Header Ads

ഭക്തിയും ആശുപത്രികളും......! എന്നെന്നും വളരുന്ന ബിസിനസ് സാമ്രാജ്യങ്ങള്‍....!!സാമ്പത്തിക മാന്ദ്യമോ മറ്റ് യാതൊരു വിധ സുനാമികളോ ബാധിക്കാതെ തഴച്ചുവളരുന്ന രണ്ടു ബിസിനസ് സംരംഭങ്ങളേ ഇന്ന് ഈ ഇന്ത്യ മഹാരാജ്യത്തുള്ളു. അതിലൊന്ന് ഭക്തിയും മറ്റേത് ആശുപത്രികളുമാണ്. ഇവ രണ്ടും വേരുപിടിച്ചിരിക്കുന്നത് മനുഷ്യന്റെ ഭീതിയില്‍ നിന്നുതന്നെ. എല്ലാ സുഖസൗകര്യങ്ങളും അനുഭവിച്ച് അല്ലലില്ലാതെ സുഖമായും സന്തോഷമായും ജീവിക്കണമെന്നതാണ് ഏതൊരു മനുഷ്യന്റെയും ആഗ്രഹം. മോഷ്ടിക്കാന്‍ പോകുമ്പോള്‍ പോലും ഭണ്ഡാരത്തില്‍ പണമിട്ട്, ദൈവത്തിനു മുന്നില്‍ മെഴുകുതിരി വച്ച് പ്രാര്‍ത്ഥിക്കുന്ന കള്ളന്‍ പോലും രക്ഷിക്കണേ എന്നാണ് പറയുന്നത്. കക്കാന്‍ ദൈവം കൂട്ടുനില്‍ക്കുമോ എന്നൊന്നും അയാള്‍ക്ക് അറിയേണ്ടതില്ല. ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിക്കുന്നതിനു വേണ്ടി മലയാറ്റൂരും വേളാങ്കണ്ണിയിലും ശബരിമലയിലും ഹജ്ജിനും പോകുന്നവരുടെ എണ്ണം പെരുകുന്നു. കൂടുതല്‍ പണമുള്ളവര്‍ ജറുസലേം യാത്രകളും ഹജ്ജും നടത്തി പുണ്യം നേടാന്‍ ശ്രമിക്കുന്നു.

ഭാണ്ഡവും കെട്ടി ശബരിമലയും കുരിശും ചുമന്ന് മലയാറ്റൂരും കയറുന്നവരെ കാണുമ്പോള്‍ തോന്നുന്നത് സഹതാപമാണ്. എത്രയോ ദൂരം കാല്‍നടയായി നടന്നുവന്നാണ് ചിലര്‍ മലകയറുന്നത്. കുമ്പസാരിക്കാന്‍ വേണ്ടി പാപം ചെയ്യുന്നവര്‍. പാപം ചെയ്താലും കുഴപ്പമില്ല, കുമ്പസാരിച്ചാല്‍ മതി എന്നു കരുതുന്നവര്‍. ഭക്തിമൂത്ത് ഒരു പാവത്താനെ എരിതീയിലേക്ക് ഒരു കോമരം തള്ളിയിട്ടത് ഈയിടയ്ക്കാണ്. യാത്രയ്ക്കിടയില്‍ ഏതെങ്കിലും പള്ളി കാണുമ്പോള്‍ നെറ്റിയില്‍ കുരിശുവരയ്ക്കുന്നവരെ കാണുമ്പോള്‍ എന്തിനിങ്ങനെ മറ്റുള്ളവരെ ബോധിപ്പിക്കുന്നു എന്നു തോന്നും. പാനപാത്രത്തിന്റെ പുറം മിനുക്കി, അകം അറപ്പുളവാക്കും വിധം വൃത്തികേടാക്കി വയ്ക്കുന്നവരുടെ നാടാണിത്. പുറംമോടി മാത്രം മതി, ആര്‍ക്കും...!

