www.thamasoma.com

ads slot

Latest Posts:

തെരുവുനായ്ക്കള്‍ക്കുമുണ്ട് അവകാശങ്ങള്‍....

സ്‌നേഹം തെരുവുപട്ടിയോടോ അതോ മനുഷ്യരോടോ എന്നതാണ് നായ്ക്കളെ അതിക്രൂരമായി കൊന്നൊടുക്കുന്നതിനെ അനുകൂലിക്കുന്നവര്‍ ചോദിക്കുന്ന പ്രധാന ചോദ്യം. തെരുവുനായ്ക്കളെ കൊല്ലരുതെന്നു പറഞ്ഞാല്‍, പട്ടിക്കുണ്ടായ നായിന്റെ മക്കള്‍ എന്നു പറഞ്ഞ് അധിക്ഷേപിക്കും. എങ്കിലും, മിണ്ടാന്‍ സാധിക്കാത്ത ഇവര്‍ക്കു വേണ്ടി ആരെങ്കിലും സംസാരിക്കണ്ടേ...?


മനുഷ്യരെ പട്ടികള്‍ കടിച്ചുകീറുകയും, തെരുവുനായ്ക്കളുടെ ഉന്മൂലനത്തിനായി ഒരുകൂട്ടര്‍ ശബ്ദമുയര്‍ത്തുകയും നിയമം കൈയിലെടുത്ത് അവയെ കൊല്ലാന്‍ മുന്നിട്ടിറങ്ങുകയും ചെയ്യുമ്പോള്‍, സംസ്ഥാന സര്‍ക്കാരുകളുടെ നിസംഗതയെക്കുറിച്ചും ജനങ്ങള്‍ അറിയണം. സംസ്ഥാനം ഭരിക്കുന്നവര്‍ ഒന്നു മനസുവച്ചാല്‍, ജനങ്ങളെ പട്ടികടിയില്‍ നിന്നും രക്ഷിക്കാം, പാവം നായ്ക്കളെ ജനങ്ങളുടെ ക്രൂരതയില്‍ നിന്നും. പക്ഷേ, സര്‍ക്കാരിനു മനസില്ല... അത്രതന്നെ. അതിനാല്‍ തന്നെ പട്ടികടികൊള്ളാന്‍ വിധിക്കപ്പെട്ട ജനങ്ങളും ക്രൂരമായി കൊല്ലപ്പെടാന്‍ വിധിക്കപ്പെട്ട നായ്ക്കളും ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. മനുഷ്യജീവന്റെ കാവല്‍ ഭടന്മാരായ നായ്ക്കള്‍ മനുഷ്യരുടെ ശത്രുക്കളായി മാറിയ കാഴ്ച എത്രയോ ഭീകരം...!!!


തെരുവുനായ് എന്ന പ്രശ്‌നം.....ഇന്ത്യയുടെ പരമോന്നത കോടതിക്കു മുന്നില്‍ കഴിഞ്ഞ മാര്‍ച്ചില്‍, മുംബൈയിലെ സിവിക് ഉദ്യോഗസ്ഥര്‍ ഞെട്ടിപ്പിക്കുന്ന ഒരു വെളിപ്പെടുത്തല്‍ നടത്തി. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍, നായ്ക്കളുടെ കടികൊണ്ട് കൊല്ലപ്പെട്ട മനുഷ്യരുടെ എണ്ണം 1993 ലും 2008 ലും നടന്ന തീവ്രവാദി ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് എന്ന ഞെട്ടിപ്പിക്കുന്ന സത്യം.


മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ സുപ്രീം കോടതിയില്‍ നല്‍കിയ കണക്കനുസരിച്ച് 1994 - 2015 കാലഘട്ടത്തില്‍ പേവിഷബാധയേറ്റ് കൊല്ലപ്പെട്ടവരുടെ എണ്ണം 434 ആണ്. നൂറു ശതമാനവും തടയാന്‍ കഴിയുന്ന ഒരു വൈറല്‍ രോഗമാണ് പേവിഷബാധ. അതേസമയം 1993 ലെ മുംബൈ ഭീകരാക്രമണത്തിലും 2008 ലെ 26/11 ഭീകരാക്രമണത്തിലും കൊല്ലപ്പെട്ടവരുടെ എണ്ണം 422 ആണ്. ഇക്കാലയളവില്‍, മുംബൈയില്‍ പട്ടികടിയേറ്റത് 1.3 ദശലക്ഷം ആളുകള്‍ക്കാണ്.


പട്ടികടിയേറ്റുണ്ടായ മരണങ്ങളെ ഭീകരാക്രമണവുമായി താരതമ്യം ചെയ്യുന്നത് അകാരണമായി ജനമനസുകളില്‍ ഭീതി വളര്‍ത്തുന്നതിനു തുല്യമാണ് എന്നാണ് മൃഗസ്‌നേഹികളുടെ വാദം. പക്ഷേ, ഇന്ത്യയുടെ പരമോന്നത കോടതിയായ സുപ്രീം കോടതി 30 ദശലക്ഷത്തോളം കേസുകള്‍ കൈകാര്യം ചെയ്യാന്‍ പെടാപ്പാടു പെടുകയാണ്. അതിനിടയിലാണ് തെരുവുനായ്ക്കളും പേവിഷബാധയും മറ്റു പ്രശ്‌നങ്ങളും കൈകാര്യം ചെയ്യേണ്ടി വരുന്നത്.


ഇന്ത്യയില്‍ ഏകദേശം 30 ദശലക്ഷം തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് കണക്ക്. ഓരോ വര്‍ഷവും പേവിഷബാധയേറ്റ് മരിക്കുന്ന ആളുകളുടെ എണ്ണം 20,000 നും മുകളിലാണ്. ഗ്ലോബല്‍ അലയന്‍സ് ഫോര്‍ റാബീസ് കണ്‍ട്രോളിന്റെ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്, പേവിഷബാധയേറ്റ് മരിക്കുന്ന ജനങ്ങളുടെ 35 ശതമാനവും ഇന്ത്യയിലാണ്.


ഈ മരണങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ഉത്തരവാദിത്വം അടിച്ചേല്‍പ്പിച്ചിരിക്കുന്നത് തെരുവു നായ്ക്കളിലാണ്. ഏകദേശം രണ്ടുമാസം മുമ്പ്, തെരുവുനായുടെ കടിയേറ്റ്, പേബാധിച്ചു മരിച്ച സ്ത്രീയുടെ ഭര്‍ത്താവിന് നഷ്ടപരിഹാരമായി നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടത് വെറും 40,000 രൂപയാണ്. കേരളത്തില്‍ ആകെ ഒരു ദശലക്ഷത്തോളം നായ്ക്കളാണ് ഉള്ളത്. ഇവയില്‍ ഭൂരിഭാഗം നായ്ക്കളും തെരുവു നായ്ക്കളാണ്. ഔദ്യോഗിക കണക്കനുസരിച്ച്, കഴിഞ്ഞ വര്‍ഷം 23,000 പേര്‍ക്ക് നായ്ക്കളുടെ കടിയേറ്റു. ഇവയില്‍ പകുതിയിലേറെപേരെയും കടിച്ചത് പേപ്പട്ടികളാണ്.


തെരുവുനായ് ശല്യം രൂക്ഷമായതിനെത്തുടര്‍ന്ന് കേരളത്തിലും തമിഴ്‌നാട്ടിലും നായ്ക്കളെ കൂട്ടത്തോടെ കൊല്ലാന്‍ വില്ലേജില്‍ നിന്നും ഉത്തരവിറക്കിയിരിക്കുന്നു. ഇതിനായി പട്ടിപിടുത്തക്കാരെയും നിയോഗിച്ചു കഴിഞ്ഞു. പട്ടിപിടുത്തത്തില്‍ വേണ്ടത്ര വൈദഗ്ധ്യമില്ലാത്ത ഇവര്‍ നായ്ക്കളെ കുത്തിവയ്ക്കാന്‍ പൊട്ടാസ്യം സയനൈഡുമായി നടക്കുകയാണ്.


തെരുവുനായ്ക്കളെ ചൈനയിലേക്കും ഇന്ത്യയുടെ തെക്കുകിഴക്കന്‍ പ്രവിശ്യകളിലേക്കും കയറ്റി അയക്കുകയാണ് വേണ്ടതെന്ന് 2012 ല്‍ പഞ്ചാബിലെ ഒരു നിയമനിര്‍മ്മാതാവ് അഭിപ്രായപ്പെട്ടത് വിവാദമായിരുന്നു. ഈ പ്രദേശത്തുള്ളവര്‍ തെരുവുനായ്ക്കളെ തിന്നുതീര്‍ത്തുകൊള്ളുമെന്നാണ് ഇദ്ദേഹം അഭിപ്രായപ്പെട്ടത്.


നായ്ക്കളെ കൊല്ലുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണ്. 2001 ലാണ് ഇത്തരമൊരു നിയമം നിലവില്‍ വന്നത്. പക്ഷേ, കുഴപ്പക്കാരായ നായ്ക്കളെ കൊല്ലാന്‍ മുനിസിപ്പാലിറ്റിക്ക് മുംബൈ ഹൈക്കോടതി 2008 ല്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഈ ഉത്തരവ് പിന്നീട് സുപ്രീം കോടതി റദ്ദു ചെയ്തിരുന്നു. ഉന്മൂലനമല്ല, വന്ധ്യംകരണമാണ് തെരുവുനായ് പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിരുന്നു. പക്ഷേ, കേരളത്തിലും മുംബൈയിലും തെരുവുനായ്ക്കളെ കൂട്ടത്തോടെ കൊന്നൊടുക്കുകയാണ്.

 

ജനങ്ങളെ കടിക്കുന്നത് തെരുവുനായ്ക്കള്‍ തന്നെയോ...?കേരളത്തില്‍ കഴിഞ്ഞവര്‍ഷം പട്ടികടിയേറ്റ് ആശുപത്രിയില്‍ എത്തിയവരില്‍ നടത്തിയ പഠനത്തില്‍ നിന്നും മനസിലാകുന്ന വസ്തുത, ഇവരില്‍ 75% പേരെയും കടിച്ചത് വളര്‍ത്തുനായ്ക്കളാണ് എന്നാണ്. തമിഴ്‌നാട്ടിലെ 13 സ്‌കൂളുകളില്‍ 2013 ല്‍ നടത്തിയ പഠനത്തില്‍, പട്ടികടിയേറ്റ പകുതിയിലേറെ വിദ്യാര്‍ത്ഥികളെയും കടിച്ചത് വളര്‍ത്തുനായ്ക്കളാണ്. എന്നാല്‍, തെരുവുനായ്ക്കളുടെ അനിയന്ത്രിതമായ പെറ്റുപെരുകല്‍ ജനങ്ങള്‍ക്കു ഭീഷണിതന്നെയാണ്.


എന്നാല്‍, ലാറ്റിന്‍ അമേരിക്കയിലെ തെരുവുനായ്ക്കളുടെ എണ്ണവുമായി തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യയിലെ തെരുവു നായ്ക്കളുടെ എണ്ണം വളരെ കുറവാണ്. ലാറ്റിനമേരിക്കയിലെ ചില പ്രദേശങ്ങളില്‍ 100 ആളുകള്‍ക്ക് 50 തെരുവുനായ് എന്നതാണ് കണക്ക്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തെരുവു നായ്ക്കള്‍ കാണപ്പെടുന്ന സ്ഥലത്തു പോലും 100 ആളുകള്‍ക്ക് 7-8 തെരുവനായ്ക്കള്‍ എന്നതാണ് നിരക്ക്. അതുകൊണ്ടു തന്നെ ഇന്ത്യയിലെ തെരുവുനായ് പ്രശ്‌നം മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് തുലോം കുറവാണ്, ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണല്‍ പ്രസിഡന്റ് ആന്‍ഡ്ര്യു റോവന്‍ അറിയിച്ചു. 

 

എന്താണ് പരിഹാരം...?വന്ധ്യംകരണമാണ് തെരുവുനായ് പ്രശ്‌നം പരിഹരിക്കാനുള്ള ഫലപ്രദമായ ഒരു മാര്‍ഗ്ഗം. പക്ഷേ അഴിമതിയിലും ചുവപ്പുനാടയിലും ചുറ്റിവരിയപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും നയിക്കുന്ന ഒരു നാട്ടില്‍, തെരുവുനായ് പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങളുടെ സ്ഥാനം ചവറ്റുകുട്ടയിലാണ്. പെണ്‍പട്ടികളുടെ ഗര്‍ഭപാത്രം മുറിച്ചുമാറ്റി പ്രത്യുത്പാദന ശേഷി ഇല്ലാതാക്കുന്നതിന് ഹ്യൂമന്‍ സൊസൈറ്റി ഇന്റര്‍നാഷണലിന് ഹരിയാന സര്‍ക്കാര്‍ പണം നല്‍കുന്നുണ്ട്. മാസം 5000 പെണ്‍പട്ടികളുടെ ഗര്‍ഭപാത്രമാണ് ഇത്തരത്തില്‍ നീക്കം ചെയ്യുന്നത്. പക്ഷേ ഇതിനു വേണ്ടി നല്‍കുന്ന തുക ഒന്നിനും തികയുന്നില്ല എന്നതാണ് സത്യം. തെരുവുനായ് പ്രശ്‌നത്തെ ഏറ്റവും ഫലപ്രദമായ രീതിയില്‍ കൈകാര്യം ചെയ്തിരിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം സിക്കിമാണ്. സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നടത്തപ്പെടുന്ന തെരുവു നായ്ക്കളുടെ വന്ധ്യംകരണവും ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ പദ്ധതിയുമെല്ലാം സിക്കിം സര്‍ക്കാര്‍ വളരെ ഫലപ്രദമായും കുറ്റമറ്റ രീതിയിലുമാണ് നടപ്പിലാക്കുന്നത്. അതിനാല്‍തന്നെ ഈ സംസ്ഥാനത്ത് തെരുവു നായ് പ്രശ്‌നങ്ങളുമില്ല.


ഒരു പട്ടിയെ വന്ധ്യം കരിക്കുന്നതിന് ഏകദേശം 1000 രൂപയാണ് ചെലവ്. നായ്ക്കളുടെ പെറ്റുപെരുകല്‍ തടയുന്നതിന് ഈ പ്രക്രിയ വളരെ വേഗത്തിലും ചെയ്യേണ്ടിയിരിക്കുന്നു. ഒരു ലക്ഷം തെരുവുനായ്ക്കളെ വന്ധ്യംകരിക്കാന്‍ മുംബൈ മുനിസിപ്പാലിറ്റി 13 വര്‍ഷമെടുത്തു! വന്ധ്യംകരണം കൊണ്ടുമാത്രം തെരുവുനായ്ക്കളുടെ എണ്ണത്തെ നിയന്ത്രിക്കാനാവില്ലെന്നാണ് ഹെല്‍ത്ത് ഓഫീസര്‍ നീലം എസ് കാദത്തിന്റെ അഭിപ്രായം.


ഇന്ത്യയിലെ തെരുവുനായ് പ്രശ്‌നത്തിനു പരിഹാരം കാണാന്‍ വന്ധ്യംകരണമാര്‍ഗ്ഗവും ഗര്‍ഭപാത്രം നീക്കം ചെയ്യല്‍ സര്‍ജ്ജറിയും ചെലവു കുറഞ്ഞ രീതിയില്‍ നടപ്പാക്കാന്‍ കഴിയണം. എല്ലാനായ്ക്കള്‍ക്കും വാക്‌സിനേഷനും വന്ധ്യംകരണ ശസ്ത്രക്രിയയും പെണ്‍പട്ടികളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യാനും കഴിയണം. എന്നാല്‍, നായ്ക്കളെ അതിക്രൂരമായി കൊന്ന്, നായ്ശല്യത്തിനു പരിഹാരം കാണാനാണ് ഭരണകൂടവും ജനങ്ങളും ശ്രമിക്കുന്നത്. യാതൊരു വൈദഗ്ധ്യവുമില്ലാത്ത ആളുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നായ്ക്കളെ കൂട്ടക്കൊല ചെയ്യുന്നത് ശാശ്വത പരിഹാരമല്ല, മറിച്ച് അത് നാശത്തിലേക്കുള്ള വഴിയാണ് എന്നതാണ് പച്ചപ്പരമാര്‍ത്ഥം. 


Tags: street dogs, stray dogs, sterilization, rabies,
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment