Header Ads

പെണ്ണേ....!! നീ പാവമാവരുത്....!!!


നിങ്ങളുടെ മകള്‍ ബലാത്സംഗത്തിന് ഇരയാകരുത് എന്ന് നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ....?എങ്കില്‍, നിങ്ങളുടെ പെണ്‍മക്കളെ തന്റെടികളായി, എല്ലാ സ്വാതന്ത്ര്യവും നല്‍കി വളര്‍ത്തുക. അവളുടെ സ്ഥാനം നിങ്ങളുടെ കുടുംബത്തിലെ ആണിന്റെ താഴെയല്ല എന്ന് അറിയുക. അവള്‍ക്ക് വീട്ടില്‍ തുല്യപ്രാധാന്യം നല്‍കുക. 'നീ പെണ്ണാണ്, നീ ഇതു ചെയ്യരുത്, നീ കാലു പൊക്കരുത്, ആണിനു നേരെ കൈ ഉയര്‍ത്തരുത്, അവനെപ്പോലെ നീ ശബ്ദമുയര്‍ത്തരുത്, അവനോട് കയര്‍ക്കരുത്, അവനോടൊപ്പം ഇരിക്കരുത്, മിണ്ടരുത്, നീ പെണ്ണാണ്, അവന്‍ ഒപ്പമില്ലെങ്കില്‍ നിനക്ക് നിന്നെ പ്രതിരോധിക്കാന്‍ ആവില്ല, നീ അബലയാണ്. എല്ലാം സഹിക്കേണ്ടവളാണ്. നിനക്കു മുന്നിലുള്ള ഏക വഴി ഇരുട്ടു വീഴുന്നതിനു മുന്‍പ് വീട്ടിലെത്തുക. മോഡേണ്‍ വസ്ത്രങ്ങള്‍ ധരിക്കാതിരിക്കുക. 'വെറുതെ ശാന്തനായിരിക്കുന്ന' പുരുഷന്മാരെ കാമകേളിയ്ക്കു വേണ്ടി പ്രകോപിപ്പിക്കാതിരിക്കുക! ഇത്തരം വര്‍ത്തമാനങ്ങള്‍ ഒഴിവാക്കുക! അവള്‍ കരുത്തയാവട്ടെ. അവളെ സംരക്ഷിക്കാന്‍ അവള്‍ക്കു കെല്‍പ്പുണ്ടാകട്ടെ.

സ്വയം പ്രതിരോധിക്കുന്ന പെണ്ണിനെ തന്റേടി എന്നാക്ഷേപിച്ച് അടിച്ചിരുത്താന്‍ നോക്കുന്നവരാണ് കേരളീയ സമൂഹം. സ്വന്തമായി തീരുമാനമെടുക്കാന്‍ കഴിയുള്ള, സ്വയം കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള പെണ്ണിനെ വിവാഹ കമ്പോളത്തില്‍ ആര്‍ക്കും വേണ്ട. പകരം, ദൈവഭയമുള്ള, എല്ലാം അനുസരിക്കുന്ന, സഹിക്കുന്ന, സര്‍വ്വം സഹയായ പെണ്ണിനെ മതി എല്ലാവര്‍ക്കും!

കഴിഞ്ഞ ദിവസം ബാംഗ്ലൂരില്‍, രാത്രി ഏതാണ്ട് ഒന്‍പതു മണിയ്ക്ക് ഒറ്റയ്ക്ക് 'ടൈറ്റ് ജീന്‍സ്' ഇട്ടു നടന്ന പെണ്‍കുട്ടിയെ ബസ് സ്‌റ്റോപ്പില്‍ നിന്ന് ഒരാള്‍ പൊക്കിയെടുത്ത് അടുത്ത കെട്ടിടത്തിലേയ്ക്ക് കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ധൈര്യത്തോടെ ശക്തമായി പ്രതിരോധിച്ച് ഉച്ചത്തില്‍ ശബ്ദമുണ്ടാക്കി ആളുകളുടെ ശ്രദ്ധയില്‍ വരുത്തി അവള്‍ രക്ഷപ്പെട്ടു. അവള്‍ പാവമായിരുന്നുവെങ്കില്‍, ഇരു കൈകളും കൂപ്പി അവള്‍ കെഞ്ചിയേനെ, 'എന്റെ മാനം നശിപ്പിക്കല്ലേ' എന്ന്. പെണ്ണിന്റെ മാനമെന്നാല്‍ എന്തോ വലിയ തേങ്ങയാണെന്ന മട്ടില്‍, അവനവളെ പിച്ചിച്ചീന്തും. എന്നിട്ട് മറ്റുള്ളവരുടെ മുന്നില്‍ അവളുടെ മാനമെടുത്തതിന്റെ കഥ വിളമ്പുകയും ചെയ്യും.

പെണ്‍കുട്ടികളെ ഈ വിധം പാവമാക്കരുത്. കാമഭ്രാന്തുള്ള പുരുഷന്മാര്‍ക്കു വേണ്ടി മിണ്ടാപ്രാണികളായ ഇറച്ചിക്കോഴികളായി അവളെ വളര്‍ത്തരുത്. അവള്‍ക്ക് ശബ്ദം കൊടുക്കുക. ഉയര്‍ത്താന്‍ സ്വാതന്ത്ര്യമുള്ള കൈകള്‍ കൊടുക്കുക. അവളെ ലോകത്തിലേയ്ക്ക് ഇറക്കി വിടുക. ഒറ്റയ്ക്ക് പ്രതിരോധിച്ച്, ധൈര്യമുണ്ടായി തന്നെ അവള്‍ വളരട്ടെ. അവളെ തൊടാന്‍ ലോകം ഭയക്കും!' ഭയക്കണം, എങ്കില്‍ മാത്രമേ അവള്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ കുറയുകയുള്ളു.

ഇക്കാര്യങ്ങളൊന്നുമോര്‍ക്കാതെ, അവളെ ചട്ടം പഠിപ്പിക്കാനാണ് എല്ലാവര്‍ക്കും ഉല്‍സാഹം. അവളുടെ വസ്ത്രമാണത്രെ പ്രശ്‌നം. അവളുടെ നടപ്പാണത്രെ, അവളുടെ കൂട്ടുകെട്ടാണത്രെ, അവള്‍ വീട്ടില്‍ നിന്നും പുറത്തിറങ്ങിയതാണത്രെ...!! അവള്‍ ചാടരുത്, ഓടരുത്...അവള്‍ക്കു നൂറു വിലക്ക്, അവനാണെങ്കിലോ സര്‍വ്വ സ്വാതന്ത്ര്യവും...!!

സ്‌കൂളുകളില്‍ പാവാട നിരോധിക്കാന്‍ എം.എല്‍.എ. സ്ഥാനത്തിരിക്കുന്നവര്‍ പോലും ആവശ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. 'സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെ ബലാത്സംഗത്തിന്റെ കാരണമായി എത്ര അനായാസമായാണ് ഫെയ്‌സ്ബുക്ക് പോലുളള ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ പലരും വിധിയെഴുതുന്നത്. ഡല്‍ഹിയില്‍ യുവതി ക്രൂരമായ കൂട്ടമാനഭംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച ദാരുണ സംഭവമാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്.

പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് ആണുങ്ങളില്‍ കാമതൃഷ്ണയുണര്‍ത്തും, അതുകൊണ്ട് സ്‌കൂളുകളില്‍ പാവാട നിരോധിക്കണം ഇതാണ് രാജസ്ഥാനിലെ ബി.ജെ.പി. എം.എല്‍.എ.യുടെ വാദം. അടുത്തകാലം വരെ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മാറുമറയ്ക്കുക പോലുമില്ലായിരുന്നു. മാറുമറയ്ക്കാന്‍ 'മുലക്കരം' നല്‍കേണ്ടിയിരുന്ന നാടാണിത്! അന്ന് ആണുങ്ങള്‍ക്ക് കാമതൃഷ്ണ ഉണ്ടായിരുന്നില്ല എന്നാണോ മനസിലാക്കേണ്ടത്. അതോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കണ്ടുപിടിത്തമാണോ ബലാത്സംഗം എന്നത്??

പെണ്ണിന്റെ തുണി അല്‍പമൊന്നുമാറിയപ്പോള്‍, പരമസാത്വികനായ ഒരു പാട്ടുകാരനു പോലും മനസിളകിപ്പോയി!! സ്ത്രീകള്‍ക്ക് അത്തരം വേഷങ്ങള്‍ വേണ്ട എന്ന് അതേനിമിഷം ആ മനുഷ്യന്‍ തീരുമാനമെടുത്തു. അത് കേരളത്തില്‍ വന്‍ കോളിളക്കമാണ് ഉണ്ടാക്കിയത്. പെണ്ണേ, നീ അടങ്ങിയിരുന്നില്ലെങ്കില്‍ നിന്റെ ഗര്‍ഭപാത്രം ഉടഞ്ഞു പോകുമെന്ന് രജത് കുമാറിനെപ്പോലുള്ള ചില പണ്ഡിതന്മാര്‍....! കൂടെ സദാചാരത്തിന്റെ മൊത്തക്കച്ചവക്കാരും!! പെണ്ണ് അങ്ങനെ നടക്കരുത്, അങ്ങനെ വസ്ത്രം ധരിക്കരുത്, അവിടെ പോകരുത്, ഇരിക്കരുത്, നടക്കരുത് എന്നിങ്ങനെ നിയമങ്ങള്‍ എത്രയോ എത്രയോ...

ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്.നേതാവ് മോഹന്‍ ഭഗവത് പറഞ്ഞത്, 'ഇന്ത്യയിലാണ് ബലാത്സംഗം നടക്കുന്നത്, ഭാരതത്തിലല്ല' എന്ന അത്യുഗ്രന്‍ കണ്ടുപിടിത്തമായിരുന്നു അങ്ങേരുടേത്. ഇന്ത്യ എന്നാല്‍ നഗരവത്കൃത ഇന്ത്യ. നഗരങ്ങള്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമുള്ള ഇടങ്ങളാണ്. അവിടെയാണ് ബലാത്സംഗം. ഭാരതമെന്നാല്‍, ഗ്രാമീണ ഇന്ത്യ. അവിടെ ബലാത്സംഗങ്ങള്‍ കുറവാണ്.

എന്നാല്‍, പിറ്റെദിവസം ദേശീയമാധ്യമങ്ങള്‍ നേതാവിന്റെ വാദം കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി. രാജ്യത്ത് 75 ശതമാനം ബലാത്സംഗങ്ങളും നടക്കുന്നത് ആദിവാസി, ഗോത്ര മേഖലകള്‍ ഉള്‍പ്പടെയുള്ള ഗ്രാമങ്ങളിലോ നാട്ടിന്‍പുറങ്ങളിലോ ആണ്. 25 ശതമാനം സംഭവങ്ങളേ നഗരങ്ങളില്‍ അരങ്ങേറുന്നുള്ളൂ. 'പാശ്ചാത്യ സ്വാധീന'മെന്ന നേതാവിന്റെ ന്യായത്തെ മാത്രമല്ല, മാന്യമായി വസ്ത്രം ധരിക്കാത്തതാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് വാദിക്കുന്നവരെയും ഈ കണക്ക് ആശയക്കുഴപ്പത്തിലാക്കും, ഉറപ്പ്. നഗരത്തിലാണല്ലോ ഫാഷനനുസരിച്ചുള്ള 'പ്രകോപനപരമായ' വസ്ത്രധാരണം. ഗ്രാമങ്ങളില്‍ ഏതായാലും 'മാന്യമായി വസ്ത്രം ധരിക്കാതെ' സ്ത്രീകള്‍ പുറത്തിറങ്ങാന്‍ സാധ്യത കുറവാണല്ലോ. പക്ഷേ, ബലാത്സംഗം കൂടുതലും ഗ്രാമങ്ങളില്‍!

അപ്പോള്‍, 'മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെ കൂട്ടുപിടിച്ച് ബലാത്സംഗത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലും, 'വസ്ത്രധാരണം മാന്യമായാല്‍' ബലാത്സംഗം കുറയുമെന്ന വാദത്തിലും കാതലായ എന്തോ പ്രശ്‌നമുണ്ട്.

ബലാത്സംഗത്തെ ചെറുക്കാന്‍ മാന്യമായ വസ്ത്രം ധരിക്കണം എന്ന വാദം ജനങ്ങളെ എവിടെയാണ് എത്തിക്കുകയെന്ന് ഇത്തരം വാദമുന്നയിക്കുന്നവര്‍ ആലോചിക്കാറില്ല. എന്നാല്‍, വേറെ ചിലരുണ്ട്. അവര്‍ ഇതുന്നയിക്കുമ്പോള്‍, സാദാചാര പോലീസ് അവര്‍ക്കുള്ളിലിരുന്ന് പല്ലിളിക്കുന്നത് കാണാന്‍ കഴിയും. അത്തരക്കാരെ സമൂഹം സൂക്ഷിക്കണം.

ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഏറ്റവും കാതലായ ചോദ്യം, ഒരാള്‍ വസ്ത്രധാരണം നടത്തുന്നത് എങ്ങനെ വേണം എന്ന് നിശ്ചയിക്കാനുള്ള അവകാശം വേറൊരാള്‍ക്കുണ്ടോ എന്നതാണ്. മതപരമായ ചില സ്ഥാപനങ്ങളിലും സ്‌കൂളുകളിലും യൂണിഫോം നിര്‍ബന്ധമാണ്, അത് ഇഷ്ടമില്ലാത്തവര്‍ അങ്ങോട്ടു പോകേണ്ട കാര്യമില്ല. എന്നാല്‍, പൊതുസമൂഹം അത്തരമേതെങ്കിലും സ്ഥാപനമല്ല. പൊതുസമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള യൂണിഫോം നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശവുമില്ല.

നഗ്‌നത പ്രദര്‍ശിപ്പിച്ചാല്‍ കേസെടുക്കാനുള്ള നിയമം നമ്മുടെ നാട്ടിലുണ്ട്. എറണാകുളം നഗരമധ്യത്തില്‍ നഗ്‌നനായി ഓടിയ ലോ കോളേജ് വിദ്യാര്‍ഥി പോലീസിന് കീഴടങ്ങിയത് ഏതാനും ദിവസം മുമ്പാണ്. അങ്ങനെയെങ്കില്‍, അത്തരം കേസുകളുടെ പരിധിയില്‍ വരാത്ത ഏത് വസ്ത്രധാരണ രീതിയെയും 'മാന്യമെന്ന്' പറയാമോ! ആ മാദണ്ഡമനുസരിച്ച്, മാന്യമായ വസ്ത്രധാരണില്ലാതെ നമ്മുടെ നാട്ടില്‍ ഏതെങ്കിലും സ്ത്രീകള്‍ പുറത്തിറങ്ങാറുണ്ടോ? ഉണ്ടെങ്കില്‍ കേസാകേണ്ടതാണ്, വാര്‍ത്തയാകേണ്ടതാണ്.

അപ്പോള്‍, ബലാത്സംഗം നടക്കാതിരിക്കാനുള്ള 'മാന്യമായ വസ്ത്രധാരണം' ഏതാണ്. എന്താണ് ആ 'മാന്യത'യുടെ അളവുകോല്‍? അപ്പോള്‍, പ്രശ്‌നം മറ്റ് ചിലതാണ്. അതു പറയാതെ 'മാന്യമായ വസ്ത്രധാരണം' ബലാത്സംഗം ചെറുക്കാന്‍ അത്യാവശ്യമാണെന്ന് ഉരുവിട്ട് പഠിക്കുന്നു, പ്രചരിപ്പിക്കുന്നു.

ഓര്‍ക്കുക, 'മാന്യമായ' സംഗതിയെന്നത് തികച്ചും ആപേക്ഷികമാണ്. നിങ്ങള്‍ക്ക് മാന്യമാണെന്ന് തോന്നുന്ന കാര്യം എനിക്ക് അങ്ങനെയാകണമെന്നില്ല. അപ്പോള്‍ 'മാന്യമായ വസ്ത്രധാരണം' എന്നതിനെ എങ്ങനെയാണ് നിര്‍വചിക്കാനാവുക. രാജസ്ഥാനിലെ എം.എല്‍.എ.പറഞ്ഞതു മാതിരി, പുരുഷന്‍മാരില്‍ കാമതൃഷ്ണ ഉണര്‍ത്താത്ത രീതിയിലുള്ള വസ്ത്രധാരണം എന്നാകും പലരും ഇതിനെ നിര്‍വചിക്കുക.

അതിന് (എന്നുവെച്ചാല്‍, പുരുഷന്‍മാരില്‍ കാമതൃഷ്ണ ഉണര്‍ത്താതിരിക്കാന്‍) ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന വസ്ത്രധാരണം മതിയോ? മതിയാകാന്‍ വഴിയില്ല. കാരണം, നിലവില്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണ് വേഷംധരിക്കാറ്. അപ്പോള്‍, ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്നതല്ല, ശരീരം പൂര്‍ണമായി മറയ്ക്കുന്നതാണ് 'മാന്യമായ വസ്ത്രധാരണം' എന്നാണോ! മുഖമൊഴികെ ബാക്കിയെല്ലാം മറയ്ക്കണോ! എങ്കിലേ പുരുഷന്‍മാര്‍ക്ക് കാമതൃഷ്ണ ഉണരാതിരിക്കൂ എന്നുണ്ടോ.

ഇവിടെ ഒരു പ്രശ്‌നം ഉത്ഭവിക്കുന്നു. സ്ത്രീകള്‍ മുഖം പുറത്തുകാട്ടുന്നത് 'മാന്യമാണോ'? അത് പുരുഷന്‍മാരെ പ്രലോഭിപ്പിക്കില്ലേ. ഇണകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സ്ത്രീശരീരഭാഗങ്ങളിലൊന്ന് എന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്ന ചുണ്ടുകളും വദനഭാഗവും മുഖത്തല്ലേ......അപ്പോള്‍ മുഖവും മറയ്ക്കണം അല്ലേ! 'മാന്യമായ വേഷംധരിച്ചേ സ്ത്രീകള്‍ നടക്കാവൂ' എന്ന് പ്രസ്താവിക്കുന്നവരില്‍നിന്ന് താലിബാനിലേക്കുള്ള അകലം എത്ര കുറവാണെന്ന് നോക്കുക!

ബലാത്സംഗത്തിന്റെ കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റംപറയുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്, ബലാത്സംഗത്തിന് കൂട്ടുനില്‍ക്കലാണ്. കുറ്റം ബലാത്സംഗം ചെയ്തവനല്ല, അതിനിരയായ സ്ത്രീയുടെ വസ്ത്രധാരണത്തിനാണ് എന്ന് പറയുകയാണ് അതിലൂടെ. ബലാത്സംഗം ചെയ്തവനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് അത്.

ഡല്‍ഹി സംഭവത്തിന്റെ വെളിച്ചത്തില്‍ പലരും ഉന്നയിച്ച ഒരു പ്രശ്‌നം, സ്ത്രീകളെന്തിന് രാത്രിയില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം പുറത്തിറങ്ങുന്നു എന്നതാണ്. ആണ്‍കുട്ടികള്‍ക്ക് ഒന്നും പ്രശ്‌നമല്ല, അവര്‍ക്ക് വിലക്കുകളും ഇല്ല. സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യയ്ക്കാണെങ്കിലും അത് അനുഭവിക്കാനുള്ള ഭാഗ്യം പുരുഷന്‍മാര്‍ക്കേ ഇവിടെ ഉള്ളൂ!

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും മറ്റുള്ളവരെ ബഹുമാനിക്കുക, അന്യന്റെ ദുഖത്തില്‍ പങ്കുചേരുക എന്നൊക്കെയുള്ള കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിന് പകരം, ആണ്‍കുട്ടികള്‍ക്ക് എന്തുമാകം എന്ന മെസേജ്, ചെറുപ്പത്തിലേ തന്നെ അച്ഛനമ്മമാര്‍ അവരില്‍ കുത്തിവെയ്ക്കുന്നു. അല്ലെങ്കില്‍, പെണ്‍കുട്ടികളോടുള്ള മാതാപിതാക്കളുടെ സമീപനത്തില്‍നിന്ന് ആണ്‍കുട്ടികള്‍ അത്തരമൊരു മനോഭാവം സ്വയം ആര്‍ജിക്കുന്നു.

'നീ പെണ്ണാണ,് ഓര്‍മ്മ വേണം' എന്നു പറഞ്ഞാണ് മാതാപിതാക്കള്‍ പെണ്‍കുട്ടികളെ ശാസിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ പോലും സ്വന്തം ആണ്‍മക്കളോട്, 'നീ ആണാണ്, ഓര്‍മ്മ വേണം' എന്നു പറഞ്ഞ് അവര്‍ ശകാരിക്കാറോ ഉപദേശിക്കാറോ ഇല്ല.

നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രകടമായ വിവേചനത്തോടെ വളര്‍ത്തുന്നത് പുതിയ കാര്യമല്ല. ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളില്‍ ആണ്‍കുട്ടികള്‍ അനുഭവിച്ചിരുന്ന വിശേഷ അവകാശങ്ങളും, പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്ന നിസ്സഹായാവസ്ഥയും എത്രയെന്ന് അറിയാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരപ്പാടിന്റെ ആത്മകഥയായ 'എന്റെ സ്മരണകള്‍' നോക്കുക.

വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അല്ലാതെ കതിരില്‍ വളംവെച്ചിട്ട് കാര്യമില്ല. മറ്റുള്ളവരെ വിലമതിക്കാതെയും ബഹുമാനിക്കാതെയും വളരാന്‍ കുട്ടികളെ നമ്മള്‍ അനുവദിക്കുന്നു. എന്നിട്ട്, 'മാന്യമായി വസ്ത്രം ധരിക്കുക', 'രാത്രിയില്‍ പുറത്തിറങ്ങരുത്' തുടങ്ങിയ ഒറ്റമൂലികള്‍ക്ക് മേല്‍ കടിച്ചുതൂങ്ങുന്നു.

എളുപ്പത്തിലുള്ള പരിഹാരങ്ങളാണ് എല്ലാവര്‍ക്കും വേണ്ടത്, ചൊട്ടുവിദ്യകള്‍. ബലാത്സംഗത്തിന് വസ്ത്രധാരണത്തെ പഴിക്കുമ്പോഴും, ബലത്സംഗം ഒഴിവാക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങരുതെന്ന് സ്ത്രീകളെ ഉളുപ്പില്ലാതെ ഉപദേശിക്കുമ്പോഴും, ജീവിത വിജയത്തിന് മനുഷ്യദൈവങ്ങളെ അഭയം പ്രാപിക്കുമ്പോഴുമെല്ലാം സംഭവിക്കുന്നത് അതാണ്. എളുപ്പത്തിലുള്ള പരിഹാരമാര്‍ഗങ്ങളുടെ അപകടത്തിലേക്കാണ് ജനം നിപതിക്കുന്നത്.

അതുകൊണ്ട് അവള്‍ തന്‍േടിയായി വളരട്ടെ. പുരുഷനൊപ്പം അവള്‍ മുന്നേറട്ടെ. അവളുടെ കൈകാലുകളില്‍ വിലങ്ങിടരുത്. വസ്ത്രധാരണത്തിലൂടെ അവളെ കൂച്ചുവിലങ്ങിടരുത്. അവളെ പ്രതിരോധിക്കാന്‍ അവള്‍ക്കു കരുത്തു വേണം. കുറഞ്ഞ പക്ഷം, തന്നെ ആക്രമിക്കാനെത്തുന്ന പുരുഷന്റെ ജനനേന്ദ്രിയത്തില്‍ ഒരു ചവിട്ടെങ്കിലും കൊടുക്കാന്‍ ശക്തയായി അവള്‍ വളരട്ടെ. അവള്‍ പേടിയില്ലാതെ വളരട്ടെ. എങ്കില്‍ മാത്രമേ അവള്‍ക്ക് ഈ നാട്ടില്‍ മാന്യമായി ജീവിക്കാന്‍ കഴിയൂ... ബലാത്സംഗത്തിന് ഇരയായാല്‍, മാനം പോകുന്നത് സ്ത്രീക്കല്ല, മറിച്ച് പുരുഷനാണ് എന്ന വസ്തുത മനസിലാക്കി വേണം അവളെ വളര്‍ത്താന്‍. നിങ്ങളുടെ കുടുംബത്തിന്റെ മാനം പെണ്ണിന്റെ തുടയിടുക്കില്‍ കൊണ്ടുപോയി വയ്ക്കരുത് എന്നു സാരം.

Tags: women empowerment, let them grow powerful, 

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.