സ്വാര്‍ത്ഥത, സ്വാര്‍ത്ഥത മാത്രം വിളയുന്ന മനസുകള്‍. ആരെങ്കിലും നടുറോഡില്‍ വീണുകിടന്നാലും സഹായിക്കാന്‍ മനസില്ലാതെ നിസംഗരായി കടന്നു പോകുന്നവര്‍. കോടികള്‍ മുടക്കി ആരാധനാലയങ്ങള്‍ പണിയുന്നവരുടെ മനസില്‍ എവിടെയാണ് നന്മയുള്ളത്...? കേരളത്തിലെ പള്ളികളിലും അമ്പലങ്ങളിലും മുസ്ലീം ദേവാലയങ്ങളിലും കുമിഞ്ഞുകൂടിയ സ്വത്തുമതി, ഈ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും പട്ടിണി മാറ്റാന്‍. പക്ഷേ, ഇതൊരു കോക്കസാണ്. രാഷ്ട്രീയക്കാരും ആത്മീയ നേതാക്കളും കപടഭക്തരും നടത്തുന്ന അതിവിപുലമായ ബിസിനസ്. സങ്കടക്കടലില്‍ മുങ്ങിത്താണവര്‍ കരുതുന്നു, ഇതാണ് രക്ഷയുടെ മാര്‍ഗ്ഗമെന്ന്. ആത്മീയാചാര്യന്മാര്‍ പറയുന്നത് നിരസിച്ചാല്‍ ദൈവകോപമുണ്ടാകുമെന്ന് അവര്‍ വിശ്വസിക്കുന്നു. അല്പവിശ്വാസികളുടെ ആ അന്ധവിശ്വാസത്തെ ഊട്ടി വളര്‍ത്തുന്നതിനുള്ള പൊടിക്കൈകള്‍ ഇവരുടെ പക്കലുണ്ട്. ഏതെങ്കിലും ഒരു ആരാധനാലയത്തില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്ക് പ്രത്യേക അനുഗ്രഹമുണ്ടായി എന്നു വരുത്തിത്തീര്‍ത്താല്‍ ആ ആരാധനാലയത്തില്‍ വന്നു നിറയുന്ന പണം എത്രയാണ്....?

പള്ളികളുടേയും ക്ഷേത്രങ്ങളുടേയും കുളങ്ങളില്‍ പോലും നാണയങ്ങളിട്ടു നിറയ്ക്കുന്നു, മോക്ഷം നേടാനും ഉദ്ദിഷ്ട കാര്യത്തിനുമായി. അയല്‍ക്കാരന്‍ ഭക്ഷണം കഴിച്ചോ എന്നു തിരക്കാന്‍ ആര്‍ക്കും സമയമില്ല. മറ്റുള്ളവന്റെ കഷ്ടപ്പാടില്‍ താങ്ങായിരിക്കാന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. ദൈവങ്ങളുടെ പ്രതിമയ്ക്ക് സ്വര്‍ണ്ണമാല അണിയിക്കാനും പാലുകൊണ്ട് അഭിഷേകം ചെയ്യാനും ഒരു മടിയുമില്ല. ദൈവം എന്താണ് യഥാര്‍ത്ഥത്തില്‍ പറഞ്ഞിരിക്കുന്നത് എന്നറിയാന്‍ ആര്‍ക്കും താല്‍പര്യമില്ല. സ്വന്തം സ്വാര്‍ത്ഥ താല്‍പര്യങ്ങളെ ദൈവത്തിന്റെ അരുളപ്പാടായി കൊണ്ടുനടക്കുന്നവര്‍...! കേരളത്തില്‍ ഇപ്പോള്‍ വളര്‍ന്നുവരുന്നത് ശക്തമായ താലിബാനിസമാണ്. അത് ഒരു മതത്തില്‍ മാത്രം നിക്ഷിപ്തമല്ല. ഈ താലിബാനിസം എല്ലാ മതങ്ങളിലും പ്രത്യക്ഷമായി തെളിഞ്ഞു കാണാം. മരണത്തെ പേടിക്കാത്ത ആരാണുള്ളത്...? രോഗത്തെ ഭയക്കാത്ത ആരാണുള്ളത്....? പട്ടിണിയെ, സാമ്പത്തിക ബുദ്ധിമുട്ടിനെ, നരക ജീവിതത്തെ ആരാണ് ഇഷ്ടപ്പെടുന്നത്....? അവയെല്ലാം ഇവിടെ ഉള്ളിടത്തോളം കാലം ഈ പ്രസ്ഥാനങ്ങള്‍ ഇവിടെ തഴച്ചു വളരും..... അതേ, ഈ മണ്ണില്‍ ഭക്തിപ്രസ്ഥാനം പടര്‍ന്നു പന്തലിച്ച് ശാഖകളും ഉപശാഖകളും പിന്നെ അതില്‍ നിന്നം ശാഖകളായി വേരുറപ്പിച്ചു കഴിഞ്ഞു. പിഴുതു മാറ്റാനാവാത്ത വിധം....!!

പെരുകുന്ന ആശുപത്രികള്‍......
അത്യന്താധുനിക രോഗനിര്‍ണ്ണയ സാമഗ്രികള്‍.... പഞ്ചനക്ഷത്ര ഹോട്ടലുകളെപ്പോലും വെല്ലുന്ന സൗകര്യങ്ങള്‍.... ചികിത്സിക്കാന്‍ പലതരം രോഗങ്ങള്‍.... പനികള്‍ പോലും എത്രയോ തരം. കൊച്ചിയിലെ കൊതുകുകളുടെ പെരുകലില്‍ ആഹ്ലാദം പൂണ്ട് ആശുപത്രികള്‍ പണിതുയര്‍ത്തിയര്‍ വരെ എത്രയോ.... ഇവിടെയുള്ള ആതുര സേവനവ്യവസായത്തെ താങ്ങിനിര്‍ത്തുന്നതില്‍ കൊതുകുകള്‍ വഹിക്കുന്ന പങ്ക് നിസ്സാരമല്ല.

ആതുര സേവനമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല, കാരണം ഇതൊരു ബിസിനസാണ്. ഈ രംഗത്തും നിലനില്‍ക്കുന്നത് ഒരു കോക്കസാണ്. ഒരുവശത്ത് പലതരം ഭക്ഷണപാനീയങ്ങളുടെ പരസ്യങ്ങള്‍ നല്‍കി വാങ്ങിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ചിലര്‍. ഇതെല്ലാം വാരിക്കഴിച്ച് വിവിധതരം രോഗങ്ങളാല്‍ വലഞ്ഞ് വൃക്കയും കരളുമെല്ലാം തകരാറിലായി ആശുപത്രികളില്‍ അഭയം തേടുന്നവര്‍. ചെറിയ കുട്ടികളുടെ സ്വാഭാവികമായ വളര്‍ച്ചയെ തകരാറിലാക്കി, അതിശക്തിമാന്മാരും ബുദ്ധിമാന്മാരും ഉയരവും വണ്ണവും കൂടിയവരുമെല്ലാമാക്കാനാണ് മാതാപിതാക്കള്‍ക്കു പോലും മത്സരം. ഇതെല്ലാം ഈ കുട്ടികളുടെ ശരീരത്തില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തെല്ലാമാണ് എന്നൊന്നു ചിന്തിക്കാന്‍ പോലും ഇവര്‍ മെനക്കെടാറില്ല. സാധാരണ ഭക്ഷണങ്ങള്‍ തീന്‍മേശയില്‍ നിന്നും അപ്രത്യക്ഷമായിട്ട് വര്‍ഷങ്ങളെത്രയോ കഴിഞ്ഞിരിക്കുന്നു...!

ടാങും രസ്‌നയും ബൂസ്റ്റും വിറ്റാമിന്‍ ഗുളികകളുമൊന്നും കഴിച്ചില്ലെങ്കില്‍ കുട്ടികളുടെ വളര്‍ച്ച മുരടിച്ചുപോകും എന്ന രീതിയിലാണ് കാര്യങ്ങള്‍ മുന്നേറുന്നത്. ഇവയെല്ലാം മൂലം ഇവിടെയുള്ള സേവനമെന്ന വ്യവസായം കൂടുതല്‍ക്കൂടുതല്‍ ശക്തിപ്രാപിക്കും.

എറണാകുളത്ത് പൈല്‍സ് ചികിത്സയ്ക്കുമാത്രമായി ബഹുനില ആശുപത്രികളും സ്‌പെഷ്യാലിറ്റി ആശുപത്രികളുമുണ്ട് എന്നറിയുമ്പോള്‍ തന്നെ മനസിലാക്കുക.... കേരളത്തിലെ ജനങ്ങളുടെ ആരോഗ്യം ആശങ്കാകുലമാംവിധം തകരാറിലാണെന്ന്. വാരിവലിച്ചു തിന്ന് മലദ്വാരം അടഞ്ഞുപോയിട്ടും തീറ്റിമാത്രം നിറുത്തുന്നില്ല. പിന്നെ വയറ്റില്‍ നിന്നുപോകാന്‍ ചികിത്സ, വയറ്റിലേക്കു പോകാന്‍ ചികിത്സ....

ഈയിടയ്ക്ക്, ഐഡിയയുടെ നോ ഫൂളാക്കിംഗ് പരസ്യത്തിനെതിരെ കാശ്മീരിലെ ഒരു മന്ത്രി പരാതിയുമായി മുന്നോട്ടു വന്നിരുന്നു. ഇവിടെ, ജനങ്ങളുടെ ആരോഗ്യത്തെ ആകമാനം തകരാറിലാക്കുന്ന നിരവധി പരസ്യങ്ങള്‍ നിറയുമ്പോള്‍ അതിനെതിരെ ചെറുവിരലനക്കാന്‍ പോലും ആരുമില്ല. ആ പരസ്യങ്ങളുടെ ഔചിത്യത്തെക്കുറിച്ചു ചിന്തിക്കാനും ആരുമില്ല.

ഉയര്‍ന്നുവരുന്ന ആശുപത്രികള്‍ നമ്മുടെ നാടിന്റെ വികസനത്തിന്റെ പ്രതീകമല്ല, മറിച്ച്, രോഗാതുരമായ ഒരു ജനതയുടെ പ്രതീകമാണ്. അലോപ്പതി മരുന്നുകള്‍ മനുഷ്യന് ആയുസും ആരോഗ്യവും നീട്ടി നല്‍കുന്നതില്‍ വിജയിച്ചിരുന്നു. പക്ഷേ, അന്ന് ആ അലോപ്പതി മരുന്നുകള്‍ തന്നെയാണ് അവന്റെ ആയുസ് ഒടുക്കുന്നതും.

മദ്യനിരോധനമാണ് ഇപ്പോഴത്തെ വിഷയം. അതെങ്ങനെ നിര്‍ത്താന്‍ കഴിയും.....? സര്‍ക്കാരിനെ മാത്രമല്ല, കേരളത്തിലെ ഭക്തി പ്രസ്ഥാനങ്ങളെയും ആശുപത്രികളെയും താങ്ങി നിര്‍ത്തുന്നത് മദ്യമാണ്. പിന്നെ അതെങ്ങനെ നിരോധിക്കും...? നടക്കട്ടെ, ഭക്തിയും മദ്യവും രോഗവും കൂടി ഇവിടെ ഒരു ജുഗല്‍ബന്തി തീര്‍ക്കട്ടെ.....! കണ്ണുകൊണ്ടു കാണുന്നതെല്ലാം സത്യമല്ല, ചെവികൊണ്ട് കേള്‍ക്കുന്നതെല്ലാം ശരിയുമല്ല. തിരിച്ചറിയുന്ന ഒരു കാലം വരും, പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരിക്കും.... വളരെ വളരെ...!!

അഭിപ്രായങ്ങളൊന്നുമില്ല

Blogger പിന്തുണയോടെ.