www.thamasoma.com

ads slot

Latest Posts:

കേരളീയരുടെ ഈ നിസംഗത എന്നെ പേടിപ്പെടുത്തുന്നു: തോമസ് ഐസക്ക്പെരുമ്പാവൂരില്‍, ജിഷ എന്ന ദരിദ്ര പെണ്‍കുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം കേരളീയ മനസാക്ഷിയെ ഞെട്ടിച്ചിരിക്കുന്നു. കേരളീയരെ സംബന്ധിച്ചിടത്തോളം ഡല്‍ഹി വളരെ ദൂരെയായിരുന്നു. പക്ഷേ, പെരുമ്പാവൂരില്‍ നിന്നും കേരളത്തിലെ ഓരോ കുടുംബത്തിലേക്കുമുള്ള അകലം തീരെ കുറവാണ്. ജിഷ പാവപ്പെട്ടവളായിരുന്നു. കഷ്ടപ്പാടുകള്‍ക്കിടയിലും സ്വന്തം ഇച്ഛാശക്തികൊണ്ട് ലോ കോളജില്‍ ചേര്‍ന്നു പഠിച്ചവളായിരുന്നു. പഠനശേഷം നല്ലൊരു ജോലിയും മാന്യമായ ജീവിതവും സ്വപ്‌നം കണ്ടവളായിരുന്നു. അവളുടെ നിലവിളി ആരും കേട്ടില്ല. രക്ഷിക്കാന്‍ ആരുമെത്തിയില്ല. അവള്‍ അതിക്രൂരമായി കൊല്ലപ്പെട്ടു. മുഖ്യധാരാ മാധ്യമങ്ങള്‍ ആ വാര്‍ത്ത തമസ്‌കരിച്ചു. തെരഞ്ഞെടുപ്പായിരുന്നു അവര്‍ക്കു മുഖ്യം. എന്നാല്‍ നവമാധ്യമങ്ങള്‍ അവളുടെ നീതിക്കു വേണ്ടി പോരാടുന്നു. ഡോ തോമസ് ഐസക്ക് എന്ന ജനനേതാവും ആ പോരാട്ടത്തിനൊപ്പം ചേരുന്നു. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ...


'ലജ്ജ കൊണ്ട് നാമോരോരുത്തരുടെയും തല കുനിയേണ്ടതാണ്. ഡല്‍ഹിയിലെ 'നിര്‍ഭയ'യെക്കുറിച്ച് വാ തോരാതെ സംസാരിക്കാന്‍ നമുക്കെന്തവകാശം? ജിഷ മധ്യവര്‍ഗക്കാരിയല്ല, വെളുത്ത തൊലിക്കാരിയുമല്ല. പുറമ്പോക്കില്‍ താമസിക്കുന്ന കൂലിപ്പണിക്കാരിയായ അമ്മയുടെ ഇളയ മകളാണ്. എന്നിട്ടും പ്രതികൂലമായ ജീവിതസാഹചര്യങ്ങളോട് പൊരുതി അവള്‍ ലോ കോളേജ് വരെ എത്തി. ഏതെങ്കിലും ഒരു ദിവസം പരീക്ഷ പാസാകുന്നതും അഭിഭാഷകയാകുന്നതും അസുഖബാധിതയായ അമ്മയെ സംരക്ഷിക്കുന്നതും പുറമ്പോക്കിലെ ഗതികെട്ട ജീവിതത്തില്‍ നിന്ന് മനുഷ്യരെപ്പോലെ സ്വന്തം വീട്ടിലേക്ക് മാറുന്നതും ഒക്കെ അവളും സ്വപ്നം കണ്ടിരിക്കണം.


അതിക്രൂരമായ ലൈംഗിക പീഡനവും അരുംകൊലയും അവസാനിപ്പിച്ചത് ഒരു ദളിത് പെണ്‍കുട്ടിയുടെ അതിജീവനത്തിനുളള പോരാട്ടം കൂടിയാണ്. ജീവിതത്തിനും മരണത്തിനുമിടക്കുളള സമയത്ത് അവളുടെ ശരീരത്തിന് നേരിടേണ്ടിവന്ന കൊടും ക്രൂരതകളുടെ വിവരണങ്ങള്‍ കേട്ടിരിക്കുക പോലും നമുക്ക് ബുദ്ധിമുട്ടാണ്. സംഭവം നടന്നിട്ട് നാളേക്ക് ഒരാഴ്ചയാകും. ഞാന്‍ മനസ്സിലാക്കുന്നത് ഇതുവരെ ഈ കൊലക്ക് പിറകിലുളളവരെക്കുറിച്ച് പോലീസിന് പറയത്തക്ക വിവരങ്ങളൊന്നുമില്ലെന്നാണ്. സംഭവത്തിന് പിറകില്‍ ഒരാളാണോ അതോ ഒന്നില്‍ കൂടുതല്‍ ആളുകളുണ്ടോ എന്ന കാര്യം പോലും ഇതുവരെ ഉറപ്പിച്ചുപറയാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല. അന്യസംസ്ഥാനത്തൊഴിലാളികളാണ് കുറ്റവാളികള്‍ എന്ന മുന്‍വിധി നിറഞ്ഞ നിലപാടും അന്വേഷണത്തെക്കുറിച്ച് സംശയങ്ങളുണ്ടാക്കുന്നു.

ജിഷയുടെ ജീവിതത്തോട് നമുക്ക് ചെയ്യാന്‍ കഴിയാതെ പോയ സാമൂഹ്യ നീതി മരണത്തോടെങ്കിലും കാണിക്കേണ്ടതുണ്ട്. അര്‍ഹമായ ഗൗരവത്തോടെ അന്വേഷണം നടത്തുമെന്നും യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുമെന്നും ആഭ്യന്തരമന്ത്രി പറയുമ്പോള്‍ അത് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം ഞാനും ഏതാണ്ട് ജിഷയുടെ പ്രായക്കാരായ രണ്ട് പെണ്‍കുട്ടികളുടെ അച്ഛനാണ്. ജിഷയോട് നമ്മള്‍ കാണിക്കുന്ന നീതി നമ്മുടെ മുഴുവന്‍ പെണ്‍ മക്കളോടും കാണിക്കുന്ന നീതിയുമാണ്. ഒരു തിരഞ്ഞെടുപ്പും ഒരു രാഷ്ട്രീയ വ്യത്യാസവും സത്യം കണ്ടുപിടിക്കുന്നതിന് കേരളത്തിന് തടസ്സമാകരുത്.


ജിഷയുടേത് അടച്ചുറപ്പില്ലാത്ത വീട്ടില്‍ കഴിയുന്ന ദളിത് പെണ്‍കുട്ടിയുടെ ഒറ്റപ്പെട്ട പ്രശ്‌നമാണെന്ന് കരുതി സമാധാനിക്കുന്നവര്‍ എന്നെ അലോസരപ്പെടുത്തുന്നു. പട്ടാപ്പകല്‍ ഇത്രയും വലിയ പീഡനം അയല്പക്കത്ത് നടക്കുമ്പോള്‍ 'ഒന്നും കേള്‍ക്കാതെ ഉറങ്ങിയവരും' രാത്രി വീട്ടിലെത്തിയ ആ അമ്മയുടെ അലറിക്കരച്ചില്‍ കേട്ടിട്ടും അങ്ങോട്ട് തിരിഞ്ഞു നോക്കാത്തവരും എന്റെയും സമാധാനം കെടുത്തുന്നു. സ്വന്തം വീടിന്റെ സുരക്ഷിതമായ വാതില്‍ ഭദ്രമായടച്ചാല്‍ ഞങ്ങളുടെ പെണ്‍മക്കളെല്ലാം സുരക്ഷിതരാവും എന്നു കരുതുന്നത് വിഡ്ഢിത്തമാണ്. ജിഷയുടെ അനുഭവം ഇനി ഒരാള്‍ക്കും ഉണ്ടാകാതിരിക്കാന്‍ സാമൂഹ്യജാഗ്രത മാത്രമാണ് പോംവഴി. സ്ത്രീകളോടുളള സമൂഹ്യമനോഭാവം മാറാതെ കേരളത്തിന് ഒരിഞ്ച് 'മുന്നോട്ട്' പോകാനാകില്ലെന്ന് ഇത്തരത്തിലുളള ഓരോ സംഭവങ്ങളും ആവര്‍ത്തിച്ചുറപ്പിക്കുന്നു."
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment