www.thamasoma.com

Most Popular

Tuesday, 18 October 2016

തെരുവുപട്ടിയല്ലിയാള്‍, ബിസിനസ് തന്ത്രങ്ങളുടെ ചാണക്യന്‍

 
സന്തോഷ് പണ്ഡിറ്റ് എന്ന മനുഷ്യനെ തെരുവിലിട്ടു കടിച്ചുകീറാന്‍ മത്സരിക്കുന്ന ഒരു വിഭാഗം മനുഷ്യര്‍...! (അവരെയും വിളിക്കുന്നത് മനുഷ്യര്‍ എന്നു തന്നെ, ക്ഷമിക്കുക). തങ്ങളുടെ ടി വി പരിപാടിക്ക് കൂടുതല്‍ കാഴ്ചക്കാരെ കിട്ടാന്‍ ഈ മനുഷ്യന്‍ വേണം. ഇയാളെ കല്ലെറിഞ്ഞും മുഖത്തു തുപ്പിയും പരസ്യമായി അപമാനിച്ചും സ്വയം അപമാനിതരാവുകയാണ് ഇവര്‍. എന്നാല്‍, ആയിരം പേര്‍ ഒരുമിച്ചു വന്നാലും തന്നെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് സന്തോഷ് പണ്ഡിറ്റ് എന്ന വ്യക്തിക്ക് അറിയാം, അപഹസിക്കുന്നവരുടെ വായടപ്പിക്കാനും. സ്വന്തം കൈയിലെ പണം കൊണ്ട് സിനിമ പിടിച്ച, ക്യാമറയൊഴിച്ച് സിനിമയിലെ മറ്റെല്ലാ ജോലിയും ഒറ്റയ്ക്കു ചെയ്ത ഈ മനുഷ്യനെ തൊലിയുരിച്ച് പൊതുജനസമക്ഷം നിര്‍ത്താന്‍ മത്സരിക്കുകയാണിവിടെ. എന്നാല്‍, തന്നെ എതിര്‍ക്കുന്നവര്‍ പ്രതിഭയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമെന്ന് പണ്ഡിറ്റും പറയുന്നു. സൂപ്പര്‍സ്റ്റാര്‍ സന്തോഷ് പണ്ഡിറ്റുമായി നടത്തിയ അഭിമുഖം.


Q: എങ്ങനെയാണ് സിനിമ വ്യവസായത്തിലേക്ക് എത്തിപ്പെട്ടത്?


എന്റെ 17-ാമത്തെ വയസില്‍ എനിക്ക് അച്ഛനെ നഷ്ടപ്പെട്ടു. എനിക്ക് 20 വയസുള്ളപ്പോള്‍ അമ്മയെയും. ഏകസഹോദരിയും വിവാഹം കഴിച്ചു പോയി. 23-ാമത്തെ വയസില്‍ വിവാഹിതനായി എങ്കിലും ചില കുടുംബപ്രശ്‌നങ്ങള്‍ മൂലം വിവാഹമോചനം വേണ്ടി വന്നു. ഏകമകനെ ഭാര്യ കൊണ്ടുപോയി. കുഞ്ഞിനെ വിട്ടുകിട്ടാന്‍ കോടതിയില്‍ കേസ് നടക്കുന്നുണ്ട്. എല്ലാവരും എന്നെ വിട്ടു പോയപ്പോള്‍, ഈ ജീവിതത്തില്‍ ഞാന്‍ തനിച്ചായിപ്പോയി. ആത്മഹത്യയായിരുന്നു എനിക്കു മുന്നിലുള്ള ഒരു വഴി. പിന്നത്തേത് സിനിമയും. സിനിമയെക്കുറിച്ചു ചിന്തിച്ചപ്പോള്‍, ആത്മഹത്യ എന്ന ചിന്ത ഞാന്‍ മാറ്റിവച്ചു. മൂന്നുവീടുകളാണ് എനിക്കുള്ളത്. അതില്‍ ഒന്നു ഞാന്‍ വിറ്റു. ആ പണം കൊണ്ടാണ് കൃഷ്ണനും രാധയും എന്ന സിനിമ എടുത്തത്. ആ സിനിമ വന്‍ വിജയമായിരുന്നു.

Q: കൃഷ്ണനും രാധയും സിനിമയുടെ സമയത്ത് നേരിടേണ്ടി വന്ന തടസങ്ങള്‍ എന്തെല്ലാം?


സിനിമ രംഗത്ത് ഞാന്‍ തുടക്കക്കാരനായിരുന്നു. എന്നെ ആര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ വളരെയേറെ ബുദ്ധിമുട്ടി. ആ സിനിമയിലെ ക്യാമറ ഒഴിച്ച് ബാക്കിയെല്ലാ ജോലികളും ഞാന്‍ തന്നെയാണ് ചെയ്തത്. ഷൂട്ടിംഗിനായി ഒരു വീടുകിട്ടിയിരുന്നു. രണ്ടുദിവസം കൊണ്ട് ഷൂട്ടിംഗ് തീര്‍ക്കാമെന്നായിരുന്നു വീട്ടുടമയോടു പറഞ്ഞിരുന്നത്. എന്നാല്‍, പറഞ്ഞ സമയത്തിനുള്ളില്‍ സിനിമ തീര്‍ക്കാന്‍ കഴിഞ്ഞില്ല. കുറച്ചു ദിവസം കൂടി നീട്ടിത്തരാന്‍ പറഞ്ഞുവെങ്കിലും വീട്ടുടമ അനുവദിച്ചില്ല. അതിനാല്‍, തുടര്‍ച്ചയായി സിനിമ ഷൂട്ട് ചെയ്യുകയായിരുന്നു. സമയത്തിനു ഭക്ഷണം പോലും കഴിക്കാതെ എല്ലാവരും വലഞ്ഞിരുന്നു. എങ്കിലും ഞങ്ങളതു പൂര്‍ത്തിയാക്കി.

Q: അസ്ഥിരമായ സിനിമ രംഗത്തേക്ക് ഇറങ്ങിത്തിരിക്കാന്‍ കാരണമെന്ത്? അതും സ്വന്തം കൈയിലെ പണം കൊണ്ട്? അത്രയ്ക്ക് ആത്മവിശ്വാസമുണ്ടായിരുന്നോ..?ഒരു വിമാനം ഏറ്റവും കൂടുതല്‍ അപകടത്തെ നേരിടുന്നത് പറക്കുമ്പോഴാണ്. ഒരു ചെറിയ പക്ഷിക്കുപോലും വിമാനത്തെ അപകടത്തിലാക്കാന്‍ കഴിയും. ഒരിടത്തു നിര്‍ത്തിയിട്ടാല്‍ യാതൊരു അപകടവുമില്ലതാനും. പക്ഷേ, വിമാനം നിര്‍മ്മിക്കുന്നത് വെറുതെ നിറുത്തിയിടാനല്ല, മറിച്ച് പറക്കാനാണ്. മനുഷ്യന്‍ ജനിക്കുന്നതും പ്രവൃത്തി ചെയ്യാന്‍ തന്നെ. അപകടങ്ങള്‍ ഉണ്ടാകുമെന്നു കരുതി വീടിനകത്ത് അടച്ചിരിക്കാനാവില്ല. ജീവിതത്തില്‍ റിസ്‌ക് ഏറ്റെടുക്കാനാണ് എനിക്ക് ഇഷ്ടം.

Q: ഇത്രയേറെ കാര്യങ്ങള്‍ ചെയ്യാന്‍ സമയം എവിടെ നിന്ന്?ഒന്നിനും സമയമില്ല എന്ന് മനുഷ്യന്‍ കള്ളം പറയുകയാണ്. അലസത ബാധിച്ച മനുഷ്യരാണ് സമയമില്ലായ്മയെക്കുറിച്ച് പരാതി പറയുന്നത്. ഒരേ സമയം രണ്ടുമൂന്നു കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുന്നയാളാണ് ഞാന്‍. ഇപ്പോള്‍, താങ്കളോടു സംസാരിക്കുകൊണ്ടിരിക്കുമ്പോള്‍ തന്നെ ഞാന്‍ എന്റെ ലാപ്‌ടോപ്പില്‍ ജോലി ചെയ്യുന്നു. പല്ലുതേക്കുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴുമെല്ലാം നിങ്ങള്‍ക്കു വേണമെങ്കില്‍ എന്തെങ്കിലും വായിക്കാം. ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ വേറെ എന്തെല്ലാം കാര്യങ്ങള്‍ കൂടി ചെയ്യാം. ടി വി കാണുമ്പോള്‍ പരസ്യം വരുമ്പോഴും അതിന്റെ മുന്നില്‍ തറഞ്ഞിരുന്ന് സമയം നഷ്ടപ്പെടുത്തുന്നത് എന്തിന്? ഈ സമയമെല്ലാം ഏതൊരാള്‍ക്കും ഫലപ്രദമായി ഉപയോഗിക്കാവുന്നതെയുള്ളു. ഇങ്ങനെകിട്ടുന്ന സമയമുപയോഗിച്ചാണ് ഞാന്‍ ജര്‍മ്മന്‍ ഭാഷ വരെ പഠിച്ചത്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് എന്നീ ഭാഷകളും എനിക്കറിയാം.


സ്‌കൂള്‍ കുട്ടികളും ജോലിക്കാരുമെല്ലാം എത്രമാത്രം സമയമാണ് പാഴാക്കിക്കളയുന്നത്. സ്‌കൂളില്‍, അധ്യാപകരില്ലാത്ത പല പീരിഡുകളുമുണ്ടാകും. വെറുതെ സംസാരിച്ചു സമയം കളയാതെ എന്തെങ്കിലും പഠിച്ചാല്‍ തിരിച്ചു വീട്ടിലെത്തി അതിനായി സമയം കളയേണ്ടതില്ല. ജോലിക്കാരാകട്ടെ, തങ്ങള്‍ കണ്ട സീരിയലിന്റെയും മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും പറഞ്ഞും സമയം നഷ്ടപ്പെടുത്തുന്നു. എന്നിട്ടാണ് തങ്ങളുടെ സമയമില്ലായ്മയെ കുറ്റം പറയുന്നത്.


സാധാരണ മനുഷ്യര്‍ ചെയ്യുന്ന പല കാര്യങ്ങളും ഞാന്‍ ചെയ്യാറില്ല. ടിവി സീരിയലുകള്‍ ഞാന്‍ കാണാറില്ല. എന്തിന്, എന്റെ വീട്ടില്‍ ഒരു ടി വി പോലുമില്ല. എന്റെ പ്രോഗ്രാമുകള്‍ ഞാന്‍ കാണുന്നത് അടുത്ത വീട്ടില്‍ പോയിട്ടാണ്. രണ്ടു ലാപ്‌ടോപ്പും ഒരു കംപ്യൂട്ടറുമാണ് എനിക്കുള്ളത്. ഈ മൂന്നിലും ഒരേസമയം ഞാന്‍ പണിചെയ്യുന്നു. വിവാഹ ചടങ്ങുകള്‍ക്കോ അതുപോലുള്ള പാര്‍ട്ടികള്‍ക്കോ ആഘോഷങ്ങള്‍ക്കോ ഞാന്‍ പോകാറില്ല. വരനും വധുവും അവരുടെ അടുത്ത ബന്ധുക്കളും കര്‍മ്മം നടത്തുന്ന പുരോഹിതനുമല്ലാതെ വിവാഹത്തില്‍ മറ്റാര്‍ക്കും ഒരു റോളുമില്ല. നിങ്ങല്‍ പങ്കെടുത്തില്ല എന്നതുകൊണ്ട് അവരുടെ സന്തോഷത്തിനു കുറവുണ്ടാവില്ല. പിന്നെ എന്തിന് കുടുംബസമേതം അത്തരം ആഘോഷങ്ങളില്‍ പങ്കെടുത്ത് സമയം കളയണം? അത്യാവശ്യമെങ്കില്‍, വീട്ടിലെ ഒരാള്‍ പങ്കെടുത്താല്‍ പോരെ. പക്ഷേ മരണം, ആശുപത്രി സന്ദര്‍ശനം എന്നിവ അങ്ങനെയല്ല. നിങ്ങളുടെ സാന്നിധ്യം കൊണ്ട് ഒരു രോഗിക്കോ മരിച്ചവരുടെ ബന്ധുക്കള്‍ക്കോ കിട്ടുന്ന ആശ്വാസം ചെറുതല്ല. അതുകൊണ്ടുതന്നെ, നമ്മുടെ അസൗകര്യം നോക്കാതെതന്നെ മരണവീട്ടിലും ആശുപത്രികളിലും നമ്മള്‍ പോകണം.

Q: ഒരുപാടുപേര്‍ നിങ്ങളെ ഇഷ്‌പ്പെടുന്നു, പക്ഷേ അതിലേറെപ്പേര്‍ നിങ്ങളെ വെറുക്കുന്നു. എങ്ങനെയാണ് ഇതിനെക്കാണുന്നത്?


മറ്റുള്ളവര്‍ എന്നെക്കുറിച്ച് എന്തു ചിന്തിക്കുന്നു എന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കാറേയില്ല. മറ്റുള്ളവരുടെ അഭിപ്രായപ്രകടനങ്ങളിലല്ല എന്റെ സന്തോഷം സ്ഥിതി ചെയ്യുന്നതും. വിമര്‍ശകര്‍ അവരുടെ ജോലി ചെയ്യട്ടെ. ഞാന്‍ എന്റെ ജോലിയും. ഒരു ദിവസം 12 മണിക്കൂര്‍ ജോലി ചെയ്യുന്ന വ്യക്തിയാണു ഞാന്‍. രാവിലെ 5 മണിക്ക് എഴുന്നേറ്റാല്‍ രാത്രി 11 മണിവരെ എന്റെ ജോലി നീളും. ഞാന്‍ എത്ര വീടുകളുണ്ടാക്കി, എത്ര പണം സമ്പാദിച്ചു എന്നതിലും ഞാന്‍ സന്തോഷം കണ്ടെത്തുന്നില്ല. ജീവിതത്തില്‍ മനുഷ്യര്‍ സംതൃപ്തരാകാത്തതിന്റെ മുഖ്യകാരണം ഇതാണ്. പണമുണ്ടാക്കാനാണ് പലരും പരക്കം പായുന്നത്. ചിലര്‍ ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രം ജീവിക്കുന്നു. ചിലര്‍ ലൈംഗികതയ്ക്കു വേണ്ടിയും. ഇത്തരം ബാഹ്യമായ വസ്തുക്കളിലാണ് പലരും ആനന്ദം കണ്ടെത്തുന്നത്. ഇതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളെയല്ല.


ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു. വൈഷ്ണവ വിശ്വാസിയായ ഞാന്‍ മനസില്‍ എപ്പോഴും ധ്യാനിക്കുന്നതും ദൈവീകകാര്യങ്ങള്‍ തന്നെ. ഞാന്‍ എന്നില്‍ തന്നെ സന്തോഷം കണ്ടെത്തുന്നു. നിങ്ങളുടെ സന്തോഷങ്ങള്‍ തീരുമാനിക്കാന്‍ മറ്റുള്ളവരെ ഏല്‍പ്പിക്കരുത്. ടിവി സീരിയല്‍ കാണാന്‍ പറ്റിയില്ലെങ്കില്‍ ചിലര്‍ ആ ദിവസം മുഴുവന്‍ അതേക്കുറിച്ചു ചിന്തിച്ച് ജീവിതം നരകമാക്കും. കറണ്ടൊന്നു പോയാല്‍ അതേക്കുറിച്ചായി വേവലാതി. ഞാന്‍ എന്‍ജിനീയറായി ജോലി ചെയ്തിരുന്നപ്പോള്‍, എന്റെ ഓഫീസിലെ ഒരു വ്യക്തി നഷ്ടപ്പെട്ട മൂന്നു രൂപയെക്കുറിച്ച് ഓര്‍ത്ത് അന്നത്തെ ദിവസം മുഴുവന്‍ നശിപ്പിച്ചത് എനിക്കറിയാം. കണ്ടക്ടര്‍ക്ക് അയാള്‍ നല്‍കിയത് 10 രൂപയാണ്. ബാക്കി മൂന്നു രൂപ കണ്ടക്ടര്‍ കൊടുത്തില്ല. ചില്ലറയില്ലെന്നായിരുന്നു കാരണം പറഞ്ഞത്. എന്നാല്‍, കണ്ടക്ടര്‍ അത് മനപ്പൂര്‍വ്വം തരാത്തതാണ് എന്നു പറഞ്ഞായിരുന്നു അയാളുടെ പതം പറച്ചില്‍.


മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്കു ഞാന്‍ നല്ല വില കൊടുക്കുന്നുണ്ട്. Give Respect and Take Respect എന്നാണു പറയുന്നത്. അതുകൊണ്ടുതന്നെ എല്ലാവരോടും ബഹുമാനത്തോടെ പെരുമാറാനാണ് എനിക്കിഷ്ടം.

Q: പക്ഷേ എന്നിട്ടും, 'ആരുടേയും തന്തയുടെ കാശുകൊണ്ടല്ല ഞാന്‍ സിനിമയെടുത്തത്' തുടങ്ങിയ ഭാഷാപ്രയോഗങ്ങളും താങ്കളുടെ നാവില്‍ നിന്നും വരുന്നു...?കൈകൊണ്ട് അടിച്ചാണ് നമ്മള്‍ ഒരു കൊതുകിനെ കൊല്ലുന്നത്. പാമ്പിനെ കൊല്ലാന്‍ വടി തന്നെ വേണം. പക്ഷേ ആനയെ കൊല്ലണമെങ്കില്‍ വടി ഉപയോഗിച്ചാല്‍ പോര. അതിനു തോക്കു തന്നെ വേണം. അത്രയേറെ ആളുകള്‍ എന്നെ വളഞ്ഞിട്ട് ആക്രമിക്കുമ്പോള്‍ അവരോടു മൃദു സമീപനം പറ്റില്ല. ഞാന്‍ അങ്ങനെ പ്രതികരിച്ചതു കൊണ്ടാണ് അവര്‍ നിശബ്ദരായത്. അല്ലായിരുന്നെങ്കില്‍ അവരെല്ലാം എന്നെ വലിച്ചു കീറുമായിരുന്നു. ഞാന്‍ ഒരു നല്ല നടനല്ലായിരിക്കാം. ഞാന്‍ ഒരു നല്ല ഗായകനോ നല്ല സംവിധായകനോ അല്ലായിരിക്കാം. എന്നുകരുതി എനിക്കു സിനിമ പിടിക്കാന്‍ അവകാശമില്ല എന്നില്ലല്ലോ?

Q: എപ്പോഴെല്ലാം നിങ്ങള്‍ എതിക്കപ്പെട്ടുവോ അപ്പോഴെല്ലാം നിങ്ങളുടെ ഊര്‍ജ്ജം വര്‍ദ്ധിക്കുന്നതായി കണ്ടിട്ടുണ്ട്.


ഫ്ലവേഴ്‌സ് ചാനലിലെ ശ്രീകണ്ഠന്‍ നായര്‍ ഷോയില്‍ മിമിക്രിതാരങ്ങളെല്ലാം കൂടി എന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ആ ഷോ തുടങ്ങിയപ്പോള്‍ തന്നെ ആങ്കര്‍ ഒരു ചോദ്യം ചോദിച്ചു. താങ്കള്‍ മണ്ടനാണോ എന്ന്. അതോടെ ആങ്കര്‍ തന്നെ അതിര്‍വരമ്പുകള്‍ ലംഘിച്ചു. ഇതിനെയെല്ലാം ഒഴുക്കന്‍മട്ടില്‍ കൈകാര്യം ചെയ്താല്‍ മതിയോ? 'ഞാന്‍ മണ്ടനാണ് എങ്കില്‍, എന്നെ ക്ഷണിച്ച താങ്കളെ എന്തു വിളിക്കണം' എന്നു തിരിച്ചു ചോദിച്ചതോടെ ആ വ്യക്തിയെ പ്രതിരോധിക്കാന്‍ എനിക്കു കഴിഞ്ഞു. ആരെങ്കിലും ഒരു വാഹനം വാങ്ങിയാല്‍, അത് ഇഷ്ടപ്പെട്ടു, എല്ലെങ്കില്‍ ഇഷ്ടപ്പെട്ടില്ല എന്നു പറയാന്‍ മറ്റുള്ളവര്‍ക്ക് അവകാശമുണ്ട്. എന്നാല്‍, ഇതു വാങ്ങിക്കാന്‍ നിങ്ങള്‍ക്ക് എവിടുന്നാണ് പണം കിട്ടിയത് എന്നോ ഈ വാഹനം വാങ്ങാന്‍ താങ്കളോട് ആരു പറഞ്ഞു എന്നു ചോദിക്കുമ്പോള്‍ ആ വ്യക്തി അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെട്ടു കഴിഞ്ഞു.


അന്ന് മേക്കപ്പ് റൂമില്‍, കുറച്ച് പെണ്‍കുട്ടികള്‍ എന്നെ കണ്ടപ്പോള്‍ ദേ സന്തോഷ് പണ്ഡിറ്റ് എന്നു പറഞ്ഞ് ഓടിയെത്തി. അവര്‍ എനിക്കൊപ്പം ഫോട്ടോ എടുക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. അതുകണ്ട മിമിക്രി താരങ്ങള്‍ പറഞ്ഞു, കലാപരമായി വട്ടപ്പൂജ്യമായ സന്തോഷ് പണ്ഡിറ്റിനൊപ്പം ഫോട്ടോ എടുക്കാന്‍ പെണ്‍കുട്ടികള്‍ തിരക്കുണ്ടാക്കുന്നു. 30 വര്‍ഷമായി ഇന്‍ഡസ്ട്രിയില്‍ ഉള്ള തങ്ങളുടെ കൂടെ ഫോട്ടോ എടുക്കാന്‍ ആരുമില്ല എന്ന്. അവരുടെ കൂടെ നിന്ന് ആരും ഫോട്ടോ എടുക്കാത്തത് എന്റെ കുറ്റമാണോ...


മമ്മൂട്ടിയെയും മോഹന്‍ലാലിനെയും സുരേഷ് ഗോപിയെയുമെല്ലാം ഇവര്‍ അനുകരിക്കും. ഈ സിനിമാ നടന്മാരുടെ വേഷത്തിലാണ് ഇവര്‍ എവിടെപ്പോയാലും. നീഗ്രോയെ അനുകരിച്ചാല്‍ ഇവര്‍ വീട്ടിലും നീഗ്രോ ആയിത്തന്നെ ജീവിക്കുമോ. സ്‌റ്റേജില്‍ കയറുന്ന സമയം മാത്രം പോരെ അനുകരിക്കല്‍. ഇതിനിടയില്‍ ഒരു മിമിക്രി താരം മമ്മൂട്ടിയെ അനുകരിച്ചു. അപ്പോള്‍ മറ്റൊരാളുടെ പാര. ഇയാള്‍ ഈ ഡയലോഗ് തന്നെയാണ് കഴിഞ്ഞ 30 വര്‍ഷമായി പറയുന്നത് എന്ന്. ഡയലോഗ് മാറ്റിപ്പറയാന്‍ ആങ്കര്‍ പറഞ്ഞപ്പോള്‍ ആ മനുഷ്യന്‍ പറയുന്നു, ഇതു മാത്രമേ തനിക്ക് അറിയൂ എന്ന്. ഇവരെല്ലാം 30 വര്‍ഷമായി തുടങ്ങിയിടത്തു തന്നെ നില്‍ക്കാനുള്ള കാരണം മനസിലായില്ലേ..?


മിമിക്രിക്കാര്‍ എല്ലാവരെയും അനുകരിക്കും, പരിഹസിക്കും, കളിയാക്കുകയും സ്വഭാവഹത്യ നടത്തുകയും ചെയ്യും. പക്ഷേ ആരെങ്കിലും അവരെയൊന്നു കളിയാക്കിയാല്‍ അവര്‍ക്കു സഹിക്കില്ല. മറ്റുള്ളവരെ പരിഹസിക്കാന്‍ ഇവര്‍ക്ക് ആരാണ് അനുവാദം കൊടുത്തത്? ഞാന്‍ എന്റെ മൊബൈല്‍ നമ്പര്‍ എന്റെ യുട്യൂബ് വീഡിയോയില്‍ നല്‍കാറുണ്ട്. ആരുടെ വിമര്‍ശനവും കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്. പക്ഷേ ഇപ്പോഴുള്ള ഒരു താരത്തിനും അതിനുള്ള ചങ്കുറപ്പില്ല.

Q: മലയാളിയുടെ മനശാസ്ത്രം താങ്കള്‍ക്ക് നന്നായി അറിയാം അല്ലേ..? അല്ലായിരുന്നെങ്കില്‍, താല്പര്യമുണ്ടെങ്കില്‍ മാത്രം ഈ സിനിമ കണ്ടാല്‍ മതിയെന്ന് താങ്കള്‍ സിനിമ പോസ്റ്ററില്‍ പരസ്യപ്പെടുത്തില്ലല്ലോ...?ആ ചിത്രം വിജയിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. ഇന്റര്‍നെറ്റില്‍ നിന്നുള്ള പ്രതികരണങ്ങള്‍ അത്തരത്തിലുള്ളതായിരുന്നു. പിന്നെ മലയാളികളുടെ മനസ് എനിക്ക് അറിയാം. അവര്‍ കടപ സദാചാരവാദികളാണെന്നും.

Q: മറ്റു ഭാഷകളില്‍ സിനിമ ചെയ്യാന്‍ താല്‍പര്യമുണ്ടോ?ആഗ്രഹമുണ്ട്. പക്ഷേ സമയമില്ല എന്നതാണ് പ്രശ്‌നം. അതുകൊണ്ട് മലയാളത്തില്‍ മാത്രമേ ഇപ്പോള്‍ ശ്രദ്ധിക്കുന്നുള്ളു. ടിന്റുമോന്‍ എന്ന കോടീശ്വരന്‍ സിനിമയിലെ ഒരു ഗാനം ഹിന്ദിയില്‍ ആക്കിയിരുന്നു.

Q: മറ്റു സൂപ്പര്‍ സ്റ്റാറുകളെ വച്ച് സിനിമ പിടിക്കാന്‍ താല്‍പര്യമുണ്ടോ?എനിക്കതിഷ്ടമാണ്. പക്ഷേ അവരുടെ പ്രതിഫലമാണ് പ്രശ്‌നം. പിന്നെ, സമയവും. സൂപ്പര്‍ സ്റ്റാറുകളുടെ ഡേറ്റിനു വേണ്ടി ഒന്നും രണ്ടും വര്‍ഷം കാത്തിരിക്കാന്‍ ഞാന്‍ തയ്യാറല്ല. പതിനായിരം രൂപ പോയാല്‍ ഞാനതു സഹിക്കും. പക്ഷേ 10 മിനിറ്റ് പാഴായി പോയാല്‍ എനിക്കതു സഹിക്കാന്‍ കഴിയില്ല. എന്നെ സംബന്ധിച്ച് സമയമാണ് പണത്തെക്കാള്‍ വിലപിടിച്ച വസ്തു. അതുകൊണ്ടുതന്നെ, ആര്‍ക്കു വേണ്ടിയും കാത്തിരിക്കാന്‍ ഞാന്‍ തയ്യാറല്ല. അതിനാല്‍, കിട്ടുന്നവരെ വച്ച് ഞാന്‍ സിനിമയെടുക്കും.


നല്ല ടെക്‌നീഷ്യന്മാരെ വച്ച്, അഭിനേതാക്കാളെ വച്ച് നല്ല രീതിയില്‍ എടുത്ത എത്രയോ മലയാളം സിനിമകള്‍ എട്ടു നിലയില്‍ പൊട്ടുന്നു. ഒരു വര്‍ഷത്തില്‍ എത്രയേറെ സിനിമികളാണ് റിലീസാകുന്നത്. എന്നാല്‍, സന്തോഷ് പണ്ഡിറ്റ് തന്റെ സിനിമകള്‍ നഷ്ടമില്ലാത്ത നിലയില്‍ ഇപ്പോഴും കൊണ്ടുപോകുന്നു. അതാണ് അയാളുടെ വിജയം. കോപ്രായം കാണിച്ചാല്‍, കല്ലെറിയാനെങ്കിലും ആളുകൂടും. യുട്യൂബിലെ ഓരോ ക്ലിക്കും പണമായി പണ്ഡിറ്റിന്റെ കീശയിലെത്തും. അതൊന്നുമറിയാത്ത ചിലര്‍ ഈ മനുഷ്യനെ അസഭ്യം പറയുന്നത് തുടര്‍ന്നുകൊണ്ടിരിക്കും. ഏതു മോശം സാഹചര്യത്തില്‍ നിന്നും സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ ഈമനുഷ്യനറിയാം. അതിനാല്‍ത്തന്നെ, വിഢിയല്ലീ മനുഷ്യന്‍, മറിച്ച് ഇരട്ടത്തലയുള്ള ചാണക്യന്‍...!!
Tag: Santhosh Pandit Interview, Santhosh Pandit, Krishnanum Radhayum, Flowers Channel Sreekandan Nair Show

Share:

0 comments:

Post a Comment

FACEBOOK

Google+ Followers

AnaEzine.webs

I am the Author

Enter your email address:

Delivered by FeedBurner

Joice Media Group. Powered by Blogger.

Sponsor

"; var Fscroll = scroll.replace(/(\r\n|\n|\r)/gm," "); if ( Fscroll === "yes" ) { $(document).ready(function() { $('body').addClass('imgani'); }); $(window).bind('load resize scroll', function() { var window = $(this).height(); $('.block-image .thumb a,.feat .primeiro .feat-thumb a,.feat ul li .feat-thumb a,.related li .related-img,.roma-widget .wid-thumb a,.PopularPosts ul li img,.cmmwidget li .avatarImage img').each(function() { var qudr = .1 * $(this).height(); var omger = qudr - window + $(this).offset().top; var lom = $(document).scrollTop(); if (lom > omger) { $(this).addClass('anime'); } }); }); } //]]>

Find Us On Facebook

Awesome Video

About us

തമസില്‍ നിന്നും ജ്യോതിസിലേക്കൊരു യാത്ര... അത് അത്ര എളുപ്പമല്ലെന്ന് അറിയാതെയല്ല. എല്ലാം ഒറ്റയടിക്കു നേരെയാക്കിക്കളയാമെന്ന ആവേശമോ ഒറ്റക്കൊരു പട്ടാളത്തെ നയിക്കാമെന്ന അഹങ്കാരമോ ഇല്ല. ഉണ്ടായേക്കാവുന്ന എതിര്പ്പുാകളെയെല്ലാം മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു യാത്രതന്നെയാണിത്. ഞങ്ങള്‍ ഇവിടെ കൊളുത്തുന്നത് ചെറിയൊരു കൈത്തിരി നാളം മാത്രം. ഇതിന് ശക്തിയും ഊര്ജ്ജ്വും പകരേണ്ടത് ലക്ഷോപലക്ഷം വരുന്ന വായനക്കാരുടെ ഹൃദയത്തില്‍ നിന്നും ഉയിര്കൊ‍ള്ളുന്ന നന്മയുടെ ചെറുജ്വാലകള്‍ കൊണ്ടാണ്.

Search This Blog

Flickr

Sponsor

About Me

My Photo

Journalist with 15 years of experience. Double post graduate in Economics and Journalism. Worked with Kerala Kaumudi, McMillan Bangalore and Tech Plus Media Pvt Ltd, New Delhi. Founder of Joice Media Group. 

Contact us

Name

Email *

Message *

Translate

Video of the Day

Flickr Images

Services

The Magazine

Bonjour & Welcome

Popular Posts

Recent Posts

Enter your email address:

Delivered by FeedBurner

Unordered List

Pages

Theme Support

Definition List