കോടികളുടെ വെട്ടിപ്പ്: ബിഷപ്പ് കെ പി യോഹന്നാനെതിരെ അമേരിക്കയില്‍ കേസ്
അമേരിക്കയിലെ ഏറ്റവും വലിയ ചാരിറ്റി സംഘടനയായ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ സാരഥിയും സ്വയം പ്രഖ്യാപിത ബിഷപ്പുമായ കെ പി യോഹന്നാനെതിരെ അമേരിക്കന്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. കോടിക്കണക്കിന് ഡോളറിന്റെ സാമ്പത്തിക തിരിമറി നടത്തിയതിനാണ് കേസ്. ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച കോടികള്‍ മുഴുവന്‍ സ്വന്തം സാമ്രാജ്യം കെട്ടിപ്പടുക്കുന്നതിന് ദുരുപയോഗം ചെയ്തതിനാലാണ് കെ പി യോഹന്നാനെതിരെ നിയമനടപടി.
അമേരിക്കയിലെ ഡള്ളാസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാന്‍ലി നിയമ ഗ്രൂപ്പാണ് കെ പി യോഹന്നാനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. കെ പി യോഹന്നാന്റെ ചാരിറ്റി സംഘടനയുടെ സാമ്പത്തിക കാര്യങ്ങള്‍ നിരീക്ഷിച്ചിരുന്ന സ്റ്റാന്‍ലി ലോ ഗ്രൂപ്പ്, ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് നാലുമാസത്തിനുള്ളില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ സാമ്പത്തിക ഉത്തരവാദിത്വത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇവാഞ്ചലിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഫിനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റിയുമായി ഗോസ്പല്‍ ഫോര്‍ ഏഷ്യ ഉണ്ടാക്കിയ കരാറില്‍ അഞ്ചെണ്ണം ലംഘിച്ചതിനാലാണ് സംഘടനയ്ക്കും അതിന്റെ തലവനായ കെ പിയോഹന്നാനുമെതിരെ അമേരിക്കന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.
പാവങ്ങളെ സഹായിക്കാനെന്ന പേരില്‍ പിരിച്ചെടുത്ത കോടിക്കണക്കിനു ഡോളറുകള്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയും കെ പി യോഹന്നാനും സംഘനടയിലെ മറ്റ് ഉദ്യോഗസ്ഥരും ചേര്‍ന്ന് വകമാറ്റി ചെലവഴിക്കുകയായിരുന്നു. ഈ തുക ഉപയോഗിച്ച് കോടികളുടെ ആഡംബര ഓഫീസും കെപി യോഹന്നാന്‍ പടുത്തുയര്‍ത്തി. മാത്യു, ജെന്നിഫര്‍ ഡിക്കന്‍സ് എന്നിവരാണ് കെ പി യോഹന്നാന്‍, ഭാര്യ ജിസല, മകന്‍ ഡാനിയല്‍, തുടങ്ങിയവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തത്. സംഘനയുടെ മുഖ്യ സാമ്പത്തിക ഉദ്യോഗസ്ഥനായ അമേരിക്കന്‍ വംശജന്‍ പാറ്റ് എമറികിനും എതിരെ കേസുണ്ട്.
നിയമ നടപടിക്കെതിരെ എന്താണു പ്രതികരണം എന്ന ചോദ്യത്തിന് വിഷമിക്കേണ്ട, ഞാനും വിഷമിക്കുന്നില്ല എന്നായിരുന്നു കെ പി യോഹന്നാന്റെ മറുപടി. 'പാവങ്ങളില്‍ പാവങ്ങള്‍ക്ക് ഭക്ഷണവും വസ്ത്രവും മറ്റു സൗകര്യങ്ങളും നല്‍കാനെന്ന വ്യാജ്യേന പിരിച്ചെടുത്തതാണ് കോടിക്കണക്കിനു ഡോളറുകള്‍. നല്ല ഉദ്യേശത്തോടെ ചെലവഴിച്ചുകൊള്ളാമെന്ന വാഗ്ദാനം നല്‍കി, മനസലിവും പാവങ്ങളെ സഹായിക്കാന്‍ സന്നദ്ധരുമായിട്ടുള്ള ആളുകളില്‍ നിന്നും യോഹന്നാനും സംഘടനയും പിരിച്ചെടുത്തതാണ് ആ തുകയത്രയും. തങ്ങള്‍ നല്‍കുന്ന പണം കെ പി യോഹന്നാന്‍ പാവങ്ങള്‍ക്ക് നല്‍കും എന്ന് അവര്‍ കരുതി. പക്ഷേ, ആ പണമത്രയും സ്വന്തം സുഖസൗകര്യങ്ങള്‍ക്കു വേണ്ടിയാണ് യോഹന്നാന്‍ ചെലവഴിച്ചത്,' സ്റ്റാന്‍ലി പറഞ്ഞു.
അമേരിക്കയില്‍ നിന്നും മാത്രമായി, 2007-2013 കാലഘട്ടത്തില്‍ കെ പി യോഹന്നാന്‍ പിരിച്ചെുത്തത് 450,000,000 അമേരിക്കന്‍ ഡോളറാണ്. എല്ലാ വര്‍ഷവും ഒരുകോടിക്കു മുകളില്‍ പുതിയ ദാദാക്കള്‍ സംഘടയ്ക്ക് പണം നല്‍കുന്നു. അമേരിക്കയില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യ പ്രവര്‍ത്തിക്കുന്നത് ലാഭേച്ഛയില്ലാതെ പാവങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന, മതാധിഷ്ഠിതമായ സംഘടന എന്ന നിലയിലാണ്. ഇത്തരം ഒരു സംഘടയ്ക്ക് ഇന്ത്യയില്‍, തങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ പ്രസിദ്ധപ്പെടുത്തേണ്ട ബാധ്യതയില്ല. എന്നാല്‍, ഇന്ത്യയില്‍ നിന്നുള്ള ഒരു ചാരിറ്റി സംഘടന അമേരിക്കയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ പണം ഏതു രീതിയില്‍ സമ്പാദിച്ചു എന്നും ഏതു രീതിയില്‍ ചെലവഴിച്ചു എന്നും പ്രസിദ്ധപ്പെടുത്തേണ്ടതുണ്ട്.
ഇന്ത്യ ഗവണ്‍മെന്റ് സമര്‍പ്പിച്ച ഒരു റിപ്പോര്‍ട്ടില്‍ നിന്നും ബിലീവേഴ്‌സ് ചര്‍ച്ചും ഗോസ്പല്‍ ഫോര്‍ ഏഷ്യയും സമാഹരിച്ച തുകയില്‍ നിന്നും വളരെ ചെറിയൊരു അംശം മാത്രമേ പാവങ്ങള്‍ക്കായി ചെലവഴിച്ചിട്ടുള്ളു എന്നു വ്യക്തമാക്കുന്നു.
2013 മാത്രം ഗോസ്പല്‍ ഫോര്‍ ഏഷ്യ സമാഹരിച്ചത് ഏകദേശം 115,000,000 അമേരിക്കന്‍ ഡോളറാണ്. എന്നാല്‍, ഇതില്‍ നിന്നും പാവങ്ങളെ സഹായിക്കാനായി വെറും 14,644,642 അമേരിക്കന്‍ ഡോളര്‍ മാത്രമാണ് ചെലവഴിച്ചത്. പാവങ്ങള്‍ക്കു വേണ്ടി, പുതപ്പുകളും നിത്യജീവിതത്തിനായി ഒട്ടകങ്ങളെയും, മോട്ടോര്‍ സൈക്കിളുകള്‍ 'ജീസസ്' കിണറുകള്‍ എന്നിവയും നല്‍കുമെന്നായിരുന്നു കെ പി യോഹന്നാന്റെ വാഗ്ദാനം. എന്നാല്‍ ഇവയൊന്നും തന്നെ പാലിക്കപ്പെട്ടില്ല. ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനു വേണ്ടി ജീസസ് കിണറുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നായിരുന്നു യോഹന്നാന്റെ വാഗ്ദാനം. ഇതിനായി, 2012 ല്‍ യോഹന്നാന്‍ 3.5 മില്യന്‍ ഡോളറുകള്‍ സമാഹരിച്ചു. എന്നാല്‍, ഇതില്‍ നിന്നും ചെലവഴിച്ചത് വെറും 500,000 ഡോളറുകള്‍ മാത്രമാണ്. 2013 ല്‍ യോഹന്നാന്റെ സംഘടന 4 മില്യന്‍ ഡോളറുകള്‍ സമാഹരിച്ചു. ഇതില്‍ ചെലവഴിച്ചതാകട്ടെ, വെറും 700,000 ഡോളറുകള്‍ മാത്രം.
പാവങ്ങളുടെ പേരും പറഞ്ഞ്, മഹാമനസ്‌കരായ ജനങ്ങളെ വഞ്ചിച്ച് സമാഹരിച്ച കോടികള്‍ ഉപയോഗിച്ചാണ് കെ പി യോഹന്നാന്‍ സ്വന്തം സാമ്രാജ്യം പടുത്തുയര്‍ത്തിയിരിക്കുന്നത്. മതത്തിന്റെ പേരില്‍ ഇത്തരം നിരവധി സംഘടനകളാണ് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. പക്ഷേ, ഇത്തരക്കാര്‍ക്കെതിരെ ഒരു ചെറു വിരല്‍ അനക്കാന്‍ പോലും ഇന്ത്യന്‍ സര്‍ക്കാരിനു ധൈര്യമില്ല. ജനങ്ങളില്‍ നിന്നും കോടികള്‍ സമാഹരിച്ച്, സ്വന്തം ആവശ്യത്തിനു വേണ്ടി ചെലവഴിച്ച ശേഷം നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ച് രക്ഷപ്പെടുകയാണ് ഇത്തരക്കാര്‍.
അഭിപ്രായങ്ങളൊന്നുമില്ല