www.thamasoma.com

ads slot

Latest Posts:

കടയില്‍ നിന്നിറങ്ങുമ്പോള്‍ മനസു പറയും കള്ളന് കഞ്ഞിവച്ചവനെന്ന്.....!!
നാലു വയസുകാരി മകള്‍ കളികഴിഞ്ഞ് മടങ്ങിയെത്തിയത് കമ്മലിന്റെ ആണിയും ഒടിച്ചു കൊണ്ടാണ്. കളിക്കുന്നതിനിടയില്‍ എങ്ങനെയോ ഒടിഞ്ഞു പോയീത്രേ... എന്തായാലും ചെലവിനുള്ള വകയായല്ലോ ഭഗവാനേ എന്നുകരുതി. കമ്മല്‍ മാറ്റാതെ ഇനി നിവൃത്തിയില്ല. സ്വര്‍ണ്ണക്കടയിലേക്കു വച്ചടിച്ചു. ഭര്‍ത്താവ് ബൈക്ക് കൊണ്ടു നിറുത്തിയതാകട്ടെ, പരിശുദ്ധിയും കൃത്യമായ വിലയേയും കുറിച്ചു ചിന്തിക്കുമ്പോള്‍ മനസ് പറയുന്ന കടയിലേക്കും....!

ഏതു സ്വര്‍ണ്ണക്കടയില്‍ ചെന്നാലും അവിടെയെല്ലാം ഈച്ചയ്ക്കു കടക്കാന്‍ പോലും കഴിയാത്ത തെരക്കാണ്. സ്വര്‍ണ്ണത്തിനു തീപിടിച്ച വിലയാണെന്നു പറയുന്നതൊക്കെ പച്ചക്കള്ളമാണെന്നു തോന്നും ഈ തിരക്കു കണ്ടാല്‍. പാവപ്പെട്ടവന് സ്വന്തം കുഞ്ഞിനെ ഒരു തരി പൊന്നണിയിച്ചു കാണാന്‍ പെടാപ്പാടു പെടേണ്ടി വരുന്നു. പണ്ടെല്ലാം കാണം വിറ്റും ഓണമായിരുന്നു ഉണ്ടിരുന്നത്. ഇന്നാകട്ടെ, കാണം വിറ്റും വാങ്ങിക്കൂട്ടുന്നത് സ്വര്‍ണ്ണമാണ്. ഏതു പട്ടിണി പാവങ്ങളുടെ ദേഹത്തും കാണും ഇഷ്ടം പോലെ സ്വര്‍ണ്ണം.

എന്തെങ്കിലുമാകട്ടെ... കമ്മല്‍ വാങ്ങുക തന്നെ. ഒരു ഗ്രാമം മാത്രം വലിപ്പം വരുന്ന രണ്ടു കുഞ്ഞിക്കമ്മലുകളാണ് വാങ്ങാന്‍ പോയത്. ഇഷ്ടപ്പെട്ടു തെരഞ്ഞെടുത്തതാകട്ടെ, ഒന്നര ഗ്രാം തൂക്കമുണ്ട്. എങ്കിലും അതിന്റെ പണി ഇഷ്ടപ്പെട്ടു. വാങ്ങിക്കളയാമെന്നു കരുതി. ജീവനക്കാരനോട് അതിന്റെ വില തിരക്കി.

സ്വര്‍ണ്ണക്കടയിലെ ജീവനക്കാരന്‍ ഉടനെ സ്വര്‍ണ്ണവും കാല്‍ക്കുലേറ്ററും എടുത്തു കൊണ്ട് മറ്റൊരു സെക്ഷനിലേക്കു പോയി. പിന്നെ തിരിച്ചു വന്നിട്ടു പറഞ്ഞു, സ്വര്‍ണ്ണം ഒരു ഗ്രാമും 300 മില്ലിയുമുണ്ട്. ഇത്രയും സ്വര്‍ണ്ണത്തിന് ആകെ 4800 രൂപയാകും. ഇത്രയും കുറഞ്ഞ സ്വര്‍ണ്ണമെടുക്കുന്നതു കൊണ്ട് അധികം ഡിസ്‌കൗണ്ട് തരാന്‍ കഴിയില്ല. എങ്കിലും 500 രൂപ കുറവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പോള്‍ ഈ സ്വര്‍ണ്ണത്തിന് വാറ്റ് ഉള്‍പ്പടെ 4300 രൂപയാകും. സംഭാഷണം ഇത്രയുമായപ്പോള്‍ ഞാന്‍ ചോദിച്ചു, ഈ കമ്മലിന്റെ പണിക്കൂലി എത്രയാണെന്ന്. അപ്പോള്‍ പറഞ്ഞു ഇത് ഒരു ഗ്രാമും 300 മില്ലിയുമേയുള്ളു. ഇത്രയും കുറഞ്ഞ സ്വര്‍ണ്ണത്തില്‍ തീര്‍ക്കുന്ന ആഭരണങ്ങള്‍ക്ക് പണിക്കൂലിയില്ല, പകരം യൂണിറ്റ് പ്രൈസാണ്.

അങ്ങനെയെങ്കില്‍ ഈ കമ്മലിന്റെ യൂണിറ്റ് പ്രൈസ് എത്രയെന്നായി ഞാന്‍. ഉടന്‍ ജീവനക്കാരന്‍ പറഞ്ഞു, 400 രൂപയാണെന്ന്. ശരി, അന്നത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് ഒരു ഗ്രാമിന് 2,800 രൂപ. 300 മില്ലിഗ്രാം അധികമായി വരുമ്പോള്‍ 3,640 രൂപ. 400 രൂപ യൂണിറ്റ് വിലയും 100 രൂപ വാറ്റും കൂടി ചേര്‍ക്കുമ്പോള്‍ 4,140 രൂപ. ഇവിടെ നിങ്ങള്‍ പറഞ്ഞ ഡിസ്‌കൗണ്ട് എവിടെ...? ഞാന്‍ ചോദിച്ചു.

സെയില്‍സ്മാന്‍ ഉടന്‍ പറഞ്ഞു, ഡിസ്‌കൊണ്ട് ഉണ്ട്. ഈ കമ്മലിന്റെ വില 4,800 രൂപ. അതില്‍ 500 രൂപ ഡിസ്‌കൗണ്ട് കഴിഞ്ഞ് നിങ്ങള്‍ 4,200 രൂപ നല്‍കിയാല്‍ മതി. എനിക്ക് ആകെക്കൂടി ദേഷ്യം വന്നു. ഞാന്‍ പറഞ്ഞു, നിങ്ങള്‍ പറയുന്ന കണക്കനുസരിച്ച്, കമ്മലിന് പണിക്കൂലി ഇല്ല, യൂണിറ്റ് വില മാത്രമേ ഉള്ളു എങ്കില്‍ ഈ കമ്മലിന്റെ ആകെ വില 4,140 രൂപ മാത്രമേ വരികയുള്ളു. നിങ്ങള്‍ ഡിസ്‌കൗണ്ട് തരണമെങ്കില്‍ ഈ വിലയില്‍ തരണം. സെയില്‍സ്മാന് അതു സമ്മതമല്ല.


പകരം ജ്വല്ലറി ഉടമയുടെ ഗുണഗണങ്ങള്‍ വാഴ്ത്താന്‍ തുടങ്ങി. ഞങ്ങളുടെ മുതലാളി പറഞ്ഞ വിലയില്‍ ആളുകള്‍ക്കു ഞങ്ങള്‍ സ്വര്‍ണ്ണം നല്‍കിയാല്‍ ഒരു രൂപ പോലും ലാഭമുണ്ടാകില്ല. ഞങ്ങളുടെ മുതലാളിക്ക് നഷ്ടമുണ്ടാകാതിരിക്കാനാണ് ഞങ്ങള്‍ നോക്കുന്നത്. ആര്‍ക്കൊക്കെ എന്തൊക്കെ സഹായങ്ങളാണ് ഞങ്ങളുടെ മുതലാളി ചെയ്യുന്നത് എന്നറിയാമോ....

എനിക്ക് വല്ലാത്ത ദേഷ്യം വന്നു. ഇത്തിരി പൊന്നു വാങ്ങാനെത്തുന്നവരെ പോലും പറഞ്ഞു പറ്റിച്ചാണ് ഈ മുതലാളി കൊള്ളലാഭമുണ്ടാക്കുന്നത്. 'കോടികള്‍ മുടക്കി, ക്ലിയര്‍ പ്രൈസ് ടാഗ് എന്ന് ബ്രാന്‍ഡ് അംബാസിഡര്‍മാരെ വച്ച് പരസ്യവും നല്‍കി, സ്വര്‍ണ്ണത്തില്‍ എന്തോ ഭയങ്കരമായ ഡിസ്‌കൗണ്ട് നല്‍കുന്നു എന്നു ഘോഷിച്ച് നിങ്ങള്‍ ഈ ചെയ്യുന്നത് ഉപഭോക്താവിനെ പറ്റിക്കുന്ന ഏര്‍പ്പാടല്ലേ...? സ്വര്‍ണ്ണത്തിന്റെ പണിക്കൂലി എത്രയാണെന്നും എങ്ങനെയാണ് ഇതിന് വിലയിട്ടിരിക്കുന്നതെന്നും ഞാന്‍ ചോദിച്ചതു കൊണ്ടല്ലേ നിങ്ങളുടെ കള്ളത്തരം എനിക്കു ബോധ്യമായത്... നിങ്ങള്‍ സ്വര്‍ണ്ണം തൂക്കി നോക്കിയും പിന്നെ കൂട്ടിയും കിഴിച്ചും നല്‍കുന്ന വില സത്യമെന്നു കരുതി, നിങ്ങളെ കണ്ണുമടച്ച് വിശ്വസിച്ച് സ്വര്‍ണ്ണം വാങ്ങുന്നവരെ നിങ്ങള്‍ പറ്റിക്കുകയല്ലേ ചെയ്യുന്നത്....?' സെയില്‍സ്മാന്‍ യാതൊന്നും പറഞ്ഞില്ല.

പകരം അങ്ങോര്‍ക്ക് അറിയേണ്ടത് എന്റെ പ്രൊഫഷന്‍ എന്താണെന്നായിരുന്നു. ഞാനെന്റെ പ്രൊഫഷന്‍ പറഞ്ഞു. 'ജേര്‍ണലിസ്റ്റ് ആയതുകൊണ്ടാണ്, അല്ലാതെ വേറെയാരും ഞങ്ങളോട് ഇത്തരം കാര്യങ്ങള്‍ ചോദിക്കാറില്ല' എന്നായി അങ്ങോര്‍. ഒരു ഗ്രാം വാങ്ങിയാലും നൂറു ഗ്രാം വാങ്ങിയാലും പണം മുടക്കുന്നത് തങ്ങളാണ് എന്നും അത് സ്വന്തം വിയര്‍പ്പില്‍ നിന്നും ഉണ്ടായ പണമാണ് എന്നുമുള്ള ബോധവുമുള്ളവന്‍ ഇത്തരം കാര്യങ്ങള്‍ നോക്കിയേ സാധനങ്ങള്‍ വാങ്ങുകയുള്ളു. അതിന് ജേര്‍ണലിസ്റ്റ് ആവേണ്ട കാര്യമില്ല. അനീതി കണ്ടാല്‍ പ്രതികരിക്കാനുള്ള മനസുണ്ടായാല്‍ മതി.

എന്തായാലും സ്വര്‍ണ്ണം വാങ്ങിച്ചതില്‍ എനിക്ക് അല്‍പം പോലും ' ജോയ്' ഉണ്ടായില്ലെന്നു മാത്രമല്ല, ഇവരെക്കാള്‍ നൂറുഭേതമാണ് പിടിച്ചുപറിക്കാരും കള്ളന്മാരും എന്ന തോന്നലാണ് ഉണ്ടായത്. പിടിച്ചുപറിയും മോഷണവും ശീലമാക്കിയവര്‍ നമ്മുടെ പണം അപഹരിക്കുന്നത് നമുക്കെന്തോ വലിയ കാര്യം ചെയ്യുന്നു എന്ന ഭാവത്തിലല്ല. എല്ലാം കഴിഞ്ഞ് സ്വര്‍ണ്ണക്കടയില്‍ നിന്നും ഇറങ്ങിയപ്പോള്‍ എന്റെ മനസ് മന്ത്രിച്ചത് ജോയ് ആലുക്കാസ് എന്നല്ല, കള്ളനു കഞ്ഞിവച്ചവന്‍ എന്ന്....!


Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment