Header Ads

മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ കീറപ്പോക്കറ്റില്‍ നിന്നും കഴിഞ്ഞ വര്‍ഷം അടിച്ചുമാറ്റിയത് 5000 കോടി



മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ പാവപ്പെട്ടവന്റെ പോക്കറ്റില്‍ കയ്യിട്ടുവാരി കഴിഞ്ഞ വര്‍ഷം ബാങ്ക് സമ്പാദിച്ചത് 5000 കോടി രൂപ. അക്കൗണ്ടില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ ഇടപാടുകാരില്‍ നിന്ന് 2017-18ല്‍ നേടിയത് 4989.55 കോടി രൂപ. ഇതില്‍ രാജ്യത്തെ 21 പൊതുമേഖലാ ബാങ്കുകള്‍ മാത്രം ഇടപാടുകാരില്‍നിന്ന് ഈടാക്കിയത് 3550.99 കോടി രൂപ. ഏറ്റവും കൂടുതല്‍ പിഴ ചുമത്തിയിരിക്കുന്നത് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്ക് കൂടിയായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് - 2433.87 കോടി രൂപ. സാധാരണക്കാര്‍ ഏറ്റവും അധികം അക്കൗണ്ട് എടുക്കുന്നത് ഈ ബാങ്കിലാണ്. എസ് ബി ഐയെ പോലുള്ള ബാങ്കുകളെ ലയിപ്പിച്ചതിലൂടെയും ഇവര്‍ വളര്‍ന്നു. എന്നിട്ടും പാവങ്ങളുടെ കീശയില്‍ കൈയിട്ട് വാരുന്നു.

നാലു വര്‍ഷങ്ങളിലായി രാജ്യത്തെ 24 പൊതുമേഖലാ-സ്വകാര്യ ബാങ്കുകള്‍ 11,500 കോടി രൂപയാണ് ബാലന്‍സ് ഇല്ലെന്നതിന്റെ പേരില്‍ ഈടാക്കിയത്. കൈയില്‍ കാശില്ലെന്നത് ക്രിമിനല്‍ കുറ്റം ആക്കുന്നതിന് തുല്യമാണ് ഇത്. പക്ഷേ കേന്ദ്ര സര്‍ക്കാര്‍ പിന്തുണയോടെ ബാങ്കുകള്‍ കൊള്ള തുടരുന്നു. ഈ കൊള്ളയില്‍ പഞ്ചാബ് നാഷണല്‍ ബാങ്കാണു രണ്ടാം സ്ഥാനത്ത് - 210.76 കോടി രൂപ. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ 173.92 കോടിയും കാനറാ ബാങ്ക് 118.11 കോടി രൂപയും ഈടാക്കി. രാജ്യത്തെ പ്രധാനപ്പെട്ട മൂന്നു സ്വകാര്യ ബാങ്കുകള്‍ ഈടാക്കിയിരിക്കുന്നത് 1438.56 കോടി രൂപയാണ്. എ. സമ്പത്ത് എംപിക്കു ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ കേന്ദ്ര ധനമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യ ബാങ്കുകളില്‍ എച്ച്ഡിഎഫ്‌സി ബാങ്കാണു മുന്നില്‍. കഴിഞ്ഞ വര്‍ഷം 590.84 കോടി രൂപയാണ് മിനിമം ബാലന്‍സ് സൂക്ഷിക്കാത്തതിന്റെ പേരില്‍ ഇവര്‍ ഈടാക്കിയത്. ആക്‌സിസ് ബാങ്ക് 530.12 കോടിയും ഐസിഐസിഐ ബാങ്ക് 317.6 കോടിയും പിഴ ചുമത്തി. ജനങ്ങളെ ബാങ്കുകള്‍ പിഴിയുമ്പോഴും അത് ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം തയ്യാറല്ല. അതുകൊണ്ട് തന്നെ കൊള്ള തുടരുകയാണ്. പെട്രോള്‍-ഡീസല്‍ വില ഉയര്‍ച്ച പോലെ ഖജനാവിനും ബാങ്കുകള്‍ക്കും കരുത്താകുന്ന നയങ്ങളാണ് മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇത് തന്നെയാണ് മിനിമം ബാലന്‍സ് എന്ന വാളുപയോഗിച്ചുള്ള ബാങ്കുകളുടെ കൊള്ളയ്ക്കും കാരണമാകുന്നത്.

അഞ്ചു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം 2017 മാര്‍ച്ച് മുതല്‍ മിനിമം ബാലന്‍സ് നിര്‍ബന്ധമാക്കിയ എസ്ബിഐ ബേസിക് സേവിങ്‌സ് അക്കൗണ്ടുകളെയും ജന്‍ധന്‍ അക്കൗണ്ടുകളേയും മാത്രം ഇതില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 42 കോടിയിലേറെ അക്കൗണ്ടുകളാണ് എസ്ബിഐക്കുള്ളത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ മിനിമം ബാലന്‍സ് പിഴത്തുക 75 ശതമാനത്തോളം എസ്ബിഐ കുറച്ചിരുന്നു. മെട്രോ നഗരങ്ങളിലും മറ്റു നഗരങ്ങളിലുള്ള ഇടപാടുകാര്‍ക്കു പ്രതിമാസം ഈടാക്കിയിരുന്ന പിഴത്തുക 50 രൂപയില്‍നിന്നു 15 രൂപയായാണ് കുറച്ചത്. അര്‍ധനഗരങ്ങളിലും ഗ്രാമങ്ങളിലുമുള്ളവര്‍ക്ക് പിഴ 40 രൂപയില്‍നിന്ന് യഥാക്രമം 12 രൂപയും പത്തു രൂപയുമായി കുറച്ചിരുന്നു. പിഴത്തുകയില്‍ ജിഎസ്ടി കൂടി ഇടപാടുകാര്‍ നല്‍കേണ്ടിവരുന്നുണ്ട്.
..........................................................................................................................................................

Tags: The biggest robbery of banks in India, Making huge profit by fining those who are not able to keep minimum balance. Last year banks in India earned Rs 5000 crores as fines for people who are not able to keep minimum balance in their accounts, Malayalam News, thamasoma

No comments

Powered by Blogger.