ഒന്നുകില്‍ അതിനു പിന്നില്‍ ദിലീപാകില്ല, അല്ലെങ്കില്‍ കാരണം അതാകില്ല

നടന്‍ ദിലീപിന്റെ നിലപാടുകളെ എന്നെന്നും വിമര്‍ശിച്ചിട്ടുള്ള ഒരു വ്യക്തിയാണു ഞാന്‍. പക്ഷേ, ദിലീപിന്റെ അറസ്റ്റിലേക്കു നയിച്ചതെന്നു കരുതുന്ന തെളിവുകള്‍ പരിശോധിക്കുമ്പോള്‍, ചില കാര്യങ്ങള്‍ ദഹിക്കാതെ കിടക്കുന്നു. പോലീസ് നടത്തിയത് അത്യന്തം അഭിനന്ദനമര്‍ഹിക്കുന്ന കാര്യങ്ങളാണ്.
പ്രശസ്തിയുടെ അത്യുന്നതിയില്‍ നില്‍ക്കുന്ന, പ്രമുഖനായ ഒരു നടനെ
അറസ്റ്റുചെയ്യണമെങ്കില്‍, അതിനു പിന്നില്‍ ചങ്കുറപ്പുള്ള കുറെ വ്യക്തികളുടെ (പോലീസ് ഉള്‍പ്പടെ) ഇടപെടലുകള്‍ തന്നെയാണ്. അതില്‍ ഏറ്റവും മുമ്പന്തിയില്‍ നില്‍ക്കുന്നത്, ആക്രമണത്തിന് ഇരയായ നടിയുടെ കരളുറപ്പാണ്. അവള്‍ കാണിച്ച ആ ധൈര്യമില്ലായിരുന്നുവെങ്കില്‍ ഈ കേസ് ഒരിക്കലും തെളിയില്ലായിരുന്നു. കേസിന്റെ മുന്നോട്ടുള്ള നടത്തിപ്പിലും ആ ചങ്കുറപ്പ് അവള്‍ കാണിക്കട്ടെ. ഒപ്പം മുഖ്യമന്ത്രി പിണറായി വിജയനും അഭിന്ദനം അര്‍ഹിക്കുന്നു.

പക്ഷേ, അപ്പോഴും ചില കാര്യങ്ങള്‍ മനസില്‍ ദഹിക്കാതെ കിടക്കുന്നു. നടിയെ ആക്രമിക്കാന്‍ കാരണമായി പോലീസ് പറയുന്ന കാരണത്തിന്റെ ദുര്‍ബലതയാണ് ആദ്യം മനസിലേക്കെത്തുന്നത്. നടിയെ ഇത്തരത്തില്‍ ആക്രമിച്ചതുകൊണ്ട് ദിലീപിനുള്ള നേട്ടമെന്ത്?

ദിലീപും കാവ്യാമാധവനും തമ്മിലുള്ള പ്രണയവും സ്വകാര്യനിമിഷങ്ങളും മുന്‍ഭാര്യ മഞ്ജു വാര്യരോട് ആക്രമണത്തിനിരയായ നടി വെളിപ്പെടുത്തി എന്നതാണ് ഇത്തരത്തില്‍ മൃഗീയമായ ഒരു ക്വട്ടേഷനു പിന്നിലെ ലക്ഷ്യമെന്ന് പോലീസ് വെളിപ്പെടുത്തുന്നു. ക്വട്ടേഷന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് എന്നാണ് പോലീസ് പറയുന്നത്. ഇരയെ ആക്രമിക്കുവാന്‍ 2013 മുതല്‍ പള്‍സര്‍ സുനി ലക്ഷ്യമിട്ടിരിക്കുകയായിരുന്നുവെന്നും പറയുന്നുണ്ട്. സന്ദര്‍ഭം ഒത്തുകിട്ടിയത് ഇപ്പോഴാണെന്നു മാത്രം.

പക്ഷേ, ഒത്തുവന്ന ആ സന്ദര്‍ഭത്തില്‍ തന്നെയാണ് യഥാര്‍ത്ഥ പ്രശ്‌നം. ഏതാനും മാസങ്ങളെ ആയിട്ടുള്ളു കാവ്യയും ദിലീപുമായുള്ള വിവാഹം നടന്നിട്ട്. വര്‍ഷങ്ങളായി പ്രണയം മനസില്‍ കൊണ്ടുനടന്ന വ്യക്തികള്‍. ഒന്നായിത്തീരണമെന്ന് അതിയായി ആഗ്രഹിച്ച രണ്ടു വ്യക്തികള്‍. കാവ്യയുടെ മുന്‍ഭര്‍ത്താവിന്റെയും കുടുംബാംഗങ്ങളുടേയും മൊഴികള്‍ വിശ്വസിച്ചാല്‍, ആ ബന്ധം തകരാനുള്ള കാരണം പോലും കാവ്യയും ദിലീപുമായുള്ള പ്രണയമാണ്.

വീട്ടുകാര്‍ നിശ്ചയിച്ച് നടത്തിക്കൊടുത്ത വിവാഹം വേണ്ടെന്നു വച്ച്
തിരിച്ചുവന്നവളാണ് കാവ്യ. ഒടുവില്‍, എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് അവര്‍
ഒന്നായി. അവര്‍ അത്രയേറെ സ്‌നേഹിച്ചിരുന്നുവെങ്കില്‍, ഒരുമിച്ചുള്ള ഈ ജീവിതത്തിനു
നന്ദിപറയേണ്ടത് ആക്രമണത്തിന് ഇരയായ ഈ നടിയോടു തന്നെയല്ലേ? അവളല്ലേ അവരുടെ ഈ ഒത്തുചേരല്‍ വേഗത്തിലാക്കിയത്..? അവളല്ലേ മഞ്ജുവാര്യരുമായുള്ള ദിലീപിന്റെ വേര്‍പിരിയല്‍ സാധ്യമാക്കിയത്…? അങ്ങനെയെങ്കില്‍, വര്‍ഷങ്ങളായി ആഗ്രഹിച്ച ഒരു ജീവിതം സ്വന്തമാക്കാന്‍ സഹായിച്ചതിന് ആ നടിയോട് ദിലീപിന് നന്ദിയല്ലേ ഉണ്ടാവുക…? ഇത്തരത്തില്‍ ക്രൂരമായി അവളെ ഉപദ്രവിക്കുമോ….?

ഇനി മഞ്ജുവാര്യരുമായുള്ള വേര്‍പിരിയല്‍ ദിലീപ് യഥാര്‍ത്ഥത്തില്‍ ആഗ്രഹിച്ചില്ല എങ്കില്‍, മഞ്ജുവിനെ അപ്പോഴും ദിലീപ് സ്‌നേഹിക്കുന്നുണ്ടെന്നല്ലേ അര്‍ത്ഥം? അപ്പോള്‍, താന്‍ സ്‌നേഹിക്കുന്ന, തന്റെ ഒപ്പം നീണ്ട പതിനാലു വര്‍ഷം ജീവിച്ച, തന്റെ മകളുടെ അമ്മയായ ആ സ്ത്രീയുടെ അഭിനയജീവിതവും അതിലൂടെ അവളുടെ സാമ്പത്തിക സ്രോതസും ഇല്ലാതാക്കാന്‍ ദിലീപ് ശ്രമിക്കുമോ…?

പുറത്തുവരുന്ന വാര്‍ത്തകള്‍ ശരിയാണെങ്കില്‍, മഞ്ജുവാര്യരുടെ അഭിനയജീവിതം തടയാന്‍ പല്ലും നഖവുമുപയോഗിച്ച് ശ്രമിച്ചവനാണു ദിലീപ്. അങ്ങനെയാണെങ്കില്‍, മഞ്ജുവിനെ അംഗീകരിക്കാനോ മഞ്ജുവുമൊത്ത് തുടര്‍ന്നു ജീവിക്കാനോ ആ
നടന്‍ തയ്യാറല്ലായിരുന്നു എന്നുവേണം കരുതാന്‍. അങ്ങനെ വരുമ്പോള്‍,
കാവ്യമാധവനുമൊത്തുള്ള ഒരു ജീവിതം ദിലീപ് അതിയായി ആഗ്രഹിച്ചിരുന്നു എന്നും
കരുതേണ്ടിയിരിക്കുന്നു. അങ്ങനെയെങ്കില്‍, അക്കാര്യം വേഗത്തിലാക്കിയ നടിയോട് ദിലീപ് എന്തിന് മനസില്‍ പകസൂക്ഷിക്കണം…?

ആക്രമിക്കാനുള്ള കാരണം അതുമാത്രമാണ് എങ്കില്‍, മഞ്ജുവാര്യരെ ഭാര്യയായും കാവ്യമാധവനെ കാമുകിയായും മാത്രം നിലനിര്‍ത്താനായിരിക്കണം ദിലീപ് ശ്രമിച്ചിട്ടുണ്ടാവുക. ആ ആഗ്രഹം തകര്‍ത്തതിനാലാവാം ഒരുപക്ഷേ ഈ പ്രതികാരം. അപ്പോഴും സംശയങ്ങള്‍ ബാക്കിയാണ്. ഏറെ സ്‌നേഹിച്ച കാമുകി
ജീവിതത്തിലേക്കു പടികയറി വന്നിട്ട് ഏതാനും മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു.
മധുവിധുവിന്റെ ലഹരി മാഞ്ഞിട്ടുമില്ല. ഈ ഒരവസരത്തില്‍, ദിലീപ് ഇത്തരമൊരു കൃത്യത്തിനു ശ്രമിക്കുമോ…. അതോ ഒരിക്കലും പിടിക്കപ്പെടില്ല എന്നൊരു വിശ്വാസം ദിലീപിന് ഉണ്ടായിരുന്നോ….?

ദിലീപ് പ്രതികാരം ചെയ്തതെല്ലാം സിനിമ എന്ന ആയുധം ഉപയോഗിച്ച്….

ദിലീപിന്റെ അപ്രമാദിത്വത്തെ അംഗീകരിക്കാത്ത, ദിലീപിന്റെ അതൃപ്തിക്കു പാത്രമായ ഒട്ടനവധി സിനിമാക്കാരുടെ അനുഭവങ്ങള്‍ ഇപ്പോള്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്നുണ്ട്. പക്ഷേ, ആ കഥകളിലൊന്നും, എതിരാളികളെ തകര്‍ക്കാന്‍ ഗുണ്ടകളെ
ഉപയോഗിച്ചതായി ആരും പറയുന്നില്ല. പകരം, സിനിമയില്‍ നിന്നും പുറത്താക്കിയും
പുറത്തിരുത്തിയുമാണ് ദിലീപ് പകരം വീട്ടിയതെന്ന് എല്ലാവരും പറയുന്നുമുണ്ട്.
ആക്രമണത്തിനിരയായ നടിയെയും ഇത്തരത്തില്‍ ദിലീപ് ദ്രോഹിച്ചതായി ആ നടി തന്നെ
പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്. ആ നടി സിനിമയില്‍ നിന്നും ഏകദേശം
പുറത്താകുകയും ചെയ്തിരുന്നു. എന്നിട്ടും ഇത്തരത്തില്‍ ഒരു ക്രൂരകൃത്യം ആ
പെണ്‍കുട്ടിയോടു ചെയ്യാന്‍ ദിലീപിനെ പ്രേരിപ്പിച്ച ഘടകം എന്താവും…? തന്റെ
വിവാഹേതര ബന്ധം ഭാര്യയെ അറിയിച്ചതിലുള്ള വൈരാഗ്യം മാത്രമോ അത്….? സ്വോഭാവികമായും ദിലീപിന് ആ നടിയോട് വൈരാഗ്യം തോന്നിയിരിക്കാം. പക്ഷേ, ഇത്രയേറെ ക്രൂരത കാണിക്കാന്‍ തക്ക വൈരാഗ്യം ദിലീപിന്റെ മനസിലുണ്ടാക്കാന്‍ ആ പ്രവൃത്തിക്കു കഴിഞ്ഞിരുന്നോ….? സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയപ്പോള്‍ തന്നെ ആ പ്രതികാര മനസ് അടങ്ങിയിട്ടുണ്ടാവില്ലേ….?

62 കോടിയുടെ ഇടപാട്…..

അടുത്ത കാരണമായി പറയുന്നത് ഇതാണ്. ആക്രമിക്കപ്പെട്ട നടിയും ദിലീപുമായി ചേര്‍ന്നു നടത്തിയ വസ്തു ഇടപാടുകള്‍. 62 കോടി രൂപ തിരിച്ചെടുക്കാനായി ഒന്നരക്കോടിയുടെ ബലാത്സംഗ ക്വട്ടേഷന്‍. പക്ഷേ, കണക്കില്‍പ്പെട്ടതും പെടാത്തതുമായി കോടിക്കണക്കിനു രൂപയുടെ സ്വത്തുള്ള ഈ നടന് 62 കോടി വെറും നിസ്സാരമല്ലേ…..? പണം കുമിഞ്ഞു കൂടന്തോറും മനുഷ്യന് ആര്‍ത്തിയും കൂടും. അത്തരമൊരു ആര്‍ത്തി ഒരുപക്ഷേ ദിലീപിനുമുണ്ടായിരിക്കണം. അങ്ങനെയെങ്കില്‍ 62 കോടിയേക്കാള്‍ വലിയ തുകയുടെ സാമ്പത്തിക ഇടപാടുകളും രേഖകളും ആക്രമണത്തിന് ഇരയായ നടിയും ദിലീപുമായി ഉണ്ടായിരുന്നിരിക്കണം. ആ രേഖകള്‍ ദിലീപിന്റെ നാശത്തിലേക്കു വഴിതെളിക്കുന്നവയുമായിരിക്കണം.

വിവാഹം മുടക്കുവാന്‍ വേണ്ടിയുള്ള വീഡിയോ ചിത്രീകരണങ്ങള്‍….അവയിലും
ദുരൂഹത….

അപകീര്‍ത്തികരമായ വീഡിയോ ചിത്രീകരിക്കുമ്പോള്‍ ക്വട്ടേഷന്‍ കൊടുത്തയാള്‍ പ്രത്യേകം പറഞ്ഞിരുന്നുവത്രെ, വിവാഹ മോതിരവും ചിരിക്കുന്ന മുഖവും കഴുത്തും പ്രത്യേകം ചിത്രീകരിക്കണമെന്ന്. ഇരയുടെ വിവാഹം മുടക്കുന്നതിലൂടെ സായൂജ്യം
നേടുന്ന വേട്ടക്കാരന്‍ ആര്…? അത് ദിലീപ് തന്നെയോ…തന്റെ കുടുംബത്തെ ഇല്ലാതാക്കിയ
വ്യക്തിയുടെ കുടുംബജീവിതവും നശിപ്പിക്കണമെന്ന് ദിലീപ് ആഗ്രഹിച്ചിരുന്നുവോ….?
അതോ.. ആ വിവാഹം മുടക്കി മറ്റൊരാളോ…..? അപകീര്‍ത്തികരമായ വീഡിയോ എടുത്താല്‍ ഇര നിശബ്ദയായിക്കൊള്ളുമെന്ന് തന്നെയാണോ അയാള്‍ കണക്കുകൂട്ടിയിരുന്നത്…?

ഇത് ദീലീപിനെതിരായ ഗൂഢാലോചനയോ….?

ഒന്നുമില്ലായ്മയില്‍ നിന്നും വളര്‍ന്ന് പടര്‍ന്നു പന്തലിച്ച ഒരു നടന്‍. സിനിമാലോകം ഈ നടന്റെ കാല്‍ക്കീഴിലെന്ന് ആരും കരുതിയില്ല, കാരണം അങ്ങനെയായിരുന്നു ആ നടന്റെ പുറമെയുള്ള പെരുമാറ്റം. പക്ഷേ, ഒരു കേസില്‍ അറസ്റ്റിലായപ്പോഴാണ് ഈ നടന്റെവളര്‍ച്ചയുടെ ആഴവും പരപ്പും ജനങ്ങള്‍ക്കു കൂടുതലും ബോധ്യമാകുന്നത്. മലയാള സിനിമാ വ്യവസായം ഈ നടന്റെ കൈകളിലായിരുന്നുവെന്നും ജനങ്ങള്‍ മനസിലാക്കുന്നതും അപ്പോഴാണ്. മലയാള സിനിമയെ വിരല്‍തുമ്പില്‍ കറക്കി
കൊണ്ടുനടന്ന വ്യക്തിയും ദിലീപ് തന്നെയെന്ന് വാര്‍ത്തകള്‍ പറയുന്നു. കൂടാതെ,
ദിലീപിനു കേരളത്തിലുടനീളം മള്‍ട്ടിപ്ലക്‌സുകള്‍ തുടങ്ങാന്‍
ആഗ്രഹമുണ്ടായിരുന്നുവത്രെ. സമീപഭാവിയില്‍ അവ പ്രാവര്‍ത്തകമാകുമായിരുന്നുവെന്നും അതോടെ മലയാള സിനിമ വ്യവസായം പൂര്‍ണ്ണമായും ഈ നടന്റെ കൈക്കുമ്പിളില്‍ എത്തിച്ചേരുമായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഏതു സിനിമ എപ്പോള്‍ റിലീസ് ചെയ്യണമെന്നു തീരുമാനിക്കുന്ന ശക്തിയായി ദിലീപ് വളരുമായിരുന്നു. എങ്കില്‍, ദിലീപിന്റെ ദ്രോഹങ്ങള്‍ക്ക് ഏറെ പാത്രമായിട്ടുള്ളവരും സംശയ നിഴലില്‍ തന്നെയല്ലേ….? ആ തരത്തിലും അന്വേഷണങ്ങള്‍ നടക്കേണ്ടതല്ലേ….?

പോലീസിനു ലഭിച്ചിരിക്കുന്ന തെളിവുകള്‍ അപ്പോഴും കീറാമുട്ടിയായി നില്‍ക്കുന്നു. ഇര ആര്‍ക്കൊക്കെ ഭീഷണിയായിരുന്നു എന്നതും കണ്ടെത്തേണ്ടിയിരിക്കുന്നു. പള്‍സര്‍ സുനി സ്വന്തം നിലയില്‍ നടിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പിടിച്ച ശേഷം ദിലീപിന്റെ ശത്രുക്കളില്‍ നിന്നും കോടികള്‍ വാങ്ങി കുറ്റം ദിലീപിന്റെ തലയില്‍ കെട്ടിവയ്ക്കുന്നതുമാകാം….. സംഭവം നടന്ന് ഏതാനും ദിവസങ്ങള്‍ക്കു ശേഷമാണ് കോടതിയില്‍ കീഴടങ്ങാന്‍ പള്‍സറും കൂട്ടാളികളും എത്തുന്നത്. കോടതിയില്‍ നിന്നും പോലീസ് ഇവരെ അറസ്റ്റുചെയ്തു കൊണ്ടുപോവുകയായിരുന്നു. ഒളിവില്‍ കഴിഞ്ഞ ആ ദിവസങ്ങള്‍ പോരെ മറ്റൊരു ഗൂഢതന്ത്രം മെനഞ്ഞെടുക്കുന്നതിന്…?

എന്തായാലും, കേരളപോലീസ് തെളിയിക്കട്ടെ ഈ കേസ്. കാത്തിരിക്കുക തന്നെ…. പക്ഷേ,പ്രതി കുറ്റം ചെയ്‌തോ ഇല്ലയോ എന്നു പൂര്‍ണ്ണമായും ബോധ്യപ്പെടും മുമ്പുള്ള ഈ കൊലവിളി എന്തിന്…? ദിലീപ് കുറ്റും ചെയ്തിട്ടുണ്ടെങ്കില്‍ കഠിന ശിക്ഷ തന്നെ കിട്ടണം. പക്ഷേ, ജനക്കൂട്ടത്തിന്റെ നീതി തെറ്റായിരുന്നു എന്നു തെളിയിക്കുന്ന നൂറു നൂറ് ഉദാഹരണങ്ങളുണ്ട് നമുക്കു മുന്നില്‍. ഐ എസ് ആര്‍ ഒ ചാരവൃത്തിക്കേസ് ഉള്‍പ്പടെ…. അതിനാല്‍, ഈ ആവേശം ഒട്ടൊന്നു കുറയ്ക്കുന്നതാണ് ഏവര്‍ക്കും നല്ലത്.

5 thoughts on “ഒന്നുകില്‍ അതിനു പിന്നില്‍ ദിലീപാകില്ല, അല്ലെങ്കില്‍ കാരണം അതാകില്ല”

  1. Four reasons behind the arrest of Dileep:

    1. Senkumars statement against B Sandhya, that she did the 13 hour interrogation of Dileep without any evidence.
    2. Amma leaders horrifying performance in press meet. It happened to b a burden for govt, as three of them were elected representatives from the part of LDF
    3. Govt fear any kind of protest from women in cinema. If that happened it will adversely affect the much hyped women friendly image of govt.
    4. Last and the least, investigation team got convinced that Dileep was telling a lie that he don't know Suni. But how could that b an evidence for the alleged conspiracy??

    Reply

Leave a Comment