രാഹുല്‍ ഗാന്ധിയെ ബലികൊടുത്താല്‍ കോണ്‍ഗ്രസിന്റെ പാപം തീരുമോ......?
ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഇന്ത്യയെ രക്ഷിക്കാന്‍, ഇന്ത്യന്‍ ജനതയെ അടിമത്വത്തില്‍ നിന്നും മോചിപ്പിക്കാന്‍ നിര്‍ണ്ണായക പങ്കു വഹിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിനു ശേഷം, ഇന്ത്യന്‍ ജനത ഒരു ജീവശ്വാസം പോലെ ഈ പാര്‍ട്ടിയെ നെഞ്ചിലേറ്റി. രാജകീയ പാരമ്പര്യം പോലെ ഇന്ത്യയുടെ ഭരണം ഗാന്ധി-നെഹൃു കുടുംബം കൈയ്യാളി. ഗാന്ധി കുടുംബത്തിലെ പിന്‍മുറക്കാര്‍ക്കായി ഭരണം വഴിമാറി. ഇപ്പോഴത്, സോണിയ ഗാന്ധിയിലും മക്കളായ രാഹുല്‍ ഗാന്ധിയിലും പ്രിയങ്ക ഗാന്ധിയിലും എത്തി നില്‍ക്കുന്നു.
എന്നാല്‍, വഴിതെറ്റിയ നാല്‍ക്കാലിയെപ്പോലെ അങ്ങിങ്ങ് പരതിപ്പതറി നടക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളിപ്പോള്‍. കേരളത്തിലെ തെരഞ്ഞെടുപ്പു കൂടി കഴിഞ്ഞതോടെ കൂടുതല്‍ പരുങ്ങലിലായി ഈ ദേശീയ പാര്‍ട്ടിയുടെ നില. സര്‍വ്വാധികാരിയായിരുന്ന കോണ്‍ഗ്രസിപ്പോള്‍ നിലനില്‍പ്പിനായി പൊരുതുന്നു. ആസന്ന മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ മാര്‍ഗ്ഗങ്ങള്‍ തിരയുന്നു. കൂടുതല്‍ ആത്മ പരിശോധന നടത്തുമെന്നും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നന്നായി പരിശ്രമിക്കുമെന്നും അമ്മയും മകനും വാഗ്ദാനം ചെയ്യുന്നു. പക്ഷേ, മറ്റു കോണ്‍ഗ്രസ് പ്രവര്‍ത്തകരാകട്ടെ, പ്രിയങ്ക ഗാന്ധി നേതൃത്വം ഏറ്റെടുക്കുന്നതിനായി കാത്തിരിക്കുന്നു.
മോഡിയുടെ നേതൃത്വത്തില്‍, കേന്ദ്രത്തില്‍ ബി ജെ പി അധികാരത്തില്‍ വന്നതു മുതല്‍, രാഹുല്‍ ഗാന്ധിയെ നേതൃസ്ഥാനത്തു നിന്നും മാറ്റി പ്രിയങ്ക ഗാന്ധിയെ തല്‍സ്ഥാനത്തു പ്രതിഷ്ഠിക്കാനുള്ള മുറവിളിയാണ്. ചുരുക്കത്തില്‍, രാഹുല്‍ ഗാന്ധിയെ കുരുതികൊടുത്താല്‍ കോണ്‍ഗ്രസിനു രക്ഷപ്പെടാന്‍ കഴിയുമെന്ന് മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നു.
കോണ്‍ഗ്രസിന്റെ ഈ ദയനീയ സ്ഥിതിക്കു കാരണം രാഹുല്‍ ഗാന്ധിയുടെ കഴിവില്ലായ്മയാണോ....? വയസന്മാരായ നേതാക്കളെ മാറ്റി, യുവാക്കളെ നേതൃസ്ഥാനത്തെത്തിച്ച്, കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള രാഹുല്‍ ഗാന്ധിയുടെ ശ്രമങ്ങള്‍ തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ല. അധികാരത്തിന്റെ അപ്പക്കഷ്ണം ആവോളം നുണഞ്ഞവര്‍ക്ക് അധികാരമില്ലാതാകുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കാന്‍ പോലും കഴിയുന്നില്ല.
അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു സര്‍ക്കാരായിരുന്നു കഴിഞ്ഞുപോയ, മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തിലുള്ള, യു പി എ സര്‍ക്കാര്‍ എന്ന് ഇന്ത്യയിലെ ഏതു കൊച്ചുകുട്ടിക്കും അറിയാം. ആയിരം കോടിയുടെയും പതിനായിരം കോടിയുടെയും അഴിമതി നടത്തിയവര്‍ മാന്യന്മാരായി ഞെളിഞ്ഞു നടക്കുന്നു. അഴിമതിയില്‍ സര്‍വ്വാംഗം മുങ്ങിക്കുളിച്ച കോണ്‍ഗ്രസിന് അഴിമതിയെ എതിര്‍ത്തു സംസാരിക്കാന്‍ എന്തു യോഗ്യതയാണുള്ളത്...? അല്പമെങ്കിലും ആത്മാര്‍ത്ഥത അവര്‍ക്കുണ്ടെങ്കില്‍ അഴിമതിക്കാരെ സംരക്ഷിച്ചു പരിപാലിക്കുമോ...? ഒന്നിനും തെളിവില്ലെന്നു പറഞ്ഞു തള്ളുമ്പോള്‍, സ്വന്തം ശവക്കുഴി കോണ്‍ഗ്രസ് സ്വയം തോണ്ടുകയാണ്, എല്ലാം അറിഞ്ഞുകൊണ്ടുതന്നെ.
ലോക്‌സഭ എം പി ശശി തരൂര്‍ ഈയിടെ പറയുകയുണ്ടായി, രക്ഷപ്പെടണമെങ്കില്‍ കോണ്‍ഗ്രസ് വാചകക്കസര്‍ത്തു മതിയാക്കി പ്രവര്‍ത്തിക്കണമെന്ന്. ലോക്‌സഭ തെരഞ്ഞെടുപ്പു കഴിഞ്ഞ് രണ്ടുവര്‍ഷമായിട്ടും കോണ്‍ഗ്രസ് ആത്മപരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. അതിന്റെ ഫലവും വന്നു കഴിഞ്ഞു, കേരളം, ആസാം എന്നീ സംസ്ഥാനങ്ങള്‍ ഉള്‍പ്പടെ പല സംസ്ഥാനങ്ങളിലെയും ഭരണം കോണ്‍ഗ്രസിനു നഷ്ടമായി. ഒരിക്കല്‍, ഇന്ത്യ മുഴുവന്‍ അടക്കിഭരിച്ചിരുന്ന ഈ പാര്‍ട്ടിയുടെ പൊടി പോലുമില്ല ഇപ്പോള്‍ കണ്ടുപിടിക്കാന്‍.
രക്ഷപ്പെടണമെങ്കില്‍, കോണ്‍ഗ്രസ് വേദനജനകമായ ഒരു ഓപ്പറേഷന് വിധേയമാകണമെന്ന് ദിഗ്വിജയ് സിംങ് വ്യക്തമാക്കിക്കഴിഞ്ഞു. കോണ്‍ഗ്രസ് ഊര്‍ദ്ധശ്വാസം വലിക്കുകയാണ് എന്ന് എല്ലാവര്‍ക്കും അറിയാം. പാര്‍ട്ടിയുടെ അവസ്ഥ അത്രത്തോളം ഭീകരമാണ് എന്നും എല്ലാവര്‍ക്കും വ്യക്തം. പക്ഷേ, അത്തരമൊരു ഓപ്പറേഷനു വിധേയമാകാന്‍ ആര്‍ക്കും വയ്യ. പക്ഷേ, ദിഗ്വിജയ് സിംങും പറയുന്നത് കോണ്‍ഗ്രസിന്റെ തല തന്നെ മറ്റിവയ്ക്കണമെന്നാണ്.
മരണത്തിലേക്ക് അതിവേഗം അടുത്തുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അതികഠിനമായി പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, പാര്‍ട്ടിയെ രക്ഷിക്കണമെങ്കില്‍, നെഹൃ-ഗാന്ധി കുടുംബവുമായുള്ള അടിമത്വം അവസാനിപ്പിക്കണമെന്നാണ് പല നേതാക്കളുടെയും നിലപാട്.
അഴിമതി വിരുദ്ധ നിലപാടില്‍ നിന്നും ഉയിര്‍കൊണ്ട ആം ആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ സ്വാധീനം എത്രയോ വലുതാണ് എന്ന് എല്ലാവരും കണ്ടതാണ്. ജനത്തിനു വേണ്ടത് കരിപുരണ്ട, അഴിമതിക്കാരായ, അക്രമികളായ, ധിക്കാരികളായ, കൊലവിളി നടത്തുന്ന ഭരണാധികാരികളെയല്ല, മറിച്ച്, അവരുടെ പ്രശ്‌നങ്ങളില്‍ കൂടെ നില്‍ക്കുന്ന, പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന, ജനനേതാക്കളെയാണ്. ജനങ്ങളുടെ ആ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞില്ലെങ്കില്‍, ബി ജെ പി ലക്ഷ്യം വച്ചതുപോലെ ഇന്ത്യ അധികം താമസിയാതെ കോണ്‍ഗ്രസ് മുക്തമാകും. രാഹുല്‍ ഗാന്ധിയെ കുരുതി കൊടുത്ത് ഈ പ്രശ്‌നത്തില്‍ നിന്നും രക്ഷപ്പെടാമെന്നുള്ളത് നേതാക്കളുടെ വ്യാമോഹം മാത്രം. അതിരറ്റ സ്വന്തം പാപക്കറയുടെ ഉത്തരവാദിത്വം മുഴുവന്‍ രാഹുല്‍ ഗാന്ധിയില്‍ കെട്ടിവച്ചാല്‍ അത് മനസിലാക്കാനുള്ള കഴിവില്ലാത്ത കഴുതകളാണ് ജനങ്ങള്‍ എന്ന് കോണ്‍ഗ്രസ് ധരിക്കരുത്.
അഭിപ്രായങ്ങളൊന്നുമില്ല