുപടമണിഞ്ഞ കപടമലയാളി സമൂഹമേ... നാണമില്ലേ നിങ്ങള്‍ക്ക്....??? അല്പമെങ്കിലും നാണവും മാനവും മലയാളികള്‍ക്ക് ഉണ്ടായിരുന്നുവെങ്കില്‍ ബലാത്സംഗത്തിന് ഇരയാകുന്നവര്‍ ആജീവനാന്തം നിബന്ധിത തടവറയില്‍ അവരുടെ ജീവിതം ഹോമിക്കില്ലായിരുന്നു. പെണ്ണിനെ ചട്ടം പഠിപ്പിക്കാന്‍ നിങ്ങള്‍ തയ്യാറാവില്ലായിരുന്നു. നിങ്ങള്‍ക്കു വേണ്ടത് ഇരയുടെ കുത്തിക്കീറപ്പെട്ട ജീവനറ്റ ശരീരമാണ്. കൊന്നവനെ പച്ചക്കു കൊളുത്തണം പോലും....! നിങ്ങളുടെ കണ്‍മുന്നിലിട്ടല്ലേ ഇവരെ പിച്ചിച്ചീന്തിയത്...? നിങ്ങളുടെ സഹായത്തിനു വേണ്ടിയല്ലേ ഇവര്‍ കരഞ്ഞു കേണത്...? അപ്പോള്‍ നിങ്ങളുടെ ചെവി പൊട്ടിപ്പോയിരുന്നോ...? കാണാന്‍ കഴിയാത്ത വിധം നിങ്ങളുടെ കണ്ണുകളില്‍ തിമിരം ബാധിച്ചിരുന്നോ...?? ജീവിച്ചിരിക്കുമ്പോള്‍ കിട്ടാത്ത നീതി മരിച്ച ശേഷം എന്തിന്...?????

2 അഭിപ്രായങ്ങൾ:

Blogger പിന്തുണയോടെ.