Header Ads

ആശുപത്രികളല്ല, ഇത് പകല്‍ക്കൊള്ളക്കാരുടെ താവളം!!


തൊഴില്‍ സംഘടനകളുടെ നോക്കുകൂലി, കണ്ടകൂലി, കേട്ടകൂലി എന്നീ പിടിച്ചുപറിക്കെതിരെ രോക്ഷാകുലരാണോ നിങ്ങള്‍.... നോക്കൂ.... അതിനെക്കാള്‍ വലിയ ഗുണ്ടകളാണ് നമ്മുടെ ആശുപത്രി അധികൃതരും ചില ഡോക്ടര്‍മാരും..... ഇതാ അതിനു വീണ്ടും ചില തെളിവുകള്‍!! 

നിര്‍ദ്ധനനാണോ നിങ്ങള്‍....? അത്യാവശ്യം ജീവിച്ചുപോകാന്‍ വേണ്ട ചുറ്റുപാടുകള്‍ മാത്രമേ നിങ്ങള്‍ക്കുള്ളോ...? എങ്കില്‍ പ്രാര്‍ത്ഥിക്കുക. ഹൃദ്രോഗം പോലുള്ള മാരക രോഗങ്ങള്‍ വരാതിരിക്കാന്‍. അഥവാ വന്നാല്‍, ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ ഘടിപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഇടയാക്കല്ലേ എന്നു മുട്ടിപ്പായി പ്രാര്‍ത്ഥിക്കൂ...... ഈ ആശുപത്രികളുടെ പിടിച്ചുപറിയുടെ കഥ കേട്ടാല്‍ ഇതിലപ്പുറവും നിങ്ങള്‍ പ്രാര്‍ത്ഥിച്ചുപോകും....!!

ജീവന്‍ രക്ഷാ ഉപകരണങ്ങളായ പേസ്‌മേക്കര്‍, സ്റ്റെന്റ്, ഇംപ്ലാന്റ്‌സ് എന്നിവയുടെ വിലയിലൂടെ ആശുപത്രികള്‍ കൊയ്യുന്നത് കൊള്ളലാഭമാണ്. അതറിയണമെങ്കില്‍ എറണാകുളത്തെ ഏതെങ്കിലും ഒരു ആശുപത്രിയില്‍ ഹൃദയാഘാതവുമായി പോയാല്‍ മതിയാകും. ഈ ഉപകരണങ്ങളുടെ വിലകേട്ട് നിങ്ങളുടെ ജീവന്‍ ഇഹലോകവാസം വെടിഞ്ഞില്ല എങ്കില്‍ ഞെട്ടിപ്പിക്കുന്ന മറ്റു ചില സത്യങ്ങള്‍ കൂടി നിങ്ങള്‍ക്കു ബോധ്യമാകും. 

ദാനധര്‍മ്മത്തിനു പേരു കേട്ട ഒരു ആശുപത്രിയുണ്ട് ഇങ്ങു കൊച്ചിയില്‍. പാവങ്ങള്‍ക്ക് ഇഷ്ടം പോലെ വാരിക്കോരി കൊടുക്കുന്നു എന്നാണ് കേള്‍വി. എന്നാല്‍ ഈ ആശുപത്രിയില്‍ നടക്കുന്ന പകല്‍ക്കൊള്ള കേട്ടാല്‍ നിങ്ങള്‍ ഞെട്ടിത്തെറിക്കും. ഒരു വക്കീലിന്റെ അച്ഛനെ ഈയടുത്ത് ഈ ആശുപത്രിയില്‍ ഒന്നു പ്രവേശിപ്പിച്ചു. രോഗിക്ക് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ മൂന്നു സ്‌റ്റെന്റുകള്‍ ആവശ്യമാണെന്നായിരുന്നു ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ഒരു സ്‌റ്റെന്റിന്റെ വില 95,000 രൂപ. അങ്ങനെ മൂന്നു സ്റ്റെന്റുകള്‍. അച്ഛനല്ലേ, ജീവന്‍ രക്ഷിക്കാതെ പറ്റില്ല. എങ്കിലും ഈ ഉപകരണങ്ങളുടെ മാര്‍ക്കറ്റ് വില അറിയാവുന്ന വക്കീല്‍ ആശുപത്രിയിലേക്ക് ഉപകരണങ്ങള്‍ നല്‍കുന്നയാളെ നേരിട്ടു സമീപിച്ചു. ഒരു സ്റ്റെന്റിന് 40,000 രൂപയ്ക്ക് ഇയാള്‍ക്ക് മൂന്നു സ്റ്റെന്റ് കിട്ടി. അപ്പോള്‍ ഇത്തരം ഉപകരണങ്ങള്‍ ഒരുമിച്ച് വാങ്ങുന്ന ആശുപത്രിക്ക് ഇത് എത്ര വിലകുറച്ചായിരിക്കും ലഭിക്കുക...! നിങ്ങള്‍ ഒന്ന് ഊഹിക്കുക!!

വക്കീല്‍ ശരിക്കും ഞെട്ടിയത് അപ്പോഴല്ല, 40,000 രൂപയുടെ സ്റ്റെന്റുമായി ആശുപത്രിയില്‍ ചെന്നപ്പോഴായിരുന്നു. ഈ സ്‌റ്റെന്റ് നിങ്ങള്‍ തന്നെ നിങ്ങളുടെ അപ്പന് പിടിപ്പിച്ചാല്‍ മതി എന്നായിരുന്നു ഡോക്ടര്‍മാരുടെ നിലപാട്. അപ്പന് സ്റ്റെന്റ് പിടിപ്പിക്കണമെങ്കില്‍ ആശുപത്രിയില്‍ നിന്നു തന്നെ അതു വാങ്ങണം, അതും ഇരട്ടിയിലേറെ വിലയ്ക്ക്. ഒടുവില്‍, ഏറെ നേരത്തെ വാദപ്രതിവാദത്തിനൊടുവില്‍ ഒന്നിന് 87,000 രൂപ നിരക്കില്‍ രണ്ടു സ്റ്റെന്റ് നല്‍കാമെന്നും ഒരെണ്ണം ഫ്രീയായി നല്‍കാമെന്നും ഡോക്ടര്‍മാര്‍ സമ്മതിച്ചു. എങ്കിലും ഫ്രീയായി കിട്ടുന്ന ആ സ്റ്റെന്റുകൂടി ഉള്‍പ്പെടുത്തി ഒരു സ്റ്റെന്റിന് 58,000 രൂപയ്ക്ക് വക്കീലിന് ഈ ഉപകരണങ്ങള്‍ ആശുപത്രിയില്‍ നിന്നു തന്നെ വാങ്ങേണ്ടി വന്നു!!!

ഈ ഉപകരണം ആശുപത്രികള്‍ക്കു ലഭിക്കുന്നത് 30,000 രൂപയ്‌ക്കോ അതിലും താഴെയോ വിലയ്ക്കാണ്. അത് രോഗികള്‍ക്ക് കൊടുക്കുമ്പോള്‍ അതിന് 95,000 രൂപ. വക്കീലിന് ഈ വിലയിലെ കള്ളക്കളി കുറച്ചു മനസിലായതു കൊണ്ട് ഇത് ഒന്നിന് 58,000 രൂപയ്ക്ക് വാങ്ങേണ്ടി വന്നു. ഈ കളികളൊന്നും അറിയാത്ത ഒരു രോഗി നല്‍കേണ്ട വിലയാണ് ഒരു സ്‌റ്റെന്റിന് 95,000 രൂപ!!!

ഒരു ജീവന്‍ രക്ഷാ ഉപകരണത്തിന് 300 ശതമാനത്തിലും കൂടുതല്‍ ഉയര്‍ന്ന വിലയാണ് ഈ പകല്‍ക്കൊള്ളക്കാര്‍ വാങ്ങുന്നത്!! സ്റ്റെന്റ് നിര്‍മ്മിക്കുന്ന കമ്പനിയില്‍ നിന്നും നേരിട്ട് ഈ ഉപകരണം വാങ്ങിയാല്‍ ഒരുപക്ഷേ നിങ്ങള്‍ക്കിത് 20,000 രൂപയ്ക്ക് ലഭിക്കും. അപ്പോള്‍, ഈ ഡോക്ടര്‍മാരും ആശുപത്രി അധികൃതരും ഷൈലോക്കുകളെക്കാള്‍ തരം താഴുന്നു...

ജീവന്‍ രക്ഷാ ഉപകരണങ്ങളില്‍ എം ആര്‍ പി നിശ്ചയിക്കുക എന്നതാണ് ഈ പകല്‍ക്കൊളളയ്ക്കു തടയിടാനുള്ള പോംവഴിയെന്നാണ് വിദഗ്ധരുടെ അഭിപ്രായം. പക്ഷേ, മരുന്നുകളില്‍ എം ആര്‍ പി നിശ്ചയിച്ചപ്പോഴുള്ള കളികള്‍ നമ്മള്‍ കണ്ടതാണ്. ഡോക്ടര്‍മാരുടേയും ആശുപത്രി അധികൃതരുടേയും ആര്‍ത്തി തൃപ്തിപ്പെടുത്തും വിധമാണ് മരുന്നുകമ്പനികള്‍ തങ്ങളുടെ മരുന്നുകളുടെ എം ആര്‍ പി നിശ്ചയിച്ചത്. മരുന്നുകളുടെ യഥാര്‍ത്ഥ വിലയേക്കാള്‍ 500 ഇരട്ടിവരെയാണ് മരുന്നുകള്‍ക്കു നിശ്ചയിക്കുന്ന എം ആര്‍ പി. ഈ പകല്‍ക്കൊള്ളയ്ക്ക് കാവല്‍ നില്‍ക്കുന്നത് നമ്മുടെ രാഷ്ട്രീയ നേതൃത്വമാണ്. മരണം മുഖാമുഖം കാണുന്ന രോഗികളുടെ പോക്കറ്റുപോലും കൊള്ളയടിച്ചു നേടുന്ന പണം പാവങ്ങളുടെ രക്ഷയ്ക്ക് ജീവിതം ഉഴിഞ്ഞുവച്ച രാഷ്ട്രീയക്കാരും കൈപ്പറ്റുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

ടെലഫോണ്‍ നിരക്കുകള്‍ നിയന്ത്രിക്കാന്‍ ഇന്ത്യയ്ക്ക് ടെലികോം റെഗുലേറ്ററി അതോറിറ്റിയുണ്ട്. പക്ഷേ, ആശുപത്രിയില്‍ മരുന്നുകളും രക്ഷാ ഉപകരണങ്ങളും വില്‍ക്കുന്നതില്‍ സര്‍ക്കാര്‍ ഒരു നിയന്ത്രണവും വയ്ക്കുന്നില്ല. നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ അതോറിറ്റിയാണ് മരുന്നുകളുടെ വില നിശ്ചയിക്കുന്നത്. എന്നാല്‍ ജീവന്‍ രക്ഷാ ഉപകരണങ്ങളുടെ കാര്യത്തില്‍ അത്തരത്തില്‍ ഒരു അതോറിറ്റിയും ഇല്ല. എന്തിനാണ് രോഗികളെ കൊള്ളയടിക്കാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നത്....???

ഏറ്റവും വിലകുറഞ്ഞ മരുന്നുകള്‍ വാങ്ങി ഏറ്റവും കൂടിയ വിലയ്ക്ക് രോഗികള്‍ക്കു നല്‍കുക എന്നതാണ് ആശുപത്രികളുടെ രീതി. രണ്ട് ഉപകരണങ്ങള്‍ക്ക് ഏകദേശം ഒരേ വിലയാണെങ്കില്‍ ഏറ്റവും കൂടുതല്‍ മാര്‍ജ്ജിന്‍ കിട്ടുന്നത് ഇവര്‍ തെരഞ്ഞെടുക്കും. മരണം കാത്തുകിടക്കുന്ന രോഗികളുടെ പോക്കറ്റില്‍ കൈയ്യിട്ടു വാരുന്നതെങ്കിലും ആശുപത്രി അധികൃതര്‍ ഒന്ന് അവസാനിപ്പിച്ചിരുന്നെങ്കില്‍...!! അങ്ങനെ ആശിക്കുക മാത്രമേ നമുക്കു കഴിയൂ..... പിന്നെ പ്രാര്‍ത്ഥനയും, രോഗങ്ങള്‍ വരാതിരിക്കണേ ദൈവമേ എന്ന്.....! വന്നാല്‍ത്തന്നെ, കുടുംബം ആശുപത്രിക്കാര്‍ക്ക് തീറെഴുതിക്കൊടുക്കാന്‍ ഇടയാക്കാതെ പെട്ടെന്നുതന്നെ അങ്ങു വിളിക്കണേ ദൈവമേ എന്ന്!!

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.