Header Ads

പ്രിയ സുനിതാ കൃഷ്ണന്‍, സരിതയുടെ കാര്യത്തില്‍ താങ്കള്‍ക്കു പിഴച്ചു.....
ലൈംഗിക ആക്രമണങ്ങള്‍ക്ക് വിധേയരായ ആയിരക്കണക്കിന് പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയതുള്‍പ്പെടെ സുനിത കൃഷ്ണന്‍ ഇന്ത്യന്‍ സമൂഹത്തിനു ചെയ്തു കൊണ്ടിരിക്കുന്നത് അതിമഹത്തരമായ കാര്യങ്ങളാണ്. സ്വജീവന്‍ പോലും തൃണവത്ഗണിച്ച്, ഭീഷണികളെ സധൈര്യം നേരിട്ട്, കാട്ടാളരെക്കാള്‍ അധ:പതിച്ച മനുഷ്യമൃഗങ്ങളോടു പോരടിച്ച്, പാവപ്പെട്ട പെണ്‍കുട്ടികളുടെ രക്ഷകയും താങ്ങും തണലുമാകുന്ന താങ്കള്‍ക്ക് നല്ലവരായ ജനങ്ങളുടെ മനസില്‍ ഉയര്‍ന്ന ഒരു സ്ഥാനമാണുള്ളത്. പക്ഷേ, 'ആഘോഷിക്കുന്ന മലയാളീ, ലജ്ജിക്കൂ' എന്ന തലക്കെട്ടില്‍ മനോരമയില്‍ താങ്കളെഴുതിയ ലേഖനം അങ്ങേയറ്റം അരാഷ്ട്രീയവും സ്ത്രീ വിരുദ്ധവുമാണെന്നു പറയാതെ വയ്യ. സര്‍വ്വാംഗം അഴിമതിയില്‍ മുങ്ങിക്കുളിച്ച മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കൂട്ടു മന്ത്രിമാര്‍ക്കും താങ്കള്‍ ഗോപ്യമായി ചാര്‍ത്തിക്കൊടുത്ത അതിവിശിഷ്ടമായ സ്ഥാനത്തെ അപലപിക്കാതെയും വയ്യ.


'മാനഭംഗം' നേരിട്ടിട്ടുണ്ടെങ്കില്‍ സരിത കേസ് കൊടുക്കുകയാണു വേണ്ടതെന്ന് താങ്കള്‍ അഭിപ്രായപ്പെട്ടു. മുഖവും പേരുമില്ലാത്ത ഇരകളിലൊരാളാവാന്‍ മനസ്സില്ലെന്ന് പറഞ്ഞ് സരിത നടത്തുന്ന ഈ പോരാട്ടം മാനഭംഗത്തിന് ഇരയായ സകല സ്ത്രീകളും കൈക്കൊള്ളേണ്ട ഒന്നാണ്. അവര്‍ കൈക്കൂലി കൊടുത്തിട്ടുണ്ട്. വ്യവസായ ആവശ്യങ്ങള്‍ക്ക് സഹായം കിട്ടുന്നതിനായി പലരുമായും ശാരീരിക ബന്ധം പുലര്‍ത്തിയിട്ടുമുണ്ട്. ഇതെല്ലാം സമ്മതിച്ചുകൊണ്ടാണ് തന്നെ ചതിച്ചവര്‍ക്കെതിരെ അവര്‍ പോരാടുന്നത്. സരിതയെക്കാള്‍, സരിതയെ ചതിച്ചവര്‍ക്ക് എന്തു മേന്മയാണ് ഉള്ളത്? അവര്‍ക്ക് ചതിക്കാന്‍ വേണ്ടി കേരളത്തിന്റെ ഈ വ്യവസ്ഥിതി മാറ്റിമറിച്ചവരാരാണ്...? ഒരു സരിത പോയാല്‍ ഒമ്പതു സരിതമാര്‍ വരും. അവര്‍ക്കെല്ലാം കുടപിടിക്കാന്‍, സ്ത്രീമാംസത്തോട് ആര്‍ത്തിപൂണ്ട, പ്രബലരായ, ആ ചെന്നായ്ക്കള്‍ ഇനിയും മത്സരിച്ചെത്തും. അപ്പോള്‍, തളയ്‌ക്കേണ്ടതും വായടപ്പിക്കേണ്ടതും സരിതയെയാണോ....? അവരെ ഉപയോഗിച്ച് നേട്ടം കൊയ്തവരെയല്ലേ....? എന്തുകൊണ്ടാണ് താങ്കള്‍ സരിതയുടെ ശരീരത്തെക്കുറിച്ചു മാത്രം പറയുന്നത്...?


ആരുടെ ജീവിതമാണ് സരിത നരകമാക്കിയത്...? ആരെയാണ് അവര്‍ മുള്‍മുനയില്‍ നിര്‍ത്തിയത്...? അക്കാര്യങ്ങള്‍ താങ്കള്‍ക്ക് അറിയാതെയല്ല. അത് ഇവിടെയുള്ള എല്ലാ മലയാളികള്‍ക്കും അറിയാം. പക്ഷേ, താങ്കള്‍ അത് അറിഞ്ഞില്ലെന്നു നടിക്കുന്നു. പെണ്‍മാംസം കണ്ടാല്‍, വേണമെങ്കില്‍ കേരളം മൊത്തമായും തീറെഴുതിക്കൊടുക്കാന്‍ മടികാണിക്കാത്ത, മാംസദാഹികളായ കുറെ അധികാരികളെയാണ് അവര്‍ മുള്‍മുനയില്‍ നിറുത്തിയത്. സ്ത്രീയുടെ ശരീരം ആവോളം നുകര്‍ന്ന ശേഷം അവളെ വേശ്യയെന്നും തെരുവു നായെന്നും വിളിച്ച് അധിക്ഷേപിച്ചാല്‍ മിണ്ടാതെ തലകുനിച്ചു നിന്ന് അതെല്ലാം നിശബ്ദം സഹിച്ച് കണ്ണീരൊഴുക്കുന്ന സ്ത്രീകളെ മാത്രമേ കേരളം ഇന്നോളം കണ്ടിട്ടുള്ളു.

നാല്പതു നരാധമന്മാര്‍ പിച്ചിച്ചീന്തി, മൃതപ്രായയാക്കി വഴിയില്‍ ഉപേക്ഷിച്ച സൂര്യനെല്ലി പെണ്‍കുട്ടിക്ക് ഇപ്പോഴും മുഖവും പേരുമില്ല. അവള്‍ സ്വതന്ത്രയായി നിരത്തിലിറങ്ങി നടക്കുന്നില്ല. വീടിന്റെ അകത്തളങ്ങളില്‍ സ്വയം തീര്‍ത്ത ഏകാന്തതടവറയില്‍ ജീവിതം ഹോമിച്ചു തീര്‍ക്കുന്നു അവള്‍. മറ്റുള്ളവരുടെ ക്രൂരതകള്‍ക്കു വിധേയരായ ഒട്ടനവധി പെണ്‍കുട്ടികള്‍ അവരുടെ ജീവിതം ജീവിച്ചു തീര്‍ക്കുന്നത് ഇത്തരത്തിലാണ് എന്ന് മറ്റാരെക്കാളും നന്നായി, അത്തരം സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന താങ്കള്‍ക്ക് അറിയാം. എന്നിട്ടും തല ഉയര്‍ത്തിപ്പിടിച്ചു ജീവിക്കാന്‍ വേണ്ടി, സ്വന്തം മടിക്കുത്തഴിച്ച് കാര്യം കണ്ടശേഷം തന്നെ അഭിസാരികയാക്കിയവരെ കുടുക്കാന്‍ വേണ്ടി സരിത നടത്തുന്ന പോരാട്ടത്തെ താങ്കള്‍ വിലകുറച്ചു കാണുന്നതെന്ത്...?

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തുന്നത് സരിത മാത്രമല്ല. ബിജു രാധാകൃഷ്ണന്‍, ബിജുരമേശ്, ബാര്‍ കോഴക്കേസ്, തുടങ്ങി ഒട്ടനവധി കേസുകള്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു പിന്നാലെയുണ്ട്. താങ്കള്‍ സെലിബ്രിറ്റികളെന്നും ഹീറോകളെന്നും വാഴ്ത്തുന്നവരും നിരവധി മന്ത്രിമാരും എം എല്‍ എ മാരും ഇതില്‍ പങ്കാളികളാണ്. ഇതിന്റെയെല്ലാം പ്രഭവസ്ഥാനമാകട്ടെ മുഖ്യമന്ത്രിയും.

സുനിതാ കൃഷ്ണന്‍...., ഇത്തരം നികൃഷ്ടജീവികളായ, മാംസദാഹികളായ, കാമാര്‍ത്തരായ ആണുങ്ങളാല്‍ നയിക്കപ്പെടുന്നതിനെ ഓര്‍ത്താണ് താങ്കള്‍ ലജ്ജിക്കേണ്ടത്. സ്ത്രീശരീരങ്ങളുടെ പലതരം ദുരന്തങ്ങളെ അടുത്തറിഞ്ഞിട്ടുള്ള താങ്കള്‍, സരിതയെ ഇത്തരത്തില്‍ വിമര്‍ശിക്കാന്‍ പാടില്ല. അവര്‍ തല ഉയര്‍ത്തിപ്പിടിച്ചു തന്നെ നില്‍ക്കട്ടെ. പാത്തും പതുങ്ങിയും ബാത്‌റൂമിന്റെയും കിടപ്പറയുടെയും വാതില്‍പ്പഴുതിലൂടെ ക്യാമറക്കണ്ണുകള്‍ നീട്ടി, സ്ത്രീയുടെ നഗ്നത പകര്‍ത്തി അതു വിറ്റു കാശാക്കുന്ന കൃമികീടങ്ങള്‍ക്കെതിരെ പോരാടാന്‍ സ്ത്രീകള്‍ക്കു കരുത്തുണ്ടാവണം. ഇത്തരത്തില്‍ ചതിയില്‍ പെടുന്ന സ്ത്രീകള്‍ ആത്മഹത്യയില്‍ അഭയം തേടുന്ന ഇക്കാലത്ത്, സരിതയെ ബഹുമാനിച്ചേ തീരൂ. കേരളത്തിലെ, അല്ല ഇന്ത്യയിലെ പെണ്ണുങ്ങള്‍ക്കു ധൈര്യമുണ്ടാകട്ടെ, തന്നെ ചൂഷണം ചെയ്തവര്‍ക്കെതിരെ, ചവിട്ടിത്തേച്ചവര്‍ക്കെതിരെ ആഞ്ഞടിക്കാന്‍.

സ്വശരീരത്തിലേക്ക് അതിക്രമിച്ചു കയറിയവരെ മുള്‍മുനയില്‍ നിറുത്താന്‍... നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ സ്ത്രീകള്‍ക്കു ധൈര്യമുണ്ടാകണം. മാനക്കേടിനെ ഭയന്ന്, പൊതുജനത്തിന്റെ വിഷലിപ്തമായ നാവിനെ ഭയന്ന് മാളത്തില്‍ ഒളിക്കുകയല്ല വേണ്ടത്.... ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന ഏതൊരു മലയാളിയും സരിതയ്‌ക്കൊപ്പം നില്‍ക്കും... കാരണം, പെണ്ണിന്റെ അന്തസ് ഉയര്‍ത്തിപ്പിടിക്കേണ്ടത് പെണ്ണുതന്നെയാണ്. സ്വന്തം അന്തസിനെ, അഭിമാനത്തെ ചവിട്ടിത്തേക്കാന്‍ അവള്‍ ആരെയും അനുവദിക്കരുത്, ആരെയും...! അവള്‍ക്കു തെറ്റുപറ്റിയിട്ടുണ്ടാകാം, പക്ഷേ അതിനെക്കാള്‍ വലിയ കുറ്റം ചെയ്തവരും കാമഭ്രാന്തരും കൃമികീടങ്ങളും മഹാന്മാരാണ് എന്ന് അതിനിര്‍ത്ഥമില്ല. അക്കാര്യം സുനിത കൃണ്ണന്‍ മറക്കരുത്...


1 അഭിപ്രായം:

Blogger പിന്തുണയോടെ.