www.thamasoma.com

ads slot

Latest Posts:

പൂച്ചയ്ക്കു മുന്നില്‍ ഉണക്കമീന്‍ വച്ചിട്ട് ദൈവം ഒറ്റ കല്പന....
പൂച്ചയ്ക്കു മുന്നില്‍ ഉണക്കമീന്‍ വച്ചിട്ട് ദൈവം കല്‍പിച്ചു, 'തിന്നരുത് പൂച്ചേ, തിന്നരുത്, തിന്നാല്‍ നിന്നെ ശപിച്ചു കളയും' എന്ന്.... മീന്‍ തിന്നാതിരിക്കാന്‍ പൂച്ച പരമാവധി പരിശ്രമിച്ചു, പക്ഷേ, ഇതിന്റെ മണവും സഹിച്ച് എങ്ങനെ പിടിച്ചു നില്‍ക്കും...? നാടു വിട്ടു പോകാമെന്നു കരുതിയാല്‍, പറുദീസ മാത്രമേ ഭൂമിയില്‍ ഉള്ളു താനും. അപ്പോഴാണ് പാമ്പിന്റെ പ്രലോഭനം... പിന്നെ സഹിക്കാന്‍ കഴിഞ്ഞില്ല... സംഗതി ശുഭം.


ഉണക്ക മീനിനു കാവലിരുന്ന പൂച്ചയുടെ അവസ്ഥ തന്നെയായിരുന്നു ആദിമ (ഇപ്പോഴത്തെയും) മനുഷ്യരായ ആദത്തിനും ഹവ്വായ്ക്കും. പരിപൂര്‍ണ്ണ നഗ്നരായി ഒരു പുരുഷനും സ്ത്രീയും. വെടിമരുന്നും തീയും ഒരിടത്തു വച്ചിട്ട് കത്തരുതെന്നു കല്‍പ്പിച്ചാല്‍ എങ്ങനെ ശരിയാകും....? സൃഷ്ടികര്‍മ്മം നടത്തിയ ദൈവം വസ്ത്രം ധരിച്ചിരുന്നു. ദൈവം നഗ്നനായിരുന്നില്ല. പക്ഷേ, സൃഷ്ടിച്ചു വച്ച രണ്ടു മനുഷ്യര്‍ക്കും വസ്ത്രമേതുമേ നല്‍കിയില്ല.....!! എന്തൊരു ക്രൂരത....!!!!

എന്തായാലും സംഗതി കൈവിട്ടു പോയി. ദൈവം രണ്ടിനെയും ശപിക്കുകയും ചെയ്തു. ഏദന്‍തോട്ടത്തില്‍ നിന്നും പുറത്തായി. ദൈവത്തിന്റെ ഭാഷയില്‍ പാപഫലമായി കായേന്‍ പിറന്നു. നല്ലവനായ അനുജന്‍ ആബേലിന്റെ കൊലയാളിയുമായി. പക്ഷേ, അതേ ശാരീരിക പ്രക്രിയയിലൂടെ തന്നെയല്ലേ ആബേലും ജനിച്ചത്...? അപ്പോള്‍ കായേന്‍ ദുഷ്ടനും ആബേല്‍ നല്ലവനും ആയത് എങ്ങനെ...? അതെങ്ങനെ സംഭവിച്ചു....?

ക്രിസ്ത്യനിക്കു ജനിക്കുന്ന ഓരോ കുഞ്ഞിനും ഉത്ഭവപാപമുണ്ട് എന്നവര്‍ വിശ്വസിക്കുന്നു. എന്താണാ ഉത്ഭവപാപം...? സ്ത്രീയും പുരുഷനും തമ്മില്‍ ശരീരം പങ്കിടുമ്പോള്‍ അതിന്റെ ഉപോത്പന്നമായി ഉണ്ടാകുന്ന ഒന്നാണ് ഓരോ ശിശുക്കളും. അതായത്, ശാരീരിക ബന്ധം പാപമാണ് എന്ന് പറഞ്ഞും പഠിച്ചും വളരുന്നവരാണ് ഓരോ ക്രിസ്ത്യാനിയും. അപ്പോള്‍ ആ ബന്ധത്തിലൂടെ ജനിക്കുന്ന കുഞ്ഞ് പാപത്തില്‍ ജനിച്ചവനാണ്. ഉത്ഭവപാപം കഴുകിക്കളയാനും ക്രിസ്ത്യാനിയാവാനുമാണ് പിഞ്ചുകുഞ്ഞുങ്ങളുടെ തലയില്‍ വെള്ളമൊഴിച്ച് മാമ്മോദീസ മുക്കി ശുദ്ധീകരിച്ചെടുക്കുന്നത്. പിന്നീട് ആദ്യകുര്‍ബ്ബാന കൂടി സ്വീകരിച്ചു കഴിഞ്ഞാല്‍ പിന്നെ ആഴ്ചയില്‍ ആഴ്ചയില്‍ ചെയ്യുന്ന പാപങ്ങള്‍ ആഴ്ചയില്‍ ആഴ്ചയില്‍ പുരോഹിതനെ പറഞ്ഞു കേള്‍പ്പിച്ചു വീണ്ടും വീണ്ടും ആ പാപങ്ങള്‍ തന്നെ ചെയ്യാം. ഈ പാപങ്ങള്‍ തന്നെയല്ലേടോ താന്‍ കഴിഞ്ഞ ആഴ്ചയില്‍ ചെയ്തത് എന്ന് ഒരാളും ചോദിക്കില്ല. അല്ലെങ്കിലും പരമകാരുണികനായ ദൈവം അതെല്ലാം ക്ഷമിക്കും....

ശാരീരിക ബന്ധത്തിലൂടെയല്ലാതെ കുട്ടികളെ ജനിപ്പിക്കാനുള്ള എളുപ്പവും ചെലവു കുറഞ്ഞതുമായ മറ്റൊരു മാര്‍ഗ്ഗവും ദൈവം മനുഷ്യനു നല്‍കിയതുമില്ല. ശാരീരിക ബന്ധം പാപം, വംശം നിലനിര്‍ത്താന്‍ കുട്ടികളെ ജനിപ്പിക്കുകയും വേണം.... ഇതെന്തൊരു ഏര്‍പ്പാട് എന്റെ ദൈവമേ....!!!


വ്യഭിചാരം....


നിയമത്തില്‍ കൂടിയുള്ള ശാരീരക ബന്ധം പോലും നിഷിദ്ധമായ നാട്ടില്‍, വ്യഭിചാരം കൊടിയ പാപം തന്നെ. അവളൊരു ഡ്രൈവിംഗ് സ്‌കൂള്‍ ആണെന്നും ഡ്രൈവിംഗ് പഠിച്ച വണ്ടി ആരും പണം കൊടുത്തു വാങ്ങുകയില്ലെന്നും പറയുന്നതിലെ ക്രൂരമായ തമാശ ആരും മനസിലാക്കുന്നില്ല. ഡ്രൈവിംഗ് പഠിച്ച മഹാന്മാര്‍ എല്ലാം മാന്യന്മാര്‍. വണ്ടി മാത്രം മോശം....

സ്ത്രീയുടെ ചാരിത്ര്യത്തെ ചോദ്യം ചെയ്യാത്ത ഒരു തെറിവാക്കു പോലും മലയാള ഭാഷയിലില്ല. അത് 'തന്തയ്ക്കു പിറക്കാത്തവന്‍' എന്നായാലും കൊള്ളുന്നത് തള്ളയുടെ നെഞ്ചത്താണ്. പൊത്തിപ്പൊതിഞ്ഞു വയ്ക്കുന്ന ഈ ചാരിത്ര്യം തന്നെയാണ് ഹേ കപട സദാചാര വാദികളെ നിങ്ങളുടെ ശാപം.....


പ്രണയം.....എത്രയോ മനോഹരമാണ്....


എത്രയോ മനോഹരമാണ് പ്രണയം....!! പ്രണയം ഉള്ളില്‍ സൂക്ഷിക്കുന്നവരെല്ലാം കാമത്തിനു വേണ്ടി കാത്തിരിക്കുന്നു എന്ന നിലപാടാണ് മലയാളിക്ക്. അതുകൊണ്ടുതന്നെയാണ് ഏതെങ്കിലും ഒരു സ്ത്രീയും പുരുഷനും സംസാരിച്ചാല്‍ ഉടന്‍ ആകാശം ഇടിഞ്ഞുവീണതു പോലെ പലരും പെരുമാറുന്നത്. പ്രണയിക്കുന്ന മനസുകളെ തമ്മില്‍ അകറ്റാന്‍ പരക്കം പായുന്നത്... പ്രണയം ഇല്ലാതെയാക്കാന്‍ കൊല്ലാന്‍ പോലും മടിയില്ലാത്തത്....


പക്ഷേ....മനുഷ്യരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി, മനുഷ്യന്‍ തന്നെ സൃഷ്ടിച്ചെടുത്ത ദൈവസങ്കല്പങ്ങള്‍ തന്നെയാണ് മനുഷ്യരുടെ സന്തോഷകരമായ ജീവിതത്തിന്റെ വിലങ്ങുതടികള്‍....

എന്തിനീ അനാവശ്യ ചാരിത്ര്യ പ്രസംഗങ്ങള്‍........ ഉണക്കമീന്‍ ഒന്നുനക്കാന്‍ പോലും കിട്ടാത്ത പൂച്ചയുടെ മൂളലും മുരളലും പ്രത്യാക്രമണങ്ങളും ഒന്നു കാണേണ്ടതു തന്നെ.... വികാരങ്ങളെ അടക്കിപ്പിടിച്ച മനുഷ്യരും അങ്ങനെ തന്നെ... ഞാന്‍ അനുഭവിക്കുന്നില്ല, മറ്റുള്ളവനെ അനുഭവിപ്പിക്കാന്‍ അനുവദിക്കുകയുമില്ല....


നിറുത്തൂ, പിഴച്ചവരെന്ന ആക്രോശം....


പ്രണയം ശരീരത്തിന്റെ സ്വോഭാവികമായ ഒരാവശ്യമാണെന്നും അത് അടിച്ചമര്‍ത്തുകയല്ല, മറിച്ച് അനര്‍ഗ്ഗളം ഒഴുകാന്‍ അനുവദിക്കുകയാണു വേണ്ടതെന്നും കരുതിയാല്‍, കേരളത്തിലെ പകുതിയിലേറെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാകും. ഒളിച്ചും പാത്തും സ്ത്രീകള്‍ തുണിമാറുന്നതും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വ്വഹിക്കുന്നതും ഒന്നും ആരും എത്തിനോക്കുകയില്ല. അത് പകര്‍ത്തി പ്രചരിപ്പിക്കാന്‍ ശ്രമിക്കുകയില്ല. കാണരുത്, അനുഭവിക്കരുത് എന്നെല്ലാം പറയുന്നത് ഏതു വിധേനയും ലംഘിക്കുക എന്നത് മനുഷ്യന്റെ സഹജ സ്വഭാവമായി മാറിക്കഴിഞ്ഞു.

പരപുരുഷ ബന്ധം കൊടിയ പാപമെന്നു പറഞ്ഞും പഠിച്ചും വളരുന്ന ഒരു നാട്ടില്‍, കുടുംബത്തിന്റെ മാനം സ്ത്രീയുടെ തുണിക്കകത്ത് സൂക്ഷിക്കുന്ന ഒരു നാട്ടില്‍, എം വിന്‍സന്റ് എം എല്‍ എ കുറ്റവാളിയാണ്. ഒന്നര വര്‍ഷമായി അനുഭവിച്ചു പോരുന്ന ഒരു ബന്ധം. അതു തുടരാന്‍ ഏതെങ്കിലും ഒരു പാര്‍ട്ടി തീരുമാനിച്ചാല്‍, അത് അവിടെ അവസാനിപ്പിക്കേണ്ടതിനു പകരം, കയറിപ്പിടിച്ച് തന്റേടം കാണിക്കുന്നവര്‍ ക്രിമിനല്‍ തന്നെ. സ്വന്തംഭര്‍ത്താവല്ലാതെ, മറ്റൊരു പുരുഷനെ സ്‌നേഹിക്കാന്‍ ഈ എം എല്‍ എ സ്വന്തം ഭാര്യയെ അനുവദിക്കുമോ...? ഒരിക്കലുമില്ല, കാരണം മാനം കാക്കുക എന്നത് സ്ത്രീയുടെ മാത്രം ഉത്തരവാദിത്വമാണല്ലോ.....


തട്ടുകേടു പറ്റിയാല്‍ പറയാം, എനിക്കു കൂട്ടായി തന്ന ഈ സ്ത്രീയാണ് എന്നെ വഴിതെറ്റിച്ചത് എന്ന്...എന്നെ ഇതിലേക്കു വലിച്ചിഴച്ചത് എന്ന്......

സ്ത്രീയെ പഴച്ചവരെന്നു വിളിക്കുന്നവര്‍ ആലോചിക്കുക.... അവളെ വ്യഭിചാരിയെന്നു വിളിക്കുന്നവര്‍ കരുതിയിരിക്കുക.... നിങ്ങളുടെ ആ വാക്കുകളാണ് നിങ്ങളെ തിരിഞ്ഞുകൊത്തുന്നത്....

പുരുഷന് ജീവിതത്തില്‍ കൂട്ടായി, പരപുരുഷ സ്പര്‍ശമേല്‍ക്കാത്ത സ്ത്രീ തന്നെ വേണം. ആണിനാണെങ്കില്‍ എത്രവേണമെങ്കിലും മറുകണ്ടം ചാടാം, പ്രശ്‌നമില്ല.... അപ്പോള്‍, സ്വന്തം അഭിമാനം സംരക്ഷിക്കാന്‍ അവളുമൊന്നു ശ്രമിക്കില്ലേ.... വരുന്നവന്റെ സുന മുറിച്ചിട്ടോ കോടതി കേറ്റിയിട്ടോ എന്തായാലും.....!!


അതികഠിനമായ ചാരിത്ര്യ നിഷ്ഠയാണ് ഇന്ത്യയുടെ ശാപം, ഇന്ത്യന്‍ ജനത സ്വന്തം അഭിമാനവും അന്തസും സ്ത്രീയുടെ തുടയിടുക്കില്‍ നിന്നും മാറ്റി പ്രതിഷ്ഠിക്കേണ്ടിയിരിക്കുന്നു. പ്രണയം
കൊലപാതകത്തേക്കാള്‍ മാരകമായ പാപമാണെന്നു വിശ്വസിക്കുന്ന സമൂഹത്തോട് വേദമോദിയിട്ട് എന്തുകാര്യം.....?
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment