Headlines

അശാന്തിയുടെ പൂമരം: ശാന്തിപുലരുമോ എന്നെങ്കിലും…???

ശാന്തമെന്ന് പുറമെ തോന്നുമെങ്കിലും ജനജീവിതം ഒരു നെരിപ്പോടിനു മുകളിലാണ്.
അല്‍പ്പമൊന്നു കണ്ണുതുറന്നു നോക്കിയാല്‍ മതി, നമുക്കു ചുറ്റും ഉരുണ്ടുകൂടിയ
കാര്‍മേഘങ്ങള്‍ കാണാന്‍. ഓരോ മനുഷ്യനെയും വരിഞ്ഞുമുറുക്കുന്ന
മതതീവ്രവാദമുണ്ട്. യുദ്ധ ഭീകരതയുണ്ട്. മനുഷ്യന്‍ സ്വയം
വരുത്തിത്തീര്‍ക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. അശാന്തിയില്‍ പടര്‍ന്നു
പന്തലിച്ച പൂമരത്തെക്കുറിച്ചാണ് ഇവിടെ സംവദിക്കുന്നത്. 
മാനവികതയുടെ സമകാലിക പ്രതിസന്ധികളെക്കുറിച്ച് പ്രതിബാധിക്കുന്ന പുസ്തകമാണ്
ഡെന്നി തോമസ് വട്ടക്കുന്നേല്‍ എഴുതിയ അശാന്തിയുടെ പൂമരം എന്ന ലേഖന സമാഹാരം.
ഈ പുസ്തകം മനസില്‍ പാകുന്നതും അശാന്തിയുടെ വിത്തുകളാണ്. നാം
അധിവസിക്കുന്നത് ശാന്തസുന്ദരമായ ഒരു ഭൂമിയിലാണ് എന്ന മിഥ്യാധാരണയില്‍
പകലിരവുകള്‍ ആഘോഷപൂര്‍വ്വം ചെലവിടുന്നവര്‍ക്കുള്ള മുന്നറിയിപ്പുകള്‍
കൂടിയാണ് ഈ പുസ്തകം. ലോകമെങ്ങും മുളച്ചു പൊന്തുന്നത് അശാന്തിയുടെ
വിത്തുകളാണ്. ഭീകരവാദവും ആണവ ഭീഷണിയും യുദ്ധങ്ങളും കൊടുമ്പിരി കൊള്ളുന്ന ഈ
കാലഘട്ടത്തില്‍, സമാധാനപരമായ ജീവിതമെന്നത് ഒരു വ്യാമോഹം മാത്രമാണ്.
ആഗോളതാപനം ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ചും ആശങ്കകളെക്കുറിച്ചുമാണ്
ആദ്യലേഖനം ചര്‍ച്ച ചെയ്യുന്നത്. ഉപഭോഗസംസ്‌കാരത്തിന്റെ വര്‍ണശബളിമയില്‍
ആകൃഷ്ടരായ ജനത, പ്രകൃതിയെ സ്വന്തം കാല്‍ക്കീഴില്‍ അടക്കിഭരിക്കാന്‍ നടത്തിയ
ശ്രമങ്ങളാണ് ആഗോളതാപനത്തിലേക്കും സകല ജീവജാലങ്ങളുടെയും
സര്‍വ്വനാശത്തിലേക്കും വഴിതെളിച്ചുകൊണ്ടിരിക്കുന്നത്. എന്നിട്ടും,
മനുഷ്യര്‍ ഉറങ്ങുകയാണ്. അല്ലെങ്കില്‍ ഉറക്കം നടിക്കുന്നു. ഭൂമിയെയും അതിലെ
ജീവജാലങ്ങളെയും ജീവനിലേക്കു തിരിച്ചുകൊണ്ടുവരാന്‍ വിശ്രമമില്ലാതെ
പണിയെടുക്കേണ്ട മണിക്കൂറുകളിലും ശാന്തമായി ഉറങ്ങുന്ന മനുഷ്യന്‍. എല്ലാം
ശാന്തമെന്ന ചിന്തയില്‍, എത്രനാള്‍ ഈ ഉറക്കം തുടരാനാവും…?? വരും
തലമുറയെപ്പോലും നാശത്തിന്റെ പടുകുഴിയിലേക്കു നയിക്കുന്ന ആര്‍ത്തിയുടെ
ഗാഢനിദ്രയില്‍ നിന്നും മനുഷ്യന്‍ എന്നാണ് തിരിച്ചറിവിലേക്കു മിഴി
തുറക്കുക…? ലേഖകന്‍ ആകുലപ്പെടുന്നു.
കഴുകന്‍ വാഴുന്ന യുദ്ധമുഖങ്ങള്‍ എന്ന ലേഖനം യുദ്ധങ്ങളുടെ ആവിര്‍ഭാവവും
അതിന്റെ സാമ്പത്തിക ശാസ്ത്രവും ഭീകരതയും വരച്ചു കാട്ടുന്നു. യുദ്ധങ്ങളുടെ
ചരിത്രം ആരംഭിക്കുന്നത് മനുഷ്യന്‍ സ്വകാര്യസ്വത്തിന് അവകാശിയായ നാള്‍
തുടങ്ങിയാണ് എന്ന് ലേഖകന്‍ വിലയിരുത്തുന്നു. ശത്രുവിനെ ആക്രമിച്ചും കൊന്നും
സ്വന്തം നീതി നടപ്പാക്കുകയാണ് മനുഷ്യന്‍ ചെയ്യുന്നത്. ആദ്യകാലങ്ങളില്‍
മനുഷ്യന്‍ യുദ്ധം ചെയ്തിരുന്നത് വേട്ടയാടിപ്പിടിച്ച ഇരയ്ക്കു വേണ്ടിയും
ഇണയ്ക്കു വേണ്ടിയും താമസിക്കാനുള്ള ഗുഹയ്ക്കു വേണ്ടിയുമാണ്. കാലം
കഴിഞ്ഞപ്പോള്‍ യുദ്ധത്തിന്റെ സ്വഭാവവും മാറി. ദുര മൂത്ത മനുഷ്യനിന്ന്
മുന്നിലുള്ള എന്തിനെയും നശിപ്പിക്കാനുള്ള വ്യഗ്രതയില്‍ എത്തിനില്‍ക്കുന്നു.
മുല്ലപ്പൂവിപ്ലവവും ഏകാധിപത്യ നീതി ശാസ്ത്രവും എന്ന ലേഖനത്തില്‍
ആഫ്രിക്കന്‍ രാജ്യമായ ട്യുണീഷ്യയില്‍ 2010 ആരംഭിച്ച മുല്ലപ്പൂ
വിപ്ലവത്തിന്റെ കാരണങ്ങളെയും ഫലങ്ങളെയും കുറിച്ച് വിശദമായി
പ്രതിബാധിക്കുന്നു. ഒരു തീപ്പൊരിയില്‍ നിന്നും ഉയര്‍ന്നുവന്ന ജനകീയ
മുന്നേറ്റം എങ്ങനെയാണ് രാജ്യമാകെ ആളിപ്പടര്‍ന്നതെന്ന് ഈ ലേഖനം
വിശദീകരിക്കുന്നു.
ആണവയുദ്ധ ഭീഷണിയാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ജനലക്ഷങ്ങളുടെ ഉന്മൂലനത്തിനാണ് ആണവശേഷി ഉപയോഗിക്കപ്പെടുന്നത്. ആണവശേഷിയുള്ള
രാജ്യങ്ങളെ ഭയപ്പാടോടു കൂടിയാണ് ജനങ്ങള്‍ കാണുന്നത്. അമേരിക്ക, റഷ്യ,
ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍ തുടങ്ങിയ
രാജ്യങ്ങള്‍ക്ക് ആണവായുധങ്ങള്‍ ഉണ്ടെങ്കിലും ഉത്തരകൊറിയയുടെ ആണവായുധങ്ങളെ
അമേരിക്ക ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഭയപ്പാടോടെയാണ് കാണുന്നത് എന്നും
ലേഖകന്‍ വ്യക്തമാക്കുന്നു. ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള സാങ്കേതിക
വിദ്യ വിധ്വംസകശക്തികളുടെ കൈകളില്‍ എത്തിപ്പെട്ടാലുള്ള
ഭവിഷ്യത്തുകളെക്കുറിച്ചും ഈ ലേഖനത്തില്‍ ഡെന്നി തോമസ് ആകുലപ്പെടുന്നു.
ആക്രമണവും ഭയത്തിലധിഷ്ഠിതമായ പ്രതിരോധവും ചേര്‍ന്ന ആണവ നശീകരണ
പോര്‍മുനയ്ക്കു മുന്നില്‍ ഈ ലോകത്തിന് ഇനി എത്രനാള്‍ ആയുസുണ്ട്…???
ലേഖകന്‍ ചോദിക്കുന്നു.
ഭീകരവാദം: അകവും പുറവും എന്ന ലേഖനമാണ് അശാന്തിയുടെ പൂമരത്തില്‍ അവസാനമായി
ചേര്‍ത്തിരിക്കുന്നത്. ഭീകരവാദത്തിന്റെ ഇരകള്‍ എല്ലായിപ്പോഴും
സാധാരണക്കാരാണ്. ലോകം കണ്ട ഏറ്റവും വലിയ ഭീകരാക്രമണങ്ങളില്‍ ഒന്നായിരുന്നു
2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയില്‍ നടന്നത്. അന്ന്, വാഷിംഗ്ടണില്‍
നിന്നും ന്യൂജഴ്‌സിയില്‍ നിന്നും പുറപ്പെട്ട നാലു വിമാനങ്ങള്‍ റാഞ്ചിയശേഷം
ഭീകരര്‍ അത് അമേരിക്കയുടെ അഭിമാനസ്തംഭമായ ലോകവ്യാപാര സംഘടനയുടെ സൗത്ത്
ടവറിലും നോര്‍ത്ത് ടവറിലും വെര്‍ജീനിയയിലെ അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ
പെന്റഗണിലും ഇടിച്ചു കയറ്റി. നാലാമത്തെ വിമാനമാകട്ടെ, പെന്‍സില്‍വാനിയയിലെ
സോമര്‍സെറ്റ് കൗണ്ടിയിലെ പാടശേഖരത്തില്‍ തകര്‍ന്നു വീണു. ഭീകരവാദം
അതുകൊണ്ടൊന്നും അവസാനിച്ചില്ലെന്നു മാത്രമല്ല, കൂടുതല്‍
ശക്തിപ്രാപിക്കുകയാണ്. ശത്രുരാജ്യങ്ങളുമായി നേരിട്ടു യുദ്ധത്തിനു മുതിരാതെ,
നിവല്‍ യുദ്ധമെന്ന തന്ത്രം പയറ്റുകയാണ് എന്നും ലേഖകന്‍ വിശദമാക്കുന്നു.
അശാന്തമെങ്കിലും പ്രതീക്ഷയുടെ പൂമരമാണിത്. ഇനിയും വൈകിപ്പോയിട്ടില്ല എന്ന
തിരിച്ചറിവിന്റെ പൂമരം. ശാന്തവും സുന്ദരവുമായ ഭൂമി നമുക്കു തിരിച്ചു
പിടിക്കാം, ഭാവി തലമുറയ്ക്കു വേണ്ടി. ഈ സന്ദേശം ഓരോ മനുഷ്യരിലും
എത്തിക്കുന്നതിനുള്ള അവസരമാണിത്. കാസര്‍ഗോഡ് ജില്ലയില്‍ ഈസ്റ്റ് എളേരി
ഗ്രാമത്തില്‍ മണ്ഡപം എന്ന ദേശത്ത് തോമസ് വട്ടക്കുന്നേലിന്റെയും
റോസമ്മയുടേയും രണ്ടാമത്തെ മകനായ ഡെന്നി തോമസ് വട്ടക്കുന്നേല്‍, 95 പേജുള്ള ഈ
പുസ്തകത്തിലൂടെ വിളിച്ചോതുന്നത് ശാന്തിയുടെ സന്ദേശമാണ്. ഈ പുസ്തകത്തിന്റെ
വില 115 രൂപയാണ്. വിലമതിക്കാനാവാത്ത അറിവുകളുടെ ഒരു ശേഖരം കൂടിയാണ് ഈ
പുസ്തകം. 
Tags: Denny Thomas Vattakkunnel, Asanthiyude poomaram, war, global warming, terrorism, nuclear war

2 thoughts on “അശാന്തിയുടെ പൂമരം: ശാന്തിപുലരുമോ എന്നെങ്കിലും…???

  1. അശാന്തിയുടെ പൂമരം എന്ന പുസ്തകം ആകാംക്ഷയോടെ വായിച്ചപ്പോൾ മനസ്സിൽ വിരിഞ്ഞ കൊച്ചു ചിന്തകൾ കുറിക്കട്ടെ…
    വേറിട്ട ശീർഷകത്തിലൂടെ വായനക്കാരുടെ ജിജ്ഞാസയെ ഉണർത്തുന്ന ഈ കൃതി, തീർച്ചയായും കാലഘട്ടത്തിന്റെ പച്ചയായ മുഖത്തെ അനാവരണമാക്കുന്നുണ്ട്. ആധുനിക സംസ്കാരത്തിന്റെ പൊള്ളത്തരങ്ങളിൽ, ഇന്നലെകളിൽ നഷ്ടപ്പെട്ടുപോയ ശാന്തി, സമാധാനം തുടങ്ങിയവ ഇന്ന്‌ അശാന്തിയുടെ പൂമരങ്ങളായി നമുക്ക് മുമ്പിൽ വിരിഞ്ഞുനിൽക്കുന്നുണ്ടെന്ന യാഥാർത്യം വരച്ചുകാട്ടുന്നതാണ് ഇതിലെ ഓരോ ലേഖനവും. മാനവികതയുടെ സമകാലീന പ്രതിസന്ധികളിൽ എല്ലാറ്റിനെയും നൈമിഷികമെന്നു കാണിക്കുമ്പോൾ വരുംതലമുറയ്ക്ക് ഈ പുസ്തകം പറഞ്ഞുതരുന്ന ഒരു തിരിച്ചറിവിന്റെ ലോകമുണ്ട്…
    ഭൗതികതയുടെയും അശാന്തിയുടെയും അസഹിഷ്ണുതയുടെയും കാർമേഘത്തെ ചെറുക്കാൻ, വിഫലബോധത്തിന്റെ പടവുകളിലെത്തി അഗാധത്തിലേക്കു നീന്തിതുടിക്കാൻ, മാനവകുലത്തെയൊന്നാകെ കലുഷിതമായ വിഹായസ്സിലേക്കു റാഞ്ചിയെടുക്കാൻ വെമ്പുന്ന കഴുകന്മാരുടെ മുഖങ്ങൾക്കുനേരെ, ആണവഭീഷണിയിൽ ഉറങ്ങുന്ന ഞാനും നിങ്ങളും ഉണരേണ്ടതുണ്ടെന്നും, കാലത്തിനുമുമ്പേ പറക്കുന്ന വിപ്ലവകാരികളായി നാമെല്ലാം മാറണമെന്നും ഈ ലേഖനസമാഹാരത്തിലൂടെ രചയിതാവ് പറയാതെ പറഞ്ഞുവക്കുന്നു.
    സിസ്റ്റർ സിജി ജേക്കബ്

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു