www.thamasoma.com

ads slot

Latest Posts:

ഭ്രാന്തില്ലാത്തവര്‍ കല്ലെറിയട്ടെഡിഗ്രി ക്ലാസില്‍ ഇക്കണോമിക്‌സ് ലക്ച്ചറര്‍ ക്ലാസ് അവസാനിപ്പിച്ചു പോയിരുന്നു. അടുത്തത് മലയാളം മാഷാണ് വരേണ്ടത്. അതിനിടയില്‍ കിട്ടിയ ഒരു ചെറിയ ഇടവേളയില്‍ നോട്ട്ബുക്ക് പൊതിഞ്ഞ സിനിമാ മാഗസിന്റെ പേജിലെ മോഹന്‍ലാലിന്റെ ചിത്രം കണ്ട് ഞാന്‍ നടത്തിയ ആത്മഗതം അല്പം ഉറക്കെയായിപ്പോയി. എന്തൊരു ഫ്ലെക്‌സിബിലിറ്റിയാണ് ഈ മനുഷ്യന്റെ ദേഹത്തിന്. മലയാളസിനിമയില്‍ ആര്‍ക്കും ഇദ്ദേഹത്തിന്റെ മെയ് വഴക്കത്തിനൊപ്പം നില്‍ക്കാനാവില്ല. ശരിക്കും സിനിമാ താരമാവാന്‍ ജനിച്ചവന്‍ തന്നെ.

'നീ പോയി ഗോളാന്തരവാര്‍ത്ത കാണെടി ചൂലേ....!'

ചെവിക്കരികില്‍ അപ്രതീക്ഷിതമായി മുഴങ്ങിയ ഗര്‍ജ്ജനത്തില്‍ അറിയാതെ ഞെട്ടിത്തരിച്ച് ഇരുന്നിടത്തു നിന്നും ഒറ്റച്ചാട്ടമായിരുന്നു. അതു പക്ഷേ മലയാളം മാഷിന്റെ മുന്നിലേക്കായിപ്പോയി. വിഡ്ഡിത്തരം പറയാനും ഭക്ഷണം കഴിക്കാനുമേ വായ് തുറക്കൂ എന്ന ഒരു സര്‍ട്ടിഫിക്കറ്റ് മാഷ് എനിക്കു മുമ്പേ തന്നിട്ടുണ്ട്. മുന്നിലേക്കുള്ള ഈ ചാട്ടവും കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി. ഞാന്‍ എന്തോ കള്ളത്തരം ഒപ്പിച്ചു എന്ന ഭാവം ആ മുഖത്തുനിന്നും വായിച്ചെടുക്കാം. എന്താ ജെസീ, ഇന്നെന്താ ഒപ്പിച്ചത്...? ഞാന്‍ ഒന്നും മിണ്ടിയില്ല. പകരം ഫാത്തിമയുടെ മുഖത്തേക്കൊന്നു പാളിനോക്കി. ആ മുഖത്തിപ്പോഴും ചീറ്റപ്പുലിയുടെ ശൗര്യം, എന്നെ കടിച്ചു കീറിയേക്കുമെന്നു തോന്നി. കഴിഞ്ഞ രണ്ടു വര്‍ഷമായി കോളജിലേക്കു വരുന്നതും പോകുന്നതും ഞങ്ങള്‍ ഒരുമിച്ച്. ഉച്ചയ്ക്ക് ഭക്ഷണം പങ്കിട്ട് കഴിക്കും. എന്റെ അടുത്തായി അവള്‍ എപ്പോഴുമുണ്ട്. ഇന്നേവരെ ഒരു കാര്യത്തിനും വഴക്കിട്ടിട്ടില്ല. പൊതുവേ ശാന്തസ്വഭാവം. എന്നിട്ടും അവളെന്തേ ഇങ്ങനെ....? ഒരു വര്‍ഗ്ഗശത്രുവിനോടു പെരുമാറും പോലെ...എനിക്കു തീരെയും മനസിലായില്ല. മനസ് വല്ലാതെ വേദനിച്ചതു മാത്രം തിരിച്ചറിഞ്ഞു.
പിന്നീട് ഞങ്ങളുടെ മറ്റൊരു സുഹൃത്ത് മിനിയാണു പറഞ്ഞത്. ഫാത്തിമ മമ്മൂട്ടിയുടെ കടുത്ത ആരാധികയാണത്രേ. 

മമ്മൂട്ടിയെയല്ലാതെ മറ്റൊരു നടനെയും അവള്‍ക്കിഷ്ടമില്ല. അതുകൊണ്ടുതന്നെ മമ്മൂട്ടിയെപ്പറ്റി ആര് എതിര്‍ത്തു പറയുന്നതും അവള്‍ സഹിക്കില്ല. പക്ഷേ ഞാന്‍ അവളുടെ പ്രിയപ്പെട്ട സുഹൃത്തല്ലേ. കഴിഞ്ഞ രണ്ടു വര്‍ഷമായി ഞാന്‍ അവളോടൊപ്പമില്ലേ. എന്നിട്ടും ഒരിക്കലും കാണാത്ത മമ്മൂട്ടിയോട് അവള്‍ക്കിത്ര ആരാധനയോ. ആ മനുഷ്യനുവേണ്ടി എന്നോട് വഴക്കിടാന്‍ ഞാന്‍ അവള്‍ക്ക് അത്രയ്ക്ക് അന്യയാണോ... മമ്മൂട്ടിയെ താഴ്ത്തിക്കെട്ടിയതല്ല, പക്ഷേ ഒരു ആരോഗ്യപരമായ വിമര്‍ശനം. അതു മാത്രമേ ഉണ്ടായുള്ളു. എന്നിട്ടും....ചോദ്യങ്ങളെല്ലാം മനസില്‍തന്നെ കെട്ടടങ്ങി. ഒന്നും പുറത്തു വന്നില്ല. എന്തോ...അതിനെനിക്കു ധൈര്യമില്ലായിരുന്നു. 


പിന്നീടൊരിക്കലും ഞാനെന്റെ മനസില്‍പ്പോലും മോഹന്‍ലാലിന്റെ അഭിനയപാടവത്തെക്കുറിച്ചു ചിന്തിക്കാന്‍ പോലും ഭയപ്പെട്ടു. ക്ലാസ് മുറികളിലെ സംസാരം സിനിമയെക്കുറിച്ചാവുമ്പോള്‍ മൗനം പാലിക്കാന്‍ ശീലിച്ചു, അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനും.
പിന്നീട് ജേര്‍ണലിസം പഠനകാലയളവില്‍ കോട്ടയത്തെ വിസിറ്റേഷന്‍ കോണ്‍വെന്റ് ഹോസ്റ്റലിലെ വിസിറ്റേഴ്‌സ് റൂമിലെ ഞങ്ങളുടെ ഒത്തുചേരലിനിടയിലാണ് ഇത്തരമൊരു സംഭാഷണമുണ്ടായത്. ദേവിക, ഞങ്ങള്‍ ദേവു എന്നു വിളിക്കുന്ന ഞങ്ങളുടെ പ്രിയ സുഹൃത്ത്. അവള്‍ ഇരിക്കുന്ന കസേരയുടെ കൈയിലായിരുന്നു എന്റെ ഇരിപ്പിടം. ആ ഇരിപ്പും സൊറ പറച്ചിലും ലോകകാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയും ഒപ്പം കുറച്ചു ഗോസിപ്പും. അത്താഴത്തിനു ശേഷമുള്ള ഞങ്ങളുടെ സമയം ഈവിധമാണ് ചെലവഴിച്ചിരുന്നത്. അന്ന് ചര്‍ച്ച ചെയ്തത് മലയാളം സിനിമയെക്കുറിച്ചായിരുന്നു. കഥാപാത്രങ്ങളിലേക്ക് അസാധാരണ മികവോടെ പരകായപ്രവേശം നടത്താന്‍ കഴിയുന്ന മോഹന്‍ലാലിന്റെ കഴിവിനെ എനിക്കു മറച്ചുവയ്ക്കാനായില്ല. അതുകേട്ടതും ദേവു ഭദ്രകാളിയെപ്പോലെ ചാടിയെണീറ്റു. അവളുടെ കസേരയുടെ കൈയിലിരുന്ന ഞാന്‍ ഉരുണ്ടു പിടച്ച് തറയിലേക്കും. ജേര്‍ണലിസം പഠിക്കുന്ന കുട്ടികളുടെ ധിക്കാരത്തെക്കുറിച്ച് മറ്റുള്ളവരോടു പരാതിപ്പെടുന്ന, മുന്‍ പ്രധാനമന്ത്രി എ ബി വാജ്‌പേയിയുടെ മുഖഭാവമുള്ള, മദര്‍ സുപ്പീരിയര്‍ ഇതെല്ലാം കണ്ട് പാഞ്ഞു വന്നു. 'ഈ മരംകേറികളിന്ന് ഉള്ള കസേരയെല്ലാം തല്ലിയൊടിക്കുമല്ലോ കര്‍ത്താവേ' എന്ന വേവലാതിയോടെ. എല്ലാ വൈകുന്നേരങ്ങളിലും മദറിന്റെ ഒപ്പം നടക്കാന്‍ പോകാന്‍ ഞാനല്ലാതെ വേറെയാരും ഇല്ലാത്തതുകൊണ്ടോ എന്തോ കൂടുതലൊന്നും പറഞ്ഞില്ല. 


ഈ രണ്ടു സംഭവങ്ങള്‍ക്കു ശേഷം ഇന്നാണ് ഞാനീക്കാര്യങ്ങള്‍ വിവരിക്കുന്നത്. ഇതുപക്ഷേ മോഹന്‍ലാലിന്റെ അഭിനയത്തിലെ അനായാസതയെക്കുറിച്ചോ മമ്മൂട്ടിയുടെ ഗാംഭീര്യത്തെക്കുറിച്ചോ പറയാനല്ല. ആരാധനാ വിഗ്രഹങ്ങള്‍ക്കു വേണ്ടി സ്വന്തം സുഹൃത്തിനോടും കൂടെപ്പിറപ്പുകളോടുപോലും വഴക്കിനു വരുന്ന ഫാന്‍സെന്ന വിവരദോഷികളെപ്പറ്റി പറയാനാണ്. വിദ്യാഭ്യാസത്തിന്റെ അഭാവം മൂലമാണ് നാട്ടില്‍ പല അനാചാരങ്ങളും നടമാടുന്നതെന്നു പണ്ടുള്ളവര്‍ കരുതിയിരുന്നു. തങ്ങള്‍ ജീവിച്ച അജ്ഞതയാകുന്ന അന്ധകാരത്തില്‍ നിന്നും തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തണമെന്നും അവര്‍ ആഗ്രഹിച്ചു. പക്ഷേ അതു നടന്നോ.....സ്വതന്ത്ര ഭാരതം നമുക്ക് വച്ചു നീട്ടിയ അഭിപ്രായപ്രകടന സ്വാതന്ത്ര്യം പോലും ഉപയോഗിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്.

ചെറിയൊരു തീപ്പൊരി മതി, വെടിമരുന്നു ശാലയ്ക്ക് തീപിടിച്ചപോലെ എല്ലാം വെന്തു വെണ്ണീറാകാന്‍. ജാതിയുടെയും മതത്തിന്റെയും പ്രാദേശികവാദത്തിന്റെയും ഇടുങ്ങിയ മതില്‍ക്കെട്ടില്‍ ഒരു ജനതയെത്തളച്ച ഒരു സ്വേച്ഛാധിപതിയുടെ മരണത്തില്‍ ബന്ദു നടത്തിയതിനെതിരെ പ്രതികരിച്ചവര്‍ക്ക് ജയിലായിരുന്നു പ്രതിഫലം. ഖജനാവു കാലിയാക്കിയ രാഷ്ട്രീയ നേതാവിനെ അറസ്റ്റു ചെയ്യാന്‍ അണികള്‍ സമ്മതിക്കുന്നില്ല. രാഷ്ട്രീയക്കാരനെന്ന പേരില്‍ അവര്‍ക്ക് ജയിലില്‍ പ്രത്യേക പരിഗണന. ആശുപത്രിയിലെ നക്ഷത്ര ഹോട്ടലിനു സമമായ രീതിയിലുള്ള വിശ്രമം. അനീതി കാണിക്കുന്ന മതമേലധ്യക്ഷന്മാരെയും ആള്‍ദൈവങ്ങളെയും തൊടാന്‍ കഴിയില്ല. അവര്‍ക്കുമുണ്ട് ലോകമെമ്പാടും ആരാധകര്‍. ഈ ആരാധകരുടെ ശവത്തില്‍ കയറിനിന്നേ ഇവരെ തൊടാന്‍ കഴിയൂ....


സ്വതന്ത്രമായും നിഷ്പക്ഷമായും ചിന്തിക്കാന്‍ കഴിവില്ലാത്ത ഒരു ജനതയാണിവിടെ വളര്‍ന്നു വരുന്നത്. അവരുടെ കൈകളിലേക്കാണ് ഈ രാജ്യത്തെ ഏല്പിക്കേണ്ടത്. നമുക്കെന്തിനാണ് ഇത്രയും വിദ്യാഭ്യാസം...പൊളിച്ചെഴുതേണ്ടത് നമ്മുടെ ഈ വിദ്യാഭ്യാസ സമ്പ്രദായത്തെത്തന്നെയല്ലേ....? ആരാധനാ വിഗ്രഹങ്ങളെ ഹൃദയത്തില്‍ പ്രതിഷ്ഠിക്കാന്‍ നിങ്ങള്‍ക്ക് അവകാശമുണ്ട്. പക്ഷേ നിങ്ങളുടെ ഇഷ്ടം മറ്റുള്ളവരെ അടിച്ചേല്‍പ്പിക്കാന്‍ നിങ്ങള്‍ക്കെന്താണ് അവകാശം...?
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

0 comments:

Post a Comment