Header Ads

ശരിയായില്ല സര്‍ക്കാരെ, ഭൂമിയിലെ മാലാഖമാരുടെ ദുരിത ജീവിതത്തിനും മാറ്റമില്ല...!



ഭൂമിയിലെ മാലാഖമാര്‍ എന്ന് ചിലരെങ്കിലും വിശേഷിപ്പിക്കുന്ന, പ്രേത്യകിച്ച് കേരളത്തില്‍ ജോലി ചെയ്യുന്ന വലിയ ഒരു വിഭാഗം നേഴ്‌സ്മാരുടെ യഥാര്‍ത്ഥ ജീവിതം മനസ്സിലാക്കുവാന്‍ കേരളത്തിലെ ഭരണകൂടങ്ങള്‍ക്കോ ജനങ്ങള്‍ക്കോ ഇന്നുവരെയും കഴിഞ്ഞിട്ടില്ല. ജീവിതത്തില്‍ നഴ്‌സുമാരുടെ സേവനം അത്യന്താപേക്ഷിതവും ഒഴിച്ചുകൂടാനാവാത്തതുമാണ്. പ്രസവമുറിയുടെ വാതില്ക്കലും, ഓപ്പറേഷന്‍ തീയേറ്ററിന്റെ മുമ്പിലും നമ്മുടെ ബന്ധുക്കളെ കയറ്റിവിട്ടിട്ട് അക്ഷമയരായി നമ്മെളെല്ലാം നിന്നിട്ടുണ്ട്. ഒരു നഴ്‌സിന്റെ കാല്‍പ്പെരുമാറ്റം കേട്ടാല്‍ മതി ഓടിച്ചെന്ന് ഭവ്യതയോടെ വിവരങ്ങള്‍ തിരക്കും. ഭാര്യ പ്രസവിച്ചോ, തന്റെ പ്രിയപ്പെട്ടവരുടെ ഓപ്പറേഷന്‍ കഴിഞ്ഞോ എന്നെല്ലാം. അവരുടെ പരിമിതികളില്‍ നിന്നുകൊണ്ട് അവിടുത്തെ അധികൃതര്‍ അറിയാതെ യഥാര്‍ത്ഥ വിവരങ്ങളും നമുക്ക് അവര്‍ പറഞ്ഞു തന്നിട്ടുണ്ട്. ഇതെല്ലം കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ മറ്റൊരു കണ്ണോടും പുച്ഛ ഭാവത്തിലും ഈ മാലാഖകളെ കാണുന്നവര്‍ ചുരുക്കമല്ല. 

ഇവരുടെ അദ്ധ്വാന ഭാരങ്ങള്‍, ഇവരുടെ വേതനം ഇതൊന്നും നമ്മില്‍ പലര്‍ക്കും അറിയില്ല, അറിയാവുന്നവര്‍ മൗനവും പാലിക്കുന്നൂ. ഒരു വിധം നല്ല വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും നല്ല മാര്‍ക്കോടുകൂടി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചവര്‍ക്ക് മാത്രമേ നഴ്‌സിംഗിന് പ്രവേശനം ലഭിക്കുകയുള്ളൂ എന്ന് നമ്മളില്‍ എത്രപേര്‍ക്ക് അറിയാം? പഠിക്കുവാന്‍ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ നാലും അഞ്ചും വര്‍ഷം നീണ്ടുനില്ക്കുന്ന അവരുടെ പഠനം പൂര്‍ത്തീകരിക്കുവാന്‍ കഴിയുകയുള്ളൂ. സാമ്പത്തികമായി നല്ല ഒരു ചിലവ് വരുന്ന വിദ്യാഭ്യാസം ആണ് നഴ്‌സിംഗ്. അവരുടെ പഠനോപകാരണങ്ങള്‍, കാലാകാലങ്ങളില്‍ നടത്തപ്പെടുന്ന പരീക്ഷകള്‍, ഹോസ്റ്റല്‍ ഫീസ് തുടങ്ങി എല്ലാറ്റിനും ഈ കുട്ടികളുടെ മാതാപിതാക്കളെ കോളേജ് അധികൃതര്‍ കൊള്ളയടിക്കുന്നു. 

പാവപ്പെട്ടവര്‍ക്കായി ജാതിയുടെയും മതത്തിന്റെയും പേരുപറഞ്ഞ് സര്‍ക്കാരില്‍ നിന്നും മതമേലാളന്മാര്‍ നേടിയെടുക്കുന്ന കോളേജുകളില്‍ ആണ് ഈ പകല്‍കൊള്ള നടന്നുകൊണ്ടിരിക്കുന്നത്. നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളും ബാങ്ക് വായ്പ തരപ്പെടുത്തി നല്ലൊരു ജോലിയും അതിനുള്ള വേതനവും മനസ്സില്‍ കണ്ടുകൊണ്ടാണ് കുടുംബത്തിന്റെ അത്താണി ആകുവാന്‍ ഇറങ്ങി പുറപ്പെടുന്നത്. ഇങ്ങനെ കഷ്ടപ്പെട്ട് പഠിച്ചിറങ്ങി ജോലിയില്‍ പ്രവേശിച്ച നല്ലൊരു വിഭാഗം നഴ്‌സുമാരുടെയും അവരുടെ കുടുംബത്തിന്റെയും അവസ്ഥ ഇന്ന് വളരെ പരിതാപകരമാണ്. 

ഒരു വശത്ത് തന്റെ മകന്റെ അല്ലെങ്കില്‍ മകളുടെ ജോലിഭാരം, അവിടെ അനുഭവിക്കേണ്ടിവരുന്ന മാനസിക പിരിമുറുക്കം, മറ്റൊരു വശത്ത് വായ്പയായി എടുത്ത തുക സമയത്ത് തിരികെ അടക്കുവാന്‍ കഴിയാതെ വരുന്നതിനാല്‍ പലിശയും മുതലും കൂടി, ഉള്ള കിടപ്പാടം കൂടി നഷ്ടമാകുന്ന രീതിയില്‍ ബാങ്ക് അധികൃതരുടെ ഭീഷണി. കോടികള്‍ ബാങ്കുകളില്‍ നിന്നും വായ്പ എടുത്ത് തിരിച്ചടക്കാത്ത കുത്തക മുതലാളിമാരുടെ നാട്ടില്‍ ആണ് കിടപ്പാടം മാത്രമുള്ള പാവപ്പെട്ടവന്റെ വസ്തു ജപ്തി ചെയ്യുവാന്‍ ബാങ്കുകളുടെ ഉത്സാഹം. വമ്പന്മാരുടെ ഒരു രോമത്തില്‍ പോലും തൊടുവാന്‍ കഴിയാത്ത ഭരണ വ്യവസ്ഥ എന്നത് അപലനീയം. 


ഇത്രയൊക്കെ കഷ്ടപ്പെടുന്ന നഴ്‌സുമാര്‍ക്ക് നാട്ടില്‍ ലഭിക്കുന്ന ശമ്പളമോ? ഇക്കാലത്ത് പറമ്പിലെ ജോലിക്കുവരുന്നവനും, ഒരു മേശിരിയുടെ സഹായിയായി പോകുന്നവനും കുറഞ്ഞത് ആയിരം രൂപ വരെ കൂലി കൊടുക്കേണ്ടി വരുന്ന നമ്മുടെ നാട്ടില്‍, നഴ്‌സുമാരുടെ ശമ്പളം അറിഞ്ഞാല്‍ മനഃസാക്ഷിയുള്ള ഏതൊരുവനും അത്ഭുതപ്പെട്ടേക്കാം. ഒരു സാധാരണ ആശുപത്രിയിലെ ജീവനക്കാരിക്ക് കിട്ടുന്നത് തുച്ഛമായ ശമ്പളം മാത്രം. അയ്യായിരം മുതല്‍ ഏറിവന്നാല്‍ ഏഴായിരം രൂപ മാത്രം. ഈ ശമ്പളത്തില്‍നിന്നും ബാങ്ക് ലോണ്‍ അടക്കണം, വീടിന്റെ ചിലവുകള്‍, ബസ് യാത്ര തുടങ്ങി വീതം വച്ചുവരുമ്പോള്‍ വട്ടപ്പൂജ്യത്തിലേക്ക് ആണ് ഓരോ നഴ്‌സുമാരുടെയും കുടുംബം നീങ്ങുന്നത്. ആശുപത്രിയില്‍ രോഗികളുടെ കയ്യില്‍നിന്നുമുള്ള പകല്‍കൊള്ള ഓരോ ദിനവും വര്‍ദ്ധിച്ചുവരുന്നു. 

കേരളത്തിലെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളുടെയും ഉടമസ്ഥാവകാശം ജാതി മത സംഘടനകള്‍ക്ക് തന്നെയാണ്. അടുത്തകാലത്തായി ലാഭക്കൊതിമൂത്ത കുത്തകമുതലാളികളും ഈ രംഗത്തേക്ക് കടന്നുവന്നതോടുകൂടി നമ്മുടെ ആരോഗ്യ രംഗം താറുമാറായി. മാറി വരുന്ന സര്‍ക്കാരുകള്‍ മത മേലാളന്മാരുടെയും കുത്തക മുതലാളിമാരുടെയും മുന്നില്‍ ഓച്ഛാനിച്ചു നില്ക്കുന്നൂ. അതിനാല്‍ ഈ കൂട്ടര്‍ ഇവിടെ തടിച്ചു കൊഴുക്കുകയാണ്. 

പിന്നോക്ക അവസ്ഥയിലുള്ളവരെ മുന്‍നിരയിലേക്ക് കൊണ്ടുവരുന്നതിന്റെ ഭാഗമായി അവരുടെ ജീവിതനിലവാരം ഉയര്‍ത്തുക, അവര്‍ക്ക് വിദ്യാഭ്യാസം കൊടുക്കുക എന്നൊക്കെ പറഞ്ഞു കൊണ്ട് ജനങ്ങളെയും സര്‍ക്കാരിനെയും കബളിപ്പിച്ചാണ് ഇവിടുത്തെ എല്ലാ മതവിഭാഗങ്ങളും സ്‌കൂള്‍, കോളേജ്, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ നേടിയെടുക്കുന്നത്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ യാതൊരുവിധമായ പ്രയോജനവും താഴെത്തട്ടില്‍ എത്തുന്നില്ല എന്നുമാത്രമല്ല, അവര്‍ ഓരോ ദിവസവും ചൂഷണത്തിന് ഇരയാകുന്നു. സ്വന്തം സമുദായത്തിന്റെ സ്ഥാപനത്തില്‍ ഫീസ് കൊടുക്കാതെ പഠിക്കുവാനോ, അവര്‍ക്ക് അര്‍ഹമായ ജോലിയോ ലഭിക്കുന്നില്ല. ഇവിടെ കാലങ്ങളായി നടക്കുന്ന ഈ നീതികേടുകള്‍ ആരും കണ്ടതായി നടിക്കുന്നില്ല. അടുത്തകാലം വരെയും ഇന്ത്യയിലെ നഴ്‌സ്മാര്‍ക്ക് ഒരു സംഘടനയോ അവരുടെ ആവശ്യങ്ങള്‍ ഉന്നയിക്കുവാന്‍ ഒരു വേദിയോ ഇല്ലായിരുന്നു. ഏകദേശം നാല് വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രമാണ് അവരുടെ ഒരു സംഘടന രൂപപ്പെട്ടത്. അതില്‍നിന്നും അവര്‍ സംഘടിച്ചെങ്കിലും അവരെ ഒതുക്കി നിര്‍ത്തുവാന്‍ ആശുപത്രി മാനേജ്‌മെന്റുകള്‍ കൈകോര്‍ത്തു. വേദം പറയുന്നവരുടെ സ്ഥാപനത്തില്‍ സമരം നടന്നപ്പോള്‍ അവരുടെ ഗുണ്ടകള്‍ പാവം സ്ത്രീകളെ മുടിയില്‍ പിടിച്ച് തറയില്‍കൂടി വലിച്ചിഴക്കുന്നതും സാക്ഷര കേരളം കണ്ടൂ. അതിനെതിരെ പ്രതികരിക്കുവാന്‍ നമ്മുടെ സാംസ്‌കാരിക കേരളത്തിനോ, വനിതാ സംഘടനകള്‍ക്കോ കഴിഞ്ഞില്ല. 

യുഡിഎഫ് സര്‍ക്കാര്‍ നഴ്‌സുമാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കുവാന്‍ ചില നടപടികള്‍ തുടങ്ങി വെച്ചെങ്കിലും അതിന്റെ പൂര്‍ണതയില്‍ എത്തിക്കുവാന്‍ കഴിഞ്ഞിട്ടില്ല എന്നാണ് മനസ്സിലാക്കുവാന്‍ കഴിയുന്നത്. പിന്നീട് എല്ലാം ശരിയാക്കാം എന്ന് പറഞ്ഞു വന്ന തൊഴിലാളി പാര്‍ട്ടിയുടെ സര്‍ക്കാര്‍ ഈ കാര്യത്തില്‍ വെറും നോക്കുകുത്തിയാകുന്നൂ. സരിതക്ക് വേണ്ടിയും ബാര്‍ വിവാദങ്ങള്‍ക്ക് വേണ്ടിയും അനേകം പത്ര താളുകളും ദൃശ്യ മാധ്യമങ്ങളില്‍ അനേകം മണിക്കൂറുകളും ചിലവഴിക്കുന്ന നമ്മുടെ മാധ്യമങ്ങള്‍ നഴ്‌സുമാരുടെ തൊഴില്‍ പ്രശ്‌നം കൈകാര്യം ചെയ്യുവാന്‍ എടുത്ത സമയമോ, വിരലില്‍ എണ്ണാവുന്ന മണിക്കൂറുകള്‍ മാത്രം. കോടിക്കണക്കിന് രൂപയുടെ പരസ്യം കൊടുക്കുന്ന സ്ഥാപങ്ങള്‍ക്ക് എതിരെ ഉരിയാടുവാന്‍ ഇവിടുത്തെ മാധ്യമങ്ങള്‍ക്ക് കഴിയുകയില്ല. ഈ കാര്യത്തില്‍ അല്പമെങ്കിലും ശുഷ്‌കാന്തി കാട്ടുന്നത് നവമാധ്യമങ്ങളായ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും മാത്രം. 

ഈ വിധത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുമ്പോള്‍ ഭാവിയില്‍ നമ്മള്‍ നേരിടുവാന്‍ പോകുന്ന വലിയ വിപത്തിനെ നമ്മള്‍ കണ്ടില്ലെന്ന് നടിക്കരുത്. പുതുതലമുറ വരുംകാലങ്ങളില്‍ നഴ്‌സിംഗ് വിദ്യാഭ്യാസ രംഗത്തേക്ക് കടന്നുവരുവാന്‍ മടിച്ചാല്‍ അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഈ വിഭാഗത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളെ കിട്ടും എന്ന് വ്യാമോഹിച്ചാല്‍ അതും പ്രാവര്‍ത്തികമല്ല. ലക്ഷങ്ങള്‍ ശമ്പളം കൈപ്പറ്റുന്ന ഡോക്ടര്‍മാര്‍ തന്നെ നഴ്‌സിന്റെ പണിയും ചെയ്യെണ്ടിവരുന്ന യുഗം വിദൂരമല്ല. രോഗി ഡോക്ടറിനെ കാണുന്ന മുറി മുതല്‍ ഓപ്പറേഷന്‍ തീയേറ്റര്‍, അത്യാഹിത വിഭാഗം തുടങ്ങി ഒരു നഴ്‌സിന്റെ കണ്ണുകളും ആവശ്യവും എത്തേണ്ടതില്ലാത്ത ഇടങ്ങള്‍ ഒരു ആശുപത്രിയില്‍ ചുരുക്കമാണ്. 

ഡോക്ടര്‍മാരുടെ ജോലിഭാരത്തെയോ ഉത്തരവാദിത്വത്തെയോ കുറച്ചുകാണുന്നില്ല. അവര്‍ രോഗിയുടെ രോഗം കണ്ടുപിടിക്കുകയും അതിനുള്ള മരുന്നുകളും നിര്‍ദ്ദേശിക്കും. ഓപ്പറേഷന്‍ വിജയകരമായി പൂര്‍ത്തീകരിക്കും. ഇവിടെയൊക്കെയും ഒരു കൂട്ടം നഴ്‌സിന്റെ പരിചരണം അത്യാവശ്യമാണ്. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ യഥാസമയം രോഗിക്ക് നല്‍കുവാനും മുറിവുകള്‍ വെച്ചുകെട്ടുവാനും ഒരു കിടപ്പിലായ രോഗിക്ക് നല്‍കേണ്ടാതായ എല്ലാ പരിചരണവും നല്കുന്നത് അവിടുത്തെ നഴ്‌സുമാര്‍ തന്നെയാണ്. ഇത്രയധികം ത്യാഗങ്ങളെ സേവനമായി കണ്ടുകൊണ്ടു ചിരിച്ച മുഖവുമായി ആശുപത്രി മുറികളിലും വരാന്തകളിലും ഓടിനടക്കുന്ന ഭൂമിയിലെ വെള്ളവസ്ത്രധാരികളായ ഈ മാലാഖമാരുടെ ദുരിതങ്ങള്‍ക്ക് എന്നാണാവോ ഒരു പരിഹാരം ഉണ്ടാകുന്നത്.

സന്തോഷ് പവിത്രമംഗലം
_______________________________________________________

Nurses are in strike, leading a pathetic life with meagre salary. But nobody is cared. United Nurses Association (UNA) started strikes again to uplift the work life of nurses.  

No comments

Powered by Blogger.