www.thamasoma.com

ads slot

Latest Posts:

പെണ്ണിന്റെ തുടയിടുക്കിലാണോ നിങ്ങളുടെ കുടുംബത്തിന്റെ മാനം സൂക്ഷിച്ചിരിക്കുന്നത്...?
കുറെ കാലങ്ങളായി കേള്‍ക്കുന്നു, അതിപ്പോള്‍ ഫേയ്‌സ് ബുക്കിലും മനപ്പൂര്‍വ്വം നടത്തുന്നു. പഴയകാലം മുതലിങ്ങോട്ടുള്ള സിനിമകളുടെ കാതലും ഇതുതന്നെ. കുടുംബത്തിലെ പെണ്ണിന്റെ തുടയിടുക്കിലാണത്രെ, ആ കുടുംബത്തിന്റെ മാനം സൂക്ഷിച്ചിരിക്കുന്നത്...! എത്ര ആഭാസകരവും ആണ്‍കോയ്മയുടെ അങ്ങേയറ്റവുമായ ചിന്ത...!!

പാത്തും പതുങ്ങിയും ചതിച്ചും കെണിയില്‍ പെടുത്തിയും പെണ്ണിന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി, അതുവച്ച് വിലപേശുന്ന ചിലകാമ വെറിയന്മാര്‍. ആ കാമവെറിയന്മാരുടെ കെണിയില്‍ പെട്ട പെണ്ണ്, നാണക്കേടു ഭയന്ന് ആത്മഹത്യ ചെയ്യുന്നു പോലും...! അത് അതിലും വിചിത്രം...!!

നിറക്കൂട്ട്, ദൃശ്യം എന്നിത്യാതി സിനിമകളുടെ വിജയവും പെണ്ണിന്റെ മാനമാണ്. പാത്തും പതുങ്ങിയും വന്ന് നഗ്നത പകര്‍ത്തിയവനല്ല കുറ്റക്കാരന്‍. ആ നഗ്ന ചിത്രങ്ങള്‍ ആരുടേതാണോ അവരാണ് പോലും. എന്തേ നമ്മുടെ സമൂഹം ഇങ്ങനെ ആയിപ്പോയി...?

ആണെന്ന ചില മൃഗങ്ങള്‍, പെണ്ണിന്റെ മാനത്തെക്കുറിച്ചു പറഞ്ഞ്, ഫേയ്‌സ് ബുക്കില്‍ പോസ്റ്റുമായി ഇറങ്ങിയിരിക്കുന്നു. സ്ത്രീകളോടുള്ള സ്‌നേഹമല്ല, മറിച്ച്, കെട്ടുകഴിഞ്ഞ് കിടപ്പറയില്‍ ഫ്രഷ് സ്ത്രീശരീരം കിട്ടണമെന്ന അദമ്യമോഹത്തില്‍ നിന്നുള്ളതാണ് ഈ മുറവിളി.

പുരുഷന് വിലപ്പെട്ടതെല്ലാം സമര്‍പ്പിച്ചു പോലും...! ഗോവിന്ദചാമിയുടെ ആക്രമണത്തിന്് ഇരയായി ജീവന്‍ വെടിഞ്ഞ സൗമ്യ എന്ന പെണ്‍കുട്ടിയുടെ അമ്മ ഒരു ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞത് ഇതാണ്. 'അവള്‍ക്ക് എല്ലാം നഷ്ടപ്പെട്ടില്ലേ. പിന്നെയിനി അവളെ ജീവനോടെ കിട്ടിയിട്ടും എന്തിനാ' എന്ന്. ആ സ്ത്രീയോട് സഹതാപം തോന്നി, മകള്‍ നഷ്ടപ്പെട്ടതില്ല, ബലാത്സംഗത്തിനിരയായ ആ പെണ്‍കുട്ടി ജീവിച്ചിരിക്കുന്നതിലും ഭേതം മരിക്കുന്നതാണ് എന്ന അവരുടെ ചിന്താഗതിയുടെ പേരില്‍.


ഇവിടെ, ബലാത്സംഗത്തിനോ മാനഭംഗത്തിനോ ലൈംഗിക അധിക്രമങ്ങള്‍ക്കോ ഇരയാകുന്ന പെണ്‍കുട്ടികള്‍ ആജീവനാന്തം വീടിനുള്ളില്‍ സ്വന്തം ജീവിതം തടങ്കലിലാക്കുന്നു. കുറ്റവാളിയായ ആണാവട്ടെ, സമൂഹത്തില്‍ തല ഉയര്‍ത്തിപ്പിടിച്ച് നടക്കുന്നു. കാരണം, അവന്‍ അവളുടെ മാനം കവര്‍ന്ന കേമനായിട്ടാണ് സമൂഹത്തില്‍ അറിയപ്പെടുന്നത്. എത്ര അധപതിച്ചുപോയി നമ്മുടെ ഈ സമൂഹം...!!

സിനിമ പറയുന്നു, സമൂഹം പറയുന്നു, നാട്ടുകാരും വീട്ടുകാരും എല്ലാം പറയുന്നു, പെണ്ണ് പ്രേമത്തില്‍ കുടുങ്ങിയാലോ ആരുടെയെങ്കിലും കൂടെ ഒളിച്ചോടിയാലോ, ബലാത്സംഗത്തിന് ഇരയായാലോ കുടുംബത്തിന്റെ മാനം നശിച്ചു എന്ന്. പക്ഷേ, ആരും തിരിച്ചു ചോദിച്ചു കണ്ടിട്ടില്ല, എന്തേ നിങ്ങളുടെ കുടുംബത്തിന്റെ മാനം സൂക്ഷിച്ചിരിക്കുന്നത് നിങ്ങളുടെ അമ്മയുടേയോ ഭാര്യയുടേയോ സഹോദരിയുടേയോ മകളുടേയോ യോനിയിലാണോ എന്ന്.

കുടുംബത്തിന്റെ മാനം കാക്കാന്‍ അവളെ വീട്ടിനുള്ളില്‍ തളച്ചിടുന്നു. അവളെ വസ്ത്രം കൊണ്ടു പൊതിയുന്നു ചിലര്‍. അവള്‍ വെളിയിലിറങ്ങിയാല്‍, കൂടെ ബോഡി ഗാര്‍ഡു പോലെ ഇടത്തും വലത്തും കൂട്ടു പോകുന്നു. സ്വയം ശാക്തീകരണത്തിലേക്കു വരേണ്ട അവളെ, കൂടുതല്‍ ക്കൂടുതല്‍ ബലഹീനയാക്കുന്നു. എന്തിനു വേണ്ടി, ആര്‍ക്കുവേണ്ടി...? ആരും സ്പര്‍ശിക്കാത്ത പെണ്‍മാംസത്തിനു വേണ്ടിയുള്ള പുരുഷന്റെ ആര്‍ത്തി മാറ്റാന്‍...!


പ്രിയ പെണ്‍കുട്ടികളെ, ജീവിതത്തില്‍ നിങ്ങള്‍ ചതിക്കപ്പെട്ടാലും അതൊന്നും ഒരു പാപമല്ല എന്നു നിങ്ങള്‍ മനസിലാക്കണം. ആരെങ്കിലും ഒളിച്ചും പാത്തും നിങ്ങളുടെ നഗ്ന മേനി ക്യാമറയില്‍ പകര്‍ത്തിയാല്‍ അതിന്റെ പേരില്‍ തല്ലിക്കെടുത്താനുള്ളതല്ല നിങ്ങളുടെ ജീവിതം. ഇഷ്ടപ്പെടുന്ന പുരുഷനെ ആത്മാര്‍ത്ഥമായി പ്രേമിക്കാന്‍ നിങ്ങള്‍ക്കു കഴിയണം. അങ്ങനെ പ്രേമിച്ചവന്‍ ചതിച്ചാല്‍, കുത്തിനു പിടിച്ചു നിര്‍ത്തി രണ്ടുപൊട്ടിക്കാനും അവനെതിരെ പോലീസില്‍ പരാതിപ്പെടാനും നിങ്ങള്‍ക്കു ധൈര്യമുണ്ടാകണം. അല്ലാതെ, മാനം പോയി എന്നു പറഞ്ഞ് ചാവാനും തീകൊളുത്താനും നടന്നാല്‍, നരകിച്ചു ചാവാനായിരിക്കും നിങ്ങളുടെ വിധി. മാനം പോയി എന്നോ കുടുംബത്തിന്റെ മാനം കളഞ്ഞു എന്നോ ആരെങ്കിലും പറഞ്ഞാല്‍ പോയി പണിനോക്ക് എന്നു പറയാനുള്ള ചങ്കൂറ്റം നിങ്ങള്‍ക്കുണ്ടാവണം.
Share on Google Plus

About Jess Varkey

This is a short description in the author block about the author. You edit it by entering text in the "Biographical Info" field in the user admin panel.
    Blogger Comment
    Facebook Comment

5 comments